Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യഥാർഥ സന്തോഷം നേടിയെടുക്കാൻ 10 വഴികൾ

സെബിൻ എസ്. കൊട്ടാരം
sskottaram@gmail.com
Happiness

ഏതാനും വർഷം മുമ്പ് അമേരിക്കയിൽ മോട്ടിവേഷനൽ ടോക്കിനു പോയതായിരുന്നു ഞാൻ. ഒരു ആഡംബര ഹോട്ടലിലായിരുന്നു താമസം അറേഞ്ചു ചെയ്തിരുന്നത്. എല്ലാ സൗകര്യങ്ങളുമുള്ള ഒരു വൻകിട ഹോട്ടൽ. പക്ഷേ ആ മുറിക്കുള്ളിൽ തനിച്ചു  കുറച്ചു സമയം ഇരുന്നപ്പോൾ എനിക്കു വല്ലാത്ത അസ്വസ്ഥത തോന്നി. ഉടൻ ഓൺലൈനിൽ സിറ്റി ടൂര്‍ സർവീസിൽ ബുക്ക് ചെയ്തു നേരെ ഒരു യാത്രയ്ക്കു പോയി. ഹാഫ് ഡേ സിറ്റി  ടൂർ. എത്ര പണവും അംഗീകാരവും പ്രശസ്തിയും പദവിയും സ്വാധീനശക്തിയും സൗന്ദര്യവുമുണ്ടെങ്കിലും നാം സന്തോഷവാന്മാരും സന്തോഷവതികളും ആയിരിക്കണമെന്നില്ല. കാരണം, ബാഹ്യമായ നേട്ടങ്ങളെക്കാള്‍ ചിന്തകളാണു സന്തോഷത്തിന്റെ അടിസ്ഥാനം.

‘ഈ ഏകാന്തത എനിക്കു താങ്ങാൻ വയ്യ, ഞാൻ ആത്മഹത്യ ചെയ്യുന്നു’ എന്ന മരണക്കുറിപ്പെഴുതിയതു സൗന്ദര്യവും സമ്പത്തും ആവോളമുണ്ടായിരുന്ന ഒരു പ്രശസ്ത നടിയാണ്. വലിയ വീടുകളിലെ ഏകാന്തത ഇന്നു കേരളത്തിലെ യാഥാർഥ്യമാണ്. മക്കൾ വിദേശത്തും വിദൂരത്തും ഒക്കെ ജോലി ചെയ്യുമ്പോൾ അവര്‍ പണിതിടുന്ന വലിയ വീടുകൾക്കു കാവൽക്കാരായി മാറുന്ന മാതാപിതാക്കള്‍ ഏകാന്തതയുടെ അസ്വസ്ഥതയിൽ ജീവിക്കുന്നു.

ജോലിക്കു പോകുന്ന ജീവിത പങ്കാളിയും സ്കൂളിൽ പോകുന്ന മക്കളും വരാന്‍ വൈകുമ്പോൾ അവരെ കാത്തിരിക്കുന്നവരും അനുഭവിക്കുന്നത് ഒറ്റപ്പെടലിന്റെ ഏകാന്തതയാണ്. ഓഫിസിലും നാട്ടിലും സംഘടനകളിലുമൊക്കെയായി ധാരാളം സുഹൃത്തുക്കളുമായും മറ്റും സമയം ചെലവഴിച്ചശേഷം രാത്രി വൈകി നിങ്ങൾ വീട്ടിലെത്തുമ്പോള്‍ ജീവിതപങ്കാളികളുടെ മുഖം വാടിയിരിക്കുന്നതു കാണുമ്പോള്‍ ഓർക്കുക, അവരുടെ ലോകം നിങ്ങള്‍ മാത്രമായിരുന്നുവെന്ന്. സൗഹൃദങ്ങളും ബന്ധങ്ങളുമില്ലാതെ നിങ്ങളെ കാണാനായി, ഒരുമിച്ചിരുന്നു സംസാരിക്കാനായി കാത്തിരുന്ന അവരെ അവഗണിച്ചുകൊണ്ടു വീണ്ടും ഫോണിലേക്കും ടിവിയിലേക്കും ഓഫിസ് ജോലികളുടെ ബാക്കിയിലേക്കും നിങ്ങൾ വഴിമാറിപ്പോകുമ്പോൾ, നിശബ്ദമായി വേദനിക്കുന്ന ഒരു മുഖം ഒരു പക്ഷേ നിങ്ങളുടെ കണ്ണിൽപ്പെടുന്നുണ്ടാവില്ല.   

റിട്ടയർ ചെയ്ത അച്ഛനോട് ഒരു ദിവസം മകൻ പറഞ്ഞു: അച്ഛൻ എന്തിനാ ഇങ്ങനെ കഷ്ടപ്പെട്ടു ട്രഷറിയിൽ പോയി ക്യൂനിന്നു പെൻഷൻ വാങ്ങുന്നത്. അതു ബാങ്ക് അക്കൗണ്ടു വഴിയാക്കിയാല്‍ ഇങ്ങനെ കഷ്ടപ്പെട്ടുപോകേണ്ട കാര്യമുണ്ടോ? മാത്രമല്ല ഓൺലൈൻ ബാങ്കിങ് വഴി ഇപ്പോള്‍ കറന്റ് ബില്ലടയ്ക്കുന്നതു മുതൽ എന്തും ചെയ്യാം. ഇതു കേട്ട അച്ഛൻ പറഞ്ഞു : മോനെ, ഞാൻ പെൻഷൻ വാങ്ങിക്കാന്‍ ട്രഷറിയിൽ പോകുമ്പോൾ അവിടെ എന്നെപ്പോലെ പലരെയും എല്ലാ മാസവും കാണാൻ പറ്റും. എന്റൊപ്പം ജോലി ചെയ്തവരും പരിചയക്കാരും ഒക്കെ അക്കൂട്ടത്തിലുണ്ട്. അവരുമായി സംസാരിക്കാനും കൂടിക്കാണാനുമൊക്കെ സാധിക്കുന്നത് ഈ യാത്രയിലാണ്. വീടിനകത്തുതന്നെ ഇരിക്കുന്ന എനിക്കൊരു റിലീഫ് ആണ് ഈ യാത്രകൾ. അതുകൊണ്ട് എനിക്കിതു മതി.

ഏകാന്തത നമ്മുടെ സന്തോഷം കെടുത്തുന്ന വലിയൊരു നീരാളിയാണ്. അതനുഭവിച്ചവർക്കേ അതിന്റെ വേദന അറിയൂ. സിനിമയിലും രാഷ്ട്രീയത്തിലും ജോലിയിലും തിളങ്ങിനിന്നിരുന്ന പലരെയും പിന്നീടു പൊതുജീവിതത്തിൽ കാണാതാവുമ്പോള്‍ നാം അവരെ മറക്കുന്നു. പക്ഷേ അവഗണനയും ഒറ്റപ്പെടലും ഏകാന്തതയും തിരസ്കരണവും മുൻപു കിട്ടിയിരുന്ന അംഗീകാരം‌ ഇപ്പോൾ കിട്ടാത്തതിന്റെ മാനസിക വ്യഥയുമെല്ലാമായി അവരും ആരാരുമറിയാതെ എവിടെയൊക്കെയോ ജീവിക്കുന്നുണ്ടാകും. മുൻപുണ്ടായിരുന്ന സ്ഥാനവും അംഗീകാരവും ഇപ്പോള്‍ തനിക്കു ലഭിക്കാത്തതിൽ അസ്വസ്ഥരായ അവരിൽ നിന്നുണ്ടാകുന്ന മോശം പെരുമാറ്റങ്ങൾ ചിലർ മനസ്സിലാക്കും. മറ്റു ചിലരാകട്ടെ അവരെ മോശക്കാരായി തള്ളിക്കളയുന്നു. 

വളരെ പ്രശസ്തനായ ഒരു സംവിധായകൻ. ആദ്യചിത്രത്തിനു തന്നെ ദേശീയ പുരസ്കാരം ലഭിച്ചു. രണ്ടാമത്തെ ചിത്രമായി പ്ലാൻ ചെയ്തതും ഒരു ബിഗ് ബജറ്റ് ചിത്രമായിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ട് ആ ചിത്രം നീണ്ടുപോയി. ഇതിനിടയിൽ ഇതേ നിർമാതാവ് ഇതേ ചിത്രം മറ്റൊരു സംവിധായകനെ വച്ച് എടുക്കാൻ പോകുന്നു എന്ന വാർത്തയും  പരന്നു. അതോടെ സിനിമയിലെ ചതി വശമില്ലാതിരുന്ന അവാർഡ് ജേതാവായ സംവിധായകൻ മാനസികമായി ആകെ തളർന്നു. അപ്പോഴേക്കും വർഷങ്ങൾ കടന്നു പോയിരുന്നു. തന്റെ ഡ്രീം പ്രോജക്ട് മുടങ്ങിയതിൽ നിരാശനായി മദ്യത്തിലും മറ്റും അഭയം തേടി. ഒപ്പം കടുത്ത വിഷാദരോഗം കൂടി പിടിമുറുക്കിയതോടെ വീടിനു പുറത്തിറങ്ങാതെയായി. പൊതുപരിപാടികളിൽനിന്ന് വിട്ടു നിൽക്കാൻ തുടങ്ങി. ആളുകളുടെ ചോദ്യങ്ങളെ നേരിടാൻ മടി. എന്താ ഇപ്പോൾ പടമൊന്നും ഇല്ലേ? നേരത്തെ പ്ലാൻ ചെയ്ത പ്രോജക്ട് ഒന്നുമായില്ലേ? തുടങ്ങിയ മുള്ളുകൾ നിറഞ്ഞ ചോദ്യങ്ങളെ അഭിമുഖീകരിക്കാൻ ഭയന്നതോടെ ദേശീയ പുരസ്കാരത്തിന്റെ അമിത പ്രതീക്ഷ നിറഞ്ഞ കണ്ണുകളിൽനിന്ന് ഓടിയൊളിക്കാൻ അയാളാഗ്രഹിച്ചു. സിനിമയില്ലാതായതോടെ ജീവിക്കാൻ, ഡോക്ടറായ ഭാര്യയുടെ ശമ്പളത്തെ ആശ്രയിച്ചതോടെ അവിടെയും അപകർഷതാബോധം പിടിമുറുക്കി. ദേശീയ അംഗീകാരം വരെ നേടിയ താൻ ഇപ്പോൾ ഒന്നുമല്ല എന്ന ചിന്ത മനസ്സിലേക്കു വരുന്തോറും സർഗാത്മകത നിറഞ്ഞ ചിന്തകൾ വിരിയേണ്ട മനസ്സിൽ അസ്വസ്ഥതയും തന്നെ ഒഴിവാക്കിയവരോടുള്ള വെറുപ്പും ദേഷ്യവും  എല്ലാം നിറഞ്ഞു. അതോടെ അമിതമായ ദേഷ്യവും സങ്കടവും ഏകാന്തതയുമെല്ലാം ജീവിതത്തെ കീഴടക്കി. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ. ആത്മവിശ്വാസം നഷ്ടപ്പെട്ടു. ഒപ്പം, തന്റെ പിന്നാലെ വന്നവർ പോലും മുന്നിൽക്കയറി ഉയർന്ന നേട്ടങ്ങൾ കൈവരിക്കുന്ന കാഴ്ചയിൽ അസ്വസ്ഥതകൾ നീറിപ്പുകഞ്ഞപ്പോൾ ബിപിയും മറ്റും കൂടി. ഒടുവിൽ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയില്‍. നീണ്ട കാലത്തെ ചികിൽസകൾക്കും പ്രാർഥനകൾക്കും ശേഷം ജീവിതത്തിലേക്ക് മടക്കം.

നമ്മുടെ ചുറ്റുമുള്ള ലോകം ഏതു രീതിയിൽ പ്രവർത്തിച്ചാലും അവിടെ നിരാശപ്പെടണോ ശാന്തമായി പ്രവർത്തിച്ചു മുന്നേറണോ എന്നു തീരുമാനിക്കേണ്ടതു നമ്മളാണ്. ജീവിതത്തിൽ തകർച്ചകളും പരാജയങ്ങളും അപമാനങ്ങളും ഒറ്റപ്പെടലുമൊക്കെയുണ്ടാവുമ്പോൾ സാഹചര്യത്തിന് അനുസരിച്ച് നാമും മാറാൻ തയാറാവണം. കാലാവസ്ഥ മാറുമ്പോൾ നൂറുകണക്കിനു കിലോമീറ്ററുകൾ സഞ്ചരിച്ചും ശരീരഭാരം കുറച്ചും പുതിയ താമസസ്ഥലം കണ്ടെത്തിയുമാണു ദേശാടനക്കിളികൾ മാറ്റങ്ങളെ പോസിറ്റീവായി സ്വാഗതം ചെയ്യുന്നത്.

നമ്മുടെ ജീവിതത്തിലും സംഭവിക്കുന്ന മാറ്റങ്ങൾക്ക് അനുസരിച്ചു ശീലങ്ങൾ, ദിനചര്യകൾ, ചിന്തകൾ, പ്രവർത്തനങ്ങൾ, വഴികൾ ഒക്കെ മാറ്റാൻ തയാറായാൽ മാറ്റങ്ങൾ പ്രതികൂലമാവുമ്പോഴും സന്തോഷത്തോടെ ജീവിക്കാൻ പറ്റും.

സന്തോഷം നേടിയെടുക്കാനുള്ള വഴികൾ

1. ഇന്നു ജീവിക്കുക
നാം ആയിരിക്കുന്ന അവസ്ഥയിൽ ചെറിയ ചെറിയ മാറ്റങ്ങൾക്കു ശ്രമിച്ചു കൊണ്ടു ജീവിക്കുക. സാധ്യതകൾ ശാന്തമായി പരതുക. ഓരോ നിമിഷവും വിലപ്പെട്ടതാണെന്നു കണ്ടു ക്രിയാത്മകമായി പ്രവർത്തിക്കുക.

2. മറ്റുള്ളവരെ സഹായിക്കൂ
നമ്മളാൽ കഴിയുന്ന സഹായം മറ്റുള്ളവർക്കു നൽകാം. അർഹതയുള്ളവരെ സഹായിക്കുന്നതു മനസ്സിൽ സംതൃപ്തി നിറയ്ക്കും.

3. മറ്റുള്ളവരുടെ വാക്കുകൾക്ക് അമിത പ്രാധാന്യം നൽകരുത്
നിങ്ങളെക്കുറിച്ച് ഏറ്റവും നന്നായി അറിയാവുന്നതു നിങ്ങൾക്കാണ്. അതിനാൽ മറ്റുള്ളവരുടെ നിഷേധാത്മക വാക്കുകളിൽ നിരാശപ്പെടാതെ സത്യസന്ധമായി നിങ്ങളെ വിലയിരുത്തി മാറ്റങ്ങൾ വരുത്തുക.

4. മൂല്യം തിരിച്ചറിയുക
നിങ്ങളുടെ യഥാർഥ്യം തിരിച്ചറിഞ്ഞ്, കഴിവും ആഗ്രഹവും താൽപര്യവുമുള്ള മേഖലകളിൽ പ്രവർത്തിക്കുക.

5 ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുക, ചെയ്യുന്ന കാര്യങ്ങളെ ഇഷ്ടപ്പെടുക
നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുക. ഇഷ്ടമില്ലാത്ത കാര്യങ്ങളാണു ചെയ്തു കൊണ്ടിരിക്കുന്നതെങ്കിൽ അതു സന്തോഷം കവരും.

6. നന്ദിയുള്ളവരാകുക
നമുക്ക് ചെറിയ സഹായം ചെയ്തവരോടു പോലും നന്ദിയുള്ളവരായിരിക്കുക. ഒപ്പം, എത്ര കൊച്ചു കാര്യവും നേടുമ്പോൾ ദൈവത്തിനു നന്ദി പറയുക.

7. ദൈവാശ്രയബോധം
ദൈവത്തിൽ ശരിയായ വിശ്വാസവും ആശ്രയബോധവുമുള്ളവർക്ക് എന്തു കാര്യം ചെയ്യുമ്പോഴും ഏതു പ്രതിസന്ധിയിലും ശക്തമായ താങ്ങാകുന്നത് അവരുടെ ആത്മവിശ്വാസമാണ്. ഏതൊരു കാര്യം ചെയ്യുന്നതിനു മുൻപും പ്രാർഥിക്കുക.

8. മനസ്സിനെ ശുദ്ധീകരിക്കുക
ഹൃദയത്തിൽനിന്ന് അസൂയ, അസഹിഷ്ണുത, വെറുപ്പ്, വൈരാഗ്യം, അഹങ്കാരം എന്നിവ നീക്കുക. അകാരണമായി ദേഷ്യപ്പെടുന്ന സ്വഭാവം നിയന്ത്രിക്കുക.

9. നാട്യങ്ങളില്ലാത്തവരാകുക
നിങ്ങൾ ഏതവസ്ഥയിലാണോ അതംഗീകരിച്ചു കൊണ്ടു നിങ്ങളിൽ പരിവർത്തനം വരുത്താൻ ശ്രമിക്കുക. മനുഷ്യനെന്ന നിലയിൽ നിങ്ങൾക്കും കുറവുകളുണ്ടാകും. അത് അംഗീകരിച്ച് പരിഹരിക്കാൻ ശ്രമിക്കുക. എന്നെ ആരും തിരുത്തേണ്ടതില്ല, ഞാൻ ചെയ്യുന്നതും പറയുന്നതുമെല്ലാം. ശരിയാണെന്ന ചിന്ത മാറ്റുക. സത്യസന്ധരായി ജീവിക്കുക.

10. പുഞ്ചിരി
ഓരോ ദിവസവും പുഞ്ചിരിയോടെ എഴുന്നേൽക്കുക. ആളുകളെ കാണുമ്പോൾ പുഞ്ചിരിച്ചു കൊണ്ടു വിഷ് ചെയ്യുക. കൊച്ചു കൊച്ചു കാര്യങ്ങളിൽ സന്തോഷിക്കുക. 

More Motivational Stories>>