Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏപ്രിലിൽ വായനക്കാർ ഇഷ്ടപ്പെട്ട വീടുകൾ ഇവയാണ്!

best-home-april

സ്വന്തമായി ഒരു വീട് ഏതൊരു മലയാളിയുടെയും സ്വപ്നമാണ്. ഓരോ ദിവസവും പുതിയ വീടുകളുടെ വിശേഷങ്ങൾ ഹോംസ്റ്റൈൽ ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. അതിൽനിന്നും ഏപ്രിൽ മാസം ഏറ്റവും കൂടുതൽ വായനക്കാർ ലഭിച്ച വീടുകൾ സംക്ഷിപ്തമായി പുനർപ്രസിദ്ധീകരിക്കുന്നു.

35 ലക്ഷം രൂപയ്ക്ക് സൂപ്പർ വീട്!

35-lakh-home-calicut

കോഴിക്കോട് കിനാശേരിയിൽ 10 സെന്റ് പ്ലോട്ടിൽ 3000 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. പെട്ടെന്ന് വിരസമാകാത്ത പുറംകാഴ്ചയും അകത്തളങ്ങളും വേണം എന്നതായിരുന്നു ഉടമസ്ഥന്റെ ഡിമാൻഡ്. ഇതിനനുസൃതമായാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. എലിവേഷനിലെ കണ്ണുടക്കുന്നത് മേൽക്കൂരയിലും സ്റ്റോൺ ക്ലാഡിങ് നൽകിയ ചുവരിലേക്കുമാണ്. പക്കാ സ്ലോപ് ആക്കാതെ പ്രൊജക്ഷനുകൾ നൽകിയാണ് റൂഫ് ഡിസൈൻ ചെയ്തത്.  കാറ്റും വെളിച്ചവും കടക്കാനായി വെർട്ടിക്കൽ സ്‌കൈലൈറ്റുകൾ ഭിത്തികളിൽ നൽകിയത് ശ്രദ്ധേയമാണ്.

ഓരോ ഇടങ്ങൾക്കും വേർതിരിവ് നൽകിയിരിക്കുന്നു എന്നതാണ് ഇന്റീരിയറിലെ സവിശേഷത. പരമാവധി സ്ഥലഉപയുക്തത നൽകാനും ശ്രദ്ധിച്ചിട്ടുണ്ട്.

ലളിതമായ സ്വീകരണമുറി. ഇവിടെ മുകളിൽ ഡബിൾ ഹൈറ്റിൽ സ്‌കൈലൈറ്റ് നൽകി. പ്ലൈവുഡ്, വെനീർ ഫിനിഷിലാണ് ഫർണിഷിങ് ചെയ്തിരിക്കുന്നത്. മാർബൊനൈറ്റ് ടൈലുകളാണ് ഫ്ലോറിങ്ങിനു ഉപയോഗിച്ചിരിക്കുന്നത്. ഗോവണിയുടെ കൈവരികളിൽ തടിയും ടഫൻഡ് ഗ്ലാസും ഹാജർ വയ്ക്കുന്നു. ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ.

35-lakh-home-dining

മുകളിലെ ബാൽക്കണിയിലേക്ക് ഒരു ചെറിയ കണക്‌ഷൻ ബ്രിഡ്ജ് നൽകിയിട്ടുണ്ട്. ബാൽക്കണിയിൽ ഗ്ലാസ് പർഗോള റൂഫ് നൽകി. ഗോവണിയുടെ താഴെ കോമൺ ബാത്‌റൂം ക്രമീകരിച്ചു.

അഞ്ചു കിടപ്പുമുറികളാണ് വീട്ടിൽ. താഴെ മൂന്നും മുകളിൽ രണ്ടും. സ്റ്റോറേജിന്‌ പ്രാധാന്യം നൽകിയാണ് കിടപ്പുമുറികൾ ഒരുക്കിയത്. അറ്റാച്ഡ് ബാത്റൂമുകളും നൽകിയിട്ടുണ്ട്. വാഡ്രോബുകൾ ഇന്റീരിയർ തീം അനുസരിച്ച് നിർമിച്ചെടുത്തവയാണ്. 

പ്ലൈവുഡ് കൊണ്ടാണ് അടുക്കളയുടെ കബോർഡുകൾ നിർമിച്ചത്. പാതകത്തിനു ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്ക് ഏരിയയുമുണ്ട്.

വാം ടോൺ പ്രകാശം ചൊരിയുന്ന തൂക്കുവിളക്കുകൾ അകത്തളങ്ങളുടെ ഭംഗി വർധിപ്പിക്കുന്നു. കണ്ണിൽ കുത്തിക്കയറുന്ന നിറങ്ങൾ അധികമൊന്നും അകത്തളങ്ങളിൽ നൽകിയിട്ടില്ല. ഫോൾസ് സീലിങ് പോലെയുള്ള ഗിമ്മിക്കുകൾ ഒഴിവാക്കിയത് ചെലവ് കുറയ്ക്കാനും സഹായിച്ചു. സ്ട്രക്ച്ചറും ഇന്റീരിയറും അടക്കം 35 ലക്ഷം രൂപയാണ് വീടിനു ചെലവായത്.  

പൂർണ വായനയ്ക്ക്...   

*************

പരിസ്ഥിതിയോട് ഇണങ്ങിയൊരു വീട്

utility home

ദീർഘചതുരാകൃതിയിലുള്ള 26 സെന്റ് പ്ലോട്ടാണ് വിദേശ മലയാളിയായ സണ്ണി വീട് പണിയാനായി വാങ്ങിയത്. പരിസ്ഥിതിയോട് ഇണങ്ങിയതും ജലസംരക്ഷണ പാഠങ്ങൾ ഉൾക്കൊള്ളിച്ചതും, മോഡേൺ, കേരളീയ പരമ്പരാഗത രൂപകൽപനകൾ ഇഴചേർന്നതുമാകണം ഡിസൈൻ എന്നും അവർക്ക് നിർബന്ധമുണ്ടായിരുന്നു. പ്രാർത്ഥനാനിർഭരമായ വീടെന്ന സങ്കൽപ്പവും സാജുവും കുടുംബവും എൻജിനീയർ ശ്രീകാന്ത് പങ്കപ്പാട്ടിന്റെ മുന്നിൽ വച്ചിരുന്നു. ചെരിവ് മേൽക്കൂരയിൽ നിന്നും ലഭിക്കുന്ന വെള്ളം ശേഖരിക്കുന്ന 60,000 ലിറ്റർ കപ്പാസിറ്റി ഉള്ള ഫെറോസിമന്റ് ടാങ്കും, റെയിൻവാട്ടർ ഹാർവെസ്റ്റിങ് സിസ്റ്റവും, ആവശ്യമായ വൈദ്യുതി ലഭിക്കുന്ന സൗരോർജ്ജ പാനലുകളും, വീട്ടിലെ വേസ്റ്റ് മുഴുവൻ വളമാക്കി മാറ്റുന്ന നൂതന ഇൻസിനേറ്ററുമടക്കം സ്വയംപര്യാപ്തത നേടിയ വീടാണിതെന്ന് നിസ്സംശയം പറയാം. 

2900 സ്ക്വയർഫീറ്റ് വിസ്തൃതിയുള്ള ഈ വീട്ടിൽ 4 കിടപ്പുമുറിയും, സർവന്റ്സ് ബെഡും ടോയ്‌ലറ്റ് അറ്റാച്ച് ചെയ്താണ് നിർമ്മിച്ചിരിക്കുന്നത്. ഭിത്തിയിൽ നാച്ചുറല്‍ ക്ലാഡിങ് സ്റ്റോൺ പതിച്ചിരിക്കുന്ന നീളൻ വരാന്തയും ഒരു വശത്തായി നിർമ്മിച്ചിരിക്കുന്ന പോർച്ചും, റൂഫിലെ ബെവിൻഡോകളും, കന്റെംപ്രറി എലമെന്റുകളുടെ നേർകാഴ്ചയാണ്. ഫോർമൽ ലിവിങ്ങും ഫാമിലി ലിവിങ്ങും റൂഫ് പര്‍ഗോളയും ക്രിസ്തു രൂപവും നൽകി വേർതിരിച്ചിരിക്കുന്നു. L ടൈപ്പിലുള്ള ഡൈനിങ് ഹാളിന്റെ ഒരറ്റത്തായി പ്രാർത്ഥനാ ഏരിയയും സജ്ജീകരിച്ചിരിക്കുന്നു. എല്ലാ മുറികളിലും പ്രാർത്ഥനാ നിർഭരം എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന കാഴ്ചയിലും പോസിറ്റീവ് എനർജി വീട്ടില്‍ നിറയുന്നു.

utility-home3

മോഡേൺ അടുക്കളയും, വർക്ഏരിയയും, സ്റ്റോറും വടക്ക് – കിഴക്ക് നൽകി തൊട്ടടുത്ത് തന്നെ സെർവന്റ് ബെഡും ഒരുക്കിയിരിക്കുന്നു.

ഫ്ലാറ്റ് റൂഫ് വാർത്ത് ജിഐ ട്രസ്സ് വർക്ക് ചെയ്ത് സെറാമിക് ടൈൽ പതിച്ചിരിക്കുന്ന അപ്പര്‍ ഫ്ലോറിലേക്ക് വർക്ക്ഏരിയയിൽ നിന്നും കയറാവുന്ന സ്റ്റെയർകെയ്സും നൽകിയിട്ടുണ്ട്. ട്രസ് റൂഫിനുള്ളിൽ ഹോം ഫിറ്റ്നസ് സൗകര്യങ്ങളും, തുണി ഉണക്കുവാനുമുള്ള ഏരിയയും സജ്ജീകരിച്ചിട്ടുണ്ട്.

മുറ്റത്ത് ഇന്റര്‍ലോക്ക് വിരിച്ച് ബാക്കിസ്ഥലം സ്വാഭാവിക പ്രകൃതിയുടെ പച്ചപ്പും, തണുപ്പും നൽകാനായി മലേഷ്യൻ കാർപ്പറ്റ് പുല്ലും, തണലേകുന്ന മാവും, ചെറുപനകളും പിടിപ്പിച്ചിരിക്കുന്നു.

ദൈവനാമത്തിൽ എപ്പോഴും പ്രാർത്ഥനാ നിർഭരമായ ശാന്തത നിറയുന്ന ഈ വീട് പോസിറ്റീവ് എനർജി പകരുന്ന യൂട്ടിലിറ്റി ഹോം ശ്രേണിയിൽപെടുന്നു

പൂർണ വായനയ്ക്ക്... 

***********

ഈ വീട്ടിലെ സസ്പെൻസ് മുകളിലാണ്!

suspense-home-manjeri-elevation

ഒരു നില വീട് മതി. എന്നാൽ കാഴ്ചയിൽ ഇരുനില വീടിന്റെ എടുപ്പും സൗകര്യങ്ങളും വേണം. ഇതായിരുന്നു ഉടമസ്ഥന്റെ ഡിമാൻഡ്. ഈ ആവശ്യങ്ങൾ നിറവേറ്റിയാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. സങ്കീർണതകൾ ഏറെയുള്ള ത്രികോണാകൃതിയിലുള്ള പ്ലോട്ട്. മുൻവശം റോഡുനിരപ്പിലും പിൻവശം താഴ്ന്നും കിടക്കുന്നു. പിറകുവശത്തെ പ്ലോട്ട് പില്ലറുകൾ വച്ച് പൊക്കി റോഡ് നിരപ്പിലാക്കി. ഇവിടേക്ക് പടികൾ നൽകി വർക്ക് ഏരിയയ്ക്കും സ്‌റ്റോറേജ് സ്‌പേസിനും ഇടം കണ്ടെത്തി. വീടിന്റെ തുടർച്ച അനുഭവപ്പെടും വിധം ചുറ്റുമതിൽ പെയിന്റടിച്ചു. മുറ്റത്ത് ചരൽ വിരിച്ചു.

മലപ്പുറം മഞ്ചേരിയിൽ 19 സെന്റിൽ 2100 ചതുരശ്രയടിയിലാണ് ഈ വീട്. ഫ്യൂഷൻ ശൈലിയിലാണ് എലിവേഷൻ. സ്ലോപ്+ ഫ്ലാറ്റ് റൂഫുകൾ എലിവേഷനിൽ കാണാം. സിറ്റ്ഔട്ടിന്റെ പില്ലറുകളിലും മുൻവശത്തെ ഭിത്തികളിലും നാച്വറൽ സ്‌റ്റോൺ ക്ലാഡിങ് പാകി ഭംഗിയാക്കി. സിറ്റ്ഔട്ടിൽ നിന്നും ഒരു ചെറിയ ഡെക്കും ബ്രിഡ്ജും കടന്നാണ് അകത്തേക്ക് പ്രവേശിക്കുന്നത്. ഇവിടെ മുകളിൽ ഗ്ലാസ് സീലിങ് നൽകിയിട്ടുണ്ട്. പ്രധാന വാതിലിൽ നിന്നും ഒരു നീണ്ട ഇടനാഴിയാണ്. ഇതിനു വശത്തായി സ്വകാര്യത നൽകി ലിവിങ് റൂം ക്രമീകരിച്ചു. സ്വീകരണമുറിയിൽ വുഡൻ ഫ്ളോറിങ് നൽകി. ഭിത്തിയിൽ ടിവി യൂണിറ്റും കൊടുത്തിട്ടുണ്ട്.

വിട്രിഫൈഡ് ടൈലുകളാണ് ഫ്ലോറിങ്ങിനു ഉപയോഗിച്ചത്. പ്ലൈ+ വെനീർ ഫിനിഷിലാണ് ഫർണിച്ചറുകൾ. ഭിത്തികളിൽ സിമന്റ് പ്ലാസ്റ്ററിങ്ങിനു പകരം പ്ലാസ്റ്റർ ഓഫ് പാരീസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ചൂടിനെ പ്രതിരോധിക്കുന്നതിനാൽ അകത്തളങ്ങളിൽ കൂടുതൽ തണുപ്പ് നിറയുന്നു. 

പത്തു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിലുള്ള ഊണുമേശയുടെ ഡിസൈൻ ശ്രദ്ധേയമാണ്. കൊറിയൻ സ്റ്റോൺ ആണ് ടോപ് ആയി ഉപയോഗിച്ചത്. സമീപം ഓപ്പൺ ശൈലിയിൽ ഒരുക്കിയ വാഷ് ഏരിയയ്ക്കും കൊറിയൻ ടോപ് നൽകി. ഊണുമേശയുടെ ഭിത്തികളിൽ നിഷുകൾ നൽകി ക്യൂരിയോകൾ സജ്ജീകരിച്ചു. വശത്തെ ഭിത്തിയിൽ വോൾപേപ്പർ ചെയ്ത് ഭംഗിയാക്കി. ഇവിടെ  ഇവിടെ പാൻട്രി കൗണ്ടറും നൽകി.

ക്രീം+ റെഡ് തീമിലാണ് അടുക്കള. സമീപം ബ്രേക്ഫാസ്റ്റ് കൗണ്ടറുമുണ്ട്. പിയു പെയിന്റ് ഫിനിഷാണ് നൽകിയത്. വർക് ഏരിയയിൽ ഗ്രേ കളറുള്ള അലുമിനിയം ഗ്ലാസ് ഫർണിഷിങ് ചെയ്തിരിക്കുന്നു.

മൂന്ന് കിടപ്പുമുറികളാണ് വീട്ടിൽ. കിടപ്പുമുറികളിൽ വ്യത്യസ്ത കളർതീമുകൾ ഹാജർ വച്ചിട്ടുണ്ട്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയും നൽകി. കുട്ടികളുടെ കിടപ്പുമുറിയിൽ ബങ്ക് ബെഡുകൾ കലാപരമായി വിന്യസിച്ചിരിക്കുന്നു. ഇതിലേക്ക് കയറാൻ പടികളും നൽകിയിട്ടുണ്ട്.

ഇനി പടികൾ കയറി മുകളിൽ എത്തുമ്പോഴാണ് സസ്പെൻസ് കാത്തിരിക്കുന്നത്. 6X4.5 വിസ്തൃതിയിൽ ഒരു സ്വിമ്മിങ് പൂൾ ഒരുക്കിയിരിക്കുന്നു. നല്ല പ്രകൃതിഭംഗി ആസ്വദിച്ചു കൊണ്ട് നീന്തിക്കുളിക്കാം. സ്വകാര്യത നൽകാനായി മെറ്റൽ ഫ്രയിമുകൾ കൊണ്ട് ചുറ്റും കവർ ചെയ്തിട്ടുമുണ്ട്. അത്യാവശ്യം ഒത്തുകൂടാനുള്ള സ്ഥലം ഇവിടെയുണ്ട്. ഒഴിവുവേളകളിൽ ഏറ്റവും സജീവമാകുന്ന ഇടവും ഇവിടെ തന്നെ. ഇതിനു സമീപം സോളാർ പാനലുകളും നൽകിയിട്ടുണ്ട്.

കുന്നോളം പ്രതീക്ഷിച്ചാലേ കുന്നിക്കുരുവോളം ലഭിക്കൂ എന്നാണ് ശൈലി. എന്നാൽ ഈ വീടിന്റെ കാര്യത്തിൽ പ്ലോട്ടിന്റെ സങ്കീർണതകൾ കാരണം കുന്നിക്കുരുവോളം പ്രതീക്ഷകളെ വീട്ടുകാർക്ക് ഉണ്ടായിരുന്നുള്ളൂ. അതിനെയെല്ലാം മറികടന്നു കുന്നോളം സ്വപ്നങ്ങൾ ഇവിടെ യാഥാർഥ്യമാക്കിയിരിക്കുന്നു.

പൂർണ വായനയ്ക്ക്... 

*********

പുതിയ മുഖം എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല!

before-after

20 വർഷം മുൻപുള്ള പ്രൗഢഗംഭീരമായ ഭവനം. ആരുമൊന്ന് നോക്കിപ്പോകും. എലിവേഷനും അതിനൊത്ത കോംപൗണ്ട് വാളും എല്ലാം വീടിന്റെ പ്രത്യേകതകളായിരുന്നു. എന്നാൽ കാലാതീതമായ മാറ്റങ്ങളെ ഉൾച്ചേർത്ത് ഒരു ഡിസൈന്‍ വേണമെന്ന് തോന്നിയപ്പോഴാണ് സുനിലും രമയും എസ്ഡിസി ആർക്കിടെക്റ്റ്സിലെ രാധാകൃഷ്ണനെ സമീപിച്ചത്. കാഴ്ചയിൽ അടിമുടി മാറ്റം വരുത്തി ഒരു ഡിസൈൻ. പഴയ വീടിന്റെ പ്രിയപ്പെട്ട ചില ഭാഗങ്ങൾ വീട്ടുടമസ്ഥരുടെ താൽപര്യപ്രകാരം അതേപടി നിലനിർത്തി കൊണ്ടുതന്നെ പുതിയൊരു മുഖം നൽകാനായി. 

കന്റെംപ്രറി സ്റ്റൈൽ പിന്തുടർന്ന എലിവേഷനും എലിവേഷനൊത്ത കോംപൗണ്ട് വാളും അതിനൊത്ത ലാൻഡ്സ്കേപ്പും വീടിന് കൂടുതൽ മിഴിവേകുന്നു. എക്സ്റ്റീരിയറിലെ നാച്വറൽ സ്റ്റോൺ ക്ലാഡിങ്ങും പച്ചപ്പിന്റെ മനോഹാരിതയും സമകാലികശൈലിക്ക് മാറ്റ് കൂട്ടുന്ന ഘടകങ്ങളാണ്.

ഓപ്പൺ കൺസെപ്റ്റ് അഥവാ തുറന്ന നയം സ്വീകരിച്ചാണ് ഉൾത്തളങ്ങൾ ഒരുക്കിയിരിക്കുന്നത്. പച്ചപ്പിലേക്ക് മിഴിതുറക്കുന്ന വലിയ ജനാലകൾ ഹരിതാഭയുടെ സാന്നിദ്ധ്യം ഉള്ളിലേക്കാവാഹിക്കുന്നു. ഇളംനിറങ്ങൾ മാത്രം ഉപയോഗിച്ചതും അകത്തളത്തിലെ കോർട്‌യാർഡും ഇന്റീരിയറിന്റെ മാസ്മരികത വർദ്ധിപ്പിക്കുന്നു. നിറങ്ങളുടെ ധാരാളിത്തമോ ടെക്സ്ചറിന്റെ കടുംവർണങ്ങളോ ഒന്നുമില്ലാതെ ഉപയുക്തതയ്ക്കും ഭംഗിക്കും പ്രാധാന്യം നൽകി ഒരുക്കിയതാണ് അകത്തളങ്ങളുടെ പ്രത്യേകത. കാറ്റിനും വെട്ടത്തിനും സ്വാഗതമരുളിക്കൊണ്ടുള്ള വിശാലമായ ഓപ്പനിങ്ങുകൾ ഇന്റീരിയറിൽ സദാ കുളിർമ്മ നിലനിർത്തുന്നു.

മാറ്റങ്ങൾ ഇങ്ങനെ

cool-home-hall

അധികമായ പൊളിച്ചു കളയലോ കൂട്ടിച്ചേർക്കലുകളോ വരുത്താതെയുള്ള ഡിസൈൻ നയങ്ങൾക്കാണ് ഡിസൈനർ ഊന്നൽ നൽകിയത്. കാർപോർച്ചിന്റേയും സ്റ്റെയർകേസിന്റേയും സ്ഥാനം മാത്രമാണ് ആകെ മാറ്റിയിരിക്കുന്നത്. ബാക്കിയെല്ലാം അതേപടി നിലനിർത്തി, രൂപത്തിലും ഭാവത്തിലും മാറ്റം വരുത്തി. പഴയവീട്ടിൽ കോർട്‌യാർഡിന് സ്ഥാനമില്ലായിരുന്നു. പുതിയ വീട്ടിൽ കോർട്‌യാർഡുകൾക്ക് ഇടം നൽകി. 4 ബെഡ്റൂമുകളാണ് പഴയ വീട്ടിൽ ഉണ്ടായിരുന്നത്. റെനവേറ്റ് ചെയ്തപ്പോൾ ബെഡ്റൂമുകള്‍ വിശാലമാക്കി മാറ്റി.

ലെവൽ വ്യതിയാനം വരുത്തിയ ഡൈനിങ് സ്പേസും അതിനോട് ചേർന്ന കോർട്‌യാർഡും ഡൈനിങ് ഏരിയയുടെ ഭംഗി ഇരട്ടിപ്പിക്കുന്നുണ്ട്. തുറന്ന നയം സ്വീകരിച്ചാണ് ലിവിങ് കം ഡൈനിങ് സജ്ജീകരിച്ചിരിക്കുന്നത്. സീലിങ്ങിന്റെ മനോഹാരിതയ്ക്കൊപ്പം പർഗോളയിൽ നിന്നെത്തുന്ന വെളിച്ചം ഉൾത്തളങ്ങളെ പ്രസന്നപൂരിതമാക്കുന്നുണ്ട്.

ഉചിതമായ ലൈറ്റ് ഫിറ്റിങ്ങുകൾ അകത്തളങ്ങളിൽ മൂഡ് ക്രിയേറ്റ് ചെയ്യാൻ സഹായിക്കുന്നു. കന്റെംപ്രറി ശൈലി ഘടകങ്ങൾ കൂട്ടിയിണക്കി പണിതപ്പോള്‍ അടിമുടി മാറ്റം വന്നു. ചുരുക്കത്തിൽ സമകാലിക ശൈലിയുടെ ചേരുവകൾ കൂട്ടിയിണക്കി വീട് റെനവേറ്റ് ചെയ്തപ്പോൾ വീട്ടുടമസ്ഥരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും പ്രാവർത്തികമാക്കാൻ സാധിച്ചതാണ് ഈ വീടിന്റെ വിജയം.

പൂർണ വായനയ്ക്ക്...

************