Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നിനും സമയമില്ലേ?

സെബിൻ എസ്. കൊട്ടാരം
Author Details
time-management

കഴിഞ്ഞ ദിവസം പരിചയമുളള ഒരു കുട്ടിയെ കണ്ടു. പ്ലസ് ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച കുട്ടി. ഇപ്പോൾ മെഡിക്കൽ എൻട്രൻസ് പരീക്ഷയ്ക്കായി പ്രശസ്ത കോച്ചിങ് സെന്ററിൽ ചേർന്നിരിക്കുകയാണ്. അവിടെ തന്നെ ഹോസ്റ്റലിലാണ് താമസം. വേറെ നാലുപേർ കൂടി അവരുടെ മുറിയിൽ താമസിക്കുന്നുണ്ട്.

ആദ്യത്തെ ദിവസം ക്ലാസ് കഴിഞ്ഞ് റൂമിലേക്കെത്തിയതും കണ്ടത്, ഒരോ ടേബിളിന്റെയും മുമ്പിൽ പുസ്തകങ്ങളിൽ തല കുമ്പിട്ടിരിക്കുന്ന സഹപാഠികളെ. താൻ ആ മുറിയിലേക്കെത്തിയിട്ടും അവർ തിരിഞ്ഞു നോക്കി പോലുമില്ലെന്ന് അനീറ്റ.

എല്ലാവരും അവരവരുടെ ലോകത്താണ്. രാത്രി വൈകുവോളം ഇതേ ഇരിപ്പിലിരുന്നശേഷം ഉറങ്ങാൻ പോകുന്നു. അതിരാവിലെ വീണ്ടുമെഴുന്നേറ്റ് തന്റെ തന്നെ ലോകത്തേക്ക് ചുരുങ്ങുന്നു. ഒപ്പം മാതാപിതാക്കളുടെയും കോച്ചിങ് സെന്ററിലെ അധ്യാപകരുടെയും വക സമ്മർദ്ദമുണ്ടാക്കുന്ന വാക്കുകളും. അതോടെ മാനസിക സമ്മർദ്ദമേറി, ഞെക്കിപ്പഴുക്കാൻ നിർബന്ധിതരായിത്തീരുന്നു സമൂഹത്തിലെ വലിയൊരു വിഭാഗം വിദ്യാർത്ഥികൾ. ഇവർക്ക് ഉല്ലാസമില്ല, സ്വന്തം മുറിയിൽ താമസിക്കുന്നവരോട് പോലും വ്യക്തിബന്ധമോ തുറന്ന സംസാരമോ ഇല്ല. മാനസിക സമ്മർദ്ദം മൂലം എത്ര വായിച്ചാലും ഒാർമ്മയിൽ നിൽക്കാത്ത അവസ്ഥ. ഒപ്പം ദൈവമേ, കിട്ടിയില്ലെങ്കിലോ? എന്ന ആശങ്കയും ഇവരെ മാനസിക സമ്മർദ്ദത്തിന്റെ തടവറയിലാക്കുന്നു. എൻട്രൻസ് പരീക്ഷ കഴിഞ്ഞാൽ ആഗ്രഹിച്ച കോഴ്സ് കിട്ടാത്തവരില്‍ വീണ്ടും സ്ട്രെസ്. ഇഷ്ടപ്പെട്ട കോഴ്സ് കിട്ടിയ ശേഷം പഠനം പൂർത്തിയാക്കി പാസായവരോ, പിജിക്ക് അഡ്മിഷൻ കിട്ടാനായി ടെൻഷനുമായി നെട്ടോട്ടമോടുന്നു. ജോലി കിട്ടിയാലോ, അവിടെ മറ്റുളളവരുടെ മുമ്പിലെത്താൻ മത്സരം. വീട്ടിലെത്തിയാലും ഒാഫീസിലെ കാര്യങ്ങൾ ഫോണിലും ലാപ്ടോപ്പിലുമായി വീട്ടിലേക്കു പടർന്നു പിടിക്കുന്നതുമൂലം അവിടെയും കുടുംബാംഗങ്ങളോട് സ്വസ്ഥമായിരുന്ന് സംസാരിക്കാൻ പോലും സമയമില്ല. ആകെ ടെൻഷൻ, സ്ട്രെസ്, ഒന്നിലും സംതൃപ്തിയില്ലായ്മ.

മലയാളിയിൽ വന്ന മാറ്റങ്ങളാണിത്. ഇതിനു കാരണം, സ്വന്തം നേട്ടങ്ങൾ മാത്രം നോക്കിയും മറ്റുളളവരെ കാണിക്കാൻ വേണ്ടിയുമുളള ജീവിതമാണ്. ഇവിടെ ദൈവത്തെപ്പോലും കാണുന്നത് സ്വന്തം കാര്യം നടത്തിത്തരാൻ വേണ്ടിയുളള ഒരാളായി മാത്രമാണ്. പരിവർത്തനം വരുത്തിയ ഹൃദയവും ശുദ്ധമായ മനവുമായി നടത്തേണ്ട പ്രാർത്ഥന കേവലം ആവശ്യപ്പെട്ടി മാത്രമായിത്തീരുന്നു. യഥാർത്ഥ ആത്മീയതയിൽ നിന്നകലുന്നു. അതോടെ ചുറ്റുമുളളവരെയെല്ലാം മറന്ന് ലക്ഷ്യങ്ങൾ വെട്ടിപ്പിടിക്കാനുളള നെട്ടോട്ടത്തിൽ പ്രതിസന്ധികളുണ്ടാകുമ്പോൾ അസംതൃപ്തിയിലും ജീവിതത്തോടുമുളള വെറുപ്പിലും നേട്ടങ്ങൾ കൈവരിച്ചവരോടുമുളള അസൂയയിലും ജീവിതം തളളിനീക്കുന്നു.

സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ഇത്തരക്കാർക്ക് മറ്റുളളവരുടെ സഹായം ആഗ്രഹിക്കുന്ന നേരത്ത് ചിലപ്പോൾ അത് ലഭിക്കാതെ വരുന്നതിനു കാരണവും ഈ സ്വാർത്ഥ മനോഭാവമാണ്.

പലപ്പോഴും നമ്മൾ നമുക്ക് ഇപ്പോൾ ലഭിക്കാതെ പോയകാര്യങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുമ്പോഴാണ് ഏകാന്തതയും അസംതൃപ്തിയും വിഷമവും മനസില്‍ നിറയുന്നത്. ഇപ്പോൾ ലഭിച്ചില്ല എന്നതിനർത്ഥം എക്കാലവും ലഭിക്കില്ല എന്നല്ല. മറിച്ച് നാം അൽപം കൂടി കാത്തിരിക്കേണ്ടതുണ്ടെന്നാണ് അത് സൂചിപ്പിക്കുന്നത്. ബൈബിളില്‍ ഒരു സംഭവം വിവരിക്കുന്നുണ്ട്. കല്യാണവിരുന്നിനിടെ കാനായിലെ കല്യാണവീട്ടിൽ വീഞ്ഞുതികയാതെ പോയ അവസരത്തില്‍ അപമാനത്തിന്റെ മുള്‍മുനയിൽ വീട്ടുകാർ നിൽക്കുമ്പോള്‍ ഈശോ അത്ഭുതം പ്രവർത്തിക്കുന്നത് തന്റെ സമയം സമാഗതമായപ്പോഴാണ്. നമ്മുടെ ജീവിതത്തിലും ദൈവം പ്രവർത്തിക്കാനായി നാം സമയം കൊടുത്ത്, ക്ഷമയോടെ കാത്തിരിക്കണം.

ജീവിതത്തിൽ പ്രയാസവും വേദനയും ദുരിതങ്ങളും അനുഭവിക്കുന്നവരുടെ ജീവിതങ്ങളിലേക്ക് കടന്നു ചെല്ലുമ്പോഴാണ് നമുക്ക് ലഭിച്ചിരിക്കുന്ന ദൈവാനുഗ്രഹങ്ങൾ നാം തിരിച്ചറിയുന്നത്. അപ്പോൾ നമ്മുടെ മനസ്സിൽ നിറയുന്നത് നന്ദിയും സ്നേഹവു കരുണയുമായിരിക്കും.

ദൈവത്തോട് ചേർന്ന് വളർത്തുന്ന മക്കൾ ഏതു പ്രതിസന്ധിയിലും കെടാത്ത വിളക്കുപോലെ ശോഭിക്കും. പഠനരംഗത്തും ജോലിയിലും കുടുംബജീവിതത്തിലും വെല്ലുവിളികളെ നേരിട്ട് അവർ ഉയരങ്ങൾ കീഴടക്കും.‌

ദൈവത്തിൽ നിന്നകന്നുളള പഠനവും ജോലിയും ദാമ്പത്യവും ബിസിനസും നമ്മിൽ അസംതൃപ്തിയാവും നിറയ്ക്കുക. എത്ര അധ്വാനിച്ചാലും അവിടെ നിങ്ങളാഗ്രഹിക്കുന്ന ഫലം ലഭിക്കുകയില്ല. 

സമയം ദൈവം എല്ലാവർക്കും ഒരുപോലെയാണ് നൽകിയിരിക്കുവന്നത്. അത് ശരിയായ രീതിയിൽവിനിയോഗിക്കുന്നവരാണ് ജീവിതത്തിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കുന്നത്. ശരിയായ വിനിയോഗമെന്ന് പറഞ്ഞാൽ മാനസികസമ്മർദ്ദത്തിനടിമപ്പെട്ട് മുഴുവൻ സമയവും പ്രവർത്തിക്കുക എന്നതല്ല, സോഷ്യൽ മീഡിയായിലും മറ്റുമായി ഒരു പ്രയോജനവുമില്ലാതെ വെറുതെ അലസമായി സമയം പാഴാക്കിക്കളയുന്നതല്ല മറിച്ച്, പഠനത്തിനും ജോലിക്കും കുടുംബ, ആത്മീയ, ആരോഗ്യ, സാമൂഹികകാര്യങ്ങൾക്കായി വേണ്ട സമയം കണ്ടെത്തി ഗുണപ്രദമായി സമയത്തെ വിനിയോഗിക്കുന്നതാണ്. ഒാരോ കാര്യങ്ങൾക്കുമായി നമ്മുടെ സമയത്തെ ക്രമീകരിച്ച് പ്രവർത്തിക്കുമ്പോൾ ജീവിതം കൂടുതൽ ശാന്തവും സന്തോഷവും സംതൃപ്തിയും നിറഞ്ഞതായിത്തീരും. ഇത് ജീവിതത്തിലെ സമസ്തമേഖലകളിലും വിജയിക്കാന്‍ ഇടയാക്കുകയും ചെയ്യും. അതിനാൽ, ഇന്നു മുതൽ സമയത്തെ ശരിയായ രീതിയിൽ വിനിയോഗിക്കാൻ നമുക്ക് ശ്രമിക്കാം. സംതൃപ്തി നിറഞ്ഞ മനസ്സുമായി കൂടുതൽ ഉയരങ്ങൾ കീഴടക്കാം. അതിനു കഴിയട്ടെയെന്നാശംസിക്കുന്നു. വിജയാശംസകള്‍.