Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാലടി ഉയരത്തിൽ നടുവുയർത്തി

black-pepper-farmer-varkeychan-kunjoonju വർക്കിച്ചനും കുഞ്ഞൂഞ്ഞും. ചിത്രം: ആർ.എസ്. ഗോപൻ

ചോലയിൽ നിൽക്കുമ്പോഴും നിറയെ തിരികൾ, പലതിനും 20 സെ.മീയിലേറെ നീളം, തിരിപിടിക്കുന്ന പാർശ്വശിഖരങ്ങൾക്കും പതിവില്ലാത്ത നീളം –75 സെ.മീ വരെ, സാധാരണ ഇനങ്ങളെക്കാൾ ലിറ്റർവെയ്റ്റ് കൂടുതൽ– മുണ്ടക്കയം പുഞ്ചവയൽ സ്വദേശി പള്ളിക്കുന്നേൽ പി.കെ. കുഞ്ഞൂഞ്ഞ് കണ്ടെത്തിയ കൈരളി കുരുമുളകിന്റെ സവിശേഷതകളേറെ.

പതിനെട്ടു വർഷം മുമ്പ് ഈ ചെറുകിട കർഷകൻ രൂപം കൊടുത്ത ഇനം പക്ഷേ ഇനിയും കാർഷിക കേരളം വേണ്ടതുപോലെ ഏറ്റെടുത്തിട്ടില്ല. ഉൽപാദനം മെച്ചപ്പെടുത്താനുള്ള വഴികൾക്കപ്പുറം വിൽപനയ്ക്കുള്ള തന്ത്രങ്ങൾ ചെറുകിട കർഷകനായ അദ്ദേഹത്തിനു വഴങ്ങിയില്ലെന്നതാണ് വാസ്തവം. ജീരകമുണ്ടിയും മരംപിടത്തിയും ചേർത്തുണ്ടാക്കിയ കൈരളിയെക്കുറിച്ച് ചില പത്രവാർത്തകൾ വന്നതിനപ്പുറം കാര്യമായ അംഗീകാരമൊന്നും അദ്ദേഹത്തെ തേടിയെത്തിയില്ല. സ്വന്തം പുരയിടത്തിലും പിന്നെ പരിചയക്കാരും ബന്ധുക്കളും വാർത്ത വായിച്ചെത്തിയവരുമായ ഏതാനും പേരുടെ കൃഷിയിടത്തിലും മാത്രമാണ് ഒന്നര ദശകം കൊണ്ട് കൈരളിയുടെ വേരോട്ടമുണ്ടായത്.

വായിക്കാം ഇ - കർഷകശ്രീ

പ്രമുഖ കർഷകനായ കോരുത്തോട് അടുപ്പുകല്ലുങ്കൽ വർക്കിച്ചൻ മൂന്നു വർഷം മുമ്പ് കുഞ്ഞൂഞ്ഞിന്റെ പുരയിടത്തിൽ കൈരളിയുടെ വിളപ്പൊലിമ കാണാനിടയായി. കേരളത്തിലെ കുരുമുളകുകൃഷിയുടെ മുഖച്ഛായ മാറ്റാൻ കഴിയുന്ന കണ്ടെത്തലാണിതെന്നു വർക്കിച്ചൻ പറഞ്ഞെങ്കിലും കുഞ്ഞൂഞ്ഞിന് ഉൾക്കൊള്ളാനായില്ല. ഒന്നര ദശകമായി ലഭിക്കാതിരുന്ന അംഗീകാരം ഇനി ഉണ്ടാകുമോ?. വർക്കിച്ചനാവട്ടെ, കേരളത്തിലെ ഓരോ വീട്ടിലും കറുത്ത പൊന്നിന്റെ സമൃദ്ധിയുണ്ടാക്കുന്നതിനെക്കുറിച്ചാണ് ആലോചിച്ചത്. കുഞ്ഞൂഞ്ഞ് നൽകിയ കുരുമുളകുവള്ളികൾ കോരുത്തോട്ടിലെ അടുപ്പുകല്ലുങ്കൽ വീടിനു ചുറ്റും മുറിച്ചു നട്ട വർക്കിച്ചൻ മൂന്നു വർഷത്തിനുള്ളിൽ മികച്ച മാതൃസസ്യശേഖരത്തിനു രൂപം കൊടുത്തു.

black-pepper-in-hand അസാധാരണ നീളമാണ് കൈരളിയുടെ തിരികൾക്ക്. ചിത്രം: ആർ.എസ്. ഗോപൻ

പൂച്ചട്ടികളിൽ കുറ്റിക്കുരുമുളകായും മരങ്ങളിൽ പടർത്തിയുമൊക്കെ വളർത്താമെങ്കിലും പുരയിടങ്ങൾക്കായി വർക്കിച്ചൻ രൂപപ്പെടുത്തിയ സവിശേഷ കൃഷിരീതി കൈരളിയെ വീണ്ടും കർഷകരുടെ ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുന്നു. വൃക്ഷവിളകൾക്കിടയിലുള്ള സ്ഥലത്തുനിന്ന് അധികവരുമാനമുണ്ടാക്കാൻ ഇതു സഹായിക്കുമെന്നാണ് വർക്കിച്ചന്റെ നിരീക്ഷണം. ഇടവിളയായി കുറ്റിച്ചെടി പോലെ കുരുമുളക് വളർത്തുന്ന ഈ രീതി നിലവിലുള്ളതൊന്നും വെട്ടിനീക്കാതെതന്നെ നടപ്പാക്കാം.

വനിലക്കൃഷിയുടെ പ്രതാപകാലത്ത് കേരളമാകെ ശ്രദ്ധിച്ചതാണ് കോട്ടയം കോരുത്തോട്ടിലെ മൂന്നേക്കറിൽ ജോർജ് മാത്യു എന്ന വർക്കിച്ചനും കുടുംബവും നടത്തിയ മുന്നേറ്റങ്ങൾ. വനിലയുടെ വസന്തത്തിനു ശേഷവും വർക്കിച്ചൻ തന്റെ കാർഷികപരീക്ഷണങ്ങൾ തുടർന്നു. റംബുട്ടാൻ, പുലോസാൻ, മാങ്കോസ്റ്റിൻ തോട്ടമായി പുരയിടത്തെ മാറ്റിയത് അങ്ങനെയാണ്. കൊക്കോയുടെ വരുമാനസാധ്യതയും പ്രയോജനപ്പെടുത്തി. നല്ല ആദായം നൽകുന്ന ഈ ഫലവൃക്ഷങ്ങളുടെയും കൊക്കോയുടെയും ഇടയ്ക്കാണ് വർക്കിച്ചൻ പുതിയ ഇനം കുരുമുളക് നട്ടുവളർത്തുന്നത്.

ബ്രസീലിൻ തിപ്പലി എന്നറിയപ്പെടുന്ന കൊളുബ്രിനത്തിൽ കൈരളി തണ്ടുകൾ ഗ്രാഫ്റ്റ് ചെയ്തുണ്ടാക്കിയ തൈകൾ വീതികുറഞ്ഞ വാരങ്ങളിൽ നിരയായി നടുന്ന രീതിയാണ് ഇവിടെ. ഒരടി ഉയരമുള്ള കൊളുബ്രിനത്തിലാണ് ഗ്രാഫ്റ്റ് ചെയ്തു തുടങ്ങുന്നത്. കൊളുബ്രിനം വീണ്ടും ഒരടി കൂടി വളരുമ്പോൾ കൈരളി ഗ്രാഫ്റ്റ് ചെയ്ത് അടുത്ത തട്ടുണ്ടാക്കാം. ഇപ്രകാരം മൂന്നും നാലും തട്ടുകളായി ഗ്രാഫ്റ്റ് ചെയ്ത് നാലടി വരെ ഉയരമുള്ള കുറ്റിച്ചെടി സൃഷ്ടിക്കാമെന്നാണ് ഇദ്ദേഹം കാണിച്ചുതരുന്നത്. തട്ടുകളുടെ എണ്ണവും പാർശ്വശിഖരങ്ങളുടെ നീളവുമേറുന്നതാണ് ഉൽപാദനം കൂട്ടുന്ന ഘടകങ്ങൾ.

black-pepper-farming കൈരളി കുരുമുളക് വളർത്തുന്നതിനു വർക്കിച്ചൻ കണ്ടെത്തിയ ശൈലി. ചിത്രം: ആർ.എസ്. ഗോപൻ

ഈ കണ്ടെത്തൽ പരമാവധി വീടുകളിലെത്തിക്കണമെന്നതിനപ്പുറം ആദായചിന്തകളോ പ്രശസ്തിമോഹമോ മറ്റ് അവകാശവാദങ്ങളോ തനിക്കില്ലെന്നു വർക്കിച്ചൻ. അതേസമയം കുഞ്ഞൂഞ്ഞിനവകാശപ്പെട്ട നേട്ടം മറ്റാരും തട്ടിയെടുക്കാതിരിക്കാനുള്ള ജാഗ്രതയുണ്ടുതാനും. കൈരളിയുടെ മികവായി ഇദ്ദേഹം ചൂണ്ടിക്കാട്ടുന്ന അഞ്ച് കാര്യങ്ങളുണ്ട്.

1. ചോലകളിലും മികച്ച വിളവ്
2. തിരികൾക്ക് അസാധാരണ നീളം
3. കുറ്റിക്കുരുമുളകായി ചട്ടികളിലും നിലത്തും വളർത്താം
4. പല തട്ടുകളായി ഗ്രാഫ്റ്റ് ചെയ്താൽ ഒരു ചുവട്ടിൽനിന്ന് മൂന്നു കിലോ വരെ വിളവ്, ചട്ടികളിലാണെങ്കിൽ ഒന്നര കിലോ വരെയും
5. വർഷം മുഴുവൻ വിളവെടുക്കാം

വീട്ടമ്മമാർക്ക്, പ്രത്യേകിച്ച് നഗരവാസികൾക്ക് സ്വന്തം ആവശ്യത്തിനുള്ള മുഴുവൻ മുളകും ഈ രീതിയിൽ ഉൽപാദിപ്പിക്കാമെന്നു വർക്കിച്ചൻ ചൂണ്ടിക്കാട്ടുന്നു. സൂര്യപ്രകാശത്തിന്റെ ലഭ്യത കുറഞ്ഞാലും കൈരളി കലഹിക്കില്ലെന്നത് ബാൽക്കണി തോട്ടങ്ങളിലേക്കും ഇവയെ യോഗ്യമാക്കുന്നുണ്ട്.

തണലിലും വളരുന്ന ഈയിനം കൊക്കോയുടെയും റംബുട്ടാന്റെയുമൊക്കെ ഇലച്ചാർത്തിനു കീഴിലായി നിരയൊപ്പിച്ചു നട്ടിരിക്കുകയാണിവിടെ. ഫലവൃക്ഷങ്ങളുടെ തണലിൽ നിലത്ത് നിരയായി കുറ്റിച്ചെടി പോലെ പല തട്ടുകളായി നിൽക്കുന്ന കുരുമുളകുചെടികൾ പുതുമയുള്ള കാർഷികകാഴ്ച തന്നെ. മിശ്രവിളകളാൽ സമ്പന്നമായ കേരളത്തിലെ പുരയിടങ്ങളിൽ കുരുമുളക് കൃഷി നടത്താൻ വഴിയൊരുക്കുമെന്നതു മാത്രമല്ല ഈ കണ്ടെത്തലിന്റെ സവിശേഷത. മരത്തിൽ കയറാതെയും തൊഴിലാളിയുടെ സഹായമില്ലാതെയും മരുന്നുതളി മുതൽ വിളവെടുപ്പ് വരെ നടത്താനും നടുവുയർത്തി നിൽക്കുന്ന കുരുമുളക് വഴിയൊരുക്കുന്നു.

വർഷത്തിലൊരിക്കൽ ചാണകം നൽകുന്നതല്ലാതെ മറ്റ് പോഷണങ്ങളൊന്നും നൽകാറില്ല. വളർച്ചയെത്തിയ കൈരളി കുരുമുളകിൽനിന്നു മൂന്നാം വർഷംമുതൽ പ്രതിവർഷം മൂന്നു കിലോ കുരുമുളക് കിട്ടുമെന്നാണ് വർക്കിച്ചന്റെ കണക്ക്. അതനുസരിച്ച് പത്തു സെന്റ് പുരയിടത്തിൽ നൂറെണ്ണം നട്ടുവളർത്തിയാൽ 300 കിലോ കുരുമുളക് അഥവാ 1,20,000 രൂപ കിട്ടും. മൂന്നിലൊന്നു ഉൽപാദനമേ ഉള്ളുവെങ്കിൽ പോലും വരുമാനം മോശമാവില്ല. പുറംജോലികൾക്ക് അവസരമില്ലാത്ത വീട്ടമ്മമാർക്കും വിദ്യാർഥികൾക്കും വൃദ്ധജനങ്ങൾക്കുമൊക്കെ കാശുണ്ടാക്കാൻ കൈരളി സഹായിക്കുമെന്നു സാരം.

മൂന്നു വർഷത്തെ പരീക്ഷണക്കൃഷിയിൽ മികച്ച ഫലം കിട്ടിയെങ്കിലും വർക്കിച്ചനു പക്ഷേ വലിയ അവകാശവാദങ്ങളില്ല. ഇതൊരു  സാധ്യതയാണ്, വലിയ നേട്ടങ്ങൾ ഈയിനത്തിലൂടെ സാധ്യമായേക്കും  – അത്രയേ അദ്ദേഹത്തിനു പറയാനുള്ളൂ. കൊളുബ്രിനം ചതുപ്പുനിലങ്ങളിലും വളരുമെന്നതിനാൽ കുട്ടനാട് പോലുള്ള പ്രദേശങ്ങളിലും ഈ രീതിയിൽ കുരുമുളക് ഉൽപാദിപ്പിക്കാമെന്നാണ് വർക്കിച്ചന്റെ പ്രതീക്ഷ. പുതിയ ഇനങ്ങളുടെ നടീൽവസ്തുക്കൾ വിറ്റുകാശാക്കാൻ ആവേശം കൊള്ളുന്നവരുള്ളപ്പോൾ ഇദ്ദേഹത്തിന്റെ ചിന്ത വ്യത്യസ്തമാണ്. തന്റെ നഴ്സറിയിലെത്തുന്നവരോട് പരമാവധി കുറച്ചു തൈകൾ വാങ്ങാനാണ് വർക്കിച്ചൻ നിർദേശിക്കുക. ഏതാനും തൈകൾ വളർത്തിവലുതാക്കിയശേഷം അവയുടെ പാർശ്വശിഖരങ്ങൾ ഗ്രാഫ്റ്റ് ചെയ്ത് സ്വന്തം ആവശ്യത്തിനുള്ള തൈകൾ ഉൽപാദിപ്പിക്കാവുന്നതേയുള്ളൂ– വർക്കിച്ചൻ നിർദേശിക്കുന്നു. ഇതിനായി കൊളുബ്രിനത്തിന്റെ തണ്ടും ഇവിടെനിന്നു നൽകും. താൽപര്യമുള്ളവരെ അഞ്ചു മിനിറ്റിനകം ഗ്രാഫ്റ്റിങ് സൗജന്യമായി പഠിപ്പിക്കാനും വർക്കിച്ചനും ഭാര്യ ജെസിയും സദാ സന്നദ്ധം.

ഫോൺ– 9447660017 (വർക്കിച്ചൻ)
7026551131 (കുഞ്ഞൂഞ്ഞ്)