Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലത്തെ വെല്ലുന്ന സുന്ദരിത്തത്തകൾ

lutino-lovebird-pet ലൂട്ടിനോ

ആഫ്രിക്കൻ ലൗബേർഡ്സ് എന്നാല്‍ സാക്ഷാൽ ലൗബേർഡുകൾ. പച്ചയും മഞ്ഞയും നീലയും ചുവപ്പുമൊക്കെയായി തീക്ഷ്ണവർണങ്ങൾ നിറഞ്ഞ മേനി. പരിസരവുമായി ഇണങ്ങി പ്രജനനം നടത്തുന്ന പ്രകൃതം. പീച്ച് ഫേസ്ഡും ഫിഷറും മാസ്ക്ഡും തുടങ്ങി വിവിധ ഇനങ്ങളില്‍ വർണവിന്യാസങ്ങളുടെ കുടമാറ്റങ്ങളാൽ നമ്മുടെ ഹൃദയങ്ങളിൽ ചേക്കേറുന്നവർ. നന്നായി പ്രജനനം നടത്തുന്ന ഇവയുടെ വളര്‍ത്തല്‍ നല്ല വരുമാനവഴിയുമാണ്.

ഇനങ്ങൾ

ലൗബേർഡ്‌സിനെ പീച്ച് ഫേസ്‌ഡ്, മാസ്ക്ഡ്, ഫിഷർ എന്നിങ്ങനെ മൂന്നായി തിരിക്കാം. റോസാദളംപോലെ ചുവന്ന കവിളുകളാണ് പീച്ച് ഫേസ്ഡിന്റെ സവിശേഷത. ഗോൾഡൻ ചെറി, അമേരിക്കൻ പൈഡ്, ഫേസൽ ബ്ലൂ എന്നിവ പീച്ച് ഫേസ്‌ഡിന്റെ വകഭേദങ്ങള്‍. കണ്ണിണകളെ ചുറ്റുന്ന വെള്ളവളയം പീച്ചിനുണ്ട്; ചുണ്ടുകൾക്ക് നേർത്ത മഞ്ഞനിറവും. മാസ്ക്‌ഡ് ലൗബേർഡാകട്ടെ, ചുണ്ടു ചുവന്നതും ക്രീം നിറമുള്ളതുമായി രണ്ടു വിഭാഗങ്ങളുണ്ട്. മുഖത്തെ കറുപ്പ് കലർന്ന ആവരണമാണ് പ്രധാന തിരിച്ചറിയൽ അടയാളം. കണ്ണിനു ചുറ്റുമുള്ള വെള്ളവളയങ്ങൾ നിർബന്ധം. ചുണ്ടു ചുവന്നവയിൽ ബ്ലാക്ക് മാസ്ക്ഡ്, ബ്ലൂ മാസ്ക്ഡ്, യെല്ലോ മാസ്ക്ഡ് എന്നിങ്ങനെയും ക്രീം ചുണ്ടുള്ളവയിൽ ബ്ലൂ മാസ്ക്ഡ്, മോവ്, വൈറ്റ് മാസ്ക്‌ഡ് എന്നിങ്ങനെയും ഉപവിഭാഗങ്ങളുണ്ട്. മാസ്ക്ഡ് തത്തകളിൽ മുഖത്ത് കറുത്തതോ കറുപ്പ് കലർന്നതോ ആയ ആവരണം ഉണ്ടാകുമെന്നതാണ് പ്രധാന സവിശേഷത. ചുണ്ട് ചുവന്നതോ ക്രീം കളറിലോ ആകാം.

വായിക്കാം ഇ - കർഷകശ്രീ

ഫിഷർ ലൗബേർഡുകളാകട്ടെ, ടാൻസാനിയക്കാരാണ്. തലയും ചുണ്ടുമെല്ലാം ചുവന്ന ഇവയുടെ കണ്ണിനു ചുറ്റും വെള്ള വളയമുണ്ടാകും. നെഞ്ചിൽ ഓറഞ്ച് കലർന്ന ചുവപ്പ് നിറമാണ് സാധാരണ മാതൃക. യെല്ലോ ഫിഷറും ലൂട്ടിനോ ഫിഷറും ഇവയുടെ ജനിതകവ്യതിയാനങ്ങളാണ്. ലൂട്ടിനോ ഫിഷറിന് ചുവന്ന ചുണ്ടുകളും കറുത്ത കണ്ണുകളുമാണുള്ളതെങ്കിൽ യെല്ലോ ഫിഷറിനു മഞ്ഞ ചുണ്ടുകളും ചുവന്ന കണ്ണുകളുമാണുള്ളത്.

ഇത്തിരി തീറ്റക്കാര്യം

yellow-fischers-lovebird-pet യെല്ലോ ഫിഷർ

ആഫ്രിക്കൻ തത്തകൾക്ക് പയർ, കടല, ഗ്രീൻപീസ്, വെള്ളക്കടല തുടങ്ങിയവ മുളപ്പിച്ചു നൽകാം. നെല്ല്, തിന, സൂര്യകാന്തിക്കുരു എന്നിവ നന്നായി കഴുകിയുണക്കി കൊടുക്കണം. കണവനാക്കും ആര്യവേപ്പിലയും ചീരയിലയും ദിനംതോറും നൽകിയാൽ രോഗങ്ങൾ കുറയും. കുഞ്ഞുങ്ങൾ ഒന്നര മാസംകൊണ്ട് സ്വതന്ത്ര ജീവിതം തുടങ്ങിയാൽ കൈത്തീറ്റ രീതിയില്‍ ജുവനൈൽ തീറ്റ നൽകാം. ഒരു വർഷമെത്തുമ്പോള്‍ ആഫ്രിക്കൻ തത്തകൾ പ്രജനനസജ്ജരാകും.

മാതൃത്വം മൺകലങ്ങളിൽ

രണ്ടരയടി വരെ വലുപ്പമുള്ള കൂടുകൾ പ്രജനനത്തിന് ഉപയോഗിക്കാം. ഇണകളെ തിരിച്ചറിയുക വളരെ പ്രധാനമാണ്. കോളനി സമ്പ്രദായത്തിൽ ഒരുമിച്ചിരിക്കുന്നവരെയും കൊക്കുരുമ്മുന്നവരെയും ഒരുമിച്ച് ഒരു കലത്തിൽ കയറുന്നവരെയുമൊക്കെ അടയാളപ്പെടുത്തിയശേഷം ബന്ധം വേർപെടുത്തി വീണ്ടും ഇണകളെ മാറ്റി പരീക്ഷിക്കാം. ഒടുവിൽ ഏറ്റവും ചേര്‍ച്ചയുള്ള ജോഡികളെന്നു കണ്ടെത്തുന്നവയെ ഇണകളാക്കണം.

പ്രജനനകാലത്ത് ഉയർന്ന മാംസ്യമുള്ള ആഹാരം നൽകണം. വെവ്വേറെ പാർപ്പിച്ചിരിക്കുന്ന ഇണകളിൽ ആദ്യം പെൺകിളിയെ കൂട്ടിലിടാം. ഒരു ദിവസത്തിനു ശേഷം അതിരാവിലെ ആൺകിളിയെ പ്രജനനക്കൂട്ടിലേക്ക് പ്രവേശിപ്പിക്കാം. ചെറുനാരുകളും വൈക്കോലുമൊക്കെ ഇട്ടുകൊടുത്താൽ പ്രജനനക്കൂട്ടിൽ ഒരുക്കിയ കലങ്ങളിൽ അവർ സ്വയം കൂടു കൂട്ടും. ഒരു ശീലിൽ 3–4 മുട്ടകളിടും. വർഷത്തിൽ നാലു ശീലുകൾ പ്രതീക്ഷിക്കാം. പെൺകിളികളാണ് അടയിരിക്കുന്നത്. 21–23 ദിവസത്തിനുള്ളിൽ മുട്ടകൾ വിരിയും. ഇരുവരും ചേർന്നു തീറ്റ നല്‍കുന്ന കുഞ്ഞുങ്ങൾ പത്താം ദിവസം കണ്ണ് തുറന്നു തുടങ്ങും. 40–42 ദിവസങ്ങൾക്കുള്ളിൽ മൺകലത്തിനു പുറത്തേക്കു കുഞ്ഞുങ്ങൾ ലോകം കാണാനെത്തും. ക്രമേണ അടുത്ത ശീലിലേക്ക് പോകുന്ന ഇണക്കിളിക്കായി മൺകലം മാറ്റി പുതിയവ വയ്‌ക്കണം.