Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുതിയിരിക്കണം അത്തരം കുഴികൾ!

സെബിന്‍ എസ്.കൊട്ടാരം
Author Details
511918322

ഏതാനും വർഷങ്ങൾക്കു മുമ്പ് അമേരിക്കയിലെ കൊളറാഡോ സംസ്ഥാനത്തുളള എന്റെ ഒരു സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു ഞാൻ. യു.എസിൽ ഫോട്ടോ ജേർണലിസ്റ്റാണ് അദ്ദേഹം. ആതിഥേയരുമായി സംസാരിക്കുന്നതിനിടയിലാണ് ഭീമാകാരനായ കറുത്ത ഒരു നായ അവിടേക്കു വന്നത്. ശരിക്കും ഒരു കടുവയുടെ വലുപ്പമുണ്ട്. ലിവിങ് റൂമിലെ സോഫയിലിരുന്ന എന്റെ അടുത്തേക്ക് വന്നതും ഉള്ളൊന്നു കാളി. പക്ഷേ അടുത്തുവന്നതോടെ പൂച്ചക്കുട്ടിയെപ്പോലെ കാലിൽ മുട്ടിയുരുമ്മി നിന്നു. ഉടനെ വീട്ടുടമസ്ഥൻ പറഞ്ഞു ‘‘അവൻ ഞങ്ങളുടെ പെറ്റ് ഡോഗാണ്. വീട്ടിനകത്തെല്ലാം അവന് എല്ലാ സ്വാതന്ത്യവുമുണ്ട്. ഞങ്ങൾ അവനെ പൂട്ടാറില്ല.’’ 

‘‘അപ്പോൾ ഇവൻ ആളുകളെ ഉപദ്രവിക്കില്ലേ?’’ ഞാൻ ചോദിച്ചു.

‘‘ഇല്ല, അതിന് ഒരു കാരണവുമുണ്ട്. ഇവന് ഇന്നേവരെ നോൺവെജ് ഫുഡ് കൊടുത്തിട്ടില്ല. ജനിച്ചപ്പോൾ മുതൽ വെജിറ്ററേനിയൻ ഡോഗ് ഫുഡാണ് കൊടുക്കുന്നത്. നോൺ വെജിന്റെ രുചിയറിഞ്ഞാൽ അവന്റെ ഉള്ളിലെ വന്യസ്വഭാവം പുറത്തുവരും. അപ്പോഴാണ് മറ്റുളളവരെ ആക്രമിക്കുന്നത്. അതിനാലാണ് ഈ നിയന്ത്രണമെന്നും അദ്ദേഹം പറഞ്ഞു.

അപ്പോൾ ഞാൻ മറ്റൊരു സംഭവം ഒാർത്തുപോയി. കോഴിക്കോട് മനോരമയിൽ സബ് എഡിറ്ററായി ജോലി ചെയ്യുന്ന സമയം. രാത്രി ഡ്യൂട്ടി കഴിഞ്ഞ് അൽപ്പം കാറ്റുകൊള്ളാനായി സഹപ്രവർത്തകർക്കൊപ്പം കാറിന്റെ ഗ്ലാസ്സ് താഴ്ത്തി ബംഗ്ലാദേശ് കോളനിക്കടുത്തുളള ബീച്ച് റോഡിലൂടെ സഞ്ചരിക്കുകയാണ്. പെട്ടെന്നാണ് ഒരു കൂട്ടം നായ്ക്കൾ കുരച്ചുകൊണ്ട് എവിടെ നിന്നോ കയറി വന്നത്. കാറിന്റെ വേഗത കുറച്ചതും അതിലൊന്ന് കുരച്ചുകൊണ്ട് ഗ്ലാസ്സിനുളളിലൂടെ കാറിനകത്തേക്ക് കയറാൻ ശ്രമിച്ചു. പെട്ടെന്ന് ഗ്ലാസ് ഉയർത്തി വണ്ടി വേഗത്തിൽ മുന്നോട്ടെടുത്തതിനാൽ നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപെട്ടു.

മിക്കവാറും ഇറച്ചിവെട്ടുളള സ്ഥലമാണതെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. കന്നുകലികളുെട എല്ലും രക്തവും മാംസവും കഴിച്ചാണ് ഈ നായ്ക്കൾ കഴിയുന്നത്. അതോടെ മാംസ–രക്ത ദാഹിയായി ആ നായ്ക്കൾ മാറി അവയിലെ വന്യ സ്വഭാവം പുറത്തുവരുന്നു.

സകലജീവജാലങ്ങളുടെയും ഉള്ളിൽ ഇത്തരം വന്യ സ്വഭാവങ്ങൾ പല തരത്തിൽ ഉറങ്ങക്കിടപ്പുണ്ട്. സാഹചര്യങ്ങൾ മോശമായോ ചിന്തകൾ, ശീലങ്ങള്‍, ഈശ്വരനിൽ നിന്നകന്നുളള  ജീവിതം, അത്യഗ്രഹം, അമിതാസക്തികൾ എന്നിവ ഒരാളിലെ നൻമയെ കൊടുത്താൽ പര്യാപ്തമാണ്. അതാണ് ജീവിതത്തിലെ ഒരു കാലഘട്ടത്തില്‍ മറ്റുളളവർക്ക് മാതൃകയായി ഉന്നതപദവികൾ അലങ്കരിച്ച് നേരായ ജീവിതം നയിച്ച ചിലർ പോലും പിന്നീട് കളങ്കിതരായി സമൂഹത്തിന്റെ വെറുപ്പിന് പാത്രമായി മാറുന്നത്. അതിന് നിരവധി ഉദാഹരണങ്ങൾ മാധ്യമങ്ങളിലൂടെ ദിവസേന നാം കാണുന്നുണ്ട്. 

ഒരിക്കൽ മനോരമയുടെ മുംബൈ എഡിഷന്റെ എഡിറ്ററായി ജോലി ചെയ്യുന്ന സമയത്താണ് ഒരു വാർത്ത എഡിറ്റിങ്ങിനായി കണ്ടത്. ‘മുംബൈയിൽ നർക്കോട്ടിക്സ് വിഭാഗത്തിലെ ഐ.പി.എസ് ഒാഫീസറായ മലയാളി ഹെറോയിൻ മറിച്ചു വിറ്റതിന് അറസ്റ്റിൽ’. മുൻപ് തൃശൂരിൽ വെറ്റിനറി ഡോക്ടറായിരുന്നു ഇയാൾ. അന്ന് ഒട്ടേറെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ വഴി ഏവരുടെയും അംഗീകാരം പിടിച്ചു പറ്റിയ വ്യക്തി. അങ്ങനെയിരിക്കെ സിവിൽ സർവീസ് പരീക്ഷയെഴുതി ഐ.പി.എസ് നേടി. ആദ്യ പോസ്റ്റിങ് മുംബൈയിലായിരുന്നു. നകർക്കോട്ടികിസ് കൺട്രോൾ വിഭാഗത്തിൽ. കോടിക്കണക്കിന് രൂപ വിലവരുന്ന ലഹരിമരുന്ന് പിടിച്ചെടുത്താൽ പിന്നീട് നശിപ്പിച്ചുകളയുകയാണ് പതിവ്. അങ്ങനെയിരിക്കെയാണ് ഇയാൾക്കു മുമ്പിൽ ഒരു ഒാഫർ എത്തുന്നത്. വെറുതെ കത്തിച്ചു കളയുന്ന സാധനം ഞങ്ങൾക്കു മറിച്ചു തന്നാൽ കോടികൾ തരാമെന്നായിരുന്നു വാഗ്ദാനം.

ആദ്യമൊന്നും ഒാഫറിൽ വീണില്ല. പക്ഷേ വീണ്ടും വീണ്ടും വാഗ്ദാനം വന്നപ്പോൾ ഒരിക്കൽ മാത്രം ഒന്നു മറിച്ചേക്കാമെന്നു തോന്നി. ആലോചിച്ചപ്പോള്‍ വൻ ലാഭം. ജീവിതകാലം മുഴുവൻ ജോലി ചെയ്താൽ കിട്ടാത്ത പണം ഒറ്റ ഡീൽ കൊണ്ട് നേടാം. ആരുമറിയില്ല. 

അങ്ങനെ ഹെറോയിൻ കൈമാറി. പ്രതിഫലം രണ്ടു കോടി രൂപ. ആരുമറിഞ്ഞില്ല. അതോടെ ആത്മവിശ്വാസമായി. പണത്തോട് കൂടുതൽ ആർത്തിയായി. വീണ്ടും വാഗദാനം. പണം ഒഴുകിത്തുടങ്ങി. ഇടയ്ക്കുവച്ച് ഒരു ഭയം ഇനിയെങ്ങാനും പിടിക്കപ്പെട്ടാലോ. പിന്തിരിയാൻ ശ്രമം നടത്തി. പക്ഷേ ഇതുവരെ നടത്തിയ സകല ഡീലിന്റെയും വീഡിയോ തങ്ങളുടെ കൈവശമുണ്ടെന്നും പിൻവാങ്ങിയാൽ ഇതു പുറത്തുവിടുമെന്നും പറഞ്ഞപ്പോൾ വീണ്ടും വഴങ്ങി. ഒടുവിൽ ആരുടെയോ ഒറ്റിൽ പിടിക്കപ്പെട്ടു. അനധികൃത സ്വത്ത് സമ്പാദനം, ലഹരിമരുന്ന് കടത്ത് ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ഇതുവരെ നേടിയെടുത്ത പദവിയുെട പേരും സമ്പത്തും എല്ലാം നഷ്ടപ്പെട്ട് ജയിലിലുമായി.

അതിനാൽ ഒാർക്കുക, സാഹചര്യങ്ങൾ പലപ്പോഴും തെറ്റുകളിലേക്ക് തിരിയാൻ പ്രലോഭനങ്ങളുമായി അടുത്തേക്ക് വരുമ്പോൾ അവയിൽ പതറിപ്പോയാൽ, ഇടറി വീണാൽ നഷ്ടമാവുക അതുവരെ നേടിയെടുത്ത എല്ലാ സൗഭാഗ്യങ്ങളുമായിരിക്കും. കോപ്പിയടി, വ്യഭിചാരം, അഴിമതി, കൈക്കൂലി, വ്യാജ സർട്ടിഫിക്കറ്റ് ചമയ്ക്കൽ, മറ്റൊരാളുടെ നേട്ടങ്ങൾ സ്വന്തം പേരിലാക്കൽ, സ്വയം എഴുതാനുളള കഴിവില്ലാതിരിക്കെ പ്രശസ്തി നേടാനുളള ആഗ്രഹം മൂലം മറ്റൊരാളെക്കൊണ്ട് ലേഖനങ്ങളും പുസ്തകങ്ങളുമെഴുതി സ്വന്തം പേരുവയ്ക്കുക, അത്യാഗ്രഹം, സ്വാർത്ഥത തുടങ്ങിയവയെല്ലാം പലരുടെയും ജീവിതത്തിൽ അതുവരെ നേടിയെടുത്ത പ്രതിഛായയെ കളങ്കപ്പെടുത്തിയിട്ടുണ്ട്.

അതിനാൽ, മനസ്സിനെ നിയന്ത്രിക്കാൻ പരിശ്രമിക്കുക. മനസിന്റെ കടിഞ്ഞാൺ നമ്മുടെ കൈയിലാവണമെങ്കിൽ നമ്മുടെ ജീവിതം ഈശ്വരനോട് ചേർന്നുളളതാവണം. നിത്യപ്രാർത്ഥന, ഉപവാസം, ദാനധർമ്മം, ജീവകാരുണ്യപ്രവർത്തികൾ, ധ്യാനം എന്നിവയൊക്കെ നമ്മുടെ ആത്മീയ ഉന്നമനത്തിന് സഹായിക്കും. ആത്മീയമായി ഉയർന്നു നിൽക്കുന്ന വ്യക്തിയെ ബാഹ്യമായ ആകർഷണങ്ങൾക്ക് തൊടാൻ സാധിക്കില്ല. യേശുക്രിസ്തുവിനെപ്പോലും പിശാച് പരീക്ഷിക്കാൻ ശ്രമിച്ചതായി ബൈബിളിൽ പറയുന്നുണ്ട്. 40 ദിനരാത്രങ്ങൾ ഉപവസിച്ചശേഷം ആത്മീയശക്തിയിൽ നിറഞ്ഞുനിന്നപ്പോഴാണ് വലിയ പ്രലോഭനങ്ങൾ ഉയർത്തി പിശാച് പരീക്ഷിച്ചത്. ക്രിസ്തു ആ പരീക്ഷണങ്ങളെ അതിജീവിച്ചു. പക്ഷേ, 30 വെള്ളിക്കാശിന്റെ തിളക്കത്തിൽ ക്രിസ്തു ശിഷ്യനായ യൂദാസിനെ പിശാച് പരീക്ഷിച്ചപ്പോൾ സ്വന്തം ഗുരുവിനെത്തന്നെ ഒറ്റിക്കൊടുത്തുകൊണ്ട് യൂദാസ് ആ പ്രലോഭനത്തിൽ വീണുപോയി. 

ഒന്നിലും തൃപ്തിയില്ലാത്തതാണ് പലപ്പോഴും പലരെയും തെറ്റുകളിലേക്കും തകർച്ചയിലേക്കും വീഴ്ത്തുന്നത്. ഇതുമൂലം ആകർഷണഘടകങ്ങളെന്നു തോന്നുന്നവയുടെ പിന്നാലെ പായുന്നു. അമിതമായ ആഗ്രഹങ്ങളാണ് മറ്റു ചിലരെ വഴിതെറ്റിക്കുന്നത്. അതോടെ താൽക്കാലിക നേട്ടങ്ങൾക്കു പിന്നാലെ പാഞ്ഞ് ജീവിതം തന്നെ നശിപ്പിക്കുന്നു.

ചില കൊച്ചു ജീവികളെ രാത്രിയിൽ കണ്ടിട്ടില്ലേ. വിളക്കിന്റെ വെളിച്ചത്തിൽ ആകൃഷ്ടരായി അതിലേക്കു പറന്നടുക്കുന്നു. ഒടുവിൽ ആ തീനാളങ്ങളിൽ സ്വയം എരിഞ്ഞമരുന്നു. അതിനാൽ ജീവിതത്തില്‍ ചില നിയന്ത്രണരേഖകൾ വരയ്ക്കുക. പ്രലോഭനങ്ങളുണ്ടാക്കുന്ന സാഹചര്യങ്ങളിൽ നിന്ന് പരമാവധി അകന്നു നിൽക്കുക. തെറ്റുകളിലേക്ക് വീഴാൻ തോന്നുന്ന സാഹചര്യങ്ങളില്‍ അനന്തരഫലം കൂടി ചിന്തിക്കുക. സ്വന്തം കുടുംബത്തെ, സമൂഹത്തെ ഒക്കെ ഒാർക്കുക. ദൈവത്തിൽ ആശ്രയിക്കുക. ഏതു പ്രലോഭനങ്ങളെയും പ്രതിസന്ധിയേയും നേരിടാൻ സാധിക്കും. അതിനു കഴിയട്ടേയെന്നാശംസിക്കുന്നു. വിജയാശംസകൾ.