Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടുക്കളത്തോട്ടത്തിൽ ഈ മാസം: ഇതു നടീൽ കാലം

vazhuthina-brinjal-vegetable വഴുതന

വഴുതന, മുളക് തൈകൾ മഴ കനക്കുന്നതിനു മുമ്പ് നടുക. നിലമൊരുക്കുമ്പോൾ കുമ്മായം ചേർക്കുന്നതു വാട്ടരോഗം തടയും. അടിവളമായി സെന്റിന് 100 കിലോ ജൈവവളം. മുളകിന്റെ തൈകൾ 60 സെ.മീ. അകലത്തിലും വഴുതന 75 സെ.മീ. അകലത്തിലും നടണം. വൈകുന്നേരം നടുന്നതാണ് നല്ലത്. ആവശ്യമെങ്കിൽ തണലും നൽകാം. തൈ പിടിച്ചു കഴിഞ്ഞാൽ സെന്റിന് 110 ഗ്രാം യൂറിയ, 800 ഗ്രാം ഫാക്ടംഫോസ്, 185 ഗ്രാം പൊട്ടാഷ് വളം എന്നിവ ചുറ്റും വിതറി മണ്ണിൽ കൊത്തിച്ചേർക്കുക.

വൻപയർ

മഴ കനക്കുന്നതിനു മുമ്പു നടണം. അടിവളമായി സെന്റിന് 80 കിലോ കാലിവളം, 220 ഗ്രാം യൂറിയ, 160 ഗ്രാം ഫാക്ടംഫോസ്, 170 ഗ്രാം പൊട്ടാഷ് വളം എന്നിവ ചേർക്കുക. കുറ്റിപ്പയർ 40–60 സെ.മീ. അകലത്തിൽ നടാം. മഴക്കാലമായതിനാൽ വാരങ്ങളിൽ നടുക. പടരുന്ന ഇനങ്ങൾക്ക് വാരങ്ങൾ തമ്മിൽ ഒന്നര മീറ്റർ അകലവും വാരങ്ങളിൽ രണ്ടടി അകലവും വേണം.

വെണ്ട

okra-ladies-finger-vegetable വെണ്ട

ഉയർന്ന തടങ്ങളിലോ വാരങ്ങളിലോ വിത്തു നടാം. അകലം 60 x 45 മുതൽ 60 x 60 സെ.മീ. വരെ. രണ്ടു വിത്ത് നട്ട് കരുത്തുള്ള ഒരു തൈ മാത്രം നിർത്തുക. അടിവളമായി സെന്റിന് 100 കിലോ കാലിവളം. തൈകൾ മൂന്നില പ്രായമായാൽ സെന്റിന് 225 ഗ്രാം യൂറിയ, 160 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 175 ഗ്രാം പൊട്ടാഷ് വളം എന്നിവ തൈകൾക്കു ചുറ്റും വിതറി മണ്ണിൽ കൊത്തിച്ചേർക്കണം.

വെള്ളരിവർഗ വിളകള്‍

പാവൽ, പടവലം, കുമ്പളം, ചുരയ്ക്ക, മത്തൻ എന്നിവ മഴക്കാലക്കൃഷിക്കു പറ്റിയ വെള്ളരിവർഗങ്ങൾ, പാവലിനും പടവലത്തിനും അകലം 2 x 2 മീ. ഉയർന്ന തടങ്ങളിലാണു നടുക. ഓരോ തടത്തിലും അഞ്ചു കിലോ വീതം ഉണങ്ങിയ ചാണകം അടിവളമായി നൽകണം. വിത്തു മുളച്ച് 4–5 ഇലയാകുമ്പോൾ കരുത്തുള്ള 2–3 തൈകൾ നിർത്തി ബാക്കിയുള്ളവ നീക്കുക. ഉടൻ തന്നെ സെന്റിന് 500 ഗ്രാം ഫാക്ടംഫോസ്, 90 ഗ്രാം യൂറിയ, 170 ഗ്രാം പൊട്ടാഷ് വളം എന്നിവ തൈകൾക്കു ചുറ്റും വിതറി കൊത്തിച്ചേർക്കുക. ഇളകിയ മണ്ണ് തൈകൾക്കു ചുറ്റും കൂട്ടണം. നിലമൊരുക്കുമ്പോൾ തന്നെ തടത്തിൽ കുമ്മായം ചേർത്താൽ വാട്ടരോഗം ചെറുക്കാം.

മത്തനു നടീൽ അകലം 4.5 x 2 മീ., കുമ്പളത്തിന് അകലം 4.5 x 2 മീ., ചുരയ്ക്കയ്ക്ക് 3 x 3 മീ. അകലം. മത്തൻ, കുമ്പളം, ചുരയ്ക്ക എന്നിവയ്ക്ക് സെന്റിന് 100 കിലോ അഴുകിപ്പൊടിഞ്ഞ കാലിവളം അടിവളമായി ചേർക്കണം. ഒരു തടത്തിൽ 4–5 വിത്തു നടുക.