Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിർമാണത്തിലെ നയം വ്യക്തമാക്കി ജോജു ജോർജ്

joju-manju-charlie

ഇങ്ങനെ പടമൊക്കെ പ്രൊഡ്യൂസ് ചെയ്താൽ ജോജു ജോർജ്  വലിയ പണക്കാരനായെന്ന് ആളുകൾ വിചാരിക്കില്ലേ എന്നു ചോദിച്ചാൽ കാശുണ്ടായിട്ടല്ല, കാശില്ലാത്തതു കൊണ്ടു പ്രൊഡ്യൂസറായ ആളാണു താനെന്നാണു ജോജുവിന്റെ മറുപടി. സംവിധായകൻ  മാർട്ടിൻ പ്രക്കാട്ടുമായുള്ള സൗഹൃദത്തിൽ നിന്നാണു ജോജു നിർമാതാവിന്റെ വേഷമണിഞ്ഞത്. ഇവർ ചേർന്നുള്ള നിർമാണക്കമ്പനിയുടെ പേര് ദ് സീൻ സ്റ്റുഡിയോസ്. സൂപ്പർ ഹിറ്റായ ചാർലിയാണ് ആദ്യ ചിത്രം. മഞ്ജു വാരിയർ നായികയാകുന്ന ഉദാഹരണം സുജാതയാണ് ഇവർ നിർമിക്കുന്ന പുതിയ ചിത്രം. ‘എല്ലാ തരത്തിലും പ്രേക്ഷകരെ രസിപ്പിക്കുന്ന സിനിമകളാവണം നിർമിക്കേണ്ടത് ’  - ജോജു നിർമാണത്തിലെ നയം വ്യക്തമാക്കുന്നു. 

ഉദാഹരണം സുജാത

മനോഹരങ്ങളായ ഒട്ടേറെ പ്രകടനങ്ങളുള്ള ചിത്രമാണ് ഉദാഹരണം സുജാത. പക്കാ തിരുവനന്തപുരം സിനിമയാണ്. മഞ്ജു വളരെ ഡൗൺ ടു എർത്തായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നെടുമുടി വേണു 18 കൊല്ലത്തിനു ശേഷമാണു മഞ്ജു വാരിയർക്കൊപ്പം അഭിനയിക്കുന്നത്. ദയ എന്ന സിനിമയിലാണ്  ഇവർ മുൻപ് ഒരുമിച്ചത്. ലാളിത്യം നിറഞ്ഞ, നർമരസമുള്ള കഥാപാത്രമാണു മഞ്ജുവിന്.  മാർട്ടിനും നവീൻ ഭാസ്കറും ചേർന്നാണു തിരക്കഥ. സംവിധാനം ഫാന്റം പ്രവീൺ.

പുതുമുഖങ്ങൾ 

70 ൽ അധികം പുതുമുഖങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സിനിമകളിൽ അധികം ആരും ശ്രദ്ധിക്കാതിരുന്ന ചിലരെ വലിയ വേഷങ്ങളിൽ കാണാം. മധു നീലകണ്ഠൻ ക്യാമറ, ഗോപി സുന്ദർ സംഗീതം. ടേക്ക് ഓഫിന്റെ വിജയത്തിനു ശേഷം സംവിധായകൻ  മഹേഷ് നാരായണൻ  വീണ്ടും എഡിറ്റിങ് നിർവഹിക്കുന്ന സിനിമ... 

മേക്കപ്പില്ലാതെ മഞ്ജു 

കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ മഞ്ജുവിനെ, ചിത്രം ഓർമിപ്പിക്കുന്നുവെന്നു പലരും പറയുന്നുണ്ട്. മഞ്ജുവിന്റെ അപ്പിയറൻസ് കൊണ്ടാകും അങ്ങനെ തോന്നുന്നത്. വളരെ കഷ്ടപ്പാടുകളിലൂടെ കടന്നു പോകുന്ന കഥാപാത്രമാണു സുജാത. മംമ്ത മോഹൻദാസ്, സുധി കോപ്പ എന്നിവരും പ്രധാന േവഷങ്ങളിലുണ്ട്. മഞ്ജു ഹ്യൂമർ കൈകാര്യം ചെയ്യുന്നതു കാണാൻ  രസമാണ്. അസാധ്യ ടൈമിങ്ങാണ് അവരുടേത്. 

ഏദൻതോട്ടത്തിലെ എൽവിസ്... ജോജു കോമഡി ട്രാക്ക് വിടുമോ?

കോമഡി വിടാൻ ഉദ്ദേശിച്ചിട്ടില്ല. ഏതു വേഷവും ചെയ്യും. കാളിദാസ് ജയറാം നായകനാകുന്ന പൂമരത്തിലും ഉദാഹരണം സുജാതയിലും ഒരു പ്രധാന വേഷം െചയ്യുന്നുണ്ട്. പൂമരം വലിയ ക്യാൻവാസിലുള്ള ചിത്രമാണ്. ഏറെ പ്രതീക്ഷയുണ്ട്.