Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അക്കരപ്പച്ച

cheating-boy ഓരോരുത്തർക്കും ഓരോരോ ലോകം, ഓരോരോ ജീവിതം, ഓരോരോ ചിന്തകൾ, സ്വപ്‌നങ്ങൾ...

ഒരു ഫുൾ ബെൽ അടിച്ചു തീർന്നു വീണ്ടും ബെൽ തുടർന്നപ്പോൾ അവൾ ടേബിളിൽ വച്ച മൊബൈൽ മെല്ലെ എടുത്തു.    

ഹലോ.. ആരാണ്?

ഒരു ചെറിയ നിശബ്ദതയ്ക്ക് ശേഷം അപ്പുറത്തു നിന്നു പതിഞ്ഞ ശബ്ദം പുറത്തേക്കു വന്നു.. 

പൂജാ... ഞാൻ ഹരീന്ദ്രൻ ആണ്.. എനിക്ക്..എനിക്ക്  കുറച്ചു നേരം നിന്നോട് സംസാരിക്കണം. 

അവളുടെ മുഖം വിവർണമായി. കോൾ കട്ടു ചെയ്ത് പതിയെ അവൾ മൊബൈൽ ടേബിളിൽ വച്ചു. തെല്ലിടനേരം അവൾ നിശ്ചലം ഇരുന്നു. നിശ്ശബ്ദതയെ ഭംഗിച്ചു വീണ്ടും ഫോൺ ശബ്‌ദിച്ചു. ഇത്തവണ അവൾ പെട്ടെന്ന് ഫോണെടുത്തു.

ഹരി.. മുഖവുര ഇല്ലാതെ പറയട്ടെ.. നിന്നെ എനിക്ക് ശരിക്കും അറിയാം, നിന്റെ മാറുന്ന സ്വഭാവവും, എന്റെ മുന്നിൽ നീ കാണിച്ചു തന്നിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ നിനക്ക് എന്താണ് എന്നോടു പറയാനുള്ളതെന്ന് എനിക്കറിയാം.. ഒരു അപരിചിതനോട് സംസാരിക്കുന്ന സമയം പോലും നിന്റെ അടുക്കൽ കളയുന്നത് നഷ്ടമായേ എനിക്കിപ്പോ തോന്നുന്നുള്ളൂ.. അതുകൊണ്ട്..  പ്ലീസ്... 

പൂജ.. ഞാൻ പറയുന്നത് നീ കേൾക്കു.. രണ്ടു വർഷം കൊണ്ട് നീ ഒരുപാട് മാറിപ്പോയപോലെ... 

അന്നെനിക്ക് ഒരബദ്ധം പറ്റി. സത്യമുള്ള സ്നേഹമായിരുന്നു നിന്നോടെനിക്ക്.. പക്ഷേ.. അതിനിടയിൽ ചില ബന്ധങ്ങളിൽ ഞാൻ കുടുങ്ങിപ്പോയി.. എല്ലാവരും എന്നെ ചതിക്കുകയായിരുന്നു.. നീ ഒഴികെ..  അയാൾ ശ്വാസം ആഞ്ഞുവലിച്ചു.. നിന്നോട് വിശ്വാസവഞ്ചന കാണിച്ചതിന് ദൈവം തന്ന ശിക്ഷയാണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്നത്. ജീവിതത്തിൽ ഞാൻ ശരിക്കും ഒറ്റപ്പെട്ടു..നീ എനിക്ക് ആരായായിരുന്നെന്ന് വൈകിയായാലും ഞാൻ തിരിച്ചറിയുന്നു. എനിക്ക് നിന്നെ കാണണം.. സംസാരിക്കണം.. പറ്റുമെങ്കിൽ നാളെത്തന്നെ... ഹരി പറഞ്ഞു നിർത്തി. 

എല്ലാം കേട്ടവൾ കുറച്ചു സമയം മിണ്ടാതിരുന്നു. പിന്നെ പതിഞ്ഞ ശബ്ദത്തിൽ ക്ഷമയോടെ മെല്ലെ സംസാരിക്കാൻ തുടങ്ങി. 

ഹരി..ശരി. നമുക്ക് നാളെ കാണാം. 

വളരെ കുറച്ചു സമയം മാത്രം അതിനു വേണ്ടി ഞാൻ മാറ്റിവെയ്ക്കാം. പക്ഷേ, ഇത് നിനക്കു വേണ്ടി മാത്രമാണ്. നിനക്കു വേണ്ടി മാത്രമുള്ളതാണീ കൂടിക്കാഴ്ച്ച. മുൻപേ കഴിഞ്ഞ കാര്യങ്ങൾ വീണ്ടും പറഞ്ഞു, തെറ്റു ഏറ്റുപറഞ്ഞു, വെറുതെ എന്റെ സമയം നീ കളയില്ല എന്നുറപ്പുണ്ടെങ്കിൽ നമുക്ക് നാളെ കാണാം. എന്തു പറയുന്നു ഹരി. 

എല്ലാം ശ്രദ്ധയോടെ കേട്ടിരിക്കുകയായിരുന്നു ഹരി. 

മ്മ്.. ശരി പൂജ.. അതുമതി.. നാളെ പബ്ലിക് ലൈബ്രറിക്ക് അടുത്തുള്ള പാർക്കിൽ വച്ചു കണ്ടാലോ?.. ഒരു മൂന്നു മണിക്ക്. അയാൾ പറഞ്ഞു നിർത്തി. 

മൂന്നുമണിക്ക്... പൂജ തെല്ലിടനേരം ആലോചിച്ചു. 4 മണിക്ക് നമുക്കു കാണാം. നാളെ ഒരാളെ കാണാൻ എനിക്ക് ഹോസ്പിറ്റലിൽ പോകണം. അതു കഴിഞ്ഞേ നമുക്ക് മീറ്റ് ചെയ്യാൻ പറ്റുകയുള്ളു. ഓക്കേ.. 

ഓക്കേ.. പൂജ..താങ്ക്സ്..പിന്നെ.. 

ഹോസ്പിറ്റലിൽ ആരാ പൂജ ? ഹരി തന്റെ ആകാംഷ മറച്ചുവച്ചില്ല. 

അവൾ പതിയെ ചിരിച്ചു. സോറി ഹരി. അതു പറയേണ്ട ബന്ധമൊന്നും ഇപ്പോൾ നമ്മൾ തമ്മിലില്ല.. മനസ്സിലാക്കു. അപ്പൊ നാളെ വൈകുന്നേരം. ഓക്കെ?.

ഹരി ഒകെ എന്ന് പറയുമ്പോളേക്കും പൂജ ഫോൺ വച്ചിരുന്നു. 

എന്തൊരു മാറ്റം ഇവൾക്ക്.. അയാൾ അത്ഭുതം കലർന്ന വേദനയോടെ ചിന്തിച്ചു. പ്രണയിച്ചിരുന്ന കാലത്തുണ്ടായ പൂജ അല്ലിത്.. ശബ്ദം, സംസാരരീതി, എല്ലാം മാറിപ്പോയി. പക്ഷേ അവളെ എങ്ങനെ കുറ്റപ്പെടുത്തും.. എല്ലാം ഞാൻ ചെയ്ത തെറ്റ്. അവളുമായുള്ള പ്രണയത്തിനിടയിൽ പുതിയൊരു ബന്ധത്തിലേക്ക് ഞാനാണല്ലോ പോയത്.  

എന്തായാലും നാളെ അവളെ കാണുക തന്നെ. അയാൾ മുറിയിലെ ലൈറ്റ് കെടുത്തി, എന്തോ ചിന്തിച്ചു കൊണ്ട് കട്ടിലിലേക്കിരുന്നു.

അടുത്തദിവസം 3:45 ആയപ്പൊളേക്കും ഹരി പാർക്കിൽ എത്തി. കാർ പാർക്ക് ചെയ്ത ശേഷം അയാൾ പാർക്കിലെ ഇരിപ്പിടത്തിൽ ഇരുന്നുകൊണ്ട് പാർക്ക് വീക്ഷിക്കാൻ തുടങ്ങി. 

കുട്ടികൾ, കുടുംബങ്ങൾ, പ്രണയ നൈരാശ്യം പിടിപെട്ടപോലെ ഒറ്റക്കിരുന്നു ചിന്തിക്കുന്ന പെൺകുട്ടി, കായൽ ഭംഗി ഒറ്റക്കിരുന്ന് ആസ്വദിക്കുന്ന വയോധികൻ. മൊബൈലിൽ കണ്ണും നട്ടു വേറേതോ ലോകത്തിൽ നിന്നുകൊണ്ട് വേറാർക്കോ വേണ്ടി ചിരിക്കുന്ന, പ്രണയാതുരമാകുന്ന, മുഖങ്ങൾ..  

ഓരോരുത്തർക്കും ഓരോരോ ലോകം, ഓരോരോ ജീവിതം, ഓരോരോ ചിന്തകൾ, സ്വപ്‌നങ്ങൾ... 

അയാൾ മൊബൈൽ നോക്കി. 4 മണി കഴിഞ്ഞിരിക്കുന്നു. ഇവളിതെവിടെ.. ഇനി വരില്ലേ.. അയാൾ ചിന്തിച്ചു. ഒരു കോളജ് സ്റ്റുഡൻസ് ഗ്യാങ്ങിന്റെ പൊട്ടിച്ചിരിയുടെയും, ആഘോഷങ്ങൾക്കും ഇടയിലൂടെ അയാളുടെ കണ്ണുകൾ നീങ്ങുകയായിരുന്നു. പെട്ടെന്ന് മൊബൈൽ വൈബ്രേറ്റ് ചെയ്തു. 

പൂജ കോളിങ്. അയാൾ പെട്ടെന്ന് അറ്റൻഡ് ചെയ്തു. ഹലോ.. പൂജ.. താൻ എവിടെ.. ഞാൻ കുറച്ചു സമയമായി ഇവിടെ എത്തിയിട്ട്.  

ആ.. ഹരി സോറി.. നമുക്കിന്നു കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. ഇവിടെ ഹോസ്പിറ്റലിൽ എനിക്ക് ഇന്നു നിൽക്കേണ്ട കാര്യമുണ്ട്. രാത്രിയെ ഞാൻ വീട്ടിലെത്തു. നമുക്ക് പിന്നൊരു ദിവസം കാണാം ഹരി. പൂജ പറഞ്ഞു നിർത്തി. 

മ്മ്.. ഓക്കേ.. പിന്നേ.. പൂജ ഏത് ഹോസ്പിറ്റൽ എന്നു പറഞ്ഞാൽ വിരോധമില്ലെങ്കിൽ ഞാൻ അവിടേക്ക് വരാം.. 

ഇവിടെ അതിനു പറ്റിയ അവസ്‌ഥ അല്ല. അത്യാവശ്യമുള്ള കാര്യവുമാണ് ഹരി. സോറി. നിങ്ങളുടെ ഇന്നത്തെ വൈകുന്നേരം കളഞ്ഞതിൽ. ഇനി കാണാൻ പറ്റുന്നതെന്നാണെന്ന് ഞാൻ ഹരിയെ അറിയിക്കാം. വക്കുകയാണ്. അവൾ ഫോൺ കട്ട് ചെയ്തു. 

ഹരി മെല്ലെ എഴുന്നേറ്റു കാറിന്റെ അരികിലേക്ക് നടന്നു. ഒന്ന് നിന്നതിനു ശേഷം അയാൾ കുറച്ചകലെയുള്ള ലൈബ്രറിയിലേക്ക് നോക്കി നിന്നു. എന്തായാലും ലൈബ്രറിയിൽ ഒന്ന് കയറിയേക്കാം. രണ്ടു വർഷമായി പുസ്തകങ്ങളോട് അകലം പാലിച്ചു നടക്കുന്നു. അയാൾ പതിയെ അവിടേക്കു നടന്നു.  

റൊമാന്റിക് നോവൽസ്, സ്റ്റോറിസ് സെക്‌ഷനിൽ പുസ്തകങ്ങൾ ചിലത് സെലക്ട്‌ ചെയ്തുവയ്ക്കുമ്പോളാണ് മുന്നിൽ നിന്നു ഒരു പെൺശബ്ദം കേട്ടത്.    

ഇപ്പോളും റൊമാൻസ് കളിച്ചു നടപ്പു തന്നാണോ ചേട്ടോ.. 

അയാൾ പതിയെ പുസ്തകങ്ങൾക്കിടയിൽ നിന്നു മുഖമുയർത്തി. ചിരി തൂകി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന ഈ വട്ടമുഖം ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലലോ.. അയാൾ പെട്ടെന്ന് സംശയിച്ചു നിന്നു. 

ഹേയ്, അശ്വതി.. താൻ.. താനെന്താ ഇവടൊക്കെ ഹരി അത്ഭുതത്തോടെ ചോദിച്ചു. 

അപ്പൊ ഓർമയുണ്ട്. ഓഹോ..  അത് ഞാൻ അങ്ങോട്ടല്ലേ ചോദിക്കണ്ടേ.. ഞാനിവിടെ ഇടയ്ക്ക് വന്നു പുസ്തകമെടുത്തു പോകാറുണ്ട്. ഹരിയെ ഞാൻ കണ്ടിട്ട് മൂന്നുനാലു വർഷമായി.. ആദ്യം എനിക്ക് മനസിലായില്ല. ഷേക്ക്‌ഹാൻഡിനു ശേഷം അവൾ ആകെ ഹരിയെ അടിമുടി നോക്കി. 

ഹരി ആകെ മാറി.. മൊത്തത്തിൽ.. ഫോർമൽ ഡ്രസ്സ്‌, ഹെയർസ്‌റ്റൈൽ.. ചിരിവരെ.. അവൾ അത്ഭുതത്തോടെ അയാളെ നോക്കി. ഹരി അതിനു മറുപടിയായി അവളെ നോക്കി ചിരിച്ചു. ആശ്വതിക്കുമുണ്ട് മാറ്റം. ആളൊന്നുകൂടി സ്മാർട്ട്‌ ആയി.

ഹോ.. സന്തോഷമായി. ഹരിടെ പ്രശംസ കിട്ടിയല്ലോ. അശ്വതി പുഞ്ചിരിച്ചുകൊണ്ട് ഹരി സെലക്ട്‌ ചെയ്ത ബുക്സിൽ ഏറ്റവും മുകളിലുള്ള ബുക്കിന്റെ പേര് തല ചെരിച്ചുകൊണ്ട് പതിയെ ഉരുവിട്ടു. 

One Indian Girl.

ചേതൻ ഭഗത്ത്‌.  

കൊള്ളാലോ.. റൊമാൻസ്, ഫെമിനിസം ഓക്കെയായോ ഇപ്പൊ താൽപര്യം. പണ്ട് കോളജിൽ പഠിക്കുമ്പോൾ പല ഡിറ്റക്റ്റീവ് നോവൽസും, ത്രില്ലർ സ്റ്റോറിസും ഹരിയുടെ ഫേവറൈറ്റ് ആയിരുന്നില്ലേ.. ആ ലൈൻ ഓക്കെ മാറിയല്ലോ.. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു നിർത്തി. 

ഹരിപെട്ടെന്നു പുഞ്ചിരിച്ചു. കയ്യിലുള്ള ബുക്സ് ഇടകലർത്തി അവൾക്ക് കാണിച്ചു. ഹെയ്, ഇല്ല.. എല്ലാമുണ്ട്. ഒരു കാറ്റഗറിയിലേക്ക് മാറിപ്പോയിട്ടൊന്നുമില്ല. അങ്ങനെ മാറാൻ പറ്റില്ലല്ലോ.  

പിന്നെ ഫിക്ഷൻ. അതിനോട് എന്തോ ഇപ്പൊ ഒരു ഇഷ്ടക്കൂടുതലുണ്ട്. നോവലും, ചെറുകഥയും, ഉൾകൊള്ളുന്ന കഥാ സാഹിത്യങ്ങളോട് ഉള്ളിലെവിടോ ഒരു കൊളുത്തു വീണിട്ടുണ്ട്. അയാൾ നിർത്തി. 

ആ.. പിന്നെ.. അശ്വതി. എന്റെ ബുക്ക് സെർച്ചിങ് കഴിഞ്ഞു. ഞാനിവിടെ ഒരാളെ കാണാൻ വന്നതായിരുന്നു.. അതു കഴിഞ്ഞിവിടെ ഒന്ന് കയറാമെന്ന് വച്ചു. തന്റെ ബുക്ക് സെർച്ചിങ് കഴിഞ്ഞെങ്കിൽ ഒന്നിച്ചിറങ്ങാം. താനിറങ്ങുന്നുണ്ടോ ഇപ്പോൾ. 

പിന്നേ. കഴിഞ്ഞു എനിക്കിതേയുള്ളു. അവൾ പെട്ടെന്ന് ഒരു പുസ്തകം ഉയർത്തി കാട്ടി. 

Everything I never told you. 

പുസ്തകത്തിന്റെ പേര് വായിച്ചു പതിയെ ഹരി ചിരിച്ചുകൊണ്ട് പറഞ്ഞു, വേണ്ട വേണ്ട പറയണ്ട. സഹിക്കാൻ എനിക്ക് പറ്റിയെന്ന് വരില്ല. 

അശ്വതി അതുകേട്ടു ചിരിച്ചുപോയി. ഇത് കുറച്ചായല്ലോ ഇറങ്ങിയിട്ട്. താനിതുവരെ വായിച്ചില്ലേ. ഓൺലൈൻ സൈറ്റുകളിൽ 2014ൽ നമ്പർ 1 ആയിരുന്നു ഇത്. അപ്പൊ അത് കിട്ടാനുണ്ടായിരുന്നില്ല. ഹരി കുറച്ചാവേശത്തിൽ പറഞ്ഞു നിർത്തി.   

ഹേയ് ഇല്ല.. അപ്പൊ വായിക്കാൻ പറ്റിയില്ല. 2014ൽ ഇറങ്ങിയ ആ സമയത്ത് ഞാൻ അഞ്ചാം പനി വന്ന് കിടപ്പായിരുന്നു. അവൾ ചിരി അടക്കിപ്പിടിച്ചു അവന്റെ മുഖത്തേക്ക് നോക്കിയിരുന്നു.  

ഹഹ..  ആക്കിയതാണല്ലേ.. ഹരി ചിരിച്ചു.  

Celeste. നല്ല ഭംഗിയും, കഴിവും ഉള്ളോരെഴുത്തുകാരി. അവരുടെ ഫസ്റ്റ് നോവൽ ആണിത്. വല്ലാത്തൊരു സ്പാർക് നമുക്ക് ഇവരുടെ വരികളിൽ കാണാൻ പറ്റും. ഇവരുടെ തന്നെ ഈ വർഷം ഇറങ്ങിയ little fires everywhere  എന്ന പുസ്തകം എന്റെ ഇന്നത്തെ ലിസ്റ്റിലുണ്ട്. ഹരി ആവേശത്തോടെ മറ്റു പുസ്തകത്തിന്റെ ഇടയിൽനിന്നും അതെടുത്തു അവൾക്കു കാണിച്ചു കൊടുത്തു. 

ഓ...അപ്പൊ അടുത്ത പ്രാവിശ്യം എനിക്കിതു വേണം. അശ്വതി അയാളുടെ കയ്യിലുള്ള പുസ്തകത്തിലേക്ക് താൽപര്യപൂർവ്വം നോക്കിപ്പറഞ്ഞു. 

പിന്നെ തീർച്ചയായും.. ഹരി അവളെ നോക്കി പുഞ്ചിരിച്ചു. എന്നാ നമുക്കിറങ്ങിയാലോ. അശ്വതി എങ്ങനാ വന്നേ?

ബസ്സിന്‌. പിന്നെങ്ങനെ. എന്റെ സ്‌കൂട്ടി പണിമുടക്കിട്ട് 4 ദിവസമായി. വർക് ഷോപ്പുകാരനാണേൽ നാളെ നാളെ എന്നും. അശ്വതി നിർത്തി. വീട്ടിലിരുന്നു ബോറടിച്ചപ്പോൾ പെട്ടെന്ന് ഒരു മൂഡ്‌ തോന്നി ഇവിടെക്കൊന്നിറങ്ങാൻ. ഒറ്റക്ക് അങ്ങ് ഇറങ്ങി. 

എന്നാൽ ഞാൻ കൊണ്ടുവിടാം എന്താ.. ഹരി ചോദിച്ചു. അശ്വതി ഒന്നും മിണ്ടാതെ പുഞ്ചിരിച്ചു. ബുക്സ് രജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷം രണ്ടുപേരും പുറത്തേക്കിറങ്ങി. 

നമുക്കൊരു കോഫി ആയാലോ ?

നടന്നു കാറിനരികിൽ എത്തിയപ്പോൾ ഹരി അശ്വതിയോട് ചോദിച്ചു. 

ഞാൻ വിചാരിച്ചു. ഒരു ചായപോലും ഹരി എനിക്ക് മേടിച്ചു തരുന്നില്ലേന്ന്. അപ്പോഴാ ഈ ചോദ്യം വന്നത്. അവൾ അവനെ നോക്കി ചിരിച്ചു. 

വാ വാ.. ചിരിച്ചുകൊണ്ട് ഹരി അവളെ ക്ഷണിച്ചു. 

അധികം തിരക്കില്ലാത്ത ഒരു പാർക്കിനടുത്തുള്ള ഒരു ഷോപ്പിൽ ഹരി അവളെ വിളിച്ചുകൊണ്ടുപോയി. 

സാർ എന്താണ് വേണ്ടത്.. വെയ്റ്റർ ഭവ്യതയോടെ ഹരിയോട് ചോദിച്ചു. 

ഹരി അശ്വതിയെ നോക്കി. അശ്വതിക്ക് എന്താ വേണ്ടത്. എന്തു വേണേലും പറഞ്ഞോളൂ. ഇനി ഒന്നും ഞാൻ മേടിച്ചു തന്നില്ല എന്ന പരാതി വേണ്ട. 

അശ്വതി ചിരിച്ചു. എനിക്കൊരു കോഫീ മതിയേ.. അവൾ മൊബൈൽ ടേബിളിൽ വച്ചു, നിവർന്നിരുന്നു. 

2 കോഫീ. ഹരി ചിരിച്ചുകൊണ്ട് വെയ്റ്ററോട് പറഞ്ഞു.

വെയ്റ്റർ പോയിക്കഴിഞ്ഞപ്പോൾ അശ്വതി ഹരിയെനോക്കി. ഹരിയുടെ കല്യാണം കഴിഞ്ഞോ.. ജോലി ?

ഇല്ല.. ഞാൻ ബാംഗ്ളൂരിൽ ഗെയിം ഡെവലപ്പർ ആണ്. ഇവിടെ ചില കാര്യങ്ങൾക്കു വന്നിട്ട് ഒരുമാസമായി. അയാൾ നിർത്തി. 

അതെന്താ കല്യാണം നോക്കാത്തത്. പ്രായമായല്ലോ, ഓ പ്രേമം വല്ലതും ഉണ്ടാകുമല്ലേ.. അവൾ പുഞ്ചിരിയോടെ ചോദിച്ചു. 

ഹേയ്..  ഇപ്പോഴൊന്നുമില്ല. സ്വസ്തം. ഹരി ചിരിച്ചു. അശ്വതിയുടെയോ?

അവളുടെ മുഖം മെല്ലെ മാറി...  

ഹരി.. അതാണ് ഞാൻ നേരിടുന്ന ഇപ്പോഴത്തെ വലിയൊരു പ്രശ്നം. വീട്ടിലിപ്പോ ഒരു ആലോചന നടക്കുന്നുണ്ട്. എന്റെ ഒരു യെസ് കിട്ടാതെ അവർ ഒന്നും ചെയ്യില്ല.. അവരെ വിഷമിപ്പിച്ചിട്ട് എനിക്ക് ഒന്നും വേണ്ടതാനും. പക്ഷേ.. എന്റെ ഒരു രീതിക്ക് പറ്റിയ ആൾ വേണ്ടേ... 

സിനിമയും, യാത്രയും, പുസ്തകങ്ങളും, ഫിലോസഫിയും, തമാശയും നിറഞ്ഞ എന്റെ ജീവിതത്തിൽ അവസാനം വരെ കൂട്ടായി നിൽക്കേണ്ട ആൾടെ സ്വഭാവം എന്റെ ഏതെങ്കിലും ഒരു രീതിയുമായെങ്കിലും മാച്ച് ചെയ്യണ്ടേ.. 

നിസ്സഹായത നിറഞ്ഞ അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു ഹരി.

മ്മ്.. അത് ശരിയാണ്.. അശ്വതിയുടെ സങ്കൽപ്പത്തിൽ ആരേലും അങ്ങനെ ഉണ്ടോ.. കോഫി പതിയെ ചുണ്ടിൽ വച്ചുകൊണ്ട് ഹരി പതിയെ ചോദിച്ചു. 

അങ്ങനാരുമില്ല ഹരി.. പക്ഷേ... ഞാൻ ഒരു കാര്യം പറഞ്ഞാൽ ഹരി വേറൊന്നും വിചാരിക്കരുത്. ഇന്നു വൈകുന്നേരം വരെ ഹരിയെ ഇവിടെ കണ്ടുമുട്ടുമെന്നോ, സംസാരിക്കാൻ പറ്റുമെന്നോ ഞാൻ കരുതിയില്ല.. ഓപ്പൺ ആയി ചോദിക്കുകയാണ്. എന്റെ ഇഷ്ടങ്ങൾ, താൽപര്യങ്ങൾ അതിൽ പലതും ഹരിക്കും അതുപോലുണ്ട്. ഹരിയെ എനിക്ക് ഒരുപാട് ഇഷ്ടവുമാണ്.   

ഹരിക്ക്... ഹരിക്കെന്നേ കെട്ടിക്കൂടെ.. അവൾ അവന്റെ കണ്ണിലേക്കു ഒരു പ്രത്യേക ഭാവത്തോടെ, ഉത്തരം പ്രതീക്ഷിച്ചുകൊണ്ട് നോക്കി.. 

ഹരി തെല്ലിട നേരം മിണ്ടാതിരുന്നു. പതിയെ കപ്പിൽ ഉള്ള കോഫി മുഴുവൻ കുടിച്ചു. പിന്നെ പുഞ്ചിരിയോടെ മെല്ലെ പറഞ്ഞുതുടങ്ങി. 

അശ്വതി.. സത്യത്തിൽ ഞാൻ അങ്ങോട്ടു പറയാൻ ആശിച്ച ഒരു കാര്യമാണ് താനിപ്പോ പറഞ്ഞത്.. അതുകൊണ്ട് തന്നെ എനിക്കിതിന് മറുപടിയായി ഒറ്റ വാക്കേയുള്ളു.. 

യെസ്..  

പക്ഷേ.. ഒരു ചെറിയ പ്രശ്നം.. പതിയെ നെറ്റിയിൽ കൈവച്ചു തിരുമ്മിക്കൊണ്ടിരുന്നു.  

എന്താ.. എന്താ അത്.. അശ്വതി ആകാംഷാപൂർവ്വം ചോദിച്ചു. 

ഹരി പതിയെ ചിരിച്ചുകൊണ്ട് അശ്വതിയുടെ കണ്ണിലേക്കു നോക്കി.. 

പ്രശ്നം ഒന്നേയുള്ളൂ.. 

അശ്വതിയുടെ ഒരു വർഷമായി ദുബായിൽ ഉള്ള ഹസ്ബന്റിനെ ഒന്നു സമ്മതിപ്പിക്കണം.. അതൊരു വിഷയമല്ല, അത് താൻ ഏൽക്കുമല്ലോ അല്ലെ.. അല്ലാതെ പുള്ളിയോട് പറയാതെ നമ്മൾ കല്യാണം കഴിച്ചാൽ.. അതൊക്കെ മോശല്ലേ.. അല്ലെ.. ഹരി പറഞ്ഞു നിർത്തി.

അശ്വതിയുടെ മുഖത്തു ചമ്മലും, അത്ഭുതവും നിറഞ്ഞു.. 

ഹരി ഞാൻ... അവൾ പതിയെ പറഞ്ഞു തുടങ്ങി.. 

മുഖത്തെ പുഞ്ചിരി അതുപോലെ തന്നെ നിലനിർത്തിക്കൊണ്ട് ഹരി പതിയെ കയ്യുയർത്തി. അവൾ പറയുന്നത് നിർത്താൻ ആവശ്യപ്പെടുന്നത് പോലെ..  

അശ്വതി..

ഈ കഴിഞ്ഞ രണ്ടു വർഷത്തിൽ എന്റെ ജീവിതത്തിൽ പല തരത്തിൽ വേദനകൾ നിറഞ്ഞ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഒരു ഗുണമുണ്ടായി. അതിൽ നിന്നൊക്കെ എനിക്ക് കുറെ കാര്യങ്ങൾ പഠിക്കാൻ പറ്റി.. അതിൽ കൂടുതലും കുറെ തിരിച്ചറിവുകളായിരുന്നു.

ആരൊക്കെ എന്റെ കൂടെയുണ്ട്, യഥാർത്ഥ സ്നേഹം ആരിൽ നിന്നാണ് എനിക്ക് കിട്ടിയത്, ആരെയൊക്കെ ജീവിതത്തിൽ ഞാൻ വേദനിപ്പിച്ചു, ആരൊക്കെ എന്നെ പറ്റിച്ചു.. എന്നതൊക്കെ അതിൽ ഉൾപ്പെടും. 

പിന്നെ അതുകൂടാതെ ഉറപ്പിച്ച ഒരു തീരുമാനമുണ്ട്. ഇനി ആരാലും പറ്റിക്കപ്പെടാതെ ജീവിക്കുക എന്നതും. ഹരി ചിരിച്ചു കൊണ്ട് ഒന്നു നിർത്തി. 

ഹരിയെ തന്നെ നോക്കി ഇരിക്കുകയായിരുന്നു അശ്വതി.

ബാംഗ്ളൂരിൽ നിന്നു വന്നപാടെ ഞാൻ ആദ്യം അന്വേഷിച്ചത് പൂജയെ ആയിരുന്നു. അവളുടെ കല്യാണം കഴിഞ്ഞില്ലെന്നും മനസ്സിലാക്കി. കൂടെ അവളുടെ ഇപ്പോഴത്തെ ബെസ്റ്റ് ഫ്രണ്ട് താനാണെന്നും. 

രണ്ടുവർഷം മുൻപ് ആത്മാർഥമായി അവൾ എന്നെ ഇഷ്ടപ്പെട്ടു. അവളെ എനിക്കും ഒരുപാട് ഇഷ്ടമായിരുന്നു. പക്ഷേ, ഒരു പ്രണയത്തിൽ ഒതുക്കാതെ വേറൊന്നിൽ കൂടി ഞാനൊരു സമയം കാലൂന്നി. അങ്ങനൊരു വലിയ തെറ്റെനിക്ക് പറ്റി..

അതുകൊണ്ടു തന്നെ എന്റെ അക്കരപ്പച്ച സ്വഭാവം മാറിയോന്നു ടെസ്റ്റ്‌ ചെയ്യാൻ, അവൾ തന്നെ അയച്ചൊരു പരീക്ഷണം ചെയ്തതിൽ  എനിക്ക് അത്ഭുതം തോന്നുന്നില്ല... 

ഹരി ഒരു ദീർഘശ്വാസം ഏടുത്തു.. 

ഞാൻ ചെയ്ത തെറ്റു ക്ഷമിക്കാൻ അവൾക്ക് പറ്റുമെങ്കിൽ, അവളെ കല്യാണം കഴിക്കണം എന്നുള്ള ചിന്തയാണ് എന്നെ ഇന്നിവിടെ എത്തിച്ചത്‌. അതാണ് സത്യവും. ഇതൊരു പാപപരിഹാരം എന്ന നിലയിൽ അല്ല. ഇതൊരു വലിയ തിരിച്ചറിവാണ്. ഉള്ളുകൊണ്ട് ഇന്നേറ്റവും  സ്നേഹിക്കുന്നത് അവളെ മാത്രം ആണെന്നുള്ള തിരിച്ചറിവ്..

ഇനി ഞാനിതു പൂജയോട് പറയണ്ട കാര്യമില്ലല്ലോ അല്ലെ.. കേൾക്കുന്നുണ്ടാകുമല്ലോ അവൾ .. 

ടേബിളിന്റെ സൈഡിൽ വച്ച അശ്വതിയുടെ ഫോൺ നോക്കി, ഹരി മെല്ലെ ചിരിച്ചു. 

അയാൾ മെല്ലെ അവളുടെ ഫോൺ ഏടുത്തു. കമിഴ്ത്തിവച്ച ഫോൺ ഓൺ കാൾ ആയിരുന്നു. ഹരി അത് ചെവിയോടുചേർത്തു. പതിയെ വിളിച്ചു. പൂജാ...  ഹലോ.. 

മ്മ്.. ഹരി..

മറുഭാഗത്തു നിന്നു  വൈകി ഒരു മറുപടി വന്നു.

ഞാൻ പറഞ്ഞത് താൻ എത്രത്തോളം ശ്രദ്ധിച്ചു, എത്രത്തോളം വിശ്വസിച്ചു, എന്നൊന്നും എനിക്കറിയില്ല. ഞാൻ തെറ്റുകാരനുമാണ്. 

നിനക്ക് എന്നോടുള്ള വിശ്വാസം തകർത്തത്‌ ഞാൻ ആണ്.. അതുകൊണ്ടു തന്നെ എനിക്കിവിടെ വോയ്സുമില്ല. പക്ഷേ, ഞാൻ ഇപ്പൊ പറഞ്ഞത് സത്യം മാത്രമാണ്.. 

എന്തായാലും നാളെ.. ഇതേ സമയം, ഇതേ സ്‌ഥലം.. എന്നോട് വിശ്വാസമുണ്ടെങ്കി മാത്രം താൻ വരൂ..... എന്തായാലും ഞാൻ തന്നെ പ്രതീക്ഷിക്കും.   

മറുപടി കേൾക്കാൻ നിൽക്കാതെ അയാൾ ഫോൺ പതിയെ കട്ട് ചെയ്തു.  

അശ്വതി ഹരിയെ ആശ്ചര്യപൂർവ്വം നോക്കി ഇരിക്കുകയായിരുന്നു.  

താൻ കോഫി കുടിച്ചില്ല. തണുത്തു പോയല്ലോ.. ബില്ലിനൊപ്പം പൈസ വക്കുന്നതിനിടയിൽ ഹരി അശ്വതിയെ നോക്കി.

ഹരി... സോറി.. പൂജ ഇന്നു വരാനിരുന്നതാണ്.. ഞാനാണ് അവളോട്‌ ഹരിയുടെ മനസ്സ് ഇപ്പൊ എന്താന്നെന്നറിഞ്ഞിട്ട് സംസാരിച്ചാൽ മതിയെന്ന് പറഞ്ഞെ.. അത്കൊണ്ട്...അത്കൊണ്ടാണ് ഞാൻ.. അവൾ പറയാൻ ബുദ്ധിമുട്ടി.. 

അശ്വതിടെ ഐഡിയ ആയിരുന്നല്ലേ,.. അത്‌ സാരമില്ല. ഹരി വീണ്ടും പുഞ്ചിരിച്ചു. കുറെ കള്ളങ്ങൾ തനിക്കു എന്നോട് പറയേണ്ടി വന്നെങ്കിലും ഒരുപകാരമുണ്ടായല്ലോ, ഞാൻ കാരണം ഒരു ബുക്ക് എടുത്തല്ലോ ലൈബ്രറിന്ന് വായിക്കാൻ. 

Everything i never told you. 

നല്ല അർഥവത്തായ ബുക്ക്സെലക്ഷൻ അല്ലെ.. ഹരി അവളെ ചിരിയോടെ നോക്കി. 

അശ്വതിയുടെ മുഖത്തു ചമ്മൽ നിറഞ്ഞൊരു ചിരി വിടർന്നു. 

എന്തായാലും വായിച്ചോ.. ഗുണം ചെയ്യും. ഹരി ചിരിച്ചുകൊണ്ട് പതിയെ എഴുന്നേറ്റു.  

പതിവില്ലാതന്നു പാർക്കിൽ, തണുത്തൊരു  കാറ്റു  പതിയെ വീശിക്കൊണ്ടിരുന്നു. ഒരു വലിയ കുളിർമഴയ്‌ക്കു മുൻപെന്നപോലെ.

Malayalam Short StoriesMalayalam literature interviews,Malayalam Poems     

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.