Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കറുത്ത പൊന്നിനു വെളുത്ത ശത്രു

mealy-bug കുരുമുളകുവേരിൽ മീലിമൂട്ട ആക്രമണം

കുരുമുളകു കർഷകർ ഈയിടെയായി നേരിടുന്ന പ്രധാന പ്രശ്നം കുരുമുളകു വേരിനെ ആക്രമിക്കുന്ന മീലിമൂട്ടയാണ്. വെളുത്ത നിറത്തിൽ ചെറിയ മുട്ടകളുടെ രൂപസാദൃശ്യമുള്ള ഇവ വേരിൽനിന്നും മണ്ണിനടിയിലെ തണ്ടു ഭാഗങ്ങളിൽനിന്നും നീരൂറ്റിക്കുടിക്കുന്നു. തുടർന്ന് ഇലകളിൽ മഞ്ഞളിപ്പും കൊടികൾക്കു വാട്ടവുമുണ്ടാകുന്നു. അഞ്ചു തരം മീലിമൂട്ടകൾ കുരുമുളകിന്റെ വേരിനെ ആക്രമിക്കുന്നതായി കണ്ടിട്ടുണ്ട്. ഒപ്പം ഫൈറ്റോഫ്തോറ കുമിൾരോഗവും നിമാ വിരകളുടെ സാന്നിധ്യവും കണ്ടുവരുന്നു. മണ്ണിൽനിന്നു രണ്ടു മീറ്റർ താഴ്ചയുള്ള വേരിൽ വരെ ഇവയെ കാണാം.

കൊടികളിൽ കീടാക്രമണം കാലവർഷത്തിന്റെ അവസാനത്തോടെ, നവംബർ–ഡിസംബർ മാസങ്ങളിൽ രൂക്ഷമാകുന്നു. കേരളത്തിലെ തണുപ്പുള്ള പ്രദേശങ്ങളായ ഇടുക്കി, വയനാട് ജില്ലകളിലും കർണാടകയിലെ കുടക് ജില്ലയിലുമാണ് ഇവയുടെ ആക്രമണം വ്യാപകമായി കാണുന്നത്.

വായിക്കാം ഇ - കർഷകശ്രീ

കുരുമുളകിന് ഇടവിളയായി കൃഷി ചെയ്യുന്ന ഇഞ്ചി, ചേന എന്നിവയിലും താങ്ങായി ഉപയോഗിക്കുന്ന മുരുക്കിലും കുരുമുളകു തോട്ടത്തിൽ കാണുന്ന കളകളിലും ഇവയുടെ സാന്നിധ്യം കാണാം. ഇലയിലെ മഞ്ഞളിപ്പും കൊടികളുടെ ചുവട്ടിലെ ഉറുമ്പുകളുടെ സാന്നിധ്യവും മീലിമൂട്ട ആക്രമണത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.

മീലിമൂട്ടകളെ തോട്ടത്തിൽ വ്യാപിപ്പിക്കുന്നതിൽ ഉറുമ്പുകൾ പ്രധാന പങ്ക് വഹിക്കുന്നതിനാലും ഇവയുടെ സാന്നിധ്യം മറ്റു കളകളിലും വിളകളിലും കണ്ടുവരുന്നതിനാലും നിയന്ത്രണത്തിനു സമഗ്രമായ രീതി സ്വീകരിക്കേണ്ടതുണ്ട്.

നിയന്ത്രണം: ക്ലോർപൈറിഫോസ് (ഒരു ലീറ്റർ‌ വെള്ളത്തിലേക്ക് 3 മി.ലീ) ഇമിഡാക്ലോപ്രിഡ് (ഒരു ലീറ്റർ വെള്ളത്തിലേക്ക് 0.5 തൊട്ട് 0.7 മി.ലീ) എന്നീ കീടനാശിനികൾ ഇവയ്ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാം. ഒരു കൊടിക്ക് 5–7 ലീറ്റർ കീടനാശിനി ലായനി ആവശ്യമാണ്. ഇത് വേരിന് പരുക്കു പറ്റാത്ത രീതിയിൽ ചെറിയ തടമെടുത്ത് മണ്ണിൽ ഇറങ്ങിച്ചെല്ലുന്ന വിധം സാവധാനം ഒഴിച്ചുകൊടുക്കുകയാണ് വേണ്ടത്. തുടർന്നും ആക്രമണമുണ്ടെങ്കിൽ 20 മുതൽ 30 ദിവസങ്ങൾക്കു ശേഷം മരുന്നു പ്രയോഗം ആവർത്തിക്കണം.

തയാറാക്കിയത്: നാജിത ഉമ്മർ, പിഎച്ച്ഡി വിദ്യാർഥിനി, ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചറൽ എന്റമോളജി, കോളജ് ഓഫ് ഹോർട്ടികൾച്ചർ, വെള്ളാനിക്കര.

ഫോൺ : 89430 76067