Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവളിൽ നിന്നും അയാളിലേക്കുള്ള ദൂരം...

x-default

ഒരു ചോദ്യചിഹ്നം പോലെ വളഞ്ഞ് അകത്തെ കട്ടിലിലെ കിടക്കയിൽ മനസ്സിൽ ജീവിതം ഇനി? എന്ന ചോദ്യവുമായി കിടക്കുകയായിരുന്നു അവൾ. അരികിൽ, മറ്റൊരു ചോദ്യചിഹ്നം പോലെ മകനും കിടന്നുറങ്ങുന്നുണ്ട്. മകനെ തന്നെ നോക്കിക്കിടക്കവെ കുറച്ചു നാളുകളായി കരഞ്ഞു കരഞ്ഞു തളർന്ന അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.

കിഴക്കെ മലമുകളിൽ ഉദിച്ചുയർന്ന സൂര്യന്റെ പ്രഭാത കിരണങ്ങൾ ജനലിന്റെ ചില്ലുപാളിയിലൂടെ അകത്തേക്കരിച്ചെത്തി പ്രകാശം ചൊരിഞ്ഞു കൊണ്ടിരുന്നു. അവൾ എഴുന്നേറ്റ് ഫാനിന്റെ സ്വിച്ചും സീറോ വോൾട്ട് ബൾബിന്റെ സ്വിച്ചും ഓഫ് ചെയ്ത്, വീണ്ടും മകനുറങ്ങുന്ന കട്ടിലിൽ ചെന്നിരുന്ന് ചിന്തയിലാണ്ടു. ഒരാത്മഹത്യ വരെ.

അങ്ങനെയിരിക്കവെ പുറത്ത് നിന്ന്

"മോളേ.. " എന്നാരോ വിളിക്കുന്നതായി തോന്നി അവൾ എഴുന്നേറ്റ് ചെന്ന് സിറ്റൗട്ടിലേക്കുള്ള വാതിൽ തുറന്നു പുറത്തേക്ക് നോക്കി.

അൽപം മുമ്പ് ഒരു മഴ ചാറിത്തോർന്നിട്ടുണ്ടെന്ന് അവൾക്കറിയാൻ കഴിഞ്ഞു. അവിടമാകെപുതുമണ്ണ് നനഞ്ഞ ഗന്ധം വ്യാപിച്ചിരുന്നു. തൊടിയിലെ വൃഷങ്ങളുടെയും ചെടികളുടെയും ഇലകൾ പ്രഭാത കുളി കഴിഞ്ഞ് ഈറനോടെ ഇളകിയിളകി ഒരു ചെറു തണുപ്പിനെ ആ അന്തരീക്ഷത്തിൽ കലർത്തിയിരുന്നു.

ആരെയും കാണാതെ അവൾ സിറ്റൗട്ടിലേക്കിറങ്ങിവന്ന് മുറ്റത്തേക്ക് തിരഞ്ഞു. വെള്ളയും വെള്ളയും വസ്ത്രം ധരിച്ച് തൊടിയിലേക്ക് കണ്ണുനട്ട് പുറം തിരിഞ്ഞ് ഒരിടവയസ്സൻ.

"ആരാ..?"

അവൾ സിറ്റൗട്ടിന്റെ ചാരുപടിയിൽ കൈയ്യൂന്നിമുറ്റത്തേക്ക് ഏന്തി.

"ഇവിടെ ഒരു പ്ലാവുണ്ടായിരുന്നല്ലോ..?"

ചോദ്യത്തിന് ഉത്തരം പറയാതെ തിരിഞ്ഞ് അവളിലേക്ക് മുഖം കൊടുത്തു ഒരു മറു ചോദ്യമാണ് അയാളിൽ നിന്നുണ്ടായത്.

ചില മാസങ്ങൾക്ക് മുമ്പ് മുറ്റത്ത് സിമന്റ് കട്ട പാവുമ്പോൾ, അവന് അതവിടെ നിലനിർത്താം എന്ന് താൽപര്യമുണ്ടായിരുന്നിട്ടും ഇല പൊഴിഞ്ഞും ചക്കയുണ്ടാവുമ്പോൾ പഴുത്ത്കെട്ട് വീണ് ഈച്ചയാർത്തും മറ്റും വൃത്തികേടാണെന്ന് താൻ വീണ്ടും വീണ്ടും പിറുപിറുത്തപ്പോൾ അവൻ മുറിപ്പിച്ചു കളഞ്ഞ മുറ്റക്കോണിലെ പ്ലാവ് ആ സ്ഥാനത്ത് പടർന്നു പന്തലിച്ചു നിൽക്കുന്നതായി തോന്നി അവൾക്ക്. ഒന്നു തല കുടഞ്ഞ് കണ്ണുകൾ ചിമ്മിത്തുറന്നപ്പോൾ അയാൾ പഴയ പടി ചോദ്യഭാവത്തിൽ തന്നെ.

അയാളെ മുമ്പ് എവിടെയെങ്കിലും? നിമിഷങ്ങൾ കൊണ്ട് അവൾ ഓർമകളെ ഒന്നാകെയൊന്ന് ചിക്കിച്ചികഞ്ഞു. ഇല്ല എവിടെയും ആ മുഖം തടഞ്ഞില്ല. അവന്റെ കുടുംബത്തിൽപ്പെട്ട ആരെങ്കിലുമായിരിക്കും. അവന്റെ കുടുംബങ്ങളെയൊന്നും അവൾക്കത്ര പരിചയമില്ലല്ലോ.

"അത് കുറച്ചു മുമ്പ് മുറിച്ചു കളഞ്ഞു.

ആരാന്ന് മനസ്സിലായില്ല... ഇങ്ങോട്ട് കയറി ഇരുന്നോളൂ.. "

"മുപ്പത്തിയെട്ട് വയസ്സേ അവനു പ്രായമുണ്ടായിരുന്നുള്ളു അല്ലേ...?"

ക്ഷണം സ്വീകരിക്കാതെ അതേ നിൽപ്പിൽ അയാളിൽ നിന്നും അവളിലേക്ക് അടുത്ത ചോദ്യം.

അവൾക്ക് മറുപടി പറയാൻ കഴിഞ്ഞില്ല

കണ്ണുകൾ നിറഞ്ഞ് ചുണ്ടുകളൊന്ന് ശബ്ദമില്ലാതെ അതെ എന്നു വിതുമ്പി.

"ഇവിടെ നിന്നിരുന്ന പ്ലാവിൽ നിന്നും കുറെ ചക്ക, ഉപ്പേരിയായും പുഴുങ്ങിയതായും പഴുത്തതായും കുട്ടിക്കാലത്ത് അവൻ ആർത്തിയോടെ അകത്താക്കിയിട്ടുണ്ട്... "

ഇയാൾ അവന്റെ ഏതോ കുടുംബക്കാരൻ തന്നെ, അവളുറപ്പിച്ചു.

"കയറി ഇരുന്നോളൂ... "

അവൾ വീണ്ടും അയാളെ ക്ഷണിച്ചു.

"ഹൃദയാഘാതമായിരുന്നു അല്ലേ..?"

ക്ഷണം സ്വീകരിക്കാതെ വീണ്ടും ചോദ്യം.

അവൾ അപ്പോഴും ഒന്നും മിണ്ടിയില്ല. കണ്ണുകളിൽ നിന്നും രണ്ട് തുള്ളികൾ അടർന്നു.

"കുറേ കരഞ്ഞതല്ലേ... പക്ഷേ ചിന്തിച്ചു നോക്കിയോ? ഈ അവസ്ഥകളിലൊക്കെ എത്തിപ്പെട്ടതിനെക്കുറിച്ച്?. ഒരു കർഷക കുടുംബത്തിലേക്ക് കയറി വന്നപ്പോൾ അവിടുത്തെ ഭക്ഷണ രീതികളും പശുവും തൊഴുത്തും വയലിലെ വിയർപ്പും തൊടിയിലെ കിതപ്പും ഒന്നും പിടിച്ചില്ല, അറപ്പായി, വെറുപ്പായി. നിന്റെ സ്നേഹത്തിലേക്ക് ചുരുങ്ങിപ്പോയ അവനെ അവകാശം വാങ്ങി തറവാട്ടിൽനിന്നിറക്കാൻ നിനക്ക് വളരെ വേഗം കഴിഞ്ഞു."

സംസാരമൊന്നു നിർത്തി അയാളോടൊരു വെറുപ്പു രൂപം കൊള്ളുന്ന അവളുടെ മുഖത്തേക്ക് ഒന്നു ചിരിച്ച് അയാൾ തുടർന്നു.

"മാംസവും കൊഴുപ്പും ഫാസ്റ്റ്ഫുഡും ടേസ്റ്റിന്റെ പിന്നാലെ പാഞ്ഞു, ഒക്കെ പറ്റും വല്ലപ്പോഴുമാണെങ്കിൽ നിങ്ങളതൊക്കെയങ്ങ് സ്ഥിരമാക്കി. പച്ചക്കറികളും നാടൻ വിഭവങ്ങളും പടിക്ക് പുറത്ത്,

മൊബൈലും കംപ്യൂട്ടറും ടിവിയും കാറും സൗകര്യങ്ങളൊക്കെയങ്ങ് കൂടി, എല്ലാം വേണം ആവശ്യത്തിന്. അൽപമൊന്നു നടക്കാൻ മണ്ണിലേക്കൊന്നിറങ്ങാൻ സമയമില്ല, താൽപര്യമില്ല. നീയും അവനും നിങ്ങടെ ചെയ്തികളും സ്തംഭിപ്പിച്ചതല്ലേ അവന്റെ ഹൃദയത്തെ... "

'ഇതൊക്കെപ്പറയാൻ നിങ്ങളാരാ?' എന്ന് ചോദിക്കാൻ തോന്നിയെങ്കിലും അയാളുടെ മുഖത്തെ അധികാര ഭാവവും ശാസനാഭാവവും അവളെ മൗനിയാക്കി. ഞങ്ങളുടെ എല്ലാ കാര്യവും വള്ളി പുള്ളി വിടാതെ അറിഞ്ഞു വെച്ചിരിക്കുന്ന ഇയാളാരെന്ന ചിന്ത അവളെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.

"വീടും കാറും ഒക്കെ ലോണാണല്ലേ..?.

അയാളുടെ അടുത്ത ചോദ്യം. 

'അതൊക്കെ നിങ്ങളെന്തിനു നോക്കണം മനുഷ്യാ' എന്നാണ് ചോദിക്കാൻ വന്നതെങ്കിലും അറിയാതെ ഉം എന്നവൾ തലയാട്ടി.

"മൂന്ന് പേർക്ക് അഞ്ച് കിടപ്പുമുറികളുള്ള ഇരുനില കോൺക്രീറ്റ് വീട്... ഹ... ഹ..

അതും വലിയ ലോണിൽ.

ആരെ ബോധിപ്പിക്കാനാ...? കുടുംബക്കാരെയോ അതോ നാട്ടുകാരെയോ?. വീടിത്ര വലുതാക്കണമെന്ന് അവനേക്കാളേറെ നിനക്കായിരുന്നു നിർബന്ധം. കാറുമതെ.

അത്യാവശ്യത്തിന് ഒരു ടൂ വീലർ മതിയായിരുന്നു... "

'ഞങ്ങളുടെ വീടും സൗകര്യവും ഇതിലൊക്കെ ഇയാൾക്കെന്തു കാര്യം?'

എന്നായിരുന്നു അവളുടെ മനസ്സിൽ. പക്ഷേ അവളൊന്നും പുറത്തേക്ക് പറഞ്ഞില്ല. എല്ലാം കേട്ട് അനങ്ങാതെ നിന്നു.

"അകത്ത് കിടന്നുറങ്ങുന്ന മോന് എട്ടു വയസ്സും നാല്പതു കിലോ ഭാരവും അല്ലേ..?"

അത് ചോദിക്കുമ്പോൾ അയാളുടെ മുഖത്ത് ഒരു പുച്ഛഭാവമായിരുന്നു.

അവൾക്കത്ഭുതം തോന്നി. മകന്റെ പ്രായവും തൂക്കവും വരെ...

അവൾ ശരിയാണെന്നോ അല്ലെന്നോ മറുപടി പറഞ്ഞില്ല.

"മകനോട് നിനക്കൊരു സ്നേഹവുമില്ല. നിന്റെ കെട്ടിയോനും ഇല്ലായിരുന്നു. വലിയ സ്നേഹമാണെന്ന് വരുത്തി തീർക്കുന്നു ഉള്ളിലില്ല.. "

അയാളുടെ ആ സംസാരം അവളെ വല്ലാതെ ചൊടിപ്പിച്ചു.

"ഞങ്ങളുടെ സ്നേഹവും മറ്റും അളക്കാൻ വന്നതാണോ നിങ്ങൾ. വീട്ടിൽ കയറി വന്ന് എന്തും പറയാമെന്ന് കരുതരുത്. അതും അകാലത്തിൽ പാതി ജീവനെ നഷ്ടപ്പെട്ട തീവ്ര ദു:ഖത്താൽ ഉള്ളുരുകിക്കഴിയുന്ന ഒരു വിധവയോട്.. അവന്റെ എത്ര അടുത്ത ആളായാലും എന്തു മാനേഴ്സാണ് മിസ്റ്റർ നിങ്ങൾക്ക്...?"

ദുഃഖവും കരച്ചിലും കോപവും വെറുപ്പും എല്ലാം കൂടെ കലർന്ന ഭാവവും ശബ്ദവുമായിരുന്നു അവൾക്കപ്പോൾ. മുഖത്ത് സൗമ്യതയും ഇളം പുഞ്ചിരിയുമായി അയാളാനിൽപിൽ നിന്നു മാറാതെ വീണ്ടും സംസാരിച്ചു തുടങ്ങി.

"ഫാസ്റ്റ്ഫുഡും, ബേക്കറിയും, ലെയിസുകളും ഐസ്ക്രീമും ചോക്കളേറ്റും. ഡൊണേഷനൊക്കെയുള്ള വലിയ ഇംഗ്ലീഷ് മീഡിയം സ്കൂളും, പോകാനും വരാനും സ്കൂൾ ബസ്സ്, ഓടാതെ ചാടാതെ കളിക്കാതെ മണ്ണിലിറങ്ങാതെ കളിക്കൂട്ടുകാരില്ലാതെ ഗയിമുകളിക്കാൻ മുന്തിയ ടാബ്.... ആഹ... എന്താ സ്നേഹം.. ഇങ്ങനെ സ്നേഹിച്ചാ ഇവരൊക്കെ...?"

ഒന്നു നിർത്തി ഒരു ദീർഘനിശ്വാസമയച്ച് അയാൾ സംസാരവും ചോദ്യങ്ങളും തുടർന്നു.

"അവന്റെ ചടങ്ങുകളൊക്കെ കഴിഞ്ഞ് കുടുംബക്കാരും ബന്ധുക്കളുമെക്കെതിരികെപ്പോയി,

വീട്ടിൽ നീയും മകനും തനിച്ചായപ്പോൾ വല്ലാതെ ശൂന്യത തോന്നുന്നു അല്ലേ..? ബന്ധക്കാരും കുടുബക്കാരുമൊക്കെ ഉണ്ടായിരുന്നെങ്കിലെന്ന് മോഹിച്ചു പോവുന്നു ..?

ഞാനും കെട്ടിയോനും മക്കളും എന്നിടുങ്ങി ചിന്തിക്കാൻ തുടങ്ങിയപ്പോഴല്ലേ ബന്ധങ്ങളൊക്കെ ശിഥിലമായത്.

ബന്ധങ്ങളിൽ നിന്നകന്നതു പോലെ നിങ്ങളൊക്കെ പ്രകൃതീന്നും അകന്നു. ഇതു തന്നെ മൊത്തം മനുഷ്യകുലത്തിന്റെയും ഇപ്പോഴത്തെ എല്ലാ എടങ്ങേടിനും കാരണം.

ഇതാ ഈ പറമ്പുണ്ടല്ലോ അവന് എഴുതിക്കൊടുക്കുന്നതിന് മുമ്പ് ഇവിടെ വിളയാത്ത കൃഷിയില്ലായിരുന്നു. അവന്റെ അച്ഛന്റെ വരുമാനത്തിന്റെ നല്ലൊരു പങ്കും ഈ പറമ്പീന്നായിരുന്നു. മകനോടുള്ള അതിയായ സ്നേഹം കൊണ്ടു തന്നെയാ, വഴക്കുണ്ടാക്കി അവകാശം വാങ്ങിപ്പോകുമ്പോഴും അവൻ ജീവിക്കാൻ ബുദ്ധിമുട്ടരുതെന്നു കരുതി വളക്കൂറുള്ള മണ്ണും വറ്റാത്ത ജലസ്രോതസ്സുമുള്ള ഈ പറമ്പ് തന്നെ അവനെഴുതിക്കൊടുത്തത്..

എന്നിട്ടോ.. നിങ്ങൾക്ക് കിട്ടിയേപ്പിന്നെ ഈ പറമ്പൊന്നു കിളപ്പിച്ചോ..? തെങ്ങുകൾക്ക് തടം വെട്ടി തോലും വളവും കൊടുത്തോ..?

നാലു കഷണം ചേന അല്ലെങ്കി ചേമ്പിന്റെ വിത്ത് രണ്ട് മൂട് കപ്പയെങ്കിലും പോട്ടെ ഇത്തിരി പച്ചക്കറി വിത്തെങ്കിലും..? എവടെ?

എന്നോട് വഴക്കൊന്നും വേണ്ട.. പറയാനുള്ളതു പറഞ്ഞു... മോള് ചിന്തിക്കുമെന്ന് എനിക്കുറപ്പുണ്ട് അതോണ്ടാണല്ലോ പറഞ്ഞതും. ഏതായാലും മോക്കിഷ്ടായെങ്കിലും ഇല്ലേലും കുറെ സംസാരിച്ചില്ലേ.. മോള് അകത്ത് പോയി ഇത്തിരി പച്ചവെള്ളം എടുത്ത് വാ.. ഗ്ലാസിലാക്കണ്ട... കുറച്ചതികം ദാഹമുണ്ടേയ്..."

എന്ത് കൊണ്ടോ അവൾക്കപ്പോൾ അയാളോടുള്ള വെറുപ്പൊക്കെ മാറിയിരുന്നു. പെട്ടെന്നാണ് ഇപ്പോൾ പെയ്യുമെന്ന മട്ടിൽ മേലെ കാർമേഘം നിറഞ്ഞത്.

"നല്ല മഴ വരുന്നുണ്ട് ഇങ്ങോട്ട് കയറി ഇരുന്നോളൂ... " എന്നു പറഞ്ഞ് അകത്തേക്ക് തിരിയുമ്പോഴും അവളുടെ ചിന്ത ഞങ്ങളെക്കുറിച്ച് വള്ളി പുള്ളി വിടാതെ ഇത്ര അറിവുള്ള ഈ മനുഷ്യൻ ആരായിരിക്കും എന്നായിരുന്നു.

അവൾ ഒരു ജെഗ്ഗ് വെള്ളവുമായി സിറ്റൗട്ടിൽ തിരികെയെത്തി. കാർമേഘം നീങ്ങി ആകാശം തെളിഞ്ഞു തുടങ്ങി വെയിലിന് ശക്തി കൂടിയിരുന്നു അപ്പോൾ.

അയാൾ സിറ്റൗട്ടിലേക്ക് കയറിയിട്ടില്ല. അയാൾ നിന്നിരുന്ന മുറ്റക്കോണിലേക്ക് നോക്കി അവിടെയും കണ്ടില്ല. മുറ്റത്തേക്കിറങ്ങി തിരഞ്ഞു, ഇല്ല.

വഴിയിലേക്ക്, ഇല്ല. നിരാശയോടെ തിരിച്ച് വീട്ടിലേക്ക് കയറവെ നല്ല ദാഹം തോന്നി അവൾ ജഗ്ഗിലെ വെള്ളം വായിലേക്ക് കമിഴ്ത്തി.

*************************

പറമ്പ് മുഴവൻ കിളച്ചിട്ടുണ്ട്. തെങ്ങുകൾക്ക് തടമെടുത്ത് തോലും വളവുമിട്ടിട്ടുണ്ട്. ആഹ, ഒരു കണ്ടം ചേന, ഒരുകണ്ടം ചേമ്പ്, മേലേ കണ്ടങ്ങൾ നിറയെ മഞ്ഞൾ. അടുക്കളത്തൊടിയിൽ വെണ്ട, തക്കാളി, കൈപ്പക്ക, വഴുതന, പച്ചമുളക് എല്ലാം കായിച്ചു തുടങ്ങിയല്ലോ..

പച്ചക്കറിക്കീടങ്ങൾക്ക് തളിക്കാനായി സ്പ്രയർ ബോട്ടിലിൽ പുകയിലക്കഷായവുമായി സിറ്റൗട്ടിൽ നിന്നിറങ്ങി പുറകിലെ മുറ്റത്തേക്ക് നടക്കുന്നത് അവന്റെ അച്ഛനല്ലേ..

"അച്ചാച്ചാ... ആ വരിക്കപ്ലാവിലെ ഒരു ചക്ക പഴുത്തു ട്ടോ... എപ്പഴാ കൊയ്യാ... "

തൊടിയിൽ നിന്നോടിവന്ന മോന്റെ തടിയും 

തൂക്കവും നന്നായി കുറഞ്ഞ് ആള് നല്ല സ്ലിമ്മായല്ലോ...

ഇതാ സുന്ദരമായ കാഴ്ച ആരാണ് പശുവിനെയും കിടാവിനെയും തൊഴുത്തിൽ നിന്നും അഴിച്ചിറക്കുന്നതെന്നു നോക്കൂ..

ഓഹൊ, പോർച്ചിൽ കാറല്ലല്ലോ സ്കൂട്ടിയാണല്ലോ...

അടുക്കളയിലാരോ ഉണ്ടല്ലോ പ്രഭാത ഭക്ഷണം തയ്യാറാക്കുന്നു.

ഒന്നു പാർത്തു നോക്കി അവന്റെ അമ്മ.

അയാളുടെ കണ്ണുകൾ നിറഞ്ഞു.

Malayalam Short StoriesMalayalam literature interviews,Malayalam Poems     

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.