Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളം സംസാരിക്കുന്ന അറബി പെൺകുട്ടി

girl

ഷഹാന... മലയാളം സംസാരിക്കുന്ന സുന്ദരിയായ അറബി പെൺകുട്ടി പതിനെട്ട് വയസിനോടടുത്ത് പ്രായം. മലയാളത്തിലുള്ള അവളുടെ സംസാരം കൂട്ടുകാരികൾക്കും പരിചയക്കാർക്കും അൽഭുതമാണ്. അറബി മലയാളി എന്നാണ് അവർക്കിടയിൽ അവൾ അറിയപ്പെടുന്നത്.

ഹൗസ് ഡ്രൈവറായ ബഷീർക്കായുമായി പിച്ചവെച്ചു നടക്കുന്ന കാലം തൊട്ടുള്ള സഹവാസമാണ് അവളെ മലയാളം പഠിപ്പിച്ചത്. കുഞ്ഞുനാളിൽ അവളെ കൊഞ്ചിച്ചതും ലാളിച്ചതും മലയാളത്തിലായിരുന്നു. 

മലയാളത്തിലല്ലാതെ അയാൾ ഇതുവരെ അവളോട് സംസാരിച്ചിട്ടില്ല. വർഷങ്ങൾക്കു മുമ്പ് കേരളത്തിൽ സന്ദർശനത്തിന് പോയപ്പോൾ ഏതോ അനാഥാലയത്തിൽ നിന്ന് ജോലിക്കായി കൂടെ കൂടിയതാണ് ബഷീർ. സ്വന്തവും ബന്ധവുമൊന്നുമില്ലാത്ത ഒരു അനാഥൻ. ചുരുങ്ങിയ കാലം കൊണ്ട് അറബിക്ക് അവൻ പ്രിയപ്പെട്ടവനായി തീർന്നു.

ഇരുപത്തഞ്ച് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു അറബിയുടെ കൂടെ ഡ്രൈവറായി ജോലി തുടങ്ങിയിട്ട്. നല്ല മനസിന്റെ ഉടമ ഇത്രയും നാൾ അനാവശ്യമായ ഒരു വാക്ക് പോലും തന്നോട് അയാളോ മക്കളോ പറഞ്ഞിട്ടില്ല. തന്റെ ഭാഗത്തു നിന്നും അത്തരമൊരു പ്രവൃത്തിയും ഉണ്ടായിട്ടുമില്ല.

എന്നാൽ ഇന്ന് എന്താണ് സംഭവിച്ചത്.. കുഞ്ഞുനാൾ മുതൽ ഞാനുമായിട്ട് അടുത്ത് ഇടപഴകുകയും, കാർ കഴുകുമ്പോഴും ചെടികൾ നനക്കുമ്പോഴും എന്നോടു കൂടെ സദാസമയവും കൂട്ടുകുടി പിന്നാലെ നടക്കുകയും, എന്നെ ഉപ്പയെന്നും കഫീലിനെ ബാബയെന്നും വിളിക്കുന്ന എന്റെ കൺമുന്നിൽ വളർന്നു വലുതായ ഷഹാന. അവളെ കൊഞ്ചിക്കുന്നതിലോ അവൾക്കിഷ്ടമുള്ള സാധനങ്ങൾ അവൾ പറയാതെ വാങ്ങി നൽകുന്നതിലോ കഫീലിനോ വീട്ടുകാർക്കോ എതിർപ്പില്ല.

സാധാരണ അറബി വീടുകളിലൊന്നും പെൺകുട്ടികളുമായി ഇങ്ങനെ അടുത്ത് ഇടപഴകാൻ ജോലിക്കാരെ അനുവദിക്കാറില്ല. കുഞ്ഞുനാൾ മുതൽ തന്നോടൊപ്പമുള്ള സഹവാസം കൊണ്ടാവാം അവൾ നന്നായിട്ടല്ലെങ്കിലും മലയാളം സംസാരിക്കാൻ പഠിച്ചത്.

സ്കൂളിൽ ചേർത്ത ദിവസം മുതൽ ഇതാ ഇന്നുവരെ താനാണ് സ്കൂളിൽ കൊണ്ടു വിടുന്നതും തിരിച്ച് കൊണ്ടുവരുന്നതും. അവൾക്കും തന്നോടൊപ്പം യാത്ര ചെയ്യാനാണിഷ്ടം. ആ യാത്രയിൽ മുഴുവനും മലയാളത്തിലാവും സംസാരം. ചില സമയത്ത് ഷഹാനയുടെ പെരുമാറ്റവും സംസാരവുമെല്ലാം തന്റെ പ്രിയപ്പെട്ട ഭാര്യ സുൽഫത്തിന്റെ പോലെ തോന്നും.

ഷഹാനയുടെ വളർച്ചയിലാണ് ആ മാറ്റങ്ങൾ ബഷീർ ശ്രദ്ധിക്കാൻ തുടങ്ങിയത്. സുൽഫത്തിന്റെ അതേ കണ്ണുകൾ. ചുണ്ടുകളും ചിരിയും പല്ലും എല്ലാം അവളുടേതുപോലെ.. ഇപ്പോ.,,, വളർന്നു വളർന്ന് ഒരു ഒത്ത പെണ്ണായിരിക്കുന്നു.

കഫീലിന്റെ നാല് ആൺ കുട്ട്യോൾക്കും ഇവളെന്നു വെച്ചാൽ ജീവനാ ആൺ കുട്ട്യോൾക്ക് മാത്രമല്ല കഫീലിനും ഭാര്യക്കും ഒക്കെ അവൾ കഴിഞ്ഞേ മറ്റെന്തുമുള്ളു

ഷഹാനയോട് അവർക്കുള്ള ഇഷ്ടവും സ്നേഹപ്രകടനങ്ങളും കാണുമ്പോൾ അസൂയ തോന്നാറുണ്ട്.. നെഞ്ചിനകത്തൊരു വിങ്ങലുണ്ടാവാറുണ്ട്. വളർച്ചയുടെ ഒരോ ഘട്ടത്തിലും അവളെ തന്നിൽ നിന്നകറ്റാൻ അവർ ശ്രമിച്ചിരുന്നോ എന്ന് തോന്നാതിരുന്നില്ല

കാണുമ്പോഴെല്ലാം ഉപ്പാ സുഖമാണോ എന്ന ചോദ്യവും കളങ്കമില്ലാത്ത ഒരു ചിരിയും പതിവാണ്.

പക്ഷേ, ഇന്നത്തെ ആ സംഭവം അതവൾക്ക് ഒട്ടും ഇഷ്ടമായില്ല. അവളെ വല്ലാതെ ദേഷ്യം പിടിപ്പിച്ചിരിക്കുന്നു കാറിൽ നിന്നും ഇറങ്ങിപ്പോകുമ്പോൾ അവളുടെ മുഖത്ത് അത് പ്രകടമായിരുന്നു.

തെറ്റായിട്ട് ഞാനൊന്നും ചെയ്തിട്ടില്ല എനിക്ക് ശരി എന്നു തോന്നിയതെ ഞാൻ ചെയ്തിട്ടുള്ളു.

കഫീലിന്റെയും ആൺമക്കളുടെയും മുന്നിൽ വെച്ചാണ് അവളതു പറഞ്ഞത് കാറിൽ വെച്ച് ഞാനവളെ കയറി പിടിക്കാൻ ശ്രമിച്ചൂന്ന്.......

കേട്ടപാടെ ഉള്ളൊന്നുകിടുങ്ങി. അറബി രാജ്യമാണ്. ഇവിടെ പെണ്ണുങ്ങളുടെ വാക്കിനാണ് വില ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കാനോ ജീവൻ തന്നെ നഷ്ടമാകാനോ ഇതു ധാരാളം.

ശരീരത്തിലാകമാനം ഒരു തളർച്ച. വല്ലാതെ വിയർക്കാൻ തുടങ്ങി നെഞ്ചിനുള്ളിൽ എന്തോ കൊളുത്തി വലിക്കുന്ന വേദന. വേദനസഹിക്കാൻ കഴിയുന്നില്ല സംസാരിക്കാനും

"മോളെ...... ഞാൻ "

പറയാനുള്ളത് മുഴുമിപ്പിക്കുന്നതിനു മുന്നെ തറയിൽ കുഴഞ്ഞ് വീണു. മരുന്നുകളുടെ മയക്കത്തിൽ നിന്നും പതിയെ കണ്ണു തുറന്നപ്പോൾ കരഞ്ഞുകലങ്ങിയ കണ്ണുമായി തന്റെ അരികിൽ തന്നെയുണ്ട് ഷഹാന.

അവൾ വല്ലാതെ സങ്കടപ്പെട്ടിരിക്കുന്നു, കരച്ചിലൊതുക്കാൻ അവൾ പാടുപെടുന്നുണ്ട്. തന്റെ നെറ്റിയിൽ ചുംബിക്കാനായി കുനിഞ്ഞപ്പോൾ കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണീർ തന്റെ നെറ്റിയിൽ വീണ് ചിതറി തെറിച്ചത് ഒരു പക്ഷേ അവൾ അറിഞ്ഞു കാണില്ല

അപ്പോഴും സുൽഫത്തിന്റെ മുഖം മനസിൽ തെളിഞ്ഞു വന്നു.

നാട്ടിൽ ബന്ധുക്കളാരും ഇല്ലാത്തതു കൊണ്ടും പോയിട്ട് പ്രത്യേകിച്ച് കാര്യങ്ങളൊന്നും ഇല്ലാത്തതു കൊണ്ടും ഈ പ്രവാസ ലോകത്ത് വന്നിട്ട് അഞ്ച് വർഷം കഴിഞ്ഞിട്ടാണ് ആദ്യമായി നാട്ടിൽ ഒന്നു പോയത്. അതും ഓർഫനേജിലെ തന്റെ പ്രിയപ്പെട്ട സെയ്ദിക്കാ നിർബന്ധിച്ചിട്ട്

എല്ലാ മാസവും കൃത്യമായി ഒരു തുക ഓർഫനേജിലേക്ക് അയച്ച് കൊടുക്കാറുമുണ്ട്. 

ആ യാത്രയിലാണ് ഓർഫനേജിലെ അന്തേവാസിയായ സുൽഫത്തിനെ കണ്ടതും ഇഷ്ടപ്പെട്ടതും പിന്നെ ജീവിത സഖിയാക്കിയതും

അവളെയും കൂടെ കൂട്ടി പ്രവാസ ലോകത്തേക്ക് തന്നെ മടങ്ങി. സ്വന്തമെന്നോ ബന്ധമെന്നോ പറയാൻ ആരുമില്ലാത്തവർ....

അതു കൊണ്ടു തന്നെയാവാം അല്ലെങ്കിൽ ദീർഘ ദൃഷ്ടിയാവാം സ്വന്തമായി കുറച്ച് സ്ഥലവും അതിലൊരു കൊച്ചു വീടും വേണമെന്നത് അവളുടെ സ്വപ്നമായിരുന്നു....

ആ സ്വപ്നം എത്രയും പെട്ടെന്നു നിറവേറ്റാൻ വേണ്ടിയും വെറുതെ ഇരുന്നുള്ള മുഷിപ്പു മാറ്റാനും വേണ്ടിയാണ് അവളുടെ തന്നെ നിർബ്ബന്ധം കാരണം അറബിയുടെ വീട്ടു ജോലി ചെയ്യാൻ തുടങ്ങിയത്.

സ്വപ്നഭവനത്തിലേക്ക് ഒരു മുതൽക്കൂട്ട്‌ അതായിരുന്നു അവളുടെ ലക്ഷ്യം.

പരാതിയും പരിഭവങ്ങളുമില്ലാത്ത സന്തോഷകരമായ ജീവിതം വൈകാതെ അവർക്കൊരു കുഞ്ഞ് പിറന്നു. നല്ല ഓമനത്തമുള്ളൊരു കുഞ്ഞ്.

അന്നൊരു വെള്ളിയാഴ്ച്ച വൈകുന്നേരം ജീവിതത്തിന്റെ സകലപ്രതീക്ഷകളും അസ്തമിച്ച ദിവസം. അസുഖമുള്ള കുഞ്ഞിനെ ഡോക്ടറെ കാണിച്ച് മടങ്ങുകയാണ്. കുട്ടികളെ മുൻ സീറ്റിൽ ഇരുത്താൻ പാടില്ലാ എന്നാണ് നിയമം. അതു കൊണ്ട് തന്നെ ബേബി കെയർ ബാഗിൽ അവളെ ഭദ്രമായി കിടത്തി ബാക്ക് സീറ്റിൽ ബൽറ്റിട്ട് സുരക്ഷിതമാക്കി സുൽഫത്ത് മുൻ സീറ്റിൽ കയറിയത് എന്റെ നിർബ്ബന്ധം കൊണ്ടാണ്.

ഒരു വയസ്സ് കഴിഞ്ഞിരിക്കുന്നു കുഞ്ഞിന്. തിരക്കു പിടിച്ച റോഡിലൂടെ വളരെ ശ്രദ്ധിച്ചാണ് വണ്ടിയോടിച്ചത്. ചുവപ്പ് സിഗ്നൽ കത്തി കിടക്കുന്ന നാലും കൂടിയ ജംഗ്ഷനിൽ പച്ച വെളിച്ചം തെളിയാനായി കാത്തു കിടന്നു.

ചുവപ്പു മാറി പച്ച തെളിഞ്ഞു. കാർ പതിയെ മുന്നോട്ടെടുത്തതും ട്രാഫിക്ക് നിയമങ്ങൾ തെറ്റിച്ചു കൊണ്ട് അധിവേഗത്തിൽ വന്ന സ്വദേശിയുടെ വാഹനം കാറിന്റെ വലതു ഭാഗത്തായി ഇടിച്ച് തെറിപ്പിച്ചത് ഓർമയുണ്ട്.

ദിവസങ്ങൾ കഴിഞ്ഞാണ് ബേധം തിരിച്ച് കിട്ടിയത്. അനങ്ങാൻ കഴിയാത്ത വേദന ശരീരമാകമാനം. എവിടെയെല്ലാമോ പൊട്ടലും മുറിവുകളും

ആ വേദനയിലും കുത്തിനെയും സുൽഫത്തിനെയുമാണ് അന്വേഷിച്ചത്. വിധി വീണ്ടും അനാഥനാക്കിയെന്ന് പറയാനാവില്ല കുഞ്ഞിനെ ബാക്കി നൽകി അവൾ യാത്രയായിട്ട് ദിവസങ്ങളായി.

തണുത്തു വിറങ്ങലിച്ച് അവളിപ്പോഴും കിടക്കുന്നത് തന്റെയൊരു വാക്കിന് വേണ്ടിയാണ്. ഇവിടെ അടക്കണോ? അതോ നാട്ടിലോ? 

കാത്തിരിക്കാനോ അവസാനമായി ഒരു നോക്ക് കാണാനോ നാട്ടിലാരുമില്ലാത്തോർക്ക് അന്ത്യവിശ്രമം എവിടെ ആയാലെന്താ.. ഇവിടെ മതിയെന്നാണ് ഓർഫനേജുകാരുടെ അഭിപ്രായം. ആ അഭിപ്രായത്തിനോട് ഞാനും യോജിച്ചു. 

ഒന്നനങ്ങാൻ പോലും കഴിയാത്ത ഞാൻ എന്തു ചെയ്യാനാ... എത്രയും പെട്ടന്ന് തണുപ്പിൽ നിന്ന് അവളെ മാറ്റിയാൽ അത്രയും നല്ലത് എന്ന ചിന്ത മാത്രമായിരുന്നു. ശരീരത്തിലെ മുറിവുകളെക്കാൾ വേദന മനസിൽ ബാക്കിയാക്കി മാസങ്ങളോളം ആശുപത്രി കിടക്കയിൽ.

ആശുപത്രിയിലെ ഭാരിച്ച ബില്ലുകൾ. അപ്പോഴും ദൈവത്തെപ്പോലെ കഫീൽ മുന്നിൽ നിന്നു വേണ്ടതെല്ലാം ചെയ്തു തന്നു. ഷഹാനയുടെ സംരക്ഷണം അയാൾ ഏറ്റെടുത്തു. പെൺകുട്ടികളില്ലാത്ത കഫീലിനും ഭാര്യക്കും അവൾ സ്വന്തം കുഞ്ഞായി.

ആശുപത്രി ചിലവുകൾക്കു പുറമെ കൃത്യമായ ശമ്പളം തരാനും അയാൾ മറന്നില്ല. ഒരേ ഒരു കാര്യം മാത്രമെ ഞാൻ ആവശ്യപ്പെട്ടുള്ളൂ. ഉമ്മയില്ലാത്ത കുട്ടിയായി എന്റെ മകൾ വളരരുത്. അത് എന്നെക്കാൾ കൂടുതൽ ആഗ്രഹിച്ചത് അവരായിരുന്നു. ആശുപത്രി കിടക്ക വിട്ടിട്ടും മാസങ്ങളോളം ഒന്നനങ്ങാനോ മകളെ ഒന്ന് ലാളിക്കാനോ കഴിയാത്ത അവസ്ഥയിൽ മുറിയിൽ ഒറ്റപ്പെട്ട ജീവിതം. 

കഫീലിന്റെ മകളായി തന്നെ അവൾ വളർന്നു. മലയാളത്തെക്കാൾ നന്നായി അറബി സംസാരിച്ചു. സ്കൂളിൽ ചേർക്കേണ്ട സമയമായപ്പോൾ കഫീലിന്റെ നിർബ്ബന്ധമായിരുന്നു അറബി സ്കൂളിൽ ചേർക്കാൻ. മറുത്തൊന്നും ആ നല്ല മനുഷ്യനോട് പറയാൻ തോന്നിയില്ല.

ഷഹാനയെ സ്കൂളിൽ കൊണ്ടു വിടുന്നതും തിരിച്ച് കൊണ്ടു വരുന്നതും പുറത്ത് എവിടെയെങ്കിലും പോവാനുണ്ടെങ്കിൽ കൊണ്ടു പോകുന്നതുമെല്ലാം എന്റെ ജോലിയായിരുന്നു. എന്റെ ഉത്തരവാദിത്വമായിരുന്നു എന്ന് പറയുന്നതാവും ശരി.

ആ സമയങ്ങളിലാണ് അവളുമായും കൂടുതൽ അടുക്കുന്നതും സംസാരിക്കുന്നതും. ഞാനാണ് നിന്റെ ഉപ്പയെന്ന് പലപ്പോഴും അവളോട് പറഞ്ഞിട്ടുണ്ട് ചെറുപ്പം തൊട്ടെ വിളിച്ച് ശീലിപ്പിച്ചിട്ടുമുണ്ട്. 

പക്ഷേ..... അതെല്ലാം അവൾ ഒരു തമാശയായിട്ടാണ് കണ്ടതെന്ന് അറിയാൻ കഴിഞ്ഞില്ല. അല്ലെങ്കിൽ അവൾക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല. അവളുടെ മനസിൽ പിതാവിന്റെ സ്ഥാനം കഫീലിനായിരുന്നു

അവൾ വളർന്നു വലുതായി. ഒരു പിതാവും കാണാനോ കേൾക്കാനോ പാടില്ലാത്തത്ത് കാണുമ്പോൾ എങ്ങനെ സഹിക്കാൻ കഴിയും?

അതും സ്വന്തം കൺമുന്നിൽ. ഏതോ ഒരു അറബി ചെക്കനോടൊപ്പം ഷോപ്പിങ് മാളിൽ നിന്ന് മാറ്റൊരു കാറിൽ കയറി പോകുന്നത് കണ്ടപ്പോൾ തടഞ്ഞു.

ഇത്രയും കാലമായിട്ടും ഇങ്ങനെയൊന്ന് ഉണ്ടായിട്ടില്ല. കണ്ടപ്പോൾ വഴക്കു പറഞ്ഞു കയർത്തു സംസാരിച്ചപ്പോൾ അടിക്കേണ്ടിയും വന്നു കഫീലിനോട് ഞാൻ എല്ലാം പറയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

കൂടെയുള്ള അറബി ചെക്കൻ പറഞ്ഞു കൊടുത്ത ബുദ്ധിയാണെത്രെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നത്. കരച്ചിലൊതുക്കാൻ പാടുപ്പെട്ട് ഷഹാന ബഷീറിന്റെ അടുത്തു തന്നെയുണ്ട്.

അവളെ ചേർത്തു പിടിച്ച് അയാൾ ആശ്വസിപ്പിച്ചു. നീ എന്റെ രക്തവും സുൽഫത്തിന്റെ ജീവനുമാണ് നിനക്ക് വേണ്ടി മാത്രമാണ് പടച്ചോൻ എന്റെ ജീവൻ തിരിച്ചു തന്നത് നമുക്ക് ജീവിക്കണം. നിന്റെ ഉമ്മ സ്വപ്നം കണ്ട പോലെ ഒരു കൊച്ചു വീട് സ്വന്തമാക്കി.... നമുക്കു മടങ്ങാം... ഈ മണ്ണിൽ നിന്ന്.. സുൽഫത്തിനെ ഇവിടെ തനിച്ചാക്കീട്ട്.... അതിൽ അവൾക്ക് സങ്കടം കാണില്ല സന്തോഷമെ കാണൂ. ഇനിയെങ്കിലും എന്റെ സ്വന്തം മകളായി മരിക്കും വരെ നിന്നെ സ്നേഹിച്ച് ജീവിക്കണം....

***************

Malayalam Short StoriesMalayalam literature interviews,Malayalam Poems     

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.