Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടുക്കളത്തോട്ടത്തിൽ ഈ മാസം: വിത്തു പാകാം, തൈ നടാം

sword-bean-‎valpayar-vegetable വാളരിപ്പയർ

പച്ചക്കറികൾ കുറ്റിച്ചു വളരുന്നവയും പടർന്നു വളരുന്നവയുമുണ്ട്. ആദ്യത്തെ കൂട്ടത്തിൽ ചീര, വെണ്ട, വഴുതന, മുളക്, കുറ്റിപ്പയർ, തുവരപ്പയർ എന്നിവയും രണ്ടാമത്തെ വിഭാഗത്തിൽ കുമ്പളം, മത്തൻ, പാവൽ, പടവലം, ചുരയ്ക്ക, കോവൽ, പതിനെട്ടുമണിയൻ പയർ, അമരപ്പയർ, വാളരിപ്പയർ, നിത്യവഴുതന എന്നിവയുമാണ് ഇപ്പോൾ നടാവുന്നത്. കറിവേപ്പ്, മുരിങ്ങ, ഇഞ്ചി, മഞ്ഞൾ, കുറ്റിക്കുരുമുളക് എന്നിവയും നടാം.

സാധാരണ ഗ്രോബാഗുകളിൽ കുറ്റിച്ചുവളരുന്നവ മാത്രം നട്ടാൽ മതി. എന്നാൽ വലിയ ബാഗുകളിൽ പടരുന്ന പതിനെട്ടുമണിയൻ, അമരപ്പയർ, പാവൽ, പടവലം, നിത്യവഴുതന, കോവൽ എന്നിവ വളർത്താം. പടര്‍ത്തി വിടാൻ പന്തലുമൊരുക്കണം. ഇഞ്ചി, മഞ്ഞൾ, കുറ്റിക്കുരുമുളക് എന്നിവയും ഗ്രോബാഗിൽ നടാം.

അടുക്കളത്തോട്ടത്തിനു സ്ഥലം നന്നായി കിളച്ചു കളകൾ നീക്കി പാകപ്പെടുത്തി തൈകൾ അല്ലെങ്കിൽ വിത്തു നടാം. പ്രോട്രേകളിൽ പോട്ടിങ് മിശ്രിതം നിറച്ച് വിത്തു നട്ടു മുളപ്പിച്ചുള്ള തൈ നടുന്നപക്ഷം വിത്തു മുളയ്ക്കാതെ പോകുന്നത് ഒഴിവാക്കാം. തൈകളുടെ എണ്ണം കൃത്യമായി ക്രമീകരിക്കാമെന്നതിനാൽ ഒരേസമയം വളരുകയും കായ്ക്കുകയും ചെയ്യും. അടുക്കളത്തോട്ടം പ്ലോട്ടുകളായി തിരിച്ച് ഓരോ പച്ചക്കറിയും നടുന്ന രീതിയാണ് നന്ന്. സെന്ററിന് 80 കിലോ ജൈവവളം തടങ്ങളിലോ ചാലുകളിലോ ചേർക്കണം.

vegetable-list-chart

ഗ്രോബാഗുകളിൽ പോട്ടിങ് മിശ്രിതം നിറച്ചാണ് തൈ നടേണ്ടത്. കരമണ്ണ്, മണൽ, ചാണകപ്പൊടി എന്നിവ തുല്യഅളവിൽ ഒന്നിച്ചെടുത്താൽ പോട്ടിങ് മിശ്രിതമായി. പോളിത്തീൻ ബാഗുകളിൽ ആവശ്യാനുസരണം പോട്ടിങ് മിശ്രിതം നിറച്ച് മരച്ചീനി, ചേമ്പ്, കാച്ചിൽ എന്നിവ നട്ട് ടെറസിലും വളർത്താം. ടെറസിൽ ഗ്രോബാഗുകളിൽ പച്ചക്കറി വളർത്തുമ്പോൾ ടെറസിനുള്ളിലേക്ക് ഈർപ്പം കിനിഞ്ഞ് ഇറങ്ങുന്നതു തടയാൻ ലീക്ക് പ്രൂഫ് കോമ്പൗണ്ട് ഉപയോഗിച്ചു ടെറസ് സംരക്ഷിക്കേണ്ടതാണ്. തുടർന്ന് ഈരണ്ടു ചുടുകട്ടകളിൽ ഗ്രോബാഗ് വയ്ക്കാം. ഗ്രോബാഗുകൾ തമ്മിൽ രണ്ടടി അകലവും നൽകാം. ചില പച്ചക്കറികൾ അവയുടെ ഇനങ്ങൾ, ചെടികൾ തമ്മിൽ വേണ്ട അകലം എന്നിവ പട്ടികയിൽ. വളമായി കാലിവളം, കമ്പോസ്റ്റ്, കോഴിവളം, പച്ചിലവളം, പിണ്ണാക്കുകൾ, എല്ലുപൊടി എന്നിവ പലപ്പോഴായി നൽകിയാൽ മതി.

മഴക്കാലത്തു നീരൂറ്റിക്കുടിച്ചു കുരുടിപ്പുണ്ടാക്കുന്ന പ്രാണികൾ കുറവാണ്. ഇലകളിൽ കാണുന്ന പുഴുക്കളെ എടുത്തു നശിപ്പിക്കുക. വേപ്പിൻകുരുസത്ത് 3–5 ശതമാനം, വേപ്പെണ്ണ–വെളുത്തുള്ളി – സോപ്പു മിശ്രിതം, വെളുത്തുള്ളി നീര് എന്നിവ ഉപയോഗിച്ച് കീടശല്യം നിയന്ത്രിക്കാം.