Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശപ്പിന്റെ നികുതി

biriyani

ഒരു പുൽച്ചാടിയുടെ മെയ്‌വഴക്കത്തോടെ ആ ചെറിയ ജീപ്പ് ഉരുളൻ കല്ലിൽ കൂടി ഒന്നിൽ നിന്നു മറ്റൊന്നിലേക്കു തെന്നി തെറിച്ചു മുന്നോട്ടു നീങ്ങി.. 

കണ്ണിലേക്കു വീണു കിടന്ന ജട പിടിച്ച മുടിയിഴകൾ ഇടം കൈ കൊണ്ടു മാടി ഒതുക്കിയ ഉപ്പായി വലം കൈ കൊണ്ടു മടിയിൽ ഇരുന്ന കുട്ട നെഞ്ചോടു ചേർത്തു പിടിച്ചു. 

കുട്ടയിൽ ഉള്ള നാടൻ കോഴി മുട്ടകൾ ഒന്ന് പോലും പൊട്ടരുതെന്നു ആഗ്രഹിച്ചു ഏങ്കിലും വാഹനത്തിന്റെ വേഗത കുറയ്ക്കുവാൻ അയാൾ ആവശ്യപ്പെട്ടില്ല. 

എത്രയും വേഗം പട്ടണത്തിൽ എത്തി ചേരണം, കച്ചവടത്തിന് ശേഷം ആവശ്യമുള്ള സാധനങ്ങളും വാങ്ങി വേണം തിരികെ എത്താൻ . 

" ഈ തബനെയും ഇന്ത റോഡ് ടാർ സെയ്യ മാറ്റ, ആല്ലയ അയ്യാ ?" ഏതോ അയൽ നാട്ടുകാരൻ തമിഴ്  കലർന്ന ഭാഷയിൽ ചോദിക്കുന്നത് കേട്ടു. 

ഉപ്പായി അതിനൊന്നും ചെവി കൊടുത്തില്ല, കാരണം അതൊന്നും അയാളെ ബാധിക്കുന്നതായിരുന്നില്ല.. , കാടും മലകളും കാട്ടരുവികളും നിറഞ്ഞ ആ ഗ്രാമം മാത്രമാണ് ഉപ്പായിയുടെ ലോകം. 

കാച്ചിലിന്റെയോ ചേനയുടെയോ വില ചന്തയിൽ കുറഞ്ഞാൽ ഉപ്പായി വിഷമിക്കും, കോഴി മുട്ടക്കോ  കൊട്ടപ്പാക്കിനോ വില കുറഞ്ഞാലും....!!!

അയാളുടെ കൃഷി വിട്ട് ഒരു ജീവിതം അയാൾക്കില്ല. നാലക്ഷരം അത്യാവശ്യം കൂട്ടി വായിക്കാൻ അല്ലാതെ കൂടുതൽ ഒന്നും അറിയാത്ത ഉപ്പായിക്ക് ആസിയാൻ കരാറിനെയും ആണു ബോംബിനേയും കുറിച്ച് പ്രസംഗിക്കുന്ന സഖാക്കളും, ബാങ്കിലെ പലിശയെ കുറിച്ച് പറയുന്ന രാമൻ മാഷും എന്നും അത്ഭുതം തന്നെ ആയിരുന്നു. 

അയാളുടെ മൂന്നു കെട്ടുകളും താഴെ  ഇറക്കിയ ഉപ്പായി ജീപ്പിന്റെ മുകളിൽ ഒന്നും അവശേഷിച്ചിട്ടില്ല ഏന്ന് ഉറപ്പു വരുത്തി തന്റെ കയ്യിൽ ആകെ ഉണ്ടായിരുന്ന അൻപതു രൂപ വണ്ടിക്കാരന് വച്ചു നീട്ടി. 

"ഉപ്പായിയെ ചേഞ്ച്‌ ഇല്ലല്ലോടാ.. തിരിച്ചു പോരാൻ വേണ്ടേ... ബാക്കി എന്റെ കയ്യിൽ ഇരിക്കട്ടെ ട്ടൊ, പള്ളീടെ ഘടികാരത്തിൽ രണ്ട് അടിക്കുമ്പോൾ ഞാൻ ഇബിടുണ്ടാകും " 

വണ്ടിക്കാരൻ പറഞ്ഞു നിർത്തി. 

ഒന്ന് ശങ്കിച്ച് നിന്നു ഏങ്കിലും ഉപ്പായി തന്റെ കെട്ടുകൾ എടുത്തു ചന്തയെ ലക്ഷ്യം വച്ചു കാൽ വലിച്ചു വച്ചു നടന്നു.

"അയിസോറിയ "

ജൗളി കടയുടെ പേര് കഷ്ടപ്പെട്ട് കൂട്ടി വായിച്ച ഉപ്പായി അവിടെ 'ചെരിഞ്ഞ വരയും പുള്ളികളും' ഉണ്ടോ എന്നു നോക്കി...!!

മേലേതിലെ മമ്മത്തിന്റെ കൂടെ പട്ടണത്തിൽ വന്നപ്പോൾ ഒരു കുപ്പായ തുണി വാങ്ങാൻ ആണ് ആദ്യം ആ ജൗളി കടയിൽ ഉപ്പായി കയറിയത്, അപ്പോൾ മമ്മത് പറഞ്ഞു തന്നതാണ് ചരിഞ്ഞ വരയും രണ്ട് പുള്ളിയുടെയും സൂത്രം. 

അന്ന് അവിടെ ഇരുപത്തിയഞ്ചും പുള്ളിയും ഉണ്ടായിരുന്ന കടയിൽ നുറ് ഉറുപ്പികേടെ കുപ്പായത്തിനു ഇരുപത്തി അഞ്ചു കായ കുറച്ചു കിട്ടി.

ഗണിത ശാസ്ത്രത്തിലെ അധികം, ഗുണനം, ഹരണം പോലും വശമില്ലാത്ത അയാൾക്ക്‌ ശതമാനത്തിന്റെ ചിഹ്നം "%'" മനസ്സിൽ ഇങ്ങനെ ഇടം പിടിച്ചതിൽ അതിശയമില്ല. 

വിശപ്പു അതിന്റെ എല്ലാ കാഠിന്യത്തോടെയും ആമാശയത്തിൽ നിന്നും അന്നനാളം വഴി മേൽപോട്ടുയർന്നത് ഉപ്പായി അറിഞ്ഞു. കാലത്തെ ഭാര്യ തെറുത ഉണ്ടാക്കി കൊടുത്തു കറുത്തുപോയ കപ്പ കിഴങ്ങ് ആമാശയത്തിൽ ചരമം പ്രാപിച്ചു തുടങ്ങിയെന്ന് അർഥം...

വിശപ്പിന്റെ വിളി ചിന്തകളിൽ നിന്നുണർത്തിയപ്പോൾ ഉപ്പായി കണ്ടത് ഹോട്ടലിന്റെ  മുന്നിൽ തൂക്കി ഇട്ടിരുന്ന കറുത്ത പ്രതലത്തിൽ എഴുതിയ വെളുത്ത വാക്കുകൾ ആയിരുന്നു,

" ബിരിയാണി 100 രൂപ"

എന്നാൽ അതിനു താഴെ എഴുതിയ ആംഗലേയ പദത്തിന് ശേഷം ഉള്ള 18% എന്ന വാക്കുകൾ ഉപ്പായിയുടെ മനസ്സിൽ കുളിർ മഴ പെയ്യിച്ചു. മമ്മത്തിന്റെ സൂത്രം വച്ചു നോക്കിയാൽ... നൂറിൽ നിന്നും കായ വീണ്ടും കുറയും. 

ചുണ്ടിൽ വിടർന്ന പുഞ്ചിരി കാലിന്റെ ശക്തി ആക്കി മാറ്റിയ അയാൾ ചന്ത ലക്ഷ്യമാക്കി വേഗം നടന്നു. 

നാടൻ മുട്ടയ്ക്ക് വീണ്ടും വില കുറഞ്ഞു കൊട്ടപ്പാക്കിനും, മനസ്താപം തോന്നിയെങ്കിലും ചരക്കുകൾ വിറ്റഴിച്ച അയാൾ പലചരക്കു പീടികയിലേക്കു നടന്നു. 

അമ്മച്ചിക്ക് ചവയ്ക്കാൻ പൊകല, അപ്പാപ്പന് പൊകയ്ക്കാൻ തെറുപ്പു ബീഡി, തെറുതക്കു പൊകക്കാൻ കുന്തിരിക്കം, ഉണ്ണീടെ ചായ പീടികേലേക്കു തേയില, പിന്നെ വീട്ടിലേക്കുള്ള പലവ്യഞ്ജനങ്ങൾ... എല്ലാം വാങ്ങിച്ചു കഴിഞ്ഞപ്പോൾ തന്റെ കീശക്കു ഇത്ര വലിപ്പം വേണ്ടായിരുന്നു എന്ന് ഉപ്പായിക്ക് തോന്നി....!!

ഇനി നൂറു ഉറുപ്പിക ബാക്കി, കുറച്ചു ചില്ലറയും. 

വിശപ്പ്‌ അയാളെ ബിരിയാണി കടയിലേക്ക് ആനയിച്ചു, തിരിയെ പോകാൻ വണ്ടിക്കാരന്റെ കയ്യിൽ കായ കൊടുത്തിട്ടുണ്ട്, അപ്പോ പിന്നെ ബിരിയാണി തിന്നിട്ടു തന്നെ കാര്യം.....!!

കൈ കഴുകി ഇരുന്ന അയാളുടെ മുന്നിൽ ആവി പറക്കുന്ന ബിരിയാണി ഒരു ചെറിയ മൊട്ടക്കുന്നു പോലെ പിഞ്ഞാണത്തിൽ പറ്റി ചേർന്നിരുന്നു, മമ്മത്തിന്റെ കൂടെ ആണ് പണ്ട് ബിരിയാണി ആദ്യം തിന്നത് ഏതോ ഒരു " ദും ബിരിയാണി പോലും' മമ്മതാണ് അന്ന് പറഞ്ഞു തന്നത്. 

വായിൽ ഊറി വന്ന വെള്ളം വലിച്ചു ഇറക്കിയ അയാൾ തന്റെ മുന്നിലെ ഭക്ഷണത്തിലേക്കു കൈവിരലുകൾ ഇറക്കി കയ്യിൽ തടഞ്ഞ കോഴി മുട്ട പുറത്തെടുത്തു. 

ഒന്ന് പകച്ച അയാൾ ചുറ്റും നോക്കി

 " ഇതെവിടുന്നു വന്നപ്പാ "

ചുറ്റും നോക്കി ആത്മഗതം മന്ത്രിച്ച അയാൾ ആ മുട്ട അച്ചാറ് പാത്രത്തിലേക്ക് മാറ്റി വച്ചു. 

മുട്ട പൊരിക്കാൻ ശ്രമിച്ച സഹധർമിണി തെറുത പൊട്ടിച്ച മുട്ടയിൽ നിന്നും കോഴികുഞ്ഞു പുറത്തു ചാടിയ അന്ന് തുടങ്ങിയ മുട്ട വിരോധം ഇപ്പോളും ഉപ്പായിയെ വിട്ടു മാറിയിട്ടില്ല. 

സാവധാനം തന്റെ ബിരിയാണി  ആസ്വദിച്ചു കഴിച്ച ശേഷം ഏമ്പക്കവും വിട്ട് അയാൾ മാനേജരുടെ അടുത്തേക്ക് നടന്നു....

കീശയിൽ അവശേഷിച്ച നൂറു ഉറുപ്പിക വച്ചു നീട്ടിയ അയാൾ ബാക്കി കിട്ടുന്നതിനായി കാത്തു നിന്നു. തന്റെ നേരെ തുറിച്ചു നോക്കിയ മാനേജർ വച്ചു നീട്ടിയ കുറുപ്പടിയിലെ അക്ഷരങ്ങൾ വിഷമിച്ചു കൂട്ടി വായിച്ച ഉപ്പായിക്ക് മനസ്സിലായി.... 

ബിരിയാണി നൂറു ഉറുപ്പിക "ആംഗലേയം"പതിനെട്ടു ഉറുപ്പിക, 

...... "!! മൊത്തം നൂറ്റിപതിനെട്ടു.... !!!!

" നൂറു ഉറുപ്പിക ബിരിയാണി പതിനെട്ടു ശതമാനം ജി എസ് ടി, മൊത്തം നൂറ്റി പതിനെട്ടു...., ബോർഡിൽ ഉണ്ടല്ലോ "

തെല്ലു അമർഷത്തോടെ ഉപ്പായിയുടെ മനോഗതം കൂട്ടി വായിച്ച മാനേജർ പറഞ്ഞു തുടങ്ങി..  

അടി വയറ്റിൽ നിന്നുള്ള ഒരു കാളൽ കഴിച്ചതെല്ലാം ദഹിപ്പിച്ചു കൊണ്ടു തലച്ചോറ് വരെ എത്തിയപ്പോൾ ഉപ്പായിക്ക് മനസ്സിലായി തന്റെ കീശ കാലിയാണ്... !!!

ഇനി ഏന്തു ചെയ്യും ?!!!!!

ചരിഞ്ഞ  വരയുടെയും പുള്ളിയുടെയും സൂത്രം പറഞ്ഞു തന്ന മമ്മദിനെ മനസ്സാൽ ശപിച്ചുകൊണ്ടു മടിയിൽ അവശേഷിച്ച ചില്ലറ വാരി മേശപ്പുറത്തു വച്ചു.

ജി എസ് ടി എന്താണെന്നോ ശതമാനം എന്താണെന്നോ മാനേജരുടെ പ്രഭാഷണത്തിന്റെ ഉള്ളടക്കം എന്താണെന്നോ ഒന്നും പിടികിട്ടിയില്ല, വിശപ്പിനു നികുതി കൊടുക്കേണ്ടതിനെ പറ്റി അയാൾക്ക്‌ അറിയാത്തതിൽ അതിശയിക്കാനുമില്ല...!!!!, എങ്കിലും എന്തു കഴിച്ചാലും അതിൽ ചേർക്കുന്ന  ജി എസ് ടി എന്ന സാധനത്തിനും കൂടി കായ കൊടുക്കണം എന്നു മാത്രം ഉപ്പായിക്ക് മനസ്സിലായി.... 

"എന്താ ഹേയ്, ഇനിയും രണ്ടുറുപ്പിക കുറവുണ്ടല്ലോ....??? " 

മുഖത്തെ കണ്ണട സ്വൽപം താഴ്ത്തി മുകളിലൂടെ നോക്കികൊണ്ട്‌ പുച്ഛം കലർന്ന സ്വരത്തിൽ മാനേജർ ചോദിച്ചു. 

അഭിമാനം വ്രണപ്പെട്ട ഉപ്പായി കഴിക്കാതെ വച്ച മുട്ടയുടെ നേരെ കൈചൂണ്ടി, നിഷ്കളങ്കതയും അതിലേറെ നിസ്സഹായതയും കലർന്ന പതിഞ്ഞ ശബ്ദത്തിൽ ദയനീയമായി പറഞ്ഞു.. 

"മൊട്ടേന്റെ ജി എസ് ടി................. !!!!!!!"

Malayalam Short StoriesMalayalam literature interviews,Malayalam Poems       

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.