Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊമാല *

x-default

ലോകത്തിലെ ഏറ്റവും അശാന്തി നിറഞ്ഞ പ്രദേശത്ത്‌ ജീവിക്കേണ്ടി വരുന്ന ഒരുവൻ തുടക്കത്തിലെ അതീവ ജാഗ്രതയിൽ നിന്ന് ജീവിതം സാവധാനമെങ്കിലും വളരെ സാധാരണമായിമാറുന്നത്‌ തിരിച്ചറിഞ്ഞു.... മരണം അൽപമാത്രമായ ഒരു കാലത്തെ മാത്രമേ ഭയപ്പെടുത്തുന്നുള്ളു എന്നും, സ്വപ്നങ്ങൾ, പ്രതീക്ഷകൾ, ലക്ഷ്യങ്ങൾ എന്നിങ്ങനെയുള്ള യാഥാർത്ഥ്യത്തിൽ നൈമിഷികങ്ങളായ സത്യങ്ങൾ, പെരും സത്യത്തിനും മുകളിലേക്ക്‌ ചിറകു വച്ച്‌ പറന്നുയരുന്നത്‌ മനസ്സിലാക്കി, മേഘങ്ങൾക്ക്‌ മുകളിലേക്കെന്നവണ്ണം, മനു ഒരു കവിൾ പുക പറത്തി വിട്ടു .....

'ഭൂഗോളം ഒരു പഴുത്ത മാങ്ങയും, മനുഷ്യൻ അതിൽ പുളച്ചു തിമിർക്കുന്ന പുഴുക്കളായും മാറുന്ന ഒരു കാലത്തിൽ, പൂണ്ടു തിന്നാൻ വരുന്ന ഒരാൾ, പുഴുക്കളെ കണ്ട്‌ അറച്ച്‌ തൂക്കിയെറിയുന്ന, സൃഷ്ടിയുടെ ഒരപൂർവ്വ വിത്ത്‌ ഉള്ളിലൊളിപ്പിച്ച ആ ദിവ്യ ഫലത്തിൽ, ഒരു കുലം പുഴുക്കൾ മുഴുവൻ അഹങ്കരിക്കാൻ ഒന്നുമില്ലാത്തതിന്റെ പേരിൽ മാത്രം ആത്മഹത്യ ചെയ്യും... അന്ന് പേറെടുത്തതും, കീറിമുറിച്ചതുമായ വയറ്റാട്ടിമാരും, അപ്പോത്തിക്കിരിമാരും അനാവശ്യമായി നഷ്ടപ്പെടുത്തിയ ഉറക്കത്തെ പഴിച്ച് ആത്മഹത്യയില്‍ പങ്ക് ചേരും' ... തന്റെ ഡയറിയില്‍ ഇങ്ങനെ എഴുതി വച്ച് എരിഞ്ഞെരിഞ്ഞടങ്ങിയ സിഗററ്റിനെയവന്‍ ശംഖിന്റെ ആകൃതിയിലുള്ള ആഷ്ട്രേയില്‍ കുത്തി കെടുത്തി ...

'നീയിനി പുക വലിക്കരുത്, വലിച്ചാല്‍ എന്റെ കഴുത്തിന്റെ ശംഖുവളവുകളില്‍ അതിനെ കുത്തികെടുത്താന്‍ ധൈര്യം സംഭരിക്കുക' .... കഴുത്തില്‍ ചുമലിനു തൊട്ടു മുകളിലായുള്ള കാക്കപ്പുള്ളിയില്‍ തന്റെ നാവുകള്‍ വരച്ചു വയ്ച്ച അനേകായിരം ചിത്രങ്ങളുടെ ഓര്‍മ്മയിലാവണം അതു പോലെ തന്നെയുള്ള ശംഖവള്‍ തിരഞ്ഞെടുത്തത് ...

നിലീന, ശാന്തമായൊഴുകുന്ന പുഴയിലേക്കെറിയപ്പെട്ട ഒരു കല്ലിനെന്തെല്ലാം സാധിക്കുമോ, അത്രനാള്‍ തന്നില്‍ ഓളം തീര്‍ത്ത് ഓര്‍മ്മയുടെ ആഴങ്ങളിലേക്ക് മുങ്ങിപ്പോയവള്‍ ... ചിലപ്പോള്‍ അതേ ആഴങ്ങളിലേക്ക് മുങ്ങി അവളെ തിരിച്ചു കൊണ്ടുവരാന്‍ മാത്രമാണിപ്പോള്‍ താന്‍ സിഗററ്റ് വലിക്കാറുള്ളതെന്ന് ഭയത്തോടെ അവന്‍ മനസ്സിലാക്കി... ഒരാല്‍മരം ഓരോ നിമിഷവും ആകാശത്തെ ഏതെല്ലാം വിധത്തില്‍ മാറ്റിയെടുക്കുന്നു... വൃത്തമായും, ചതുരമായും, ശംഖ് തന്നെയായും ഒരോ നിമിഷവും ഓരോ ഇലയനക്കത്തിനുമിടയില്‍ രൂപം മാറി രൂപം മാറി.... ഏതിലയനക്കത്തിലാവണമവള്‍ മഴനൂലിന്റെ രൂപം കൊണ്ട് പുഴയിലേക്കലിഞ്ഞ് പോയിട്ടുണ്ടാവുക ?

ജനനവും മരണവും ഒരു വലിയ യുദ്ധത്തിനിടയില്‍, നേര്‍ത്ത വെള്ളിനൂലോളം പോന്ന അതിര്‍ത്തിക്കപ്പുറവും ഇപ്പുറവും വിശ്രമിക്കുന്ന രണ്ട് പട്ടാളക്കാര്‍ മാത്രമാണ് ... വിശ്രമവേളകളിലെ ഏറ്റക്കുറിച്ചിലുകളോളം വലുപ്പമാണ് ഓരോ ജീവിതവും ... ആദ്യ ജയം ജനനത്തിനാണെങ്കില്‍, ഇന്നു വരെ ഒരു യുദ്ധവും തോറ്റിട്ടില്ലെന്ന് അഹങ്കരിക്കുകയാണ് മരണം എന്നു പേരുള്ള പട്ടാളക്കാരന്‍ ...

'മനു നിനക്കറിയുമോ ഈ യാത്രക്ക് നിലാവോളം ഭാരമേയുണ്ടാകാവൂ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്'.... അത് പറയുമ്പോള്‍ മേഘങ്ങള്‍ മനുഷ്യരൂപം പ്രാപിച്ച മാലാഖയാണ് താനെന്ന്, തൂവെള്ള നിറമുള്ള പല്ലുകളാല്‍ പൊട്ടിപ്പൊട്ടിചിരിക്കുന്നുണ്ടായിരുന്നു ... അവളെന്നുമങ്ങനെയായിരുന്നു, ജീവിതത്തിനും മരണത്തിനുമിടയിലെയോരോ നിമിഷവും പ്രായോഗികതയുടെ കെട്ടിമാറാപ്പുകളൊട്ടും ചുമക്കാത്ത നിഷ്കളങ്കതയുടെ മഞ്ഞ് തുള്ളി... പുല്‍ക്കൊടിത്തുമ്പില്‍ നിന്നുരുകി ഭൂമിയിലേക്ക് പതിക്കുന്ന അവസാനനിമിഷം വരേയ്ക്കും മഴവില്ലിനെ ഹൃദയത്തിലാവാഹിച്ചവള്‍... ജീവിതം കാര്‍ന്ന് തിന്നാന്‍ പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ എന്ന ഭീകര സത്വം മുന്നില്‍ വന്നു നില്‍ക്കുന്നു എന്നറിഞ്ഞ നാള്‍ ഓടി മുന്നില്‍ വന്നു നിന്ന് കാതടപ്പിക്കുന്നൊച്ചയില്‍ പൊട്ടിച്ചിരിക്കുകയായിരുന്നവള്‍ ...

''മനു എനിക്കിനി മൂന്ന് മാസത്തിനപ്പുറത്തേക്കൊരു സ്വപ്നവും കാണേണ്ടതില്ല, ജീവിതത്തിന്റെ നല്ല പങ്കും ഒരിക്കലും തീര്‍പ്പില്ലാത്ത നാളെകള്‍ക്കു വേണ്ടി പാടുപെടുന്ന വിഡ്ഢികളായ മനുഷ്യകുലത്തിന്റെ യാതൊരു നിയമവുമിനി എനിക്കു ബാധകമല്ല.... ഇനി നിന്റെ മരണകവിതകളില്‍ എനിക്ക് നെടുവീര്‍പ്പിടുകയോ, ഭയപ്പെടുകയോ ചെയ്യേണ്ടതില്ല ... അവിചാരിതമായി വന്ന് പോയേക്കാവുന്ന ഒരു കൊടുങ്കാറ്റിനു പോലും എന്നെയും കൊണ്ട് പറക്കുവാന്‍ സാധിക്കുകയില്ല'' ...

'ഞാന്‍ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്ക് മനു, നിന്റെ മിഴികളെനിക്ക് വേണ്ടി നിറയുന്ന അവസാന ദിവസമാവണമിന്ന്... നീ സമ്മതിക്കില്ലെന്നറിയാം എങ്കിലും ഞാന്‍ പറയട്ടെ ... സ്വപ്നങ്ങള്‍ തകര്‍ന്ന് പോകുന്നതുകൊണ്ടു മാത്രമാണ് മരണം നമുക്കിത്ര ഭയാനകമാവുന്നത് ... സ്വപ്നങ്ങള്‍ കാണാത്തൊരുവളെ മരണത്തിനു പോലും ഭയമാണ്... നിന്റെ പട്ടാളക്കാരന്‍ തോറ്റൊരു യുദ്ധത്തിന്റെ കഥ നിനക്കെഴുതണ്ടേ ... തൊട്ടുമുമ്പത്തെ നിമിഷത്തിന്റെ ഔദാര്യം മാത്രമാണ് ജീവിതം എന്ന് നീ തന്നെയെഴുതിയിട്ടുള്ളതല്ലേ ... അറിയുമോ നിനക്ക്, ഒരു നിമിഷത്തിന്റെ പോലും ഉറപ്പില്ലാത്ത ജീവിതത്തെ ഭയന്ന് നീയടക്കമെല്ലാവരും പതിറ്റാണ്ടുകളുടെ സ്വപ്നങ്ങള്‍ കൂട്ടി വയ്ച്ചിട്ടില്ലേ... ഓരോ സ്വപ്നങ്ങളും നിന്റെ ഭയത്തെ വര്‍ദ്ധിപ്പിക്കുകയല്ലേ? ഒരിക്കലെങ്കിലും സ്വപ്നങ്ങളില്ലാത്ത ഒരു ദിവസത്തിലേക്കുണരണമെന്ന് നീയും ആഗ്രഹിച്ചിട്ടില്ലേ... ഈ നിമിഷം മുതൽ നീ കണ്ട ആ സ്വപ്നത്തില്‍ ജീവിക്കാന്‍ കഴിയുകയാണെനിക്ക്... ഏതു നിമിഷവും വന്നേക്കാവുന്ന അവനു വേണ്ടിയാണെന്റെ കാത്തിരിപ്പ്... അവന്‍ തോറ്റുതുന്നം പാടുന്ന ആ ഒറ്റ നിമിഷത്തില്‍ നീ കരയരുത്... നിന്റെ കണ്ണുനീരിലെല്ലാം അവൻ പുഞ്ചിരി കൊള്ളും ... മുഖം വക്രിച്ചൊരു കൊഞ്ഞനം നീ അവനു നേരെ കരുതണം ... ആത്മാവിന്റെ ഒരാലിംഗനം നമ്മളൊരിക്കലും അഴിക്കാതെ കാത്തു വച്ചിട്ടുണ്ടെന്ന് പറയണം' ...

അവള്‍ നടന്ന് പോയന്ന് മുഴുവന്‍ ആകാശത്തിന് നീലനിറമായിരുന്നു... മേഘങ്ങളൊഴിഞ്ഞ് സാഗരത്തെ പ്രതിഫലിപ്പിച്ച് ആകാശം അവളെ എതിരേറ്റു..... നിലീന നിന്നോട് മത്സരിച്ച് തോല്‍ക്കാന്‍ മേഘങ്ങള്‍ക്ക് പോലും ധൈര്യമുണ്ടായിരുന്നില്ല ...

വികസിത രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലെന്നവകാശപ്പെട്ടിരുന്ന നാളുണ്ടായിരുന്നീ മണ്ണിനെന്ന് അയാള്‍ ചെറുപുഞ്ചിരിയോടെ ഓര്‍ത്തു... യുദ്ധങ്ങള്‍ക്കിടയില്‍ വികസിച്ച് വികസിച്ച് തീരുന്ന ജീവിതമെന്ന കുമിളയോട് ഈ രാജ്യത്തെ, അശാന്തിയുടെ ഈ നഗരത്തെ വിശേഷിപ്പിക്കണമെന്ന് അയാള്‍ക്കു തോന്നി ...

'നിലീന ആകാശത്തെ ഒരൊറ്റ മേഘമായി നീ മാറുമ്പോള്‍ മുതല്‍ മോഹിച്ചു തുടങ്ങിയതാണീ നഗരത്തെ.... ഒരാര്‍ത്തനാദമോ, വെടിയൊച്ചയോ കേള്‍ക്കാതെ ഉറങ്ങാനാകില്ലെന്ന് പറയുന്ന ദരാല്‍ എന്നു പേരുള്ള അടുക്കളക്കാരന്റെ കൈപ്പുണ്യം നിനക്കറിയണ്ടേ ... പതിറ്റാണ്ടുകളായി വെടിയുണ്ട കേട്ടുറങ്ങിയതിനാലാവണം അയാളുടെ മാംസ വിഭവങ്ങളോളം ലോകത്തില്‍ മികച്ചൊരു ഭക്ഷണവുമില്ല... ബദാം ആണെന്ന് കരുതിയാണത്രേ 8 വയസ്സുള്ള അയാളുടെ മകന്‍ ഒരു കൊച്ച് ബോംബ് കടിച്ചുപൊട്ടിച്ചത് .... നിനക്കേറെയിഷ്ടമായിരുന്നല്ലോ ബദാമിന്റെ ചവര്‍പ്പ് ചേര്‍ന്നുള്ള മധുരം... അവിചാരിതമായി നുകര്‍ന്ന മധുരത്തില്‍ ചവര്‍പ്പെല്ലാം ദരാലിനു നല്‍കി മിയാന്‍ എന്ന് പേരുള്ള മിടുക്കന്‍ നിന്റെ ആകാശങ്ങളിലേക്ക് രക്ഷപ്പെട്ടു '...

'1008 ശത്രു ഭടന്മാരെ കൊന്ന മിടുമിടുക്കനാണ് ക്യാപ്റ്റന്‍ റോബര്‍ട്ട്. ഒരിക്കല്‍ വിസ്കിയും, വോഡ്കയും, വീഞ്ഞും സമമായി ചേര്‍ത്ത് രക്തനിറമാര്‍ന്നൊരു ലഹരിപാനീയത്തെ അയാള്‍ വിശേഷിപ്പിച്ചതെന്താണെന്ന് നിനക്ക് കേള്‍ക്കണ്ടെ ... ശത്രുവിനു വേണ്ടി പണിത കിടങ്ങില്‍ വീണു മരിച്ച സുന്ദരിയായ അയാളുടെ ഭാര്യയുടെ പേരു തന്നെ ...

നിലീന നിനക്കിപ്പോള്‍ മനസ്സിലാവുന്നുണ്ടോ... പ്രിയപ്പെട്ടവരുടെ മരണങ്ങളെല്ലാം ജീവിച്ചിരിക്കുന്നവര്‍ക്ക് പില്‍കാലത്ത് ലഹരിയായി മാറുമെന്ന്' ...

'ഞാനിന്നലെ കണ്ട സ്വപ്നത്തെ കുറിച്ച് നിനക്കറിയണ്ടെ, സ്വപ്നങ്ങളെയെല്ലാം ആട്ടിപ്പായിച്ചവളാണല്ലോ നീ... എങ്കിലും അവിചാരിതവും അപൂർവവുമായി വന്ന് പോകുന്ന ഉറക്കത്തിനിടയില്‍ അത്യപൂർവമായി വിരിയുന്ന ഒരു സ്വപ്നത്തില്‍, നമ്മള്‍ ഇലകളെക്കാള്‍ ഫലങ്ങളുള്ള, ഫലങ്ങളെക്കാള്‍ പൂവുകളുള്ള ഏതോ മരത്തിനു കീഴെ സഹോദരിമാരായ ജീവബിന്ദുക്കള്‍ നടക്കാനിറങ്ങിയ താഴ്​വരയിലേക്കു നോക്കി കെട്ടിപ്പിടിച്ചിരിക്കുന്നു... ഓരോ അണുവിലും നീയെന്നെയും ഞാന്‍ നിന്നെയും മാത്രം ശ്വസിക്കുന്നു, മണക്കുന്നു, മിടിക്കുന്നു ... നഗ്നമായ ഉടലുകള്‍ പരസ്പരം വസ്ത്രമാകുന്നു... ജീവിതത്തിന്റെ അഗാധതയ്ക്ക് ആകാശത്തോളമുയരമുണ്ടെന്ന് നീയും... ആകാശത്തിനു ഭൂമിയോളം വലുപ്പമേയുള്ളു എന്ന് ഞാനും പൊട്ടിച്ചിരിക്കുന്നു... എന്നിട്ടും ഈ മരത്തിലെ ഒരു ഫലം പോലും ഭക്ഷിക്കാന്‍ ഞാനും, എനിക്ക് നേരെ നീട്ടാന്‍ നീയും തയ്യാറാകുന്നില്ല ... നിനക്ക് പൊക്കിള്‍ കൊടി ഉണ്ടായിരുന്നില്ല എന്ന് ഭയപ്പെട്ട് ഞാന്‍ ഞെട്ടിയെഴുന്നേല്‍ക്കുന്നു... ഹാ നിലീന, സ്വപ്നങ്ങളില്ലാത്ത ഭൂമിയിലെ ആദവും ഹവ്വയും നമ്മളല്ലാതെ പിന്നാരാണ് ? '...

നീ പറഞ്ഞില്ലേ വിശേഷപ്പെട്ട ആ ഒരു ദിവസത്തേക്ക് സ്വപ്നങ്ങളെ തൂത്തെറിയേണ്ടതിനെ പറ്റി... ഇന്ന് ഞാനും, ക്യാപ്റ്റന്‍ റോബര്‍ട്ടും, ദരാലും ഓരോ മൈനുകളില്‍ ചവിട്ടി നില്‍ക്കും, നിന്റെ മുന്‍പില്‍ തോറ്റ പട്ടാളക്കാരനെ പരിഹസിച്ച് പരിഹസിച്ച് നാണം കെടുത്തും ... അശാന്തിയുടെ ഈ നഗരത്തില്‍ അഹങ്കരിക്കാന്‍ ഒന്നുമില്ലാത്തത്തിന്റെ പേരില്‍ ഒരു കുലമാകെ ആത്മഹത്യ ചെയ്യുന്നതിനും ഒരുപാട് നിമിഷങ്ങള്‍ക്ക് മുന്‍പ് താന്‍ പിന്നെയും തോൽപ്പിക്കപ്പെട്ടിരുന്നു എന്നവന്‍ ഒരു ഡയറിക്കുറിപ്പെഴുതട്ടെ ...

***   ***   ***

*കൊമാല - ഹുവാന്‍ റൂള്‍ഫോയുടെ പെഡ്രോ പരാമോ എന്ന നോവലിലെ മരിച്ചു പോയവരുടെ, ആത്മഹത്യ ചെയ്തവരുടെയും നഗരം ....

Malayalam Short StoriesMalayalam literature interviews,Malayalam Poems   

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.