Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയമെന്നു കേൾക്കുമ്പോൾ വാളെടുക്കാൻ വരട്ടെ; ഇതിലുമുണ്ട് കാര്യം

kevin

പ്രണയവിവാഹം എന്ന ഒറ്റകാരണത്താൽ വിവാഹത്തലേന്നു സ്വന്തം പിതാവിന്റെ കത്തിമുനയില്‍ ജീവനും സ്വപ്നങ്ങളും അവസാനിച്ചു പോയ  അരീക്കോട് സ്വദേശി ആതിരയുടെ മരണത്തിന്റെ അലയൊലികൾ കെട്ടടങ്ങും മുൻപേ അടുത്തതുമെത്തി. ഇവിടെ പ്രണയിച്ച പെൺകുട്ടിയെ വീട്ടുകാരുടെ എതിർപ്പ് മറികടന്ന് സ്വന്തം ജീവിതത്തിലേക്കു കൂട്ടിയതിന്റെ പേരിൽ അവളുടെ കുടുംബാംഗങ്ങളുടെതന്നെ തട്ടിക്കൊണ്ടു പോകലിനു വിധേയമാകുകയായിരുന്നു കോട്ടയം സ്വദേശി കെവിൻ പി ജോസഫ് എന്ന ഇരുപ്പത്തിമൂന്നുകാരൻ. പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ അവളെ അടുത്ത ദിവസം തേടിയെത്തിയതാകട്ടെ പ്രിയതമന്റെ മൃതദേഹം കണ്ടെത്തിയെന്ന വാർത്തയും. 

ഇന്നത്തെ സമൂഹത്തിൽ പ്രണയവിവാഹങ്ങൾ സാധാരണമായി മാറിക്കഴിഞ്ഞു. ജാതി, മതം, സാമ്പത്തികം തുടങ്ങിയ ചിന്തകൾ ഇപ്പോൾ അപ്രസക്തമാണെന്ന് പലരും അഭിപ്രായപ്പെടുമ്പോഴും എന്തുകൊണ്ട് ഇത്തരം കൊലപാതകങ്ങൾ ആവർത്തിക്കുന്നുവെന്നത് വിശകലനം ചെയ്യുകയാണ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് കൺസൽറ്റന്റ് സൈക്യാട്രിസ്‌റ്റ് ഡോ. സി.ജെ. ജോൺ.

സാമ്പത്തിക സാമൂഹിക വർഗീയ സമവാക്യങ്ങൾക്ക് പറ്റാത്തതാണോ പക്വതയെത്തിയ പ്രായമാണോ എന്നൊക്കെ വിധിയെഴുതി പ്രണയത്തെ മർദ്ദിച്ച് ഇല്ലാതാക്കുകയും അല്ലെങ്കിൽ ആരെയെങ്കിലും കൊന്നൊക്കെ പരിഹാരം കാണുന്നതുമൊക്കെ പഴയ ഫ്യൂഡൽ മനോഭാവത്തിന്റെ പ്രതിഫലനമാണ്. ഇതാണ് കെവിന്റെ കൊലയ്ക്കു പിന്നിലുമുള്ളത്. 

കുടുംബത്തിന്റെ മഹിമയ്ക്ക് ചേരില്ല, വ്യത്യസ്ത മതത്തിലായിപ്പോയി, സാമ്പത്തികമായി പൊരുത്തപ്പെട്ടു പോകാനാകില്ല എന്നൊക്കെപ്പറഞ്ഞ് യുവത്വത്തിന്റെ പ്രണയ തീരുമാനങ്ങളെ പണ്ടത്തെപ്പോലെ കർശനമായി വിലക്കി പരിഹരിക്കേണ്ട കാലം കഴിഞ്ഞു. പകരം ബുദ്ധിപരമായി നീങ്ങുകയാണു വേണ്ടത്.

പ്രണയലഹരികൊണ്ടുള്ള ഇരുത്തമില്ലായ്മയാണെന്നു മാതാപിതാക്കൾക്കോ ബന്ധുക്കൾക്കോ തോന്നുകയാണെങ്കിൽ ഇരുവരോടും കുറച്ചു സമയം ചോദിക്കാം. ഒരു രണ്ടോ മൂന്നോ വർഷങ്ങൾക്കപ്പുറവും ഈ പറയുന്ന സ്നേഹവും ബന്ധവുമൊക്കെ അതേപടി നിൽക്കും, ഒരുമിച്ചു പോകുമെന്ന് ഉറപ്പുണ്ടെങ്കിൽ അപ്പോൾ അതേക്കുറിച്ച് ചിന്തിക്കാമെന്ന ഉറപ്പു നൽകുക.  അതൊക്കെ നിരാകരിച്ച് നിർബന്ധബുദ്ധി കാണിക്കുകയാണെങ്കിൽ അതിന്റെ ഉത്തരവാദിത്തം അവരുടെ ചുമലിൽത്തന്നെവച്ചു കൊടുക്കുക. ഇതൊന്നുമല്ലാതെ പുതിയ കാലത്ത് വേറേ തടസ്സങ്ങൾ സൃഷ്ടിക്കാൻ പറ്റുമെന്നു തോന്നുന്നില്ല. 

പ്രായപൂർത്തിയായി എന്നുള്ളതുകൊണ്ട് വിവാഹം കഴിക്കാനുള്ള പക്വതയായി എന്ന തെറ്റിദ്ധാരണ യുവതലമുറയും മാറ്റേണ്ടതുണ്ട്. വിവാഹം കഴിക്കാനുള്ള പ്രായമായി എന്നു പറയുന്ന ആ പ്രായം കൊണ്ട് അവരെടുക്കുന്ന തീരുമാനങ്ങളെല്ലാം എപ്പോഴും ശരിയാണ് എന്ന തെറ്റായ ധാരണയും പാടില്ല. ഇങ്ങനെയുള്ള തീരുമാനം എടുക്കുമ്പോൾ വ്യക്തിപരമായിട്ടുള്ള ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ട്. മാതാപിതാക്കളോ മുതിർന്നവരോ അതിനെ അടിച്ചമർത്താനോ കെവിനെ കൊന്നപോലെ കൊല്ലാനോ പുറപ്പെട്ടാൽ അത് പുതിയ കാലത്തിനനുസരിച്ചുള്ള മനഃസ്ഥിതിയല്ല. അനഭിലഷണീയമായിട്ടുള്ള ഫ്യൂഡൽ മനോഭാവത്തിന്റെ പ്രതിഫലനം മാത്രമായി ഇവു കാണേണ്ടി വരും.

ഇനിയെങ്കിലും ഇതുപോലുള്ള കെവിൻമാരോ ആതിരമാരോ ഉദുമൽപ്പേട്ടയിലെ ശങ്കറുമാരോ സൃഷ്ടിക്കപ്പെടാതിരിക്കട്ടെ.

Read More : ആരോഗ്യവാർത്തകൾ