Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പച്ചക്കറികളിൽ മീലിമൂട്ട

mealybug മീലിമൂട്ട

നീരൂറ്റിക്കുടിച്ച് ചെടിയെ ഉണക്കുന്ന മീലിമൂട്ട അഥവാ മുഞ്ഞ എന്ന കീടത്തിന്റെ ആക്രമണം വ്യാപകമായി കണ്ടുവരുന്നു. ഈ പ്രാണികൾക്കു മൃദുവായ ശരീരമാണ്. ഇതു പഞ്ഞിപോലെയുള്ള മെഴുകുസ്രവംകൊണ്ടു മൂടിയിരിക്കും. ഈ പ്രാണികളുടെ വിസർജ്യത്തിനു തേൻ മധുരമായിരിക്കും. ഇത് ഭക്ഷിക്കാൻ ഉറുമ്പുകളുമെത്തും. അതായത് മീലിമൂട്ടയുടെ സാന്നിധ്യമുള്ളിടത്ത് ഉറുമ്പുകളും ഉണ്ടാകും. ഈ ഉറുമ്പുകളെ നിയന്ത്രിക്കാനായാൽതന്നെ ഈ കീടത്തെയും നശിപ്പിക്കാം. കാരണം ഉറുമ്പുകൾക്ക് മധുരം കിട്ടുന്നതിന് പ്രത്യുപകാരമായി സ്വയം ചലനശേഷിയില്ലാത്ത മീലിമൂട്ടകളെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് നീക്കുന്നതിനു സഹായിക്കുന്നു. നീരൂറ്റിക്കുടിച്ച് ഉണങ്ങിയ ഭാഗത്തുനിന്നും ആഹാരം തേടി പച്ചപ്പുള്ളിടത്തേക്ക് നീങ്ങേണ്ടത് ഇരുജീവികൾക്കും ആവശ്യമാണ്. മീലിമൂട്ടകൾ ആഹാരം കിട്ടാതെ നശിക്കാൻ ഉറുമ്പുകളെ അകറ്റിയാൽ മതിയാകും.

പുകയിലക്കഷായം തളിച്ചും റോഗർ എന്ന കീടനാശിനി 1.5 മി.ലീ. ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കിത്തളിച്ചും മുഞ്ഞയെ നിയന്ത്രിക്കാം. ഉറുമ്പുകളെ അകറ്റാൻ കാർബറിൽ പൊടി തൂവിയാലും മതി. കീടബാധ രൂക്ഷമായി കണ്ട ചെടിയുടെ ഭാഗങ്ങൾ മുറിച്ചെടുത്തു നശിപ്പിക്കണം. കളകൾ നീക്കി കൃഷിസ്ഥലം വെടിപ്പായി സൂക്ഷിക്കുകയും ചെയ്താൽ കീടനിയന്ത്രണം സാധ്യമാകും.