Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പക്ഷിലോകത്തെ പുതുമുഖങ്ങൾ

pet-bird-bolivian-scarlet-macaw ബൊളീവിയൻ സ്കാർലറ്റ് മക്കാവ്

വന്യജീവി സംരക്ഷണ നിയമപ്രകാരം ഇന്ത്യൻ വനങ്ങളിലെ പക്ഷികളെ വളർത്തുന്നതിൽ നിയന്ത്രണങ്ങളുള്ളതിനാൽ വിദേശതത്തകൾക്കും കിളികൾക്കുമാണ് പെറ്റ്സ് വിപണിയിൽ ഇപ്പോൾ പ്രിയം. തത്ത, ബഡ്ജറിഗർ, ഫിഞ്ച്, വാക്സ്ബിൽ, ആഫ്രിക്കൻ ലവ് ബേർഡ്, ജാവാ കുരുവി, കൊക്കറ്റു തത്ത, കൊക്കറ്റീൽ, കൊനൂർ, പാരക്കീറ്റ് എന്നിങ്ങനെ പോകുന്നു വിദേശപക്ഷികളുടെ നിര. അനുപമ നിറലാവണ്യവും അനുകരണ സാമർഥ്യവുമുള്ള ഇവയുടെ പ്രജനനവും പരിപാലനവും വിപണനവുമൊക്കെ കേരളത്തിലും പൊടിപൊടിക്കുന്നു. നമ്മുടെ നാട്ടിൽ പ്രജനനം നടത്താവുന്ന വിദേശതത്തകൾ അരുമപ്പക്ഷി വിപണിയിൽ ഹരമാണിപ്പോൾ. ഇവയെ പരിചയപ്പെടാം.

ബൊളീവിയൻ സ്കാർലറ്റ് മക്കാവ്: മനം മയക്കുന്ന സൗന്ദര്യമാണ് മക്കാവ് തത്തകൾക്ക്. ചലനപ്രിയരായ ഇവര്‍ ശബ്ദകോലഹലങ്ങളിലും ചെറുകളികളിലും വേളകളിലും മുന്നിൽ. നീണ്ട വാലുകളും കവിളിലെ രോമരഹിതമായ അടയാളവുമാണ് മുഖമുദ്ര. സ്കാർലറ്റ് മക്കാവാണ് ഇപ്പോൾ കേരളത്തിൽ ഹരം. ഓറഞ്ച് കലർന്ന ചുവപ്പ് തൂവലുകളിൽ മഞ്ഞയും പച്ചയും നീലയും അതിരുകളിടും. നീരാട്ടിൽ ഏറെ തൽപരരായ ഇവയ്ക്കു മൃദുവായ തൂവലുകളാണ്. വലിയ പ്രജനന കൂടുകളാണ് നല്ലത്. പ്രജനന സീസണിൽ ശൗര്യം കൂടും. തെക്കേ അമേരിക്കൻ സ്വദേശികളായ ഇവ ഒരു ശീലിൽ രണ്ടറ്റവും കൂർത്ത വെള്ള മുട്ടകളിടും. 2–4 മുട്ടവരെ ഒരു തവണ ഇടും. 28 ദിവസത്തിനുള്ളിൽ മുട്ടകൾ വിരിയും. ‌‌‌

ഗ്രീൻ വിങ്ഡ് മക്കാവ്: വടക്കൻ അർജന്റീനക്കാർ. സുന്ദരവും വിസ്മയകരവുമായ കൊക്കുകൾ. പേരിലെ പച്ചനിറം മേനിയിൽ വെറും ഛായയായി മാറും. അതീവ ബുദ്ധിശാലികളാണ്. നിയന്ത്രിത സാഹചര്യത്തിൽ കേരളത്തിലും പ്രജനനം നടക്കുന്നു. ഒരു ശീലിൽ 3–4 മുട്ടകളിടും. 28–ാം ദിവസം വിരിയും.

pet-bird-green-wing-macaw ഗ്രീൻ വിങ്ഡ് മക്കാവ്

ബ്ലൂ ആൻഡ് ഗോൾഡ് മക്കാവ്: ജനപ്രിയ മക്കാ തത്തകൾ നന്നായി കളിക്കുകയും മനുഷ്യരുമായി ഇണങ്ങുകയും ചെയ്യും. സ്വദേശം വടക്കൻ അർജന്റീന. മേനിക്കു നീലയും സ്വർണ്ണവും ഇടകലർന്ന നിറം. ഒരു ശീലിൽ 2–3 മുട്ടകൾ. വിരിയാൻ 28 ദിവസമെടുക്കും. 86 സെ.മീ വരെ നീളമെത്തുന്ന ഇവ വിശാല തത്തക്കുടുംബത്തിലെ അംഗങ്ങൾ കൂടിയാണ്. 36 വര്‍ഷംവരെ ജീവിക്കുന്ന ഇവയിൽ പലതും സർക്കസ് കൂടാരത്തിലെ ഓമനകളുമാണ്.

pet-bird-blue-and-gold-macaw ബ്ലൂ ആൻഡ് ഗോൾഡ് മക്കാവ്

അംബ്രല്ലാ കൊക്കറ്റു: തലയിൽ വർണശബളമായ വിശറിപ്പൂക്കളുമായി കൊക്കറ്റുകൾ. കളിപ്പാട്ട കൈവണ്ടികൾ വലിക്കാനും ഇന്ദ്രജാലവിദ്യയൊരുക്കാനും പരിശീലിപ്പിക്കാവുന്ന ഇവ സർക്കസുകളിലെ നിറസാന്നിധ്യമാണ്. 100 വർഷംവരെ ജീവിക്കുന്ന അംബ്രല്ലാ കൊക്കറ്റുകൾക്കാണ് ഇപ്പോൾ കേരളത്തിൽ പ്രിയം. തലയിലെ തൂവെള്ള തൊപ്പിത്തൂവലുകൾ ഇതിനു മാറ്റു കൂട്ടും. പിടയുടെ കൃഷ്ണമണികൾ തവിട്ടുനിറത്തിലും പൂവന്റേത് കറുപ്പുനിറത്തിലും കാണാം. യൗവനക്കാരെ കൃഷ്ണമണിയുടെ ചാരനിറം നോക്കി തിരിച്ചറിയാം. ഒരു ശീലിൽ ഒന്നു രണ്ട് മുട്ടകളിടും.

pet-bird-umbrella-cockatoo അംബ്രല്ലാ കൊക്കറ്റു

സൾഫർ ക്രസ്റ്റഡ് കൊക്കറ്റുവും പെരുമയിൽ പിന്നിലല്ല. തലയിൽ വിരിഞ്ഞു നിൽക്കുന്ന, ഗന്ധകനിറമുള്ള തൂവലുകളാണ് ഇവയുടെ സൗന്ദര്യം. ഏതു വിദ്യകളും നന്നായി അഭ്യസിച്ച് അനുകരിക്കും. ഗന്ധകപ്പൂവിന് നീളമേറെയുള്ളവയെ ഗ്രേറ്റർ ക്രസ്റ്റഡ് എന്നും നീളം കുറഞ്ഞവയെ ലെസ്സർ ക്രസ്റ്റഡ് എന്നും വിളിക്കുമെങ്കിലും ലെസ്സറിലാണ് ഒന്നിലധികം ഗന്ധക നിറത്തൂവലുകൾ വിരിഞ്ഞുനിൽക്കുന്നത്. മൊളൂക്കൻ കൊക്കറ്റുവിനും ഈയിടെ പ്രിയമേറുന്നുണ്ട്. അടിവയറ്റിലെ മഞ്ഞനിറവും തലപ്പൂവിലെ പിങ്ക് നിറവുമാണ് ഇവയെ വ്യത്യസ്തമാക്കുന്നത്. പാം കൊക്കറ്റ് വലുപ്പംകൊണ്ട് മെഗാതാരമാണ്. കടുംശ്യാമമേനിയും ചുവന്ന കവിൾ മറുകുകളുമാണ് പ്രത്യേകതകൾ. ശുണ്ഠിയേറുമ്പോൾ കവിളിലെ ശോണിമയ്ക്കു തിളക്കമേറും. മറ്റു കൊക്കറ്റുകൾ 28 ദിവസം അടയിരിക്കുമ്പോൾ പാം കൊക്കറ്റുകൾ 33 ദിവസംവരെ അടയിരിക്കും.

വായിക്കാം ഇ - കർഷകശ്രീ

ഇത്തിരിത്തീറ്റ, ഒത്തിരിക്കാര്യം

അരുമപ്പക്ഷികൾക്ക് ധാന്യങ്ങളും പഴങ്ങളും പച്ചക്കറികളുമൊക്കെയാണ് സാധാരണ തീറ്റ. എന്നാൽ പ്രജനനലക്ഷ്യത്തോടെ പരിപാലിക്കുന്ന പക്ഷികൾക്കായി പ്രത്യേക തീറ്റകൾ ഇപ്പോൾ വിപണിയിലുണ്ട്. മക്കാ തത്തകൾക്കും കൊക്കറ്റു തത്തകൾക്കും ഉയർന്ന കൊഴുപ്പുള്ള തീറ്റ വേണം. വിരിഞ്ഞിറങ്ങി ആദ്യത്തെ ആറു മണിക്കൂർവരെ പീഡിയോലൈറ്റിക് വാട്ടറോ കരിക്കിൻവെള്ളമോ നൽകാം. തുടർന്ന് ഓരോ മൂന്നു മണിക്കൂർ ഇടവിട്ട് ഹാൻഡ് ഫീഡ് അഥവാ കൈത്തീറ്റ നൽകണം. ഒരു സ്പൂൺ തീറ്റ ആറു സ്പൂൺ ചെറുചൂടുവെള്ളത്തിൽ ലയിപ്പിച്ച് സിറിഞ്ചുവഴിയാണ് നൽകുന്നത്. മുതിർന്ന പക്ഷികൾക്ക് ധാന്യങ്ങളും പഴങ്ങളും തീറ്റയാക്കാം. പരമ്പരാഗത രീതിയിൽ കഴുകി കുതിർ‌ത്ത തിന, കുതിർത്ത ചോളം, സൂര്യകാന്തിക്കുരു, പൈൻ വിത്തുകൾ, ഓറഞ്ച്, മുന്തിരി, ആപ്പിൾ, പയർ, ചീര എന്നിവയുടെ മിശ്രിതം നൽകാം. ലോറികൾക്ക് തേനും പൂമ്പൊടിയുമാണ് പ്രധാന തീറ്റ.

pet-bird-feeding പ്രജനനത്തിനായി വളർത്തുന്നവയ്ക്കു പ്രത്യേക ഭക്ഷണം നൽകണം

പ്രണയജോഡികൾ

യഥാർഥ പ്രണയജോഡികളെ കണ്ടെത്തി ഒരുമിപ്പിക്കേണ്ടത് പ്രജനനത്തിൽ ഏറെ പ്രധാനമാണ്. അവയെ കണ്ടെത്താൻ വിരുതു വേണം. വലിയ കൂട്ടിൽ (21 അടി നീളം, 10 അടി ഉയരം, 8 അടി വീതി) നിന്നു വേണം ഇണകളെ തിരഞ്ഞെടുക്കാൻ. പരസ്പരം മുട്ടിയുരുമ്മി തൂവൽ അങ്ങോട്ടുമിങ്ങോട്ടും കൊത്തിമിനുക്കുന്നവയും ഒരുമിച്ചിരുന്ന് ഉറങ്ങുന്നവയും ജോടികളാവാം. ദിവസം മുഴുവൻ ഒന്നിച്ചിരിക്കുന്നവയും പിടയ്ക്കു പൂവൻ തീറ്റ നൽകാൻ ശ്രമിക്കുന്നവയും ഒരു ചെറുപാത്രത്തിൽ ഒരുമിച്ചുണ്ണുന്നവയും അടയിരിക്കാൻ കൂട്ടിലെ ചെറുസ്ഥലം പങ്കുവയ്ക്കുന്നവയുമൊക്കെ നല്ല ജോടികളാണ്. ഇടയ്ക്ക് പിരിച്ച് വീണ്ടും കൂട്ടത്തിൽ ഒരുമിച്ചിട്ടാൽ വീണ്ടും ഒന്നാകുന്നവ ജോടികളാണെന്നുറപ്പിക്കാം. അവയ്ക്കു നല്ല തീറ്റ നൽകി ഒരാഴ്ച പ്രത്യേകം പാര്‍പ്പിച്ച് ഒരു സുപ്രഭാതത്തിൽ പ്രജനനക്കൂട്ടിലേക്ക് ഒരുമിച്ച് കൊണ്ടുവരണം. പ്രജനനം വിജയകരമാകാൻ അതേ വഴിയുള്ളൂ. മധുരക്കിഴങ്ങ്, സൂര്യകാന്തിക്കുരു, സോയാബീൻ, വെളുത്തുള്ളി എന്നിവ പുഴുങ്ങിയരച്ച് തോടോടുകൂടി പുഴുങ്ങിയ മുട്ട ഉടച്ചുണക്കിയതുമായി ചേർത്ത് ഒലിവെണ്ണയും യീസ്റ്റും കാരറ്റ് ജ്യൂസും തേനും ജീവകമിശ്രിതവും ഒരു നുള്ള് ഉപ്പുമൊക്കെ ചേർത്ത്, സ്വാദിഷ്ഠമായ മൃദു ആഹാരംകൂടി നൽകിയാൽ അത് പ്രജനനം മെച്ചപ്പെടാൻ സഹായിക്കും.

കണ്ടെത്താം ലിംഗഭേദം

പുതുപ്പക്ഷികളിൽ പലതും 90–ാം ദിവസമാണ് കുഞ്ഞുങ്ങളെ സ്വതന്ത്രരാക്കുന്നത്. ഈ അവസരത്തിൽ പൂവൻ–പിട വേർതിരിച്ചറിയാൻ പ്രയാസമാണ്. ഡിഎൻഎ ടെസ്റ്റാണ് ലിംഗഭേദം നിർണയിക്കാൻ ഇപ്പോൾ അടിസ്ഥാനമാക്കുന്നത്. നെഞ്ചിൽനിന്നു പറിച്ചെടുത്ത തൂവലുകളോ പുറത്തു കാണാവുന്ന നേർത്ത ഞരമ്പിൽ കുത്തി പുറത്തെടുക്കുന്ന ഒരു തുള്ളി രക്തം പേപ്പറിൽ ഉണക്കി കട്ട പിടിപ്പിച്ചതോ വിരിഞ്ഞിറങ്ങുന്ന പൊട്ടിയ മുട്ടത്തോടോ (ഉള്ളിലെ നേർത്ത രക്തഞരമ്പുകൾ ഉണങ്ങിയശേഷം) ഇതിനായി അയയ്ക്കാം. ഞരമ്പുകളിലോ പറിച്ചെടുക്കുന്ന തൂവലുകളിൽ പറ്റിയിരിക്കുന്ന കോശകലകളിലോ ഉണങ്ങിയ രക്തത്തിലോ കൈകൊണ്ടു തൊടരുത്. സിപ്പ് ലോക്ക് ബാഗുകളിൽ ഇവ ഡിഎൻഎ ലാബിലേക്ക് അയയ്ക്കാം. ഡൽഹി ഗുർഗാവിലെ എവിജീൻ എന്ന സ്ഥാപനത്തെയാണ് ഇപ്പോൾ പക്ഷിപ്രേമികൾ ആശ്രയിക്കുന്നത്. 14–ാം പക്കംതന്നെ കാലിൽ ധരിപ്പിക്കേണ്ട ലോഹവളയമിട്ടാൽ പക്ഷികളെ തിരിച്ചറിയാം. പക്ഷി സൊസൈറ്റികൾ അംഗത്തിന് അനുവദിച്ചുനൽകുന്ന കോഡ് നമ്പർ, കുഞ്ഞ് ജനിച്ച വർഷം, കുഞ്ഞിന്റെ ക്രമനമ്പർ എന്നിവയെല്ലാം ഇതിൽ രേഖപ്പെടുത്തണം. അന്തർപ്രജനനം ഒഴിവാക്കാനുള്ള പക്ഷികളുടെ ജാതകംതന്നെയാണിത്.

വനസദൃശ്യ അന്തരീക്ഷം

വർണപ്പക്ഷികൾ മരക്കാടുകളിലും യൂക്കാലിപ്റ്റസ് വനങ്ങളിലും വനാന്തരങ്ങളിലുമൊക്കെയാണ് കഴിഞ്ഞതെന്ന് പ്രത്യേകം ഓർക്കണം. വിസ്മയകരമായി പ്രജനനം നടത്തുന്ന വിദേശ പക്ഷികൾക്ക് ക്ലേശരഹിതമായ ഒരു പ്രജനന അന്തരീക്ഷമൊരുക്കണം. മരങ്ങളും പഴച്ചെടികളും മുളങ്കാടുകളുമൊക്കെ ഉൾപ്പെടുന്ന ഏവിയറികളോ കൃത്രിമ വെള്ളച്ചാട്ടങ്ങളും മരക്കൊമ്പുകളിലുള്ള കൂടുകളോ ഒക്കെ ഉണ്ടങ്കിൽ നല്ല തിരഞ്ഞെടുപ്പിലും നല്ല തീറ്റയിലും നല്ല പ്രജനനതന്ത്രങ്ങളിലും പുതുപ്പക്ഷികള്‍ പൊൻനാണയങ്ങൾ നേടിത്തരുമെന്നതിൽ സംശയമില്ല.

ഫോൺ: 9847111827

Your Rating: