Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവസാന സെൽഫിയാകരുത്, പ്ളീസ് !

selfie

മുകളില‌െ ചിത്രത്തിലെ 'സെൽഫി' പ്രേമികളുടെ ജീവന് ആപത്തുണ്ടാകാതിരുന്നത് ആയുസ്സിന്റെ ബലം കൊണ്ടാവാം. കഴിഞ്ഞ ദിവസം മൂന്നാർ – ഉദുമൽപേട്ട റോഡിൽ നടുറോഡിലിറങ്ങിയ കാട്ടാനയുടെ തൊട്ടടുത്തെത്തി സെൽഫി എടുത്തവരോട് ഒന്നേ പറയാനുള്ളൂ – ഇതു നിങ്ങളുടെ  അവസാന സെൽഫിയാകാതെ സൂക്ഷിക്കൂ, പ്ലീസ് ! എന്തിനും ഏതിനും സെൽഫിയെടുത്തു സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് ലൈക്ക് വാരിക്കൂട്ടുന്നതിലാണ് പുതുതലമുറയ്ക്ക് താൽപര്യം. വ്യത്യസ്തമായ ഫ്രെയിമിനുവേണ്ടി അതിസാഹസികമായി ചിത്രമെടുക്കാൻ ശ്രമിക്കുമ്പോഴാവും പലരും അപകടത്തിൽപ്പെടുന്നത്. പരിസരം മറന്നു സെൽഫിയെടുത്തു മരണത്തിലേക്കു വീണവരുടെ വാർത്ത മാധ്യമങ്ങളിൽ നിറയുമ്പോൾ ഒാർക്കുക, സെൽഫിയെന്ന ‘ആത്മപ്രണയം’ അമിതമായാൽ നഷ്ടം അവരവർക്കും കുടുംബത്തിനും മാത്രം ! 

നാർസിസിസ്റ്റിക് പഴ്സനാലിറ്റിയെന്ന വില്ലൻ
നാർസിസിസം എന്ന പദത്തിന്റെ ഉത്ഭവം ഗ്രീക്ക് പുരാണത്തിൽയിൽ നിന്നാണ്. സെഫെസിസ് എന്ന നദീദേവന്റെയും ലിറിയൊപ് എന്ന അപ്സരസ്സിന്റെയും പുത്രനായിരുന്നു അതീവ സുന്ദരനായ നാർസിസ്സസ്. തന്റെ സൗന്ദര്യത്തിൽ അഹങ്കരിച്ചിരുന്ന നാർസിസ്സസ് മറ്റുള്ളവരെ വളരെ അവജ്ഞയോടെയാണ് നോക്കിയിരുന്നത്. നാർസിസ്സസിന്റെ ഈ സ്വഭാവവൈചിത്ര്യം മനസ്സിലാക്കിയ നെമെസിസ് എന്ന ദേവത അയാളെ ആകർഷിച്ച് ഒരു കുളക്കരയിൽ എത്തിച്ചു. ജലത്തിൽ തന്റെ പ്രതിബിംബം കണ്ട നാർസിസ്സസ് അതിനെ പ്രണയിച്ചുതുടങ്ങി. പ്രതിബിംബത്തെ പിരിയാനാവാതെ കുളക്കരയിൽത്തന്നെകഴിഞ്ഞ് ഒടുവിൽ അവിടെ മരിച്ചുവീഴുകയും ചെയ്തു.

സ്വന്തം രൂപത്തിൽ അത്യധികം ആകൃഷ്ടനാവുകയും അതിൽമാത്രം അഭിരമിക്കുകയും ചെയ്യുന്ന സ്വഭാവത്തെ നാർസിസിസ്റ്റിക് പഴ്സനാലിറ്റി എന്നു പറയുന്നു. ഈ അവസ്ഥയാണ് അമിതമായ സെൽഫി പ്രണയത്തിന്റെ കാരണങ്ങളിലൊന്ന്. നാർസിസിസിന്റെ കഥ ഇന്നത്തെ സമൂഹത്തിൽ തെളിഞ്ഞു കാണാവുന്നതാണ്. സ്വന്തം രൂപത്തിൽ അമിതമായി ആകൃഷ്ടരാകുന്നവർ വ്യത്യസ്തരാകാനും മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റാനും എത്ര അപകടം പിടിച്ച കാര്യങ്ങളും ചെയ്തു കൂട്ടുന്നു. മനുഷ്യൻ തന്നിൽത്തന്നെ ഒതുങ്ങിപ്പോകുന്നതിന്റെ ഉത്തമ ഉദാഹരണമാണ് സെൽഫി. 

ഒറ്റ ക്ലിക്ക് മതി ജീവിതം അവസാനിക്കാൻ
സെൽഫിയില്ലാതെന്ത് ആഘോഷമെന്നാണ് ഇപ്പോൾ പുതുതലമുറയും പഴയ തലമുറയിലെ പലരും ചോദിക്കുന്നത്. ഒറ്റയ്ക്കിരിക്കുമ്പോഴും നാലാൾ കൂടമ്പോഴും ഒരു ഫ്രെയിം പ്രതീക്ഷിക്കാം. മൊബൈൽ ഫോണിന്റെ വരവാണ് ഒരു കാലത്ത് സാധാരണക്കാർക്ക് ഏറെക്കുറെ അപ്രാപ്യമായിരുന്ന ഫോട്ടോഗ്രഫിയെ ജനകീയമാക്കിയത്. ആദ്യകാലത്ത് ആശയവിനിമയ ഉപാധി മാത്രമായിരുന്ന മൊബൈൽ ഫോണിൽ ഇപ്പോൾ നിർമാതാക്കൾ പോലും ക്യാമറയ്ക്കും മറ്റനുബന്ധ സൗകര്യങ്ങൾക്കുമാണ് മൂൻതൂക്കം നൽകുന്നത്. എന്തിനെയും അനായാസം മൊബൈൽ ഫോണിൽ പകർത്തി എഡിറ്റ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റാക്കാവുന്ന കാലത്തോളം സെൽഫി ഭ്രമത്തിന് അറുതിയാകില്ല. ഒരു വ്യക്തിയുടെ സ്വഭാവത്തിന്റെ 85 % സാമൂഹികപരമാണ്.  എത്രയും പെട്ടെന്ന് പ്രശസ്തിയിലേക്കുയരാൻ വെമ്പുന്ന പുതുതലമുറ തങ്ങളുടെ മൊബൈൽ ഫോണിലേക്കു മാത്രം ഒതുങ്ങുന്നു. സ്വന്തം ജീവിതത്തിലേക്കു മാത്രം 'ഫോക്കസ്' ചെയ്യുമ്പോൾ മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാൻ എവിടെ സമയം.

ഈഗോ സെന്ററിസത്തിൽനിന്ന് മോചനമില്ലാത്ത അവസ്ഥയിൽ സഹജീവികളോടു ശ്രദ്ധയോ കരുണയോ കാട്ടാൻ ആർക്കും കഴിയില്ല. അമിതമായ സെൽഫി പ്രേമം അത്തരമൊരു മാനസികാവസ്ഥയിലേക്കാണ് സമൂഹത്തെ നയിക്കുന്നത്, പ്രത്യേകിച്ച് പുതുതലമുറയെ. പത്തു വർഷം മുൻപ് സെൽഫി എന്ന വാക്കുതന്നെ അപരിചിതമായിരുന്ന സമൂഹം ഭാവിയിൽ സെൽഫി പ്രണയത്തിനു ചികിൽസ തേടുന്ന കാലം വിദൂരമല്ല. ‘നിശബ്ദത പാലിക്കുക’ എന്ന മുന്നറിയിപ്പു പോലെ ഭാവിയിൽ ‘ഇവിടെ സെൽഫി പാടില്ല’ എന്ന ബോർഡുകളാവും പുതുതലമുറയെ കാത്തിരിക്കുന്നത്.  സെൽഫിയിലെ പുതുമകൾ തേടിപ്പോകുമ്പോൾ ജീവൻ തന്നെ അപകടത്തിലാകുന്നത് ഇനിയെന്നാണ് നമ്മൾ തിരിച്ചറിയുക?

(തിരുവനന്തപുരം മാഹാത്മാഗാന്ധി കോളജിലെ സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ് ലേഖിക)

Read More : Health and Wellbeing