Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തണ്ണീർമുക്കം ബണ്ട്; ‘തണ്ണീർ’ തിരിയുന്ന ‘മുക്ക്’

Thanneermukkom Bund

തണ്ണീർമുക്കം ബണ്ട് വീണ്ടും വാർത്തകളിൽ നിറയുകയാണ്. പുതിയ പാലം 30നു ഗതാഗതത്തിനായി തുറന്നുകൊടുക്കും. ബണ്ടിന്റെ തണ്ണീർമുക്കത്തു നിന്നുള്ള ഒന്നാം ഘട്ടവും അംബികാ മാർക്കറ്റിൽ നിന്നുള്ള രണ്ടാം ഘട്ടവും പുതിയ പാലത്തിൽ ചേരുന്ന ഭാഗത്തു റോഡ് ഗതാഗതയോഗ്യമാക്കുന്ന ജോലികളും പുരോഗമിക്കുന്നു. 

പുതിയ പാലത്തിലൂടെ വാഹനങ്ങൾ തിരിച്ചുവിട്ട ശേഷം തെക്കും വടക്കുമുള്ള മൺചിറകൾക്കിടയിൽ വെള്ളം നിറയ്ക്കും. തുടർന്നു ചിറ പൊളിക്കാനാണ് തീരുമാനം.  മൂന്നാം ഘട്ടത്തിലെ 28 ഷട്ടറുകളുടെയും നിർമാണവും പൂർത്തിയായി. ബണ്ടിന്റെ നടുവിലെ മണൽതിട്ടയും ഇപ്പോഴത്തെ വെള്ളപ്പൊക്കവുമായി ബന്ധമൊന്നുമില്ലെന്നും കടലിലേക്കു വെള്ളം ഒഴുകിപ്പോകാത്തതാണു വെള്ളപ്പൊക്കത്തിനു കാരണമെന്നും കഴിഞ്ഞ ജിവസത്തെ സന്ദർശന വേളയിൽ മന്ത്രി മാത്യു ടി.തോമസ് വ്യക്തമാക്കിയിരുന്നു. 

അൽപം ചരിത്രം

പുഞ്ചപ്പാടത്തു കതിരു വരുന്ന നെൽച്ചെടിയിൽ പാലുറയ്ക്കും മുൻപു പടിഞ്ഞാറൻ ഓരുകാറ്റടിച്ചാൽ കുട്ടനാടിന്റെ മുഖം വാടുന്ന കാലമുണ്ടായിരുന്നു. നെന്മണികളുടെ ഭാരത്താൽ തല കുനിക്കേണ്ട നെല്ല് ഓരുകാറ്റിനെതിരെ തലയുയർത്തി നിന്നു തന്നെ കീഴടങ്ങും. കടൽനിരപ്പിനു താഴെ കായലിനെ വകഞ്ഞുമാറ്റി, പ്രളയജലത്തെ മട കെട്ടിത്തടുത്ത കർഷക വീര്യത്തെ നിസഹായമാക്കിയിരുന്നു വേലിയേറ്റത്തിലെ ഉപ്പുവെള്ളത്തിന്റെ വരവ്. കണക്കുകൂട്ടൽ തെറ്റിച്ച‌ു വേമ്പനാട്ടിലേക്കു കടലേറിയാൽ പിന്നെ പട്ടിണി നിശ്ചയം. പട്ടിണി മാറണമെങ്കിൽ അരി വേണം. രണ്ടാം കൃഷി വേണമെന്ന ആവശ്യം നാട്ടുകാർക്കിടയിൽ ശക്തമായി. രണ്ടാം കൃഷി നടക്കണമെങ്കിൽ ഓരുവെള്ളത്തെ നിയന്ത്രിക്കണം. നെല്ലായിരുന്നു അന്നു തൊഴിലാളിയുടെ കൂലി. ആഴ്ചയിൽ ആറു നാൾ പണി, ഏഴാം നാൾ വിശ്രമം. വിശ്രമദിനത്തിൽ അടുപ്പിൽ തീ പുകയണമെങ്കിൽ ഉടയോൻ കനിയണം. മകളുടെ വിവാഹം നടത്താൻ ഒന്നരച്ചാക്ക് അരിക്കായി ഒരു തുരുത്തു വിൽക്കേണ്ടി വന്ന സാഹചര്യങ്ങൾ ഇന്നും പഴമക്കാരുടെ ഓർമകളിലുണ്ട്.

മീനച്ചിൽ, പമ്പ, മണിമല, അച്ചൻകോവിൽ എന്നീ നദികൾ വേമ്പനാട്ടിലെത്തുന്നതു കുട്ടനാടൻ പ്രദേശം പിന്നിട്ടാണ്. 337.4 ചതുരശ്ര മൈൽ വിസ്തൃതിയുള്ള കുട്ടനാടൻ മേഖലയിൽ 190 ചതുരശ്രമൈൽ പ്രദേശത്തു മാത്രമാണു കൃഷി ഉണ്ടായിരുന്നത്. ഫലപുഷ്ടിയുള്ള ഒരു പ്രദേശത്തെ കാര്യക്ഷമമായി വിനിയോഗിച്ചാൽ സംസ്ഥാനത്തെ ഭക്ഷ്യ പ്രതിസന്ധിക്കു കാര്യമായ പരിഹാരമുണ്ടാക്കാൻ കഴിയുമെന്ന് പലരും മനസിലാക്കിയിരുന്നു. എന്നാൽ അതെങ്ങനെ പ്രാവർത്തികമാക്കും എന്ന കാര്യത്തിൽ ആരും പ്രായോഗികമായ ശ്രമങ്ങൾ നടത്തിയില്ല. ഒപ്പം വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശത്തു നിന്നു പുറത്തു കടക്കാനുള്ള ഗതാഗത സൗകര്യങ്ങളും പരിമിതമായിരുന്നു.

1948. അമേരിക്കയിൽ നിന്നു ജലവിഭവവികസനം എന്ന വിഷയത്തിൽ പരിശീലനം കഴിഞ്ഞെത്തിയ യുവ എൻജിനീയർ പി.എച്ച്.വൈദ്യനാഥനെ അന്നത്തെ തിരുവിതാംകൂർ മന്ത്രി ഇ.ജോൺ ഫിലിപ്പോസ് വിളിച്ചു. കുട്ടനാടിന്റെ സമഗ്രമായ പുരോഗതിക്കായി ഒരു വികസന രൂപരേഖ തയാറാക്കണം എന്നായിരുന്നു ആവശ്യം. കുട്ടനാടിന്റെ തെക്കു പടിഞ്ഞാറേയറ്റത്തു കാർത്തികപ്പള്ളി വലിയകുളങ്ങര സ്വദേശിയായ വൈദ്യനാഥൻ കുട്ടനാട് മുഴുവൻ സന്ദർശിച്ചു തയാറാക്കിയ രൂപരേഖ തയാറാക്കി. ആലപ്പുഴയിലെ തണ്ണീർമുക്കത്തു നിന്നു കോട്ടയം ജില്ലയിലെ വെച്ചൂരിനെ ബന്ധിപ്പിച്ചു ഷട്ടർ സംവിധാനത്തോടെ ബണ്ട്, തോട്ടപ്പള്ളിയിൽ പൊഴിമുഖത്തോടു ചേർന്നു ചീർപ്പ് (തോട്ടപ്പള്ളി സ്പിൽവേ) എന്നിവ നിർമിക്കണമെന്ന നിർദേശം അദ്ദേഹം നൽകി. കുട്ടനാടിനെ വടക്കു–കിഴക്കൻ മൺസൂണിലെ വെള്ളപ്പൊക്കത്തിൽ നിന്നു രക്ഷിക്കാൻ തോട്ടപ്പള്ളിയും നവംബറിനു ശേഷമുണ്ടാകുന്ന ഓരുവെള്ളത്തിൽ നിന്നു നെൽക്കൃഷിയെ രക്ഷിക്കാൻ തണ്ണീർമുക്കവും. ആലപ്പുഴയെയും ചങ്ങനാശേരിയെയും ബന്ധിപ്പിച്ചു കുട്ടനാട്ടിലൂടെ റോഡ് എന്ന ആശയവും അക്കൂട്ടത്തിലുണ്ടായിരുന്നു.

Thanneermukkom Bund

ആലപ്പുഴ – ചങ്ങനാശേരി (എസി) റോഡ്, തോട്ടപ്പള്ളി എന്നിവ ആദ്യ പഞ്ചവത്സര പദ്ധതിയിൽ തന്നെ പൂർത്തിയായി. കുട്ടനാടു വികസന പദ്ധതിയിലെ ആദ്യ പദ്ധതിയായ ആലപ്പുഴ–ചങ്ങനാശേരി റോഡിന്റെ നിർമാണോദ്ഘാടനം സി.കേശവനാണു നടത്തിയത്. 50 ലക്ഷം രൂപ മുടക്കി സ്പിൽവേയുടെ നിർമാണം 1954 ഡിസംബറിലും 38 ലക്ഷം രൂപ ചെലവാക്കി എ.സി.റോഡ് 1955 മേയ് മാസത്തിലുമാണു പൂർത്തിയാക്കിയത്. കരമാർഗം മറ്റു സ്ഥലങ്ങളിലെത്താൻ ആലപ്പുഴയിൽ നിന്നുള്ള ദൂരത്തിൽ ഗണ്യമായ കുറവു വരുത്താനും ഇത്തരത്തിൽ വെച്ചൂരിനെയും തണ്ണീർമുക്കത്തെയും ബന്ധിപ്പിച്ച് ബണ്ടു വന്നാൽ സാധിക്കുമെന്നു തെളിഞ്ഞു. അക്കാലത്തു കോട്ടയത്തു നിന്നു ആലപ്പുഴയ്ക്കു കരമാർഗം എത്തണമെങ്കിൽ മാവേലിക്കര വഴി 60 മൈലായിരുന്നു ദൂരം.

വിളിപ്പുറത്ത് മുത്തിയമ്മയും വടക്കനപ്പനും

വെച്ചൂരിനെയും തണ്ണീർമുക്കത്തെയും ബന്ധിപ്പിച്ചു ബണ്ടും പാലവും വരുന്നതിനു മുൻപു കടത്തു സർവീസിന് 22 വള്ളങ്ങളുണ്ടായിരുന്നു. ഈ പ്രദേശത്തു കോട്ടയത്തേക്കും ആലപ്പുഴയിലേക്കും യാത്ര ചെയ്യേണ്ടവരുടെ ഏക ആശ്രയം ഇതായിരുന്നു. കാറും കോളും നിറഞ്ഞ കായലിൽ അക്കരെയിക്കരെ യാത്ര അര മണിക്കൂറോളം േവണ്ടിവരും. ഓളങ്ങളിൽ ആടിയുലയുന്ന ഇവർക്കു പ്രാർഥനയല്ലാതെ മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. തെക്കു ഭാഗത്തേക്കുള്ള യാത്രയിൽ യാത്രികർ മനമുരുകി പ്രാർഥിച്ചിരുന്നതു വെച്ചൂർ പള്ളിയിലെ മുത്തിയമ്മയെയും തണ്ണീർമുക്കം ഭാഗത്തേക്കുള്ള യാത്രയിൽ പ്രാർഥിച്ചിരുന്നതു ചാലിനാരായണപുരം ക്ഷേത്രത്തിലെ വടക്കനപ്പനെയും വിളിച്ചായിരുന്നു. എന്തായാലും നടുക്കായലിൽ നിന്നുള്ള വഞ്ചിയാത്രികരുടെ വിളി ദൈവം കേട്ടു. സംസ്ഥാന രൂപീകരണത്തിനു ശേഷം അധികം വൈകാതെ തന്നെ രണ്ടാം പഞ്ചവത്സര പദ്ധതിയിലുൾപ്പെടുത്തി 1958ൽ ബണ്ടിന്റെ നിർമാണം തുടങ്ങി.

‘തണ്ണീർ’ തിരിയുന്ന ‘മുക്ക്’

തണ്ണീർമുക്കത്തിനു വടക്കു ഭാഗത്തു ഭീമമായ വീതിയാണു കായലിന്. എന്നാൽ ഇവിടെ നിന്നു കിഴക്കോട്ടു വെച്ചൂർ വരെ വേമ്പനാട്ടുകായലിൽ വീതി ഒരു മൈൽ മാത്രം. മറ്റു ഭാഗങ്ങളിൽ ഇത്രയും വീതി കുറഞ്ഞ സ്ഥലമില്ലാത്തതാണു ബണ്ട് നിർമാണത്തിന് ഈ ഭാഗം തന്നെ തിരഞ്ഞെടുക്കാൻ കാരണം.

ബണ്ട് നിർമാണത്തിന് ആലോചന തുടങ്ങിയപ്പോൾത്തന്നെ മത്സ്യത്തൊഴിലാളികൾ എതിർപ്പുമായെത്തി. കൊച്ചിയിൽ മണ്ണടിയുമെന്ന ആശങ്കയുമായി തുറമുഖ വകുപ്പുമെത്തി. കാര്യങ്ങൾ സങ്കീർണമായി. പുണെയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച് സ്റ്റേഷനിലെ വിദഗ്ധർ പഠനത്തിനെത്തി. അവരുടെ ശുപാർശ കൂടി പരിഗണിച്ച് ബണ്ട് നിർമിക്കാൻ തീരുമാനമായി. ആദ്യം തീരുമാനിച്ച ഭാഗത്തു നിന്നു കുറച്ചുകൂടി തെക്കോട്ടു മാറിയാണ് നിർമാണത്തിനായി തിരഞ്ഞെടുത്തത്.

Thanneermukkom Bund

പദ്ധതിക്കായി ഒന്നരക്കോടി രൂപയാണു വകയിരുത്തിയത്. 40 അടി വീതിയും 18 അടി ഉയരവുമുള്ള 92 ഷട്ടറുകൾ നിർമിക്കണം. 22 അടി വീതിയുള്ള പാലം വെച്ചൂരിനെ തണ്ണീർമുക്കവുമായി ബന്ധിപ്പിക്കും. പദ്ധതി പൂർത്തിയായാൽ അധികമായി ഉൽപ്പാദിപ്പിക്കാവുന്ന നെല്ലിന്റെ അമൂന്നു ഘട്ടങ്ങളിലായി നിർമാണം പൂർത്തിയാക്കാൻ ആസൂത്രണം ചെയ്തു. റഗുലേറ്റർ നിർമാണം പൂർത്തിയാക്കിയതോടെ 36,300 ഏക്കർ സ്ഥലത്തു നെൽക്കൃഷി വർഷത്തിൽ രണ്ടു തവണയാക്കാൻ സാധിച്ചു. ആദ്യ രണ്ടു ഘട്ടങ്ങളിലും 31 ഷട്ടർ വീതവും മൂന്നാം ഘട്ടത്തിൽ 28 ഷട്ടറുമാണ് നിർമിച്ചത്. ദേശീയ ജലപാതയുടെ മാനദണ്ഡങ്ങളനുസരിച്ചു 14 മീറ്റർ വീതിയിലാണ് ഒരു ലോക്ക് തയാറാക്കിയിരിക്കുന്നത്. വലിയ ജലയാനങ്ങൾക്കു കടന്നു പോകാനുള്ള സൗകര്യത്തിനായാണിത്.

‘സ്വിച്ചിടീൽ’ കർമം

1958 ഫെബ്രുവരി മൂന്നിന് കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന വി.കെ.കൃഷ്ണമേനോൻ തണ്ണീർമുക്കം റഗുലേറ്ററിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു. അന്നത്തെ രീതിയിൽ ശിലാസ്ഥാപനമാണ് എല്ലാവരും പ്രതീക്ഷിച്ചത്. പ്രസംഗത്തിനു ശേഷം എങ്ങനെ ഉദ്ഘാടനം ചെയ്യുമെന്നന്വേഷിച്ച കൃഷ്ണമേനോനെ അന്നത്തെ ചീഫ് എൻജിനീയർ മേശപ്പുറത്ത് ഉറപ്പിച്ചിരുന്ന സ്വിച്ച് കാണിച്ചുകൊടുത്തു. സ്വിച്ചമർത്തിയപ്പോൾ ശിലാഫലകം അനാച്ഛാദനം ചെയ്യപ്പെട്ട കാഴ്ച അക്കാലത്ത് ഒരതിശയമായിരുന്നു.

‘നമുക്ക് 37 കോടി പ്രശ്നങ്ങളുണ്ട്. എന്നാൽ ഭക്ഷണത്തോളം വലുതല്ല മറ്റൊന്നും’ എന്നാണു കൃഷ്ണമേനോൻ പ്രസംഗിച്ചത്. വി.ആർ.കൃഷ്ണയ്യരായിരുന്നു സംസ്ഥാനത്തെ ഇറിഗേഷൻ വകുപ്പ് മന്ത്രി. തണ്ണീർമുക്കം വിഷ്ണുക്ഷേത്രത്തിനു സമീപമാണു ഫലകം അനാച്ഛാദനം ചെയ്തത്. ഇതു പിന്നീടു ക്ഷേത്ര പുനർനിർമാണ സമയത്തു സമീപത്തെ കെഎസ്ഇബിക്കു മുന്നിലേക്കു മാറ്റി. മന്ത്രിമാരായ കെ.ആർ.ഗൗരിയമ്മ, ടി.വി.തോമസ്, ടി.എ.മജീദ്, വി.ആർ.കൃഷ്ണയ്യർ, കെപിസിസി പ്രസിഡന്റ് ദാമോദര മേനോൻ, എംപിയായിരുന്ന പി.ടി.പുന്നൂസ് തുടങ്ങിയവർ വേദിയിലുണ്ടായിരുന്നു.

കേരളത്തിന്റെ പ്രഥമ ഗവർണറായിരുന്ന പി.എസ്.റാവു, തിരുവിതാംകൂർ ദിവാനായിരുന്ന സി.പി.രാമസ്വാമി അയ്യർ എന്നിവരുടെ അനുമോദന സന്ദേശം സൂപ്രണ്ടിങ് എൻജിനീയർ പി.എച്ച്.വൈദ്യനാഥൻ വായിച്ചു.

നെഹ്റു സന്ദർശിച്ചപ്പോൾ

ബണ്ടിന്റെ ആലപ്പുഴ ഭാഗത്തെ നിർമാണത്തിനായി ചിറകെട്ടി വെള്ളം തടഞ്ഞ് അവിടെ വാരനാട് മേഖലയിൽ നിന്നു മണ്ണെത്തിച്ച് സംഭരിച്ചിരുന്നു. അന്നു പ്രധാമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവും മകൾ ഇന്ദിര ഗാന്ധിയും ഒരു വൈകുന്നേരം ആലപ്പുഴയിലെത്തി. അദ്ദേഹം ബണ്ട് നിർമാണം കാണാനെത്തിയതു തുറന്ന ജീപ്പിലായിരുന്നു. ചിറയിലേക്കു നദിയൊഴുകിയെത്തുന്നതുപോലെ ജനങ്ങൾ അവിടേക്കൊഴുകി. നെഹ്റുവിനു കാണാൻ ബണ്ടിന്റെ രൂപരേഖ ഇറിഗേഷൻ വകുപ്പ് തയാറാക്കിയിരുന്നു. വെള്ളരിപ്രാവിനെ വാനിലേക്കു പറത്തി നെഹ്റു സന്തോഷത്തിൽ പങ്കുചേർന്നത് എസ്.വാസവൻ എന്ന നാട്ടുകാരന്റെ ഓർമകളിൽ ഇപ്പോഴുമുണ്ട്.