Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടുക്കളത്തോട്ടത്തിൽ ഈ മാസം- വഴുതന, മുളക്: കീടശല്യത്തെ ചെറുക്കാം

brinjal-vegetable വഴുതന

അഴുകലിനു സാധ്യതയുണ്ട്. ഉണങ്ങിയ ചുവടുകൾ പിഴുതെടുത്ത് കത്തിക്കുക. ചുറ്റുമുള്ള തടങ്ങളിൽ ഉദ്ദേശം 200 ഗ്രാം കുമ്മായം വിതറി കൊത്തിച്ചേർക്കുക. അമ്ലത്വമുള്ള മണ്ണിൽ വാട്ടത്തിനു സാധ്യത. അതിനാൽ തൈകൾ നടുന്നതിനു മുമ്പ് തടങ്ങളിൽ കുമ്മായം ചേർക്കുന്നതു വാട്ടത്തെ തടയും. നട്ട് ഒന്നും രണ്ടും മാസങ്ങളിൽ സെന്റിന് 100 –200 ഗ്രാം യൂറിയ ചെടികൾക്കു ചുറ്റും വിതറി മണ്ണിൽ കൊത്തിച്ചേർക്കാം. ഈ സമയത്ത് മണ്ണിരക്കമ്പോസ്റ്റും ചേർക്കാം. തുടർന്ന് ഇളകിയ മണ്ണു ചുവട്ടിൽ കൂട്ടണം. വഴുതനയിൽ കായും തണ്ടും തുരക്കുന്ന കീടശല്യം വരാം. കേടു വന്ന ഭാഗങ്ങൾ മുറിച്ചെടുത്ത് ചുടുക.

മുളകിൽ ഇലകളിലും കായ്കളിലും പൊട്ടു വന്ന് അഴുകുന്ന രോഗമാണ് ആന്ത്രാക്നോസ്. ബോർഡോ മിശ്രിതം സ്പ്രേ ചെയ്താൽ നിയന്ത്രിക്കപ്പെടും. സ്യൂഡോമോണാസ് കൾച്ചർ സ്പ്രേ ചെയ്യുന്നതും നല്ലത്. സ്യൂഡോമോണാസ് കൾച്ചർ സ്പ്രേ ചെയ്യുന്നതുവഴി കുമിൾ, ബാക്ടീരിയ രോഗങ്ങൾ നിയന്ത്രിക്കാം. വെള്ളീച്ച, ജാസിഡ് എന്നിവയ്ക്കെതിരെ വെളുത്തുള്ളി–വേപ്പെണ്ണ–സോപ്പു മിശ്രിതം ഫലപ്രദം.

വെള്ളരിവർഗങ്ങൾ

cucumber വെള്ളരി

പാവലിനും പടവലത്തിനും രണ്ടാഴ്ച കൂടുമ്പോൾ വളവും രണ്ടാഴ്ച കൂടുമ്പോൾ പച്ചച്ചാണകസ്ലറിയും നൽകാം. കുരുടിപ്പിനെതിരേ വെളുത്തുള്ളി–വേപ്പെണ്ണ–സോപ്പു മിശ്രിതം, കോൺഫിഡോർ, അസഫേറ്റ് എന്നിവ ഫലപ്രദം. തൈകളായിരിക്കുമ്പോഴും പടർന്നു തുടങ്ങുമ്പോഴും കുരുടിപ്പിനെതിരെ സ്പ്രേ ചെയ്താൽ നിയന്ത്രണത്തിലാകും. വെള്ളരിവർഗങ്ങൾ കായ്ക്കുന്ന കാലങ്ങളിൽ രാസകീടനാശിനികൾ സ്പ്രേ ചെയ്യരുത്. കായീച്ചയ്ക്കെതിരെ ഫിറമോൺ കെണി ഫലപ്രദം. ഇലകളിൽ പൊട്ടുണ്ടാക്കി അഴുകലും മഞ്ഞളിപ്പും ഉണക്കവും ഉണ്ടാക്കുന്ന കുമിൾരോഗമായ ഡൗണി മിൽഡ്യു പ്രതീക്ഷിക്കാം. ഡൈത്തേൻ എം 45, ഇൻഡോഫിൽ എം–45 എന്നിവയിലൊന്ന് 2–4 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് ഒരാഴ്ച ഇടവേളയിൽ രണ്ടു തവണ സ്പ്രേ ചെയ്യുക.