Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഷ്ട്രീയ പാർട്ടികളോടു പറഞ്ഞു; കടക്ക് പുറത്ത്

Medical_Allotment

"ഇറങ്ങ് പുറത്ത്, കൊടിയുമായി ഒരുത്തനും ഇങ്ങോട്ടു കയറണ്ട". രക്ഷിതാക്കളിൽ പലരും വിരൽചൂണ്ടി ആക്രോശിച്ചു. സ്വാശ്രയ മെഡിക്കൽ കോളജുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്റെ അവസാനദിവസങ്ങളിൽ പ്രകടനത്തിനായി എത്തിയ യുവജനസംഘടനകളെ രക്ഷിതാക്കൾ ആട്ടിയോടിച്ചു. ക്ഷമയുടെ നെല്ലിപ്പലക കണ്ട മാതാപിതാക്കൾ പലരും പൊട്ടിത്തെറിച്ചു. ബുധനാഴ്ച തുടങ്ങിയ സ്പോട്ട് അഡ്മിഷൻ നടപടികൾ അനന്തമായി വൈകിയിരുന്നു. 8000 വരെയുള്ള റാങ്കുകാരെ ആദ്യ ദിവസം പരിഗണിക്കുമെന്നു പറഞ്ഞെങ്കിലും രാത്രിയും കടന്ന് ഇന്നലെ വൈകുന്നേരം വരെ നീണ്ടു. ഇതിനിടയിലാണ് കെഎസ്‍യു, എംഎസ്എഫ് പ്രവർത്തകർ മുഖ്യകവാടത്തിന്റെ മുൻപിൽ തർക്കമുണ്ടാക്കി പ്രവേശനം തടസ്സപ്പെടുത്തിയത്. ആരുമറിയാതെ എസ്എഫ്ഐ നേതാക്കളും പരിസരത്തെത്തി. പിന്നീട് സംഭവിച്ചത് രസകരമായ മുഹൂർത്തങ്ങൾ... 

ഷോ കാണിക്കാതെ മാറടോ! 
സംഘടനാപ്രവർത്തകർ കവാടം തടസ്സപ്പെടുത്തിയതോടെ പ്രവേശനത്തിനായി പേര് വിളിച്ച വിദ്യാർഥികൾക്ക് ഉള്ളിൽ കയറാൻ സാധിക്കാതെയായി. ഷോ കാണിക്കാതെ ഇറങ്ങിപ്പോകാൻ പല കോണുകളിൽ നിന്ന് ആക്രോശം ഉയർന്നു. കുട്ടികളുടെ അവകാശം ചോദിച്ചു വാങ്ങാൻ വന്നതാണെന്ന് ആവർത്തിച്ചിട്ടും രക്ഷിതാക്കൾ അനങ്ങിയില്ല. ബുധനാഴ്ച കെഎസ്‍യു സമരം മൂലം ഒരു മണിക്കൂറാണു പ്രവേശനനടപടികൾ വൈകിയത്. വാതിലിന്റെ മുന്നിൽ നിന്നു മാറിനിന്ന് അവകാശം വാങ്ങിച്ചാൽ കുഴപ്പമുണ്ടോ എന്നായി ഒരു പിതാവ്. ബഹളം കനത്തു.

പൊലീസ് ഇടപെട്ടതോടെ പ്രവർത്തകരെ രക്ഷിതാക്കാൾ ഉന്തിത്തള്ളി പുറത്തിറക്കി. രാഷ്ട്രീയക്കാരെ കാര്യമായി മൈൻഡ് ചെയ്യാതെ രക്ഷിതാക്കളും നിലപാട് വ്യക്തമാക്കി. എംഎൽഎമാരിൽ കെ.എസ്.ശബരീനാഥൻ മാത്രമാണു സ്ഥലത്തെത്തിയത്. 

‘ഒച്ചപ്പാടുണ്ടാക്കാതെ ഒരു കുപ്പി വെള്ളം വാങ്ങിക്കൊടുക്ക് ’
മനുഷ്യാവകാശത്തിനായി പോരാടാൻ വന്നതാണെന്നു പറഞ്ഞപ്പോൾ, മാതാപിതാക്കൾ തിരിച്ചടിച്ചു 'ബഹളം വച്ച് പ്രവേശനം കുളമാക്കാതെ ഒരു കുപ്പി വെള്ളമെങ്കിലും പിള്ളേർക്കു കൊടുക്ക്'. സംഗതി ആകെ വശപിശകാണെന്നു നേതാക്കൾക്കു മനസ്സിലായി. ഒരു സംഘടനക്കാർ നേരെ പോയി നൂറു കുപ്പി വെള്ളം വാങ്ങി. മറ്റൊരു കൂട്ടം പ്രവർത്തകർ പരിസരത്ത് വട്ടംകൂടി നിന്നു. 

സമരം രണ്ട്–വെള്ളംകുടിപ്പീര്! 
ബഹളത്തിനു പ്രസക്തിയില്ലെന്നു കണ്ട സംഘടനാ പ്രവർത്തകർ, അവർ വാങ്ങിയ കുപ്പിവെള്ളവുമായി ജനഹൃദയങ്ങളിലേക്കു കടന്നുകയറാൻ പരിപാടിയിട്ടെങ്കിലും ദയനീയമായി പാളി. കുട്ടികളെ വെള്ളംകുടിപ്പിച്ച സർക്കാരിനെ കളിയാക്കാ‍ൻ കുപ്പിവെള്ളവും കൊടിയും പ്ലക്കാർഡുമായിട്ടായിരുന്നു രണ്ടാം വരവ്. കവാടത്തിനു മുന്നിലെത്തിയപ്പോഴേക്കും രക്ഷിതാക്കൾ സ്വരം കടുപ്പിച്ചു. ഇറങ്ങിയില്ലെങ്കിൽ പണിയാകുമെന്നു കണ്ടതോടെ കൊടിയുമായി നേതാക്കൾ വീണ്ടും പിറകോട്ട്! ഒടുവിൽ ഗതികെട്ട് കുപ്പിവെള്ളം തലച്ചുമടായി എല്ലാവർക്കും വിതരണം ചെയ്തു സ്ഥലം വിട്ടു. 

പമ്മിപ്പതുങ്ങി എസ്എഫ്ഐ
സ്വാശ്രയ വിഷയത്തിൽ പ്രതിരോധത്തിലായിപ്പോയ എസ്എഫ്ഐ മുഖംകാണിച്ചു രക്ഷപ്പെടാനും ശ്രമം നടത്തി. രാവിലെ മുതൽ ചില എസ്എഫ്ഐ പ്രവർത്തകർ പരിസരത്തുണ്ടായിരുന്നെങ്കിലും എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിയിരിക്കുകയായിരുന്നു. കെഎസ്‍യുവിനെയും എംഎസ്എഫിനെയും രക്ഷിതാക്കൾ പറഞ്ഞുവിട്ടതോടെ സൂക്ഷിച്ചായിരുന്നു എസ്എഫ്ഐയുടെ നീക്കം. സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി.തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പമ്മിപ്പതുങ്ങി സ്ഥലത്തെത്തി. വിദ്യാർഥികളുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞശേഷം ഇപ്പൊ ശര്യാക്കിത്തരാമെന്ന മട്ടിൽ മന്ത്രി കെ.കെ.ശൈലജയുടെ ഓഫിസിലേക്കു ഫോണിൽ വിളിച്ചു. സാങ്കേതികതടസ്സങ്ങൾ പറഞ്ഞതോടെ ജെയ്ക്കും സംഘവും നിസഹായരായി. ഉച്ചയായപ്പോൾത്തന്നെ മിക്ക യുവജനസംഘടനകളും സ്ഥലം കാലിയാക്കിയതിനാൽ വലിയ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു!