Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭൂമിയിലെ തടാകങ്ങളില്‍ വിഷം നിറയും; മുന്നറിയിപ്പുമായി ഗവേഷകർ

Lake

കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരിതങ്ങളുടെ പട്ടികയിലിലേക്ക് ഒന്നുകൂടി ചേര്‍ത്തു വയ്ക്കുകയാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. തുടര്‍ച്ചയായുള്ള ജല–വായു മലിനീകരണം ഭൂമിയിലെ ശുദ്ധജല തടാകങ്ങള്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസ്സുകളെ വിഷമയമാക്കുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. അന്തരീക്ഷത്തിലെ പൊടിപടലങ്ങളും ജലത്തിലെ മാലിന്യവും അള്‍ട്രാവയലറ്റ് രശ്മികള്‍ തടാകങ്ങളിലെ ജലങ്ങളിലെത്തുന്നതു തടയുന്നതാണ് ഇതിനു കാരണം. എല്ലാത്തരം ജലസ്രോതസുകളേയും ഇതു ബാധിക്കുമെങ്കിലും തടാകങ്ങളെയാകും ഈ പ്രതിഭാസം വേഗത്തില്‍ മലിനീകരിക്കുകയെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

വര്‍ഷത്തില്‍ 1.9 കോടി ജനങ്ങള്‍ ഇതുമൂലം രോഗികളാകുമെന്നും ഇവരില്‍ പകുതിയിലേറെ പേരും മരണത്തിനു കീഴടങ്ങുമെന്നും ഗവേഷകര്‍ ആശങ്കപ്പെടുന്നു. നിലവില്‍ ശുദ്ധജല ലഭ്യതക്കുറവു മൂലം രോഗങ്ങള്‍ ബാധിക്കുന്നവരെ കൂടാതെയാണ് 2 കോടിയോളം പേരം വീണ്ടും ഈ പ്രതിഭാസം രോഗ ബാധിതരാക്കുക. ഇപ്പോള്‍ ശുദ്ധജലലഭ്യതയുള്ള പ്രദേശങ്ങളി‍ല്‍ പോലും ഭാവിയില്‍ ഈ ദുരന്തം നേരിട്ടേക്കാമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

രണ്ടു പതിറ്റാണ്ട് മുന്‍പുണ്ടായിരുന്നു ജലസ്രോതസുകളുടെ ആരോഗ്യമല്ല ഇപ്പോഴത്തേത്. 1994 മുതല്‍ 2015 വരെയുള്ള വിവിധ തടാകങ്ങളിലെ ജലത്തിന്റെ സാമ്പിളുകള്‍ പരിശോധിച്ചാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. യു.എസ് പോലുള്ള വികസിത രാജ്യങ്ങളില്‍ പോലും വെള്ളത്തിലുള്ള അണുക്കള്‍ മൂലം വര്‍ഷത്തില്‍ ഒരു കോടിയോളം പേര്‍ ഇപ്പോള്‍ രോഗബാധിതരാകുന്നുവെന്നാണു കണക്ക്. ഈ സാഹചര്യത്തില്‍ കാലാവസ്ഥാ വ്യതിയാനം കടുക്കുമ്പോള്‍ ജലസ്രോതസുകള്‍ വിഷമയമാകുന്ന പ്രതിഭാസം കൂടി രൂക്ഷമായാല്‍ ഇതു സൃഷ്ടിക്കുന്ന പ്രസിസന്ധി ഭീകരമായിരിക്കുമെന്ന് ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു.

മിയാമി സര്‍വകലാശാലയിലെ പരിസ്ഥിതി വിഭാഗത്തിലെ ഗവേഷകരുടേതാണ് ഈ കണ്ടെത്തലുകള്‍. ബ്രൗണിങ് അഥവാ തവിട്ടു നിറം ബാധിക്കുക എന്നതാണ് തടാകങ്ങള്‍ വിഷമയമാകുന്നതിന് ഈ ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര്. യുഎസ്, കാനഡ, ചിലി, സിംബാ‌ബ്‌വെ, ടാന്‍സാനിയ, ഇന്ത്യ, ചൈന തുടങ്ങി ഇരുപതോളം രാജ്യങ്ങളിലെ തടാകങ്ങളില്‍ നടത്തിയ പഠനത്തിനു ശേഷമാണ് ഗവേഷകര്‍ ഈ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.