Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണമണി മുഴങ്ങുന്നു; വേമ്പനാട്ടുകായൽ ഓർമ്മയാകുമോ?

Vembanad lake

ലോകത്തിലെ തന്നെ ഏറ്റവും മലിനീകരിക്കപ്പെട്ട കായലായി വേമ്പനാട്ടുകായൽ മാറിക്കഴിഞ്ഞു. ഇങ്ങനെ പോയാൽ 50 വർഷത്തിനുള്ളിൽ കായൽ നാമാവശേഷമാകുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. മൈക്രോ പ്ലാസ്റ്റിക്കിന്റെ അംശവും കായൽ ജലത്തിൽ നിന്ന് കണ്ടെത്തിയിരുന്നു. വേമ്പനാട്ടുകായൽ സംരക്ഷിക്കാനുള്ള കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ പദ്ധതികളെല്ലാം കടലാസിലൊതുങ്ങിയിരിക്കുകയാണ്. കായൽ സംരക്ഷണത്തിനു സംസ്ഥാന സർക്കാർ അതോറിറ്റി രൂപീകരിച്ചെങ്കിലും തുടർ നടപടിയുണ്ടായില്ല. 1971ൽ 227 ചതുരശ്ര കിലോ മീറ്റർ വിസ്തൃതിയുണ്ടായിരുന്ന കായൽ 1990 ആയപ്പോൾ 213.20 ചതുരശ്ര കിലോ മീറ്ററായി കുറഞ്ഞു. ഓരോ വർഷവും കായലിന്റെ വിസ്തൃതി കുറഞ്ഞു വരുന്നുവെന്നു പഠനം. കായലിന്റെ വിസ്തൃതി കുറയുകയും മാലിന്യം പെരുകുകയും ചെയ്തതോടെ ജല ജീവികൾ വംശനാശ ഭീഷണിയിലുമായി. കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി പരന്നു കിടക്കുന്ന കായലിനെ ആശ്രയിച്ചു മൂന്നു ലക്ഷത്തിലേറെ പേരാണ് കഴിയുന്നത്.

മൽസ്യ സമ്പത്ത് കുറയുന്നു

കായലിലെ പ്രധാന തൊഴിൽ മൽസ്യ ബന്ധനമാണ്. മൽസ്യ സമ്പത്ത് കുറയുന്നതാണ് കായൽ നേരിടുന്ന പ്രധാന വെല്ലുവിളി. കായലിൽ മാലിന്യത്തിന്റെ തോത് ക്രമാതീതമായി വർധിച്ചതാണു മൽസ്യ സമ്പത്ത് കുറയാൻ കാരണം. പല മൽസ്യങ്ങളും വംശനാശ ഭീഷണിയിലുമാണ്. 150 ൽ ഏറെ ഇനം മൽസ്യങ്ങൾ കായലിലുണ്ടെന്നായിരുന്നു കണക്ക്. അടുത്തയിടെ നടത്തിയ പഠനത്തിൽ നൂറിൽ താഴെയായെന്നു പറയുന്നു. കായലിലെ നാടൻ മൽസ്യങ്ങളുടെ ഉൽപാദനം കുറയാനുള്ള കാരണങ്ങളിലൊന്നു മലിനീകരണമാണെന്നു തൊഴിലാളികൾ പറയുന്നു. പ്ലാസ്റ്റിക് മാലിന്യം വർധിച്ചതും കായലിനെയും മൽസ്യങ്ങളെയും ദോഷകരമായി ബാധിക്കുന്നു. കായലിൽ കാണാറുള്ള നീർക്കാക്കകളുടെ എണ്ണവും കുറഞ്ഞു.

മാലിന്യമേറുന്നു

Vembanad Lake

ജല വാഹനങ്ങളിൽനിന്നു കായലിലെത്തുന്ന മാലിന്യത്തിന്റെ തോത് ദിനംപ്രതി കൂടുകയാണ്. വഞ്ചിവീടുകളിലെ ശുചിമുറികളിൽ നിന്നുള്ള മാലിന്യം വേമ്പനാട്ടുകായലിലേക്കു തള്ളുന്നതായാണു പരാതി. വഞ്ചിവീടുകളിലെ സെപ്റ്റിക് മാലിന്യം മാസത്തിലൊരിക്കൽ സീവേജ് പ്ലാന്റിലേക്ക് നീക്കണമെന്നാണെങ്കിലും ഇതു ചെയ്യുന്നില്ല. മാലിന്യം ശേഖരിക്കുന്നതിനുള്ള ബാർജിന്റെ പ്രവർത്തനം കാര്യക്ഷമമല്ലാത്തതു മുതലെടുത്തു വഞ്ചിവീടുകൾ മാലിന്യം നേരെ കായലിലേക്കു തള്ളുകയാണെന്നാണു പരാതി.

ജല വാഹനങ്ങളിൽ നിന്നുള്ള എണ്ണ കായലിലെ വെള്ളത്തിൽ കലരുന്നതു മൽസ്യ സമ്പത്തിനെയും തൊഴിലാളികളെയും ബാധിക്കുന്നു. നൂറുകണക്കിനു ജലവാഹനങ്ങളാണ് ദിവസവും കായലിലൂടെ പോകുന്നത്. എണ്ണ കൂടുതലായി കലരുന്ന ഭാഗത്ത് പലപ്പോഴും മൽസ്യക്കുഞ്ഞുങ്ങൾ ചത്തുപൊങ്ങാറുമുണ്ട്. പാടശേഖരങ്ങളിൽനിന്നു രാസവളവും കീടനാശിനിയും കലർന്ന വെള്ളം കായലിലെത്തുന്നതും മലിനീകരണത്തിനു മറ്റൊരു കാരണമാണ്. മലയോരങ്ങളിലെ ഫാക്ടറികൾ ഒഴുക്കുന്ന മാലിന്യം നദികളിലൂടെ ഒഴുകി കായലിൽ എത്തുന്നു. കൂടാതെ കായലിന്റെ പടിഞ്ഞാറൻ തീരങ്ങളിൽ തൊണ്ട് ചീയാനിടുന്നതും മലിനീകരണത്തിനിടയാക്കുന്നതായും പറയുന്നു.

ആഴം കുറയുന്നു, ഉപ്പ് കടുക്കുന്നു

vembanad-lake

എക്കൽ അടിഞ്ഞു കായലിന്റെ ആഴം കുറയുന്നതും പ്രശ്നമാകുന്നുണ്ട്. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടഞ്ഞു കിടക്കുന്ന സമയത്ത് ജലനിരപ്പ് താഴുന്നതോടെ കായലിന്റെ പല ഭാഗത്തു കൂടിയും ജല വാഹനങ്ങൾക്കു പോകാൻ കഴിയാത്ത അവസ്ഥയുണ്ടാകുന്നുണ്ട്. ബണ്ടിന്റെ ഷട്ടറുകൾ അടച്ചിടുന്ന സമയത്താണ് കായൽ ഏറെ ദുഷിക്കുന്നത്. ഒഴുക്ക് നിലച്ച് കായലിൽ മാലിന്യം അടിഞ്ഞു കൂടുന്നതോടെ വെള്ളത്തിന്റെ നിറം തന്നെ മാറുന്നു. കായലിൽ ഇറങ്ങുന്ന തൊഴിലാളികൾക്ക് ദേഹത്ത് ചൊറിച്ചിലും കണ്ണിനു നീറ്റലും അനുഭവപ്പെടുന്നത് പതിവാണ്. ഷട്ടറിനു വിടവിലൂടെ ഉപ്പുവെള്ളം കായലിന്റെ തെക്കുഭാഗത്ത് കയറുന്നത് കുട്ടനാട്ടിലെ കൃഷിയ ദോഷകരമായി ബാധിക്കുന്നു. നെൽക്കൃഷി ഉപ്പുവെള്ളത്തിൽ നിന്നു രക്ഷിക്കുകയെന്ന ഉദേശ്യത്തോടെ നിർമിച്ച ബണ്ടുകൊണ്ടു കർഷകർക്ക് ഇപ്പോൾ പ്രയോജനമില്ലെന്ന അവസ്ഥയാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ഉപ്പിന്റെ കാഠിന്യം കൂടുതലായിരുന്നു. ഷട്ടറുകൾ തുറന്നതോടെ ഉപ്പിന്റെ അളവ് വീണ്ടും കൂടിയിരിക്കുകയാണ്.