Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡീസലിന്റെ ‘വാതിൽപ്പടി’ വിൽപ്പനയുമായി ഐ ഒ സി

Indian Oil Indian Oil

പലവ്യഞ്ജനങ്ങളും മറ്റ് അവശ്യ വസ്തുക്കളും പോലെ ഓർഡർ നൽകിയാൽ ഡീസലും ആവശ്യക്കാരുടെ അടുത്തെത്തിക്കാൻ ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ്(ഐ ഒ സി എൽ) രംഗത്ത്. പുണെയിലാണു കമ്പനി പരീക്ഷണാടിസ്ഥാനത്തിൽ ഡീസലിന്റെ ‘വാതിൽപ്പടി’ വിൽപ്പന ആരംഭിച്ചിരിക്കുന്നത്. ക്രമേണ മറ്റു നഗരങ്ങളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കുമെന്നാണ് ഐ ഒ സിയുടെ വാഗ്ദാനം. വൻകിട ഫ്ളീറ്റ് ഓപ്പറേറ്റർമാരാവും പുതിയ പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളെന്നാണു പ്രതീക്ഷ. ഡീസൽ പമ്പ് ഓഫിസ് പരിസരത്തെത്തുന്നതോടെ കമ്പനികൾക്ക് വാഹനവുമായി ഇന്ധനം നിറയ്ക്കാൻ പോകേണ്ട എന്നതാണു ‘ഡോർസ്റ്റെപ് ഡലിവറി ഓഫ് ഫ്യുവൽ’ എന്നു പേരിട്ട പദ്ധതിയുടെ പ്രധാന ആകർഷണം.

ഡീസൽ സംഭരണ സൗകര്യത്തിനൊപ്പം ചില്ലറ വിൽപ്പനയ്ക്കുള്ള ഡിസ്പെൻസർ കൂടി  ഘടിപ്പിച്ച ട്രക്കാണ് ‘ഡോർസ്റ്റെപ് ഡലിവറി ഓഫ് ഫ്യുവൽ’ പദ്ധതിക്കായി ഐ ഒ സി അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താവ് നിർദേശിക്കുന്ന സ്ഥലത്ത് ട്രക്ക് എത്തിച്ച് വാഹനത്തിൽ ഡിസ്പെൻസർ വഴി ഇന്ധനം നിറച്ചു കൊടുക്കുകയാണ് ഐ ഒ സി ചെയ്യുന്നത്. തുടർന്ന് വിറ്റ ഇന്ധനത്തിന്റെ അളവ് അടിസ്ഥാനമാക്കി വിലയും ഈടാക്കും. പെട്രോൾ പമ്പുകൾ ആവശ്യത്തിനില്ലാത്ത ദുർഘട, വിദൂരപ്രദേശങ്ങളിലും പുതിയ പദ്ധതി സഹായകമാവുമെന്നാണു പ്രതീക്ഷ. 

സമാന രീതിയിൽ പെട്രോൾ വിൽക്കുന്നതിലെ വെല്ലുവിളികൾ പരിഗണിച്ചാണ് ‘ഡോർസ്റ്റെപ് ഡലിവറി ഓഫ് ഫ്യുവൽ’ പദ്ധതിയിൽ ഐ ഒ സി ഡീസൽ വിൽപ്പന തുടങ്ങിയതെന്നാണു സൂചന. ബാഹ്യ സമ്മർദമില്ലെങ്കിൽ ഡീസലിനു തീ പിടിക്കാനുള്ള സാധ്യത കുറവാണ്; അതുകൊണ്ടുതന്നെ പെട്രോളിനെ അപേക്ഷിച്ച് ഇത്തരത്തിൽ ഡീസൽ വിൽക്കാൻ എളുപ്പമാണത്രെ. അതുപോലെ ഫ്ളീറ്റ് മേഖലയിൽ ആവശ്യക്കാർ കൂടുതലുള്ളതും ഡീസലിനാണ്. എങ്കിലും ഭാവിയിൽ ഐ ഒ സിയടക്കമുള്ള എണ്ണ വിപണന കമ്പനികൾ പെട്രോളിന്റെ ‘ഡോർസ്റ്റെപ് ഡലിവറി’യും ആരംഭിക്കാൻ സാധ്യതയുണ്ട്.