Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സച്ചിന്റെ അമ്മക്കിളിക്കൂട്

karshakasree111

(അരുമപ്പക്ഷികൾക്കു മുട്ടയിടാനും അടയിരിക്കാനും കുഞ്ഞുങ്ങളെ പോറ്റാനും സുഖം പകരുന്ന നെസ്റ്റ് ബോക്സുകൾ നിർമിച്ചു വിപണിയിലെത്തിക്കുന്ന ബിടെക് വിദ്യാർഥി)

ബിടെക് ബിരുദം കയ്യിലെത്തും മുമ്പേ, ജീവിക്കാനുള്ള ജോലിയൊക്കെ പഠിച്ചെടുത്തു കഴിഞ്ഞു സച്ചിൻ. അതും, കേരളത്തിൽ അധികമാരും കൈവയ്ക്കാത്ത മേഖലയിൽ ആധികാരിക അന്വേഷണങ്ങൾ നടത്തി നേടിയെടുത്തത്. കേരളത്തിൽ അരുമപ്പക്ഷികളെ വളർത്തുന്നവർ നേരിടുന്ന മുഖ്യ വെല്ലുവിളിയാണ് വിദേശയിനങ്ങൾ പലതും കേരളത്തിൽ നേരിടുന്ന പ്രജനന (breeding) പ്രശ്നങ്ങൾ. മുട്ടയിടൽ വൈകുക, മുട്ടകളുടെ എണ്ണം കുറയുക, അടയിരിക്കാൻ വൈമുഖ്യം കാണിക്കുക, മുട്ട വിരിഞ്ഞു കിട്ടാതിരിക്കുക, കുഞ്ഞുങ്ങളുടെ അതിജീവനം സാധ്യമല്ലാതെ വരുക എന്നിങ്ങനെ പലതും. ഈ പ്രജനനപ്രശ്നങ്ങൾ അരുമപ്പക്ഷി വളർത്തല്‍  സംരംഭത്തെ കാര്യമായി  ബാധിക്കും. 

പതിനായിരങ്ങൾ ചെലവിട്ടു വാങ്ങുന്ന പക്ഷിയിനങ്ങളില്‍ പ്രജനനം നടന്നില്ലെങ്കിൽ നിക്ഷേപം പാഴാവുകയും ചെയ്യും. ഇതിനു  പരിഹാരമാണ് എറണാകുളം ജില്ലയിലെ മുളന്തുരുത്തിക്കടുത്ത് പുളിക്കമാലി നിരപ്പുകാട്ടിൽ സച്ചിൻ ജോസഫ് ഷിബു എന്ന വിദ്യാർഥിയുടെ  ബ്രീഡിങ് ബോക്സുകൾ (നെസ്റ്റ് ബോക്സ്). വിദേശയിനം തത്തകൾക്ക് സ്വാഭാവിക പ്രജനന സാഹചര്യം പ്രദാനം ചെയ്യുന്ന കൂടുകളാണ് സച്ചിൻ നിർമിച്ചു വിപണിയിലെത്തിക്കുന്നത്. കേരളത്തിൽ ബ്രീഡിങ് സാധ്യമാവാതിരുന്ന പല തത്തയിനങ്ങളും തന്റെ കൂട്ടില്‍ സുഖകരമായി അടയിരുന്ന് കുഞ്ഞുങ്ങളെ വിരിയിച്ചെന്നു സച്ചിൻ.

കേരളത്തിലെ പ്രമുഖ പക്ഷി സംരംഭകർ പലരും ഈ പതിനെട്ടുകാരനെ തേടിവരുന്നതിനു കാരണം മറ്റൊന്നല്ല. ചെറിയ ക്ലാസുകളിൽ പഠിക്കുന്ന കാലത്തേയുണ്ട് സച്ചിനു പക്ഷികളിൽ കമ്പം. കുഞ്ഞിത്തത്തകളായ ഒാസ്ട്രേലിയൻ ബഡ്ജീസുകളായിരുന്നു അന്നത്തെ അരുമകൾ. ഉയർന്ന ക്ലാസുകളില്‍ എത്തിയതോടെ പക്ഷിവളർത്തൽ അവസാനിപ്പിച്ചെങ്കിലും ഈ രംഗത്തുള്ളവരുമായുള്ള സൗഹൃദം തുടർന്നു. ഇതിനിടെ മൂന്നു വർഷം മുമ്പ് ഒരു പക്ഷി സംരംഭകൻ പ്രജനനത്തിനു പറ്റിയ ബോക്സുകൾ ലഭിക്കാത്ത  പ്രശ്നം പറഞ്ഞപ്പോൾ, ‘ ഞാൻ  ഒരെണ്ണം ഉണ്ടാക്കാ’മെന്നായി സച്ചിൻ.

പക്ഷിശാസ്ത്രംബഡ്ജീസ് പോലുള്ള ഇനങ്ങൾക്കു  മുട്ടയിടാനും അടയിരിക്കാനുമെല്ലാം കൂടിനുള്ളിൽ കൂടങ്ങളോ ചെറിയ പെട്ടികളോ വച്ചു കൊടുക്കുകയാണ് പതിവ്. എന്നാൽ മക്കാവും കൊക്കാറ്റുവുംപോലുള്ള വലിയ തത്തകൾക്ക് അതു പോരാ. മാത്രമല്ല, അവയ്ക്കിണങ്ങിയ സ്വാഭാവിക ചുറ്റുപാടുകൾ  ലഭിക്കുകയും വേണം. അതിനുള്ള അന്വേഷണമാണ് സച്ചിൻ ആദ്യം നടത്തിയത്.

മക്കാവ്, കൊക്കാറ്റു, കൊക്കറ്റീൽ, ലോറി, ലോറികീറ്റ്, കൊയ്നൂർ തുടങ്ങിയവ കേരളത്തിൽ സമീപകാലത്തു മികച്ച പ്രചാരം നേടിയ തത്തയിനങ്ങളാണ്. സ്വാഭാവിക സാഹചര്യത്തിൽ 1–7 മുട്ടകൾ ഇടുകയും 19–21 ദിവസം അടയിരിക്കുകയും ചെയ്യുന്ന തത്തയിനമാണ് ഒാസ്ട്രേലിയൻ കൊക്കറ്റീൽ. ഗ്രേ കൊക്കറ്റീൽ, പേൾ കൊക്കറ്റീൽ, ലൂജിനോ തുടങ്ങി കേരളത്തിൽ പ്രചാരമുള്ള പലതുമുണ്ട് ഇക്കൂട്ടത്തിൽ. സർക്കസ് കൂടാരങ്ങളിൽ കളിവണ്ടി വലിക്കുകയും ചില്ലറ അഭ്യാസപ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്ന കൊക്കാറ്റുവും ഒാസ്ട്രേലിയൻ തന്നെ. ഇവയും 26 ദിവസം അടയിരിക്കും.

ലാറ്റിനമേരിക്കൻ മഴക്കാടുകളിൽനിന്നു നാട്ടിലെത്തിയ വലുപ്പമേറിയ മക്കാവു തത്തകളാവട്ടെ, കേരളത്തിൽ പ്രജനനം നടക്കാൻ ഏറെ പ്രയാസമുള്ള ഇനമാണ്.  അതേസമയം ഹയാസിന്ത് മക്കാവിനും ബ്ലൂസെന്റ് ഗോൾഡ് മക്കാവിനുമെല്ലാം വിപണിയിൽ ആരാധകരേറെയുണ്ടുതാനും. ഒാസ്ട്രേലിയയിലെ ദ്വീപു സമൂഹങ്ങളിലും ഇന്തൊനീഷ്യയിലും ന്യൂഗിനിയിലുമെല്ലാം കണ്ടുവരുന്ന ലോറികളും ലോറികീറ്റുകളും ഇന്നു കേരളത്തിൽ പല സംരംഭകരുടെയും തുറുപ്പു ചീട്ടുകളാണ്. എന്നാൽ ഇവയെല്ലാം മുട്ടയിടാനും അടയിരിക്കാനും മടിക്കുന്നത് സ്വാഭാവിക സാഹചര്യങ്ങൾ ലഭിക്കാത്തതുകൊണ്ടുതന്നെ.

ഇന്റർനെറ്റിൽ പരതിയും ഈ മേഖലയിലെ രാജ്യാന്തര വിദഗ്ധരുമായി ചാറ്റ് ചെയ്തും സച്ചിൻ ശാസ്ത്രീയ  അറിവുകൾ സമ്പാദിച്ചു. ഒാരോ തത്തയിനത്തിന്റെയും ശാരീരിക സവിശേഷതകളും സ്വഭാവ വിശേഷങ്ങളും പഠിച്ച് ബ്രീഡിങ് ബോക്സുകളുടെ രാജ്യാന്തര മാനദണ്ഡങ്ങൾ മനസ്സിലാക്കി. വീടിനു മുന്നിലുള്ള ഫർണിച്ചർ നിർമാണശാലയിലെ ബാക്കിയാവുന്ന പ്ലൈവുഡ് കഷണങ്ങൾ അടിച്ചു കൂട്ടി ആദ്യ പരീക്ഷ

ണം. പക്ഷിക്കൂടുകൾക്ക് അകത്തോ, കൂടിനോടു ചേർത്തുവച്ച് പുറത്തോ ക്രമീകരിക്കാവുന്ന രീതിയിൽ ബ്രീഡിങ് കൂടുകളുടെ ഘടന. പക്ഷികൾക്ക് ഉള്ളിൽ കടന്ന് സുഖകരമായി മുട്ടയിടാനും കുഞ്ഞുങ്ങളെ വിരിയിക്കാനും യോജ്യമായ ആകൃതിയും വലുപ്പവുമുള്ള കൂടുകൾ. പരിചയക്കാരായ പക്ഷി സംരംഭകർ പരീക്ഷിച്ചപ്പോൾ മികച്ച ഫലം. എന്നാൽ സച്ചിൻ പരീക്ഷണം തുടർന്നു. തത്തയിനങ്ങൾ പലതും മരപ്പൊത്തുകളുണ്ടാക്കി അതില്‍  മുട്ടയിടാനാണ് ഇ ഷ്ടപ്പെടുന്നത്. ബോക്സുകൾ ക്രമീകരിക്കുമ്പോഴും ശീലംകൊണ്ട് അവ അത് കൊത്തിമുറിക്കാൻ ശ്രമിക്കും, െപ്ലെവുഡ് ആയാലും പ്ലാസ്റ്റിക് ആയാലും അതിലെ രാസഘടകങ്ങൾ ഉള്ളിൽ ചെന്നാൽ പക്ഷികൾക്ക് അതു ദോഷം ചെയ്യും. അതിനാല്‍ കൂടുനിര്‍മാണം  ആഞ്ഞിലിയും പുളിയും പോലുള്ള തടി ഉപയോഗിച്ചായി. ആറു മാസം മുമ്പ് വീടിനു മുന്നിലുള്ള  ഫർണിച്ചർ നിർമാണശാല മുഴുവനായും സച്ചിൻ വാടകയ്ക്കെടുത്തു, രണ്ടു ജോലിക്കാരെ നിർത്തി നിർമാണം ഉഷാറാക്കി. കേരളത്തിൽ പ്രജനനം സാധിക്കാത്ത വിദേശ തത്തകൾ പലതും തന്റെ കൂടിനുള്ളിൽ മാതൃത്വം ആസ്വദിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് ഈ കൊച്ചു സംരംഭകൻ, ഒപ്പം അറിവും ഗവേഷണബുദ്ധിയും മൂലധനമാക്കി തുടങ്ങിയ സംരംഭം പോക്കറ്റ് നിറയ്ക്കുന്നതിന്റെ ആഹ്ലാദവും.

ഫോൺ: 9947590911