Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോസ്റ്റ് മോർട്ടം

Remains of woman

അവരവളെ ടേബിളിൽ കിടത്തി.. കത്രികകൊണ്ട് വസ്ത്രങ്ങൾ മുഴുവനും മുറിച്ചു മാറ്റി. തിരിച്ചും മറിച്ചും കിടത്തി ഡോക്ടറവളെ    പരിശോദിച്ചു, ചിലയിടങ്ങളിൽ ലെൻസുപയോഗിച്ചു സൂക്ഷ്മമായി നോക്കി. ഡെറ്റോളും സോപ്പുമുപയോഗിച്ചു തുടച്ചു വൃത്തിയാക്കി.

കയ്യിലെ സർജിക്കൽ കത്തികൊണ്ട് ഡോക്ടർ അവളുടെ ഇടത്തെ ചെവിയുടെ മുകളിലൂടെ നെറ്റിവഴി വലത്തേ ചെവിയും കടന്ന്  തുടങ്ങിയിടം വരെ വട്ടത്തിൽ വരഞ്ഞു. ശേഷം ആ മുറിവിലേക്ക് ഉളി ചേർത്ത് വച്ചു, എന്നിട്ട് കയ്യിലിരുന്ന ചുറ്റിക കൊണ്ട് അത്യാവശ്യം  ശക്തിയിൽ അടിച്ചു. ഒരു തൊപ്പി എടുത്തുമാറ്റുന്ന ലാഘവത്തോടെ അവളുടെ തലയോട്ടി അയാൾ എടുത്തു മാറ്റി. തലച്ചോറിന്റെ കുറച്ചു ഭാഗങ്ങളെടുത്തു സാമ്പിൾ കുപ്പിയിലാക്കി...

ഇപ്പോളിവിടെയൊരു പോസ്റ്റ് മോർട്ടം നടക്കുകയാണ്. ദുരൂഹ സാഹചര്യത്തിൽ മരിച്ച പെൺകുട്ടിയുടെ ശരീരം കീറിയുള്ള പരിശോധന.  പത്രക്കാരും ചാനലുകളും പുറത്തു കാത്തുനിൽക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥർ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു. നഗരത്തിലെ പ്രമുഖ  കോളജിൽ പഠിക്കുന്ന പെൺകുട്ടിയുടെ മരണം, കേരളമിന്ന് അതിന്റെ പുറകെയാണ്.

സാധാരണ ഗതിയിൽ പോസ്റ്റ്മോർട്ടം ജൂനിയർ ഡോക്ടേഴ്സ് ആണ് ചെയ്യാറ്. എന്നാൽ ഇത്രയും സെൻസിറ്റീവ് ആയ കേസ്  ആയതുകൊണ്ടാണ് ഈ ഹോസ്പിറ്റലിലെ ഏറ്റവും മുതിർന്ന ഫോറൻസിക് സർജൻ ആയ അയാൾ ഇതേറ്റെടുത്തത്. 

തലച്ചോറിന്റെ പരിശോധന കഴിഞ്ഞ ശേഷം ഷോൾഡറിൽ നിന്നും കക്ഷത്തിന്റെ സൈഡിലൂടെ പൊക്കിൾക്കൊടി വരെ U, ഷേപ്പിൽ മുറിച്ചു. എന്നിട്ട് അവളുടെ ആന്തര അവയവങ്ങൾ ഓരോന്നോരോന്നായി എടുത്തു പരിശോധിച്ചു, ചിലതിന്റെയെല്ലാം തൂക്കം നോക്കി. കൂടെയുണ്ടായിരുന്ന സ്റ്റുഡന്റ്സിന് കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു.

അതിൽ ആദ്യമായി പോസ്റ്റ്മോർട്ടം അറ്റൻഡ് ചെയ്യുന്നവനോട് അവളെ തൊടാൻ പറഞ്ഞു. അവൻ മടിച്ചുമടിച്ച് അവളുടെ വിരലിൽ തൊട്ടു.  ഇതാണ് കുട്ടികളെ സത്യം, "24, മണിക്കൂർ മുൻപ് ഇവളുടെ സൗന്ദര്യം നിങ്ങൾ എത്ര മാത്രം ആസ്വദിക്കും, ഇപ്പോൾ അറപ്പോടെയും  സങ്കോചത്തോടെയുമല്ലേ നിങ്ങൾ ഇവളുടെ ശരീരം നോക്കുന്നത്" എന്നു പറഞ്ഞുകൊണ്ട് ഡോക്ടർ അവളുടെ ചെവിയിൽ നിന്നും രണ്ടു പുഴുക്കളെയെടുത്തു പുറത്തേക്കിട്ടു. കൂട്ടത്തിലൊരുത്തൻ ശർദ്ദിക്കാനായി പുറത്തേക്കോടി. 

ഡോക്ടർ തന്റെ ജോലി തുടർന്നു, എല്ലാ പരിശോധനകളും പൂർത്തിയാക്കി അവയവങ്ങളെല്ലാം തിരികെവെച്ചു, ശരീരം തുന്നിക്കെട്ടി,  റിപ്പോർട്ടിനുള്ള കാര്യങ്ങൾ പേപ്പറിലാക്കി ജൂനിയർ ഡോക്ടറെ റിപ്പോർട്ട് തയ്യാറാക്കാനായി ഏൽപ്പിച്ചു.  

പുറത്തുകടന്നപ്പോൾ അദ്ദേഹത്തെയും കാത്തു കേസിന്റെ അന്വേഷണചുമതലയുള്ള DYSP പുറത്തുനിൽക്കുന്നുണ്ടായിരുന്നു.

"ഡോക്ടർ, എന്താണ് താങ്കളുടെ ഫൈൻഡിങ്സ്"

"സാർ, ഇത് ഒരു ക്ലിയർ കേസ് ഓഫ് റേപ്പ് ആണ്, ആ പെൺകുട്ടി വളരെ മൃഗീയമായി റേപ്പ് ചെയ്യപ്പെട്ടിരിക്കുന്നു. അവളുടെ മാറിലും  വയറ്റിലുമെല്ലാം ക്രൂരമായി പീഡിപ്പിക്കപ്പെട്ടതിന്റെ പാടുകളുണ്ട്. നാലോ അഞ്ചോപേരുടെ പല്ലിന്റെ പാടുകൾ അവളുടെ മാറിടത്തിൽ ഉണ്ട്.  അവൾ മരിച്ചിട്ട് 24, മണിക്കൂറുകളിൽ അധികമായിക്കാണും, എന്നാൽ അതിനു ശേഷം അവളുടെ ശവത്തിൽപോലും പീഡനം നടന്നിട്ടുണ്ട്".

ഡോക്ടർ, ഇത്രയും സെൻസിറ്റീവ് ആയ കേസ് ആയതുകൊണ്ട് ഇനിയൊരു സെക്കന്റ് ഒപ്പീനിയൻ എടുക്കുന്നതു നല്ലതല്ലേ? ഞാൻ പറഞ്ഞുവരുന്നത് ......

സാർ, ഇന്ത്യയിലെതന്നെ അറിയപ്പെടുന്ന ഒരു ഡോക്ടർ ആണ് ഞാൻ, നിങ്ങൾ ലോകത്തെവിടെക്കാണിച്ചാലും എല്ലാവരും  ഇതുതന്നെയായിരിക്കും പറയുന്നത്.. ഈ കേസിന്റെ  പ്രാധാന്യം  അറിയാവുന്നതുകൊണ്ടാണ് ലീവ് ആയിരുന്നിട്ടും ഞാൻ തന്നെ ഇതിൽ  ഇടപെട്ടത് ...

അപ്പോഴേക്കും റിപ്പോർട്ടുമായി ജൂനിയർ ഡോക്ടർ അവിടേക്കുവന്നു ..

"സാർ, ഇതിലൊന്ന് ഒപ്പിടണം ".

"ഞാൻ എവിടെ ഒപ്പിടണമെടോ?.. ഡോക്ടർ എന്ന കോളത്തിലോ, അതോ ഇവളുടെ അച്ഛനെന്ന കോളത്തിലോ ".

അയാളെ ആശ്വസിപ്പിക്കാനെന്നവണ്ണം, ജൂനിയർ ഡോക്ടർ അയാളുടെ ചുമലിൽ കൈകൾ വെച്ചു.

ജൂനിയറിന്റെ കൈകൾ പതിയെ എടുത്തുമാറ്റി, അയാൾ നടന്നുനീങ്ങി ..

പോകുന്ന വഴി  അയാൾ സ്വയം പറയുന്നുണ്ടായിരുന്നു.. എത്രയും വേഗം വീട്ടിലെത്തണം, ഒന്നുകുളിച്ചൊരുങ്ങണം... അവളുടെ ബാക്കിയുള്ള ചടങ്ങുകൾ ഇന്നുതന്നെ നടത്തണം ...  

Malayalam Short StoriesMalayalam literature interviews,Malayalam Poems     

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.