Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് ദുർഗന്ധം പരത്തിയ ശുചിമുറി, ഇന്നോ?... അദ്ഭുതം ഈ മാറ്റം!

before-after ഊട്ടി നഗരത്തിലെ ദുർഗന്ധം പരത്തിയ ശുചിമുറി ആർട്ട് ഗാലറിയായി മാറിയപ്പോൾ.

ഊട്ടിയുടെ ഹ്യദയ ഭാഗമായ ചെയറിങ് ക്രോസിൽ വർഷങ്ങളായി ദുർഗന്ധം പരത്തുകയായിരുന്നു ഈ ശൗചാലയം.  മൂക്കുപൊത്താതെ ഇതു വഴി കടന്നു പോകാൻ കഴിയാത്ത അവസ്ഥയായിരുന്നു. നഗരസഭ പല ശ്രമങ്ങൾ നടത്തിയിട്ടും പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളിലൊന്നായി ഈ ശൗചാലയം മാറി. .മഴക്കാലങ്ങളിലാണ് ഏറ്റവും കൂടുതൽ ദുരിതമാകുന്നത്.

നഗരവാസികളും ദുരിതത്തിലായതോടെയാണ് ഊട്ടിയിൽ സ്ഥിരതാമസമാക്കിയ പ്രശസ്ത ചിത്രകാരൻ മാധവൻപിള്ളയുടെ നേതൃത്വത്തിലുള്ള ഒരുകൂട്ടം കലാകാരൻമാർ രംഗത്തെത്തിയത്. ഗാലറി വൺ ടൂ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ കലക്ടറെ കണ്ട് ശുചിമുറിയെ ആർട്ട് ഗാലറിയാക്കി മാറ്റാമെന്ന നിർദേശം വച്ചു. കലക്ടർ അനുമതി നൽകിയതോടെ നഗരസഭ മൂന്ന് ലക്ഷം രൂപ അനുവദിച്ചു. ബാക്കി തുക പൊതു ജനങ്ങളിൽ നിന്നും സ്വരൂപിച്ച് ശുചിമുറിയെ ആർട്ട് ഗാലറിയാക്കി മാറ്റി. 

toilet-before

കൊച്ചി ബിനാലെയിൽ നിന്നും ലഭിച്ച പ്രചോദനമാണ് ശൗചാലയത്തെ ആർട്ട് ഗാലറിയാക്കിയതെന്ന് മാധവൻ പിള്ള പറഞ്ഞു. വിദേശ രാജ്യങ്ങളിൽ  ഉപയോഗശൂന്യമായ ശുചിമുറികൾ ആർട്ട് ഗാലറികളാകുന്നുണ്ട്. കലാകാരൻമാരുടെ ചിത്രങ്ങൾ ഇവിടെ 21 ദിവസം പ്രദർശനത്തിന് വയ്ക്കും. മേയ്മാസം മുതൽ വിദേശ ചിത്രകാരൻമാരുടെ ചിത്രങ്ങൾ പ്രദർശനത്തിനെത്തുന്നുണ്ട്. ചിത്രകലയെപ്പറ്റിയുള്ള സെമിനാറുകളും ഇവിടെ നടത്തുന്നുണ്ട്.  വിദേശത്ത് നിന്നുള്ള കലാകാരൻമാരുടെ ചിത്രരചന കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ നടന്നു. ലോക പ്രശസ്ത ജലച്ചായ ചിത്രകാരൻ രാജ്കുമാറിന്റെ ചിത്രങ്ങളുടെ പ്രദർശനം ഇപ്പോൾ ഇവിടെ നടക്കുന്നുണ്ട്. 

art-gallery

ഒരു കാലത്ത് ഊട്ടി പട്ടണത്തിനു തന്നെ നാണക്കേടിന്റെ ദുർഗന്ധമായിരുന്ന ഈ ശുചിമുറി ഇന്ന് കലയുടെ സുഗന്ധം പരത്തുകയാണ്. നിമിഷനേരം കൊണ്ട് പിറക്കുന്ന ചിത്രങ്ങളുടെ മാസ്മരിക ലോകമായി മാറി ഈ ശൗചാലയം.

inside-art-gallery ആർട്ട് ഗാലറിയിൽ ചിത്രകാരൻമാർ മോഡലായ ഊട്ടിയിലെ ഗോത്ര വനിതയുടെ ചിത്രം വരയ്ക്കുന്നു.