ദിവസവും കുളിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ചെയ്യാറുണ്ടോ?

bathing
SHARE

ദിവസവും കുളിക്കുക എന്നതു നല്ല കാര്യം തന്നെ. പക്ഷേ കുളി കൊണ്ട് ആരോഗ്യത്തിനു ദോഷം സംഭവിച്ചാലോ? അതേ സംഗതി സത്യമാണ്. കുളിക്കുന്നതു കൊണ്ട് ശരീരത്തിലെ അഴുക്കും പൊടിയുമൊക്കെ പോയി ശരീരം വൃത്തിയാകുകയും ഒപ്പം മനസ്സിന് ഉന്മേഷം ലഭിക്കുകയും ചെയ്യും എന്നതൊക്കെ ശരി തന്നെ. എന്നാല്‍ അതുകൊണ്ട് ചില ദൂഷ്യവശങ്ങള്‍ നമ്മുടെ മുടിക്കും ചർമത്തിനും ഉണ്ടെങ്കിലോ ? അത് എന്താണെന്നാണോ ചിന്തിക്കുന്നത് ? എങ്കില്‍ കേട്ടോളൂ...

നല്ല ചൂടു വെള്ളത്തിലെ കുളി 

ചൂടു വെള്ളത്തിലൊരു കുളി നടത്തിയാല്‍ നല്ല ഉന്മേഷം ലഭിക്കും, തീര്‍ച്ച. ഒപ്പം ക്ഷീണമൊക്കെ മാറി ശരീരത്തിനു നല്ല ഊര്‍ജ്ജവും കിട്ടും. എന്നാല്‍ നല്ല ചൂട് വെള്ളത്തില്‍ ദിവസവും കുളിച്ചാല്‍ പ്രശ്നമാകുന്നത് ചർമത്തിനാകും. തൊലിപ്പുറത്തെ അമിതമായി ഡ്രൈ ആക്കി, നൈസ്സര്‍ഗ്ഗികത നഷ്ടമാകാന്‍ ഇത് കാരണമാകും . സോറിയാസിസ് പോലെയുള്ള രോഗങ്ങള്‍ ഉള്ളവര്‍ക്ക് ചൂടു വെള്ളത്തിലെ കുളി കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് വിദഗ്ധര്‍ പറയുന്നുണ്ട്.

തേച്ചു കുളിക്കുന്ന സ്പോഞ്ച് 

ഒന്നോര്‍ത്തു നോക്കൂ ദിവസവും നിങ്ങള്‍ തേച്ചു കുളിക്കുന്ന ബാത്തിങ് സ്പോഞ്ച്, അല്ലെങ്കില്‍ ഇഞ്ച ഒക്കെ എവിടെയാണ് വയ്ക്കുന്നത്? ഓരോ തവണ കുളി കഴിയുമ്പോഴും നിങ്ങള്‍ എത്ര കോടി അണുക്കളെയാണ് അതിലേക്കു തേച്ചെടുക്കുന്നത് എന്നറിയാമോ? അടുത്ത വട്ടം അത് ഉപയോഗിക്കുമ്പോള്‍ ഈ അണുക്കള്‍ പിന്നെയും നിങ്ങളിലേക്ക് തന്നെ ഇരട്ടിയായി തിരികെ വരികയാണ്. നനവുള്ള കുളിമുറിയില്‍ എവിടെയെങ്കിലും വച്ചിട്ട് പോകാനുള്ളതല്ല ഇവ. നല്ല സൂര്യപ്രകാശം കൊണ്ട് അവ ഉണക്കണം എന്ന കാര്യം മറക്കരുത്. അടിക്കടി അത് മാറ്റി പുതിയത് വാങ്ങുന്നതും നല്ലതാണ്. അല്ലെങ്കില്‍ അവ അണുവിമുക്തം ആക്കാന്‍ ശ്രദ്ധിക്കുക.

തേച്ചുകുളി

തൊലി അപ്പാടെ ഉരിച്ചുകളയുന്ന പോലെയാണ് ചിലരുടെ കുളി. ഇത് ഓരോ തവണയും ആവര്‍ത്തിക്കുമ്പോള്‍ നിങ്ങളുടെ ത്വക്കിനെയാണ് ദോഷം ചെയ്യുന്നത്. ദിവസവും കുളിക്കുന്നതില്‍ കുഴപ്പമില്ല പക്ഷേ ദിവസവുമുള്ള തേച്ചു കുളി വേണ്ടെന്നു വിദഗ്ധര്‍ പറയുന്നു. ഇനി നിര്‍ബന്ധം ആണെങ്കില്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ വട്ടം തേച്ചു കുളിക്കൂ.

മണമുള്ള സോപ്പുകള്‍ 

കുളിക്കുമ്പോഴും അത് കഴിയുമ്പോഴും നല്ല ഉന്മേഷം നല്‍കുന്നതാണ് സോപ്പുകളിലെ സൗരഭ്യം. എന്നാല്‍ പലപ്പോഴും സോപ്പുകളിലെ സുഗന്ധത്തിനുപയോഗിക്കുന്ന കെമിക്കലുകള്‍ ചർമത്തിനു നല്ലതല്ല. ഇത് പലതരത്തില്‍ ചര്‍മരോഗങ്ങള്‍ ഉണ്ടാക്കാം. 

ദിവസവും ഷാമ്പൂ വേണോ 

മുടിയിലെ അഴുക്കു കളയാന്‍ ദിവസവും ഷാമ്പൂ ചെയ്യുന്നവര്‍ സൂക്ഷിക്കൂ. ഇത് നിങ്ങളുടെ മുടിക്ക് നല്ലതല്ല. ശിരോചര്‍മത്തില്‍ ഉത്പാദിപ്പിക്കുന്ന ഒരുതരം സംരക്ഷണ എണ്ണ ദിവസവുമുള്ള ഈ ഷാമ്പൂ ഉപയോഗം മൂലം ഇല്ലാതെ പോകുന്നു. ഇത് തലയിലെ ചര്‍മം ഡ്രൈ ആക്കുകയും തൊലി കൊഴിഞ്ഞു പോകാനും കാരണമാകും. ഒപ്പം താരന്‍, മുടികൊഴിച്ചില്‍ എന്നിവയും പിന്നാലെ വരും. ആഴ്ചയില്‍ രണ്ടോ മൂന്നോ വട്ടം ഷാമ്പൂ ഉപയോഗിക്കുക. അതാണ്‌ ഏറ്റവും നല്ലത്. അതിനു കഴിയില്ലെങ്കില്‍ ഏറ്റവും മൈൽഡ് ആയുള്ള ഷാമ്പൂ ഉപയോഗിക്കാം.

Read More : Health and Wellbeing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA