Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപകൻ; ഗുരു–ശിഷ്യബന്ധത്തിൽ സംഭവിക്കുന്നതെന്ത്?

578829452

"അജ്ഞാന തിമിരാന്ധസ്യ

ജ്ഞാനാഞ്ജന ശലാകയാ

ചക്ഷുരുന്മീലിതം യേന

തസ്മൈ ശ്രീഗുരവേ നമഃ’' 

അജ്ഞാനമാകുന്ന തിമിരത്തിൽനിന്ന് ‍ജ്ഞാനമാകുന്ന കണ്മഷി (മരുന്ന് എന്ന് വിവക്ഷിക്കാം) കൊണ്ടു കണ്ണു തുറപ്പിക്കുന്ന ഭിഷഗ്വരനാണ് ഗുരു. 

‘ഗു’ എന്ന സംസ്കൃത ശബ്ദം അന്ധകാരത്തെയും ‘രു’ ശബ്ദം ഉന്മൂലനം ചെയ്യുന്നതിനെയും പ്രതിനിധാനം ചെയ്യുന്നു.

ഗുരുസങ്കല്പത്തിലും ഗുരു സങ്കീർത്തനങ്ങൾ കൊണ്ടും ഋഷി പ്രോക്തമുഖരിതമാണ് ഭാരത സംസ്കാരം. നമ്മുടെ വിഖ്യാതമായ ഇതിഹാസങ്ങൾ രാമായണവും മഹാഭാരതവും രചിച്ചിരിക്കുന്നതു തന്നെ ഗുരുശിഷ്യ സംവാദരൂപേണ ആണ്. മാതാപിതാക്കള്‍ക്കൊപ്പം തന്നെയാണ് നാം ഗുരുവിനും സ്ഥാനം കൽപിച്ചിരുന്നതെന്നു കാണാം. ഈ സങ്കല്പത്തിന് മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്.

‘സനാതനമായ ഊർജം ജൈവരൂപങ്ങളിലൂടെ സഫലീകരിക്കുന്ന പ്രയാണവും പരിണാമവും ആണ് ഗുരു. മനുഷ്യനും മനുഷ്യനുമായുള്ള സമസ്ത സമ്പർക്കങ്ങളിലും, എന്തിന് മനുഷ്യനും പ്രകൃതിയും മൃഗവും ചരിത്ര സംഭവങ്ങളും ആയുള്ള കൂട്ടായ്മകളിൽ പോലും ഗുരു അന്തര്‍ലീനനാണ്’

-ഗുരുസാഗരം, ഒ വി വിജയൻ

പിതൃതുല്യമോ അതിലും ഉയരെയോ ആയ സ്ഥാനം അലങ്കരിച്ചിരുന്ന ഗുരു, കാലാന്തരത്തിൽ ചൈതന്യം ശോഷിച്ച് തികച്ചും വാണിജ്യവല്ക്കരിക്കപ്പെട്ട ഒരു സ്ഥാനം മാത്രമായി തീർന്നിരിക്കുന്നു.

രണ്ടു വ്യത്യസ്തമായ വാർത്തകളാണ് ഈ ലേഖനത്തിന് ആധാരം :

1. തന്റെ വിദ്യാർഥിയെ പീഡിപ്പിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ട ഒരു അധ്യാപകൻ.

2. തങ്ങളെ ഏറെക്കാല പഠിപ്പിച്ച പ്രധാനാധ്യാപിക പടിയിറങ്ങുമ്പോൾ, പ്രതീകാത്മക ശവസംസ്കാരം നടത്തിയ ഒരു പറ്റം വിദ്യാർഥികൾ.

നാം എത്തിച്ചേർന്നിരിക്കുന്ന ഈ അപകടകരമായ വൈരുധ്യത്തിനു സമൂഹത്തിന്റെ മൂല്യച്യുതിയെ മാത്രം പഴിച്ചാൽ മതിയോ? കുറ്റകരമായ അനാസ്ഥ നമ്മുടെ കയ്യിലും ഇല്ലേ? 

പുരാതന കാലങ്ങളിൽ പ്രധാനമായും ഗുരുകുല സമ്പ്രദായമാണ് നില നിന്നിരുന്നത്. ഗുരുമുഖത്തുനിന്ന് ഉത്ഭവിക്കുന്ന വാക്യങ്ങൾ കേട്ടു പഠിച്ച് വാമൊഴിയിലൂടെ വിജ്ഞാനം കൈമാറിയിരുന്ന തലമുറ. അന്നു ഗുരുവിന്റെ ചെയ്തികൾ ശിഷ്യർക്ക് അനുകരണീയവും ജീവിതശൈലി സമൂഹത്തിനു മാതൃകയും ആകണമെന്നത് നിർബന്ധം ആയിരുന്നു. അങ്ങനെയുള്ളവരെ മാത്രമേ സമൂഹം ഗുരുസ്ഥാനം നൽകി ആദരിച്ചിരുന്നുള്ളൂ. കാലാന്തരത്തിൽ പഠനം കൂടുതൽ സ്ഥാപന വൽക്കരിക്കപ്പെടുകയും അധ്യാപനത്തിൽ തിയേറ്റർ ഇഫക്ട് വരികയും ചെയ്തു. 

തിയേറ്റർ ഇഫക്ട് എന്നാൽ, അധ്യാപകൻ ക്ലാസ് എടുക്കുകയും വിദ്യാർഥികൾ അത് കേട്ട് പഠിക്കുകയും ചെയ്യുന്ന രീതി. ഒരു തരത്തിൽ, ഒരു വശത്തേക്കു മാത്രമുള്ള ആശയ വിനിമയം.

പിന്നീട് ഇത് ട്രെയ്നർ- ട്രെയിനീ ബന്ധം ആയി മാറി. ഇവിടെയും പ്രാമുഖ്യം ട്രെയിനർക്കു ആയിരുന്നു. ട്രെയിനറുടെ പാത പിന്തുടരുന്ന വിദ്യാർഥികൾ. ‍

ഇതിനു ശേഷം facilitator – participant എന്ന രീതിയിലേക്കും ഏറ്റവും പുതിയതായി participantleader-participant എന്ന അവസ്ഥയിലേക്കും പഠനം എത്തിച്ചേർന്നിട്ടുണ്ട്. ഗുരു അല്ലെങ്കിൽ അധ്യാപകൻ എന്നതിലുപരി പഠനകാര്യങ്ങൾ പറഞ്ഞു തരുന്ന വ്യക്തി എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. മാത്രമല്ല, ഇന്റർനെറ്റിന്റെ അതിപ്രസരം കുട്ടികൾക്കു സംശയ നിവാരണം അധ്യാപകനിലൂടെത്തന്നെ വേണമെന്നില്ല എന്നും ആക്കി തീർത്തിരിക്കുന്നു. programmed learning ഒരു പരിധിവരെ നല്ലതാണ്, പക്ഷേ നാം indoor generation നെയാണോ വാർത്തെടുത്തുകൊണ്ടിരിക്കുന്നത്? 

പാശ്ചാത്യ സംസ്കാരത്തിന്റെ കടന്നുകയറ്റം നമ്മുടെ ജീവിതത്തെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. അധ്യാപനവും അതിൽനിന്നു ഭിന്നമല്ല. കുട്ടികളോടൊപ്പം സാങ്കേതിക വിദ്യയിൽ പിടിച്ചു നിൽക്കാത്ത അധ്യാപകർ അപഹാസ്യരായി തീരുന്നു. അധ്യാപകരുടെ അറിവിനെ ചോദ്യം ചെയ്യുവാനും അവരുടെ തെറ്റുകൾ ചൂണ്ടിക്കാട്ടാനും കുട്ടികൾക്ക് ആവതുണ്ടായിരുന്നു. അധ്യാപകരെ സർ, മാം, ടീച്ചർ എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നതിന് പകരം Mr/Ms പേര് എന്നാകാം എന്ന നിലയും എത്തിയിട്ടുണ്ട്.

ഒരു പരിധി വരെ ഈ വ്യതിയാനത്തിനു മാതാപിതാക്കളും കാരണക്കാരായിട്ടുണ്ട്. മക്കൾ എന്തു ചെയ്താലും അവരെ ന്യായീകരിക്കുക, അവരെ ശാസിക്കുകയോ ശിക്ഷിക്കുകയോ ചെയ്യുന്ന അധ്യാപകരെ ചോദ്യം ചെയ്യുക, സ്കൂൾ അധികൃതർക്ക് എതിരെ പരാതി നൽകുക, ഇതെല്ലാം ഇന്ന് സാധാരണ മാണ്. ഇതു കണ്ടു വളരുന്ന കുട്ടികൾക്ക് അധ്യാപകർ വെറും ‘വിജ്ഞാനവിൽപനക്കാർ’ (knowledge sellers) മാത്രമാണ്. ഇവിടെ തുടങ്ങുന്നു ഗുരുശിഷ്യബന്ധത്തിലെ ച്യുതികൾ. 

മറ്റൊരു കാരണം വിദ്യാഭ്യാസ രംഗത്തെ കച്ചവടവല്‍ക്കരണമാണ്. വ്യക്തമായ യോഗ്യതകൾ ഇല്ലാത്തവരെ അധ്യാപകരായി നിയമിക്കുന്ന അധികൃതർ, അതു സമൂഹത്തിനു ചെയ്യുന്ന ദോഷം കണ്ടില്ലെന്നു നടിക്കുന്നു. ഒരിക്കലും അധ്യാപകനായി തിരഞ്ഞെടുക്കപ്പെട്ട ഒരാൾക്ക് പൊലീസ് വെരിഫിക്കേഷൻ നടത്തിയതായി നാം കേട്ടിട്ടു പോലും ഇല്ല. സർക്കാർ സർവീസിൽ കയറാനായി അധ്യാപകരുടെ അറിവ് മാത്രം ടെസ്റ്റ് ചെയ്യുന്ന സംവിധാനം മാത്രമേ നമുക്കുള്ളൂ. പാശ്ചാത്യ നാടുകളിൽ കുട്ടികളെ സ്വതന്ത്രരായി വിട്ടു കൊണ്ടുള്ള പഠന രീതിയെപ്പറ്റി വാചാലരാകുന്ന നാം അവിടെ അധ്യാപകരെ തിരഞ്ഞെടുക്കാൻ കാണിക്കുന്ന ശുഷ്കാന്തിയെപ്പറ്റി ചിന്തിക്കുന്നുപോലുമില്ല. സ്വകാര്യ സ്കൂളുകളിൽ അധ്യാപകർക്ക് കിട്ടുന്ന വേതനം തുലോം തുച്ഛമാണ് (ഒരു ചെറു ശതമാനം മാറ്റി നിർത്തിയാൽ). അങ്ങനെ വരുമ്പോൾ അവരുടെ നിത്യച്ചെലവുകൾക്കായി അവർ മറ്റു മാർഗങ്ങൾ തേടുകയും പഠിപ്പിക്കുന്നതിൽ തങ്ങളുടെ ശ്രദ്ധ കാട്ടാതിരിക്കുകയും ചെയ്യും. 

അധ്യാപകർ വളർന്നു വന്ന സാഹചര്യം, അവരുടെ മത, രാഷ്ട്രീയ, സാമൂഹികബോധം, കുട്ടികളിൽ നിഷ്പക്ഷമായി അറിവു പകർന്നു കൊടുക്കാനുള്ള കഴിവ്, അവരുടെ കുടുംബാന്തരീക്ഷം, ഇവയൊന്നും സമഗ്രമായി വിലയിരുത്തുന്ന സമ്പ്രദായം നമ്മുടെ നാട്ടിൽ ഇല്ല. കുട്ടികൾ അവരുടെ സമയത്തിന്റെ സിംഹഭാഗവും ചെലവഴിക്കുന്ന ഒരു സമൂഹത്തെപ്പറ്റി നാം എത്ര അലംഭാവത്തോടെയാണ് ചിന്തിക്കുന്നത്. 

കുട്ടികളാണ് നാളത്തെ പൗരന്മാർ. ഇത് പേർത്തും പേർത്തും പറഞ്ഞു കൊണ്ടിരിക്കുകയല്ലാതെ അവർക്കു വേണ്ടി എന്തു ചെയ്തെന്നു നാം ചിന്തിക്കാറില്ല. മികച്ച സമൂഹത്തെ വാർത്തെടുക്കാൻ മികച്ച അധ്യാപക സമൂഹം ഉണ്ടായേ തീരു. അതിനു വേണ്ടിയുള്ള അച്ചുകളായി കുട്ടികളെ മാറ്റിയെടുക്കുകയാണ് അച്ഛനമ്മമാർ ചെയ്യേണ്ടത്. ഒരേ സമയം അധ്യാപകരെ നിരീക്ഷിക്കുകയും കുട്ടികളെ നിലയ്ക്കു നിർത്തുകയും ചെയ്യുമ്പോഴേ നാം ഉൾപ്പെടുന്ന രക്ഷാകർതൃ സമൂഹത്തിന്റെ ഉത്തരവാദിത്തം നിറവേറ്റപ്പെടുന്നുള്ളൂ.

(തിരുവനന്തപുരം എം.ജി കോളജ് സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആണ് ലേഖിക)

Read More : Health and Wellbeing