Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനിയത്തിക്കുട്ടി

boy-girl

ജനിക്കുകയാണെങ്കിൽ രണ്ടോ മൂന്നോ വയസ്സിന് ഇളയ പെങ്ങൾകുട്ടിയുടെ ചേട്ടൻ ആയി വേണം ജനിക്കാൻ. എടി എന്നു വിളിച്ചാൽ എന്താടാ എന്നു ചോദിക്കുന്ന കാന്താരി പെങ്ങളുടെ ചേട്ടൻ. അവൾ എന്തെങ്കിലും തെറ്റു ചെയ്ത് അച്ഛൻ തല്ലാൻ വരുമ്പോൾ അവൾ അല്ല ഞാനാണ് എന്നു പറഞ്ഞ് അച്ഛന്റെ തല്ലു വാങ്ങി അവളെ വേദനിപ്പിക്കാതെ നോക്കണം. എന്നും അവളുടെ കൈ പിടിച്ച് സ്കൂളിൽ പോകണം. അവളെ അവളുടെ ക്ലാസ്സിൽ കൊണ്ടിരുത്തി ഞാൻ പോകുമ്പോൾ നിറഞ്ഞ മിഴികളോടെ എന്നെ നോക്കുന്ന അവളെ പോയി കെട്ടിപിടിച്ച് ഒരു ഉമ്മ കൊടുത്ത് സമാധാനിപ്പിച്ച് എനിക്ക് ക്ലാസ്സിൽ പോകണം. 

സ്കൂളിൽ അവളെ കളിയാക്കിയ ചെക്കനെ ചീത്തപറഞ്ഞ് ഓടിക്കണം. കരയുന്ന അവളെ പോട്ടെടി എന്നു പറഞ്ഞു സമാധാനിപ്പിക്കണം. 

വൈകുന്നേരം അവളുമായി വഴിയിലെ പുല്ലിനോടും പൂമ്പാറ്റയോടും കഥകൾ പറഞ്ഞ് അവൾക്ക് മാങ്ങയും പുളിയും പറിച്ചു കൊടുത്ത് അതും കഴിച്ച് വീട്ടിൽ എത്തണം...

കോളജിൽ ആദ്യമായി പ്രണയം തോന്നിയ പെൺകുട്ടിയുടെ കാര്യം അവളോട് പറയണം. അവസാനം അവൾ തേച്ച് പോകുമ്പോൾ അതിന്റെ വിഷമത്തിൽ ഇരിക്കുന്ന എന്നെ സമാധാനിപ്പിക്കാൻ വേണം എന്റെ അനിയത്തി. എന്റെ ബൈക്കിന്റെ പുറകിൽ കോളജിൽ പോയി ഇറങ്ങുമ്പോൾ എന്നെ നോക്കിയ അവളുടെ കൂട്ടുകാരിയുടെ പേരു പറഞ്ഞ് എന്നെ കളിയാക്കാൻ.

അതു കഴിഞ്ഞ് അവളെ എനിക്ക് ഇഷ്ടമാണെന്ന് പറയുമ്പോൾ അത് അവളോട് പോയി പറയാൻ. അവളുടെ കൂട്ടുകാരിയെ എന്റെ ബൈക്കിന്റെ പുറകിൽ കയറ്റിയാൽ അതും പറഞ്ഞ് എന്നോട് വഴക്കിടാൻ.. അമ്പലത്തിലെ ഉത്സവത്തിന് എന്റെ കൈ പിടിച്ച് പോയി അവൾക്ക് ഇഷ്ടമുള്ള മാലയും വളയും ചാന്തും പൊട്ടും വാങ്ങികൊടുക്കാൻ. 

ഇടയ്ക്കിടെ സിനിമയ്ക്ക് പോകാനും ബീച്ചിൽ പോകാനും പറഞ്ഞ് എന്നോട് വഴക്കിടാൻ. അവൾക്ക് ആദ്യമായി കിട്ടിയ പ്രണയലേഖനം എന്റെ കൈയ്യിൽ കൊണ്ടു വന്ന് എനിക്ക് ഇവനെ വേണ്ട ചേട്ടാ എന്നു പറയണം. അവളെ കാണാൻ വന്ന പയ്യനെ ഇഷ്ടമായി എന്ന് എന്റെ അടുത്തു വന്ന് നാണത്തോടെ പറയാൻ. 

അവൾക്ക് ഇഷ്ടമായ രീതിയിൽ കല്യാണം നടത്താൻ അച്ഛനോട് ശുപാർശ ചെയ്യാൻ. പൈസക്ക് ഞെരുക്കമുണ്ടെങ്കിലും അവളുടെ ഇഷ്ടത്തിന് എല്ലാം നടത്താൻ. കല്യാണം കഴിഞ്ഞ് അവൾ അളിയനൊപ്പം പോകുമ്പോൾ കെട്ടിപിടിച്ച് പൊട്ടികരയാൻ. 

അവളുടെ കൂട്ടുകാരിയുടെ കാര്യം അച്ഛനോടും അമ്മയോടും പറഞ്ഞ് ഞങ്ങളെ ഒന്നിപ്പിക്കാൻ. അവസാനം എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അവളെ സ്നേഹിക്കുന്ന എല്ലാവരും പോയ പോലെ അലമുറയിട്ട് കരയാൻ. അനാഥമായ എന്റെ കുഞ്ഞുങ്ങളെ അവളുടെ മക്കളെ പോലെ സ്നേഹിക്കാനും നോക്കാനും. 

പെങ്ങന്മാരിലാത്ത എല്ലാവരുടെയും മനസിൽ ഉള്ള ആഗ്രഹങ്ങൾ ആണ് ഇതും ഇതിൽ കൂടുതലും. എനിക്കും ഇല്ല ഇതു പോലെ തല്ലു കൂടാനും വഴക്കിടാനും ഒരു കുഞ്ഞുപെങ്ങൾ..

സഹോദരിമാരില്ലാത്ത എല്ലാ ആങ്ങളമാർക്കും ഇത് സമർപ്പിക്കുന്നു...

Malayalam Short StoriesMalayalam literature interviews,Malayalam Poems        

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.