Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാരന്റിയിൽ കുടുങ്ങും; രണ്ടാംവർഷ ഫീസിനു ബുദ്ധിമുട്ടും

mbbs

മെഡിക്കൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഈവർഷം സംസ്ഥാന സർക്കാർ ഗാരന്റി നിന്നാലും ഫീസ് നിശ്ചയിച്ചു കഴിയുമ്പോൾ വിദ്യാർഥികൾ അധികതുക നൽകണം. അടുത്തവർഷം മുതൽ മുഴുവൻ ഫീസും പണമായി നൽകേണ്ടിവരും. ആദ്യവർഷത്തെ ഗാരന്റിയുടെ ബാധ്യതയിൽ കുടുങ്ങുന്ന ഇടത്തരക്കാരായ കുട്ടികൾ അടുത്തവർഷം ഫീസ് കണ്ടെത്താൻ ബുദ്ധിമുട്ടും. ഫീസ് അടച്ചില്ലെങ്കിൽ വിദ്യാർഥി പുറത്താകും. ഫീസിനു പുറമേ വിവിധ ഇനങ്ങളിലായി വൻതുകയാണു മാനേജ്മെന്റുകൾ ചോദിക്കുന്നത്. ഒന്നരലക്ഷം മുതൽ നാലരലക്ഷം രൂപ വരെ ഹോസ്റ്റൽ ഫീ ചോദിക്കുന്നതായി ആക്ഷേപമുണ്ട്. സ്പെഷൽ ഫീസ് ആയും ഒരുലക്ഷം രൂപ ഈടാക്കുന്നു. ചുരുക്കത്തിൽ ട്യൂഷൻ ഫീസിനു പുറമേ വർഷം രണ്ടോ മൂന്നോ ലക്ഷം കൂടി കണ്ടെത്തണം. 

അടുത്തവർഷം ഫീസ് അടയ്ക്കാതെ വിദ്യാർഥി പുറത്തായാലും സർട്ടിഫിക്കറ്റുകളും ടിസിയുമൊന്നും മാനേജ്മെന്റുകൾ നൽകില്ല. മുഴുവൻ കോഴ്സിന്റെയും ഫീസ് നൽകാനാവാതെ വിദ്യാർഥി നിയമക്കുരുക്കിൽ കുടുങ്ങും. കഴിഞ്ഞദിവസങ്ങളിൽ എംബിബിഎസിനൊപ്പം ബി‍ഡിഎസ് പ്രവേശനവും നടത്തിയിരുന്നു. എന്നാൽ ഇന്നലെ ബി‍ഡിഎസ് പ്രവേശനം നിർത്തി. ഇനി 2, 3 തീയതികളിലാകും ബി‍ഡിഎസിന്റെ സ്പോട് അഡ്മിഷൻ. ഫീസ് നിശ്ചയിക്കുന്നതിനായി 14 മെഡിക്കൽ കോളജുകൾ രാജേന്ദ്രബാബു കമ്മിറ്റിക്കു കണക്കുകൾ സമർപ്പിച്ചു. ഇതിൽ അപാകതയുള്ള കോളജുകൾക്കു കമ്മിറ്റി നോട്ടിസ് നൽകിയിട്ടുണ്ട്. ന്യായമായ ഫീസ് കമ്മിറ്റി നിശ്ചയിച്ചാലും അതിനെതിരെ മാനേജമെന്റുകൾ കോടതിയെ സമീപിക്കുമെന്ന് ഉറപ്പാണ്.