ഇന്ത്യൻ ഓയിൽ ‘ഫ്യുവൽ അറ്റ് ഡോർസ്റ്റെപ്’ ചെന്നൈയിലും

indian-oil
SHARE

ഇന്ത്യൻ ഓയിൽ കോർപറേഷ(ഐ ഒ സി)ന്റെ സഞ്ചരിക്കുന്ന ഇന്ധന വിൽപ്പന ശാല ചെന്നൈയിലും പ്രവർത്തനം തുടങ്ങി. ഇതോടെ ദക്ഷിണേന്ത്യയിൽ ഈ സംവിധാനം ഏർപ്പെടുത്തുന്ന ആദ്യ എണ്ണ വിപണന കമ്പനിയായി ഐ ഒ സി മാറി. മൊബൈൽ ഡിസ്പെൻസർ വഴിയുള്ള ഇന്ധന വിൽപ്പനയുടെ ഉദ്ഘാടനം കൊളത്തൂരിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഓയിൽ തമിഴ്നാട് — പുതുച്ചേരി സംസ്ഥാന മേധാവി ആർ സിദ്ധാർഥൻ നിർവഹിച്ചു. 6,000 ലീറ്റർ സംഭരണ ശേഷിയുള്ള വാഹനത്തിലാണ് ഇന്ധന ഡിസ്പെൻസർ ഘടിപ്പിച്ചിരിക്കുന്നത്.

വലിയ അളവിൽ ഡീസൽ ആവശ്യമുള്ള വ്യാവസായിക ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഇന്ത്യൻ ഓയിൽ ‘ഫ്യുവൽ അറ്റ് ഡോർസ്റ്റെപ്’ സംവിധാനം ആവിഷ്കരിച്ചിരിക്കുന്നത്.  ഇതുവരെ ഇത്തരം ഉപയോക്താക്കൾ പമ്പുകളിലെത്തി നേരിട്ട് ഇന്ധനം വാങ്ങുകയായിരുന്നു. ഇന്ധനം സംഭരിച്ചു കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടും മെച്ചപ്പെട്ട സുരക്ഷയുമൊക്കെ പരിഗണിച്ചാണ് ഇന്ത്യൻ ഓയിൽ പുതിയ പദ്ധതി ഏർപ്പെടുത്തിയത്. 

സഞ്ചരിക്കുന്ന ഇന്ധനശാല വഴിയുള്ള വിൽപ്പനയ്ക്കായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും ഇന്ത്യൻ ഓയിൽ അവതരിപ്പിച്ചിട്ടുണ്ട്; കുറഞ്ഞത് 200 ലീറ്റർ ഡീസൽ ആവശ്യമുള്ളവർക്ക് ‘റിപോസ്’ ആപ്ലിക്കേഷൻ വഴി ഇന്ധനം വാങ്ങാനാവും. 2,500 ലീറ്ററിലേറെ ഇന്ധനം ആവശ്യമുള്ളവർക്ക് ഡീസൽ സംഭരണത്തിനുള്ള ‘പെസൊ’ ലൈസൻസും ആവശ്യമാണ്. ഓർഡർ നൽകിയാലുടൻ ഇന്ധനം നിർദിഷ്ട ഇന്ത്യൻ ഓയിൽ ഡീലർഷിപ്പിലേക്കു കമ്പനി കൈമാറും. ഒപ്പം പേര്, മൊബൈൽ നമ്പർ, ഇന്ധനത്തിന്റെ അളവ്, വിലാസം, ഡെലിവറി സമയം തുടങ്ങി ഉപയോക്താവിനെ സംബന്ധിച്ച വിശദ വിവരങ്ങളും ഉണ്ടാവും. 

പിന്നാലെ മൊബൈൽ ഡിസ്പെൻസർ ലക്ഷ്യസ്ഥാനത്തെത്തി ഇന്ധന വിതരണം ഉറപ്പാക്കുന്ന രീതിയിലാണ് ‘ഫ്യുവൽ അറ്റ് ഡോർസ്റ്റെപ്’ സജ്ജീകരിച്ചിരിക്കുന്നത്. ഇന്ധന വിതരണ മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ അഗ്നിശമന ഉപകരണങ്ങൾ, സുരക്ഷാ കോൺ തുടങ്ങിയവയുമൊക്കെ ഈ ‘സഞ്ചരിക്കുന്ന പമ്പി’ലുണ്ട്. ഇന്ധന വിൽപ്പന പൂർത്തിയാവുന്ന പിന്നാലെ ഉപയോക്താവിന് എസ് എം എസും ഇ ബില്ലും ലഭിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
FROM ONMANORAMA