Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'എണീക്കുമ്പോൾ അവളെന്നെ ചോദിക്കും, എന്നെ മാത്രമേ ചോദിക്കൂ...' മെഡിക്കൽ ക്യാംപിലെ അനുഭവവുമായി ഡോ. ജിനേഷ്

jinesh ഡോ. പി. എസ്. ജിനേഷ്

"എനിക്കങ്ങോട്ട് പോകണം, എണീക്കുമ്പോൾ അവളെന്നെ ചോദിക്കും, എന്നെ മാത്രമേ ചോദിക്കൂ..."

പാതി നരവീണ തലയും വിളറിയ കണ്ണുകളും കുഴിഞ്ഞ നെഞ്ചുമുള്ള ആ വൃദ്ധൻ ഏങ്ങലടിച്ചു കരയുകയാണ്.

വൈക്കം ലിസ്യൂ സ്കൂളിലെ ക്യാമ്പിൽ മെഡിക്കൽ സേവനങ്ങൾ നൽകാൻ ചെന്നതാണ്. ഞാനും അബിനും ഹരീഷും മേശയും കസേരയും പിടിച്ചിട്ടു കൊണ്ടിരിക്കുന്നു. ശ്രീറാമും അശ്വിനും രൺദീപും ജെപിഎച്ച്എൻമാരുടെ കൂടെ വാനിൽ നിന്നും മരുന്നെടുത്തു വയ്ക്കുന്നു.

ഡിസ്ക് തുടച്ചു കൊണ്ടിരിക്കുമ്പോഴാണ് കൃഷ്ണദാസിന്റെ ഉച്ചത്തിലുള്ള വിളി. ചുവന്ന കസേരയിലിരുന്ന ആ വൃദ്ധ പുറകോട്ട് മറിയുകയാണ്. കൃഷ്ണദാസ് അടുത്തുണ്ട്. രണ്ടു മിനിറ്റിനു ശേഷം വീണ്ടും ഉറക്കെയുള്ള വിളി.

പൾസ് കിട്ടുന്നില്ല. കിടക്കാൻ പറ്റിയ സൗകര്യങ്ങൾ അടുത്തില്ല. അടുത്ത മുറിയിൽ കൂട്ടിയിട്ടിരിക്കുന്ന രണ്ട് ബെഞ്ചുകളിൽ കിടത്തി.

വണ്ടിയിൽ നിന്നും ബിപി അപ്പാരറ്റസ്സ് എടുക്കാൻ പറഞ്ഞു. പൾസ് നോക്കുമ്പോൾ കിട്ടുന്നില്ല.

സിപിആർ നൽകാൻ തുടങ്ങിയത് കൃഷ്ണദാസാണ്. വണ്ടി അറേഞ്ച് ചെയ്യാൻ ഞാനോടി. ഒരു എർട്ടിഗ മുൻപിൽ കിടപ്പുണ്ടായിരുന്നു. അതിൽനിന്നും പൊതിക്കെട്ടുകൾ വെളിയിലേക്ക് ഇറക്കുകയാണ്. നടുവിലത്തെ സീറ്റിലെ പൊതികൾ ഇറക്കിക്കഴിഞ്ഞു. പിന്നിലെ സീറ്റിൽ നിറയെ പൊതികളാണ്.

എത്രയും പെട്ടെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് പറഞ്ഞപ്പോൾ മറ്റു വണ്ടികൾ നോക്കാൻ ആദ്യമവർ പറഞ്ഞു. അവരുടെ കൂടെ ഉള്ളതാണെന്ന് തോന്നുന്നു, ആ സ്ത്രീ പറഞ്ഞു.. "തൽക്കാലം ഈ വണ്ടിയിൽ കൊണ്ടുപോ"

വീണ്ടും അകത്തു ചെന്നു നോക്കുമ്പോൾ പൾസ് കിട്ടുന്നുണ്ട്. കൃഷ്ണദാസ് സിപിആർ തുടരുകയാണ്. എർട്ടിഗയുടെ മിഡിൽ സീറ്റിൽ എടുത്തു കിടത്തി. മകൻ മുൻ സീറ്റിൽ കയറി.

ഞങ്ങളുടെ മടിയിലാണ് കിടക്കുന്നത്. ഇടയ്ക്ക് പൾസ് വീണ്ടും കിട്ടാതായി. വീണ്ടും സാധിക്കുന്ന രീതിയിൽ സിപിആർ നൽകികൊണ്ടിരുന്നു. പൾസ് ലഭിക്കുന്നുണ്ട്. ആ അഞ്ചു മിനിറ്റ് യാത്ര ഒരിക്കലും തീരില്ല എന്ന് തോന്നി.

വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോൾ നല്ല തിരക്ക്. നിരീക്ഷണ മുറിയിലാകെ ഒഴിവുള്ളൊരു കട്ടിലിലേക്ക് കിടത്തി. നിന്നുതിരിയാൻ സ്ഥലമില്ല എന്ന് പറയുന്നതാണ് ശരി. ഡ്യൂട്ടി ഫിസിഷൻ ആരെന്നു ചോദിച്ചപ്പോൾ ഡോക്ടർ വിനോദെന്ന് മറുപടി ലഭിച്ചു.

മുറിയിൽ ചെന്ന് വിവരം പറഞ്ഞു. ഒരു നിമിഷം വൈകാതെ ആളെത്തി. അപ്പോഴേക്കും ഐവി ലൈൻ ഇട്ടിരുന്നു. മറ്റൊരു ഡോക്ടർ കൂടി സമീപത്തുണ്ട്. ഇസിജി എടുക്കാൻ ആളെത്തിയിരുന്നു. നേഴ്സുമാരും ചുറ്റിലുണ്ട്.

ഇസിജി നോർമലായിരുന്നു.

രണ്ട് ഡോക്ടർമാരോടും സംസാരിച്ചു. എന്തായാലും തൽക്കാലം അവിടെ നിരീക്ഷണ വിഭാഗത്തിൽ കിടക്കട്ടെ എന്ന് പറഞ്ഞു.

എന്തൊക്കെ കുറവുകളും തിരക്കുകളും ഉണ്ടെങ്കിലും നമ്മുടെ സർക്കാർ ആശുപത്രികളിൽ ജോലിചെയ്യുന്ന ഡോക്ടർമാരുടെയും ജീവനക്കാരുടെയും ആത്മാർത്ഥത തിരിച്ചറിയുന്നത് ഇത്തരം സന്ദർഭങ്ങളിലാണ് എന്ന് പറയാതെ വയ്യ.

ഞങ്ങളിറങ്ങി.

എർട്ടിഗ അവിടെയുണ്ടോ എന്ന് കുറേ നോക്കി. കണ്ടില്ല. കുറച്ചു നടന്ന് ഓട്ടോ സ്റ്റാൻഡിൽ എത്തി. ഓട്ടോപിടിച്ച് തിരിച്ചെത്തി.

ക്യാമ്പ് മെഡിക്കൽ ചെക്കപ്പിനായി സജ്‌ജീകരിച്ചിട്ടുണ്ടായിരുന്നു. ഞങ്ങൾ രോഗികളെ നോക്കി തീർത്തു. അബിൻ സഹായിച്ചു. രജിസ്റ്റർ എഴുതാനും മരുന്നെടുത്തു കൊടുക്കുവാനും മറ്റുള്ളവരും.

എണീറ്റപ്പോൾ ആണ് അതേ കസേരയിൽ ആ വൃദ്ധൻ ഇരുന്ന് ഏങ്ങിക്കരയുന്നത് കണ്ടത്.

ഒന്ന് സംസാരിക്കാൻ ശ്രമിച്ചു.

"എനിക്കങ്ങോട്ട് പോകണം, എണീക്കുമ്പോൾ അവളെന്നെ ചോദിക്കും, എന്നെ മാത്രമേ ചോദിക്കൂ..."

ഈ ഒരു മറുപടി മാത്രമേ ഉണ്ടായുള്ളൂ. അപ്പോഴേക്കും ക്യാമ്പ് നടത്തിപ്പുകാർ അവിടെയെത്തി. അവരുമായി സംസാരിച്ചു.

ആ വെള്ള എർട്ടിഗ അവിടെയുണ്ടായിരുന്നു. ജനപ്രതിനിധി എന്ന് തോന്നിച്ച ഒരാൾ ഡോക്ടർ വിനോദിനോട് ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു. അതേ വണ്ടിയിൽ ആ അച്ഛനെ ആശുപത്രിയിലെത്തിക്കാമെന്നവർ പറഞ്ഞു.

വണ്ടിയിൽ കയറുമ്പോൾ കണ്ണുനീർ മാത്രമേ കാണാനുള്ളൂ. നിശബ്ദമായ തേങ്ങലുണ്ടാവണം.

ഉച്ചയ്ക്കു ശേഷം ഡോക്ടർ വിനോദുമായി ഫോണിൽ സംസാരിച്ചു. ആ അമ്മയിപ്പോൾ സ്റ്റേബിൾ ആണെന്ന് പറഞ്ഞു.

ദിവസങ്ങൾക്ക് മുൻപാണ് കൃഷ്ണദാസ് വൈകിട്ട് വിളിക്കുന്നത്. "ഞാനിപ്പോൾ പുതിയ ജോലിക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്നു. അവിടെ ക്യാമ്പിൽ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ മടിക്കരുത്."

അവസ്ഥ പറഞ്ഞു. പിറ്റേന്ന് രാവിലെ മുതൽ ആൾ ഞങ്ങളുടെ കൂടെ ഉണ്ട്. പൂവരണിയിലെ വീട്ടിൽനിന്നും രാവിലെ കാരിത്താസിൽ എത്തും. അവിടെ നിന്ന് ഞങ്ങൾ മെഡിക്കൽ കോളേജിലേക്ക്. അവിടെ ഉള്ളവരെയും കൂട്ടി ക്ലോട്രിമസോൾ പോലുള്ള മരുന്നുകളും ശേഖരിച്ച് ഇടയാഴത്തേക്ക്.

പിന്നെ ക്യാമ്പുകളിൽ നിന്നും ക്യാമ്പുകളിലേക്ക്. ചിലപ്പോൾ വള്ളത്തിൽ, ചിലപ്പോൾ ടിപ്പറിൽ, ചിലപ്പോൾ നമ്മുടെ തന്നെ വണ്ടിയിൽ, മറ്റുചിലപ്പോൾ സ്കൂൾ വാനിൽ.

സർക്കാർ സർവീസിൽ ഉള്ള വൈക്കം ആശുപത്രിയിലെ ഡോക്ടർമാർ ചെയ്തത് അവരുടെ ഡ്യൂട്ടി മാത്രമാണ്. കോൺട്രാക്ട് അടിസ്ഥാനത്തിൽ എങ്കിലും ഞാനും ചെയ്തത് എൻറെ ഡ്യൂട്ടി മാത്രം.

എന്നാൽ കൃഷ്ണദാസിനെ പോലെ ധാരാളം പേരുണ്ട്. പേരും മുഖവും ഇല്ലാത്തവർ. ഡോക്ടർമാരിൽ മാത്രമല്ല, ദുരന്തമുഖത്ത് അങ്ങനെ ധാരാളം പേർ. ദുരന്തമുഖത്ത് പ്രതിരോധിക്കേണ്ടത് അങ്ങനെതന്നെയാണ്.

ഇതൊക്കെ എഴുതണമെന്ന് കരുതിയതല്ല. ഇതൊക്കെ അത്യപൂർവമായ സംഭവങ്ങളുമല്ല. പക്ഷേ, ചിലരെങ്കിലും മനസ്സിലാക്കേണ്ടതുണ്ടെന്നു തോന്നി.

ഇന്നാണ് അറിഞ്ഞത്. ഇന്നലെയും സമാനമായ ഒരു സാഹചര്യം ഉണ്ടായിരുന്നു. ഒരു രോഗിയെ ഹൃദയാഘാതം സംശയിച്ച് വൈക്കം ആശുപത്രിയിലേക്ക് അയച്ചിരുന്നു. ആളിപ്പോൾ മെഡിക്കൽ കോളജിൽ അഡ്മിറ്റാണ്. ഇതേ കൃഷ്ണദാസ് തന്നെയാണ് അത് കണ്ടുപിടിച്ചതും അയച്ചതും.

ആയിരക്കണക്കിന് പേരുള്ള ക്യാമ്പുകളിൽ ഇതത്ര എളുപ്പമല്ല...

ആദ്യദിവസം തിരികെ വരുമ്പോൾ ഈ യാത്ര വലിയ ബുദ്ധിമുട്ട് ആകില്ലേയെന്ന് ഞാൻ ചോദിച്ചിരുന്നു. ഒരു ചിരി മാത്രമായിരുന്നു മറുപടി. പക്ഷേ ഇന്നൊരു മറുപടി പറഞ്ഞു.

"ഇത്രയൊക്കെ ചെയ്യുമ്പോൾ ലഭിക്കുന്ന ഒന്നുണ്ടല്ലോ, അതാണ് സന്തോഷം."

Read More : Health News