Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ജോസഫ് ജോർജ് ഈ ഞാൻ തന്നെ: ജോജു

joju

2015ലെ സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചപ്പോൾ പ്രത്യേക ജൂറി പരാമർശം നേടിയത് ‘ ജോസഫ് ജോർജ്; ചിത്രങ്ങൾ ‘ ലുക്കാ ചുപ്പി’യും ‘ഒരു സെക്കൻഡ് ക്ലാസ് യാത്ര’യും. കേട്ടവർ മുഖത്തോടു മുഖം നോക്കി. ഇങ്ങനെയൊരു നടനേക്കുറിച്ചു ഇതുവരെ കേട്ടിട്ടില്ലല്ലോ! പിന്നെ ഗൂഗിൾ ചെയ്തു നോക്കി. എന്നിട്ടും രക്ഷ ഇല്ലാതായപ്പോൾ മറ്റുള്ള അവാർഡുകൾ മുഖ്യ വാർത്തയാക്കി മാധ്യമങ്ങൾ ആഘോഷിച്ചു. ആ ജോസഫ് ജോർജ് മനോരമ ഓൺലൈനിനൊപ്പമുണ്ട്.

ആളെക്കുറിച്ചു പറഞ്ഞു തുടങ്ങുന്നതിനു മുൻപ് ആൾക്കു പറയാനുള്ളത് കൂടി കേൾക്കൂ: ‘ഞാൻ ജോജു ജോർജ് ആണ്. ജോസഫ് ജോർജ് എന്നത് എന്റെ ഔദ്യോഗിക നാമമാണ്. അവാർഡ് കമ്മറ്റിക്കു നൽകിയ ഐഡന്ററ്റികാർഡിൽ എന്റെ പേര് ജോസഫ് ജോർജ് എന്നാണ്. അങ്ങനെയാണു അവാർഡ് പ്രഖ്യാപിച്ചപ്പോൾ ആ പേരു പറയുന്നത്.’

തന്റെ പേരിൽ വന്ന ആശയക്കുഴപ്പം കാരണം ആരും തന്നെ വിളിക്കുന്നില്ലെന്നും ജോജുവിന് പരിഭവം.

∙തമാശ തന്ന അവാർഡ് ‘തമാശയായി’

കോമഡി റോളുകളിലൂടെയാണ് നമുക്കു ജോജുവിനെ പരിചയം. എപ്പോഴും നമ്മളെ ചിരിപ്പിച്ചിട്ടേ ഉള്ളൂ ഈ നടൻ. ‘ ലുക്കാ ചുപ്പി’യിലും ‘ഒരു സെക്കൻഡ് ക്ലാസ് യാത്ര’യിലും കോമഡി തന്നെ ആയിരുന്നെങ്കിലും സിനിമയിൽ മുഴുനീള കഥാപാത്രങ്ങളായി ഉണ്ടായിരുന്നു. അവയൊക്കെ കണ്ടതിനു ശേഷം ‘ഇപ്പോൾ ഒരു നടനായി’ എന്നു വിളിച്ചു പറഞ്ഞവരുണ്ട്. ഒരു അഭിനേതാവെന്ന നിലയിൽ കിട്ടാവുന്ന ഏറ്റവും മികച്ച അംഗീകാരം.

അവാർഡ് പ്രഖ്യാപിച്ചപ്പോൾ ഔദ്യോഗിക നാമം മൂലം ഉണ്ടായ ആശയക്കുഴപ്പം തിരശീലയ്ക്കു പുറത്തുണ്ടായ വേറൊരു തമാശ.

joju

∙ലാൽ ജോസ് കൈപിടിച്ചു; മമ്മൂക്കയും അനൂപും കൂടെ നിന്നു

സംസ്ഥാന ചലച്ചിത്ര അവാർഡിൽ പ്രത്യേക ജൂറി പരാമർശത്തിലൂടെ അംഗീകാരം ലഭിക്കുമ്പോൾ സിനിമയിൽ തനിക്കു പിന്തുണ നൽകിയ എല്ലാവർക്കും ജോജു നന്ദി പറയുന്നു. ഒരുപാട് ആളുകൾക്കു നന്ദി പറയുന്നുണ്ടെങ്കിലും മൂന്നു പേരെ എടുത്തു പറയണം. അതിൽ ആദ്യത്തെ ആൾ സംവിധായകൻ ലാൽജോസ് ആണ്. ഒരു കൊമേഡിയൻ എന്ന നിലയിൽ ജോജുവിനു കരിയറിൽ ബ്രേക്ക് നൽകിയത് ലാൽജോസ് സംവിധാനം ചെയ്ത ‘ പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും’ എന്ന ചിത്രമാണ്. അതിനും വർഷങ്ങൾക്കു മുൻപു തന്നെ ലാൽജോസ് ജോജുവിനെ തന്റെ മമ്മൂട്ടി ചിത്രമായ ‘പട്ടാള’ത്തിൽ അഭിനയിപ്പിച്ചിരുന്നു. അന്നു ആ വേഷം അധികം ആരും ശ്രദ്ധിച്ചില്ലെങ്കിലും തനിക്കതു ഒരുപാട് കാര്യങ്ങൾ പഠിക്കുവാനുള്ള ഒരവസരമായിരുന്നു എന്നു ജോജു സാക്ഷ്യപ്പെടുത്തുന്നു.

ലാൽജോസ് തുടങ്ങിവച്ചു. അനൂപ് മേനോനും‌ മമ്മൂക്കയുമൊക്കെ ഒരുപാട് പിന്തുണച്ചു. മാർട്ടിൻ പ്രക്കാട്ടിനെപ്പോലുള്ള സംവിധായകർ അത് ഏറ്റെടുത്തു കൂടുതൽ ദൂരം മുന്നോട്ടു കൊണ്ടുപോയി.

joju-dulquer

∙‘ചാർലി’ യെ ഏറ്റെടുത്തത് സൗഹൃദത്തിന്റെ പിൻബലത്തിൽ:

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാളികൾ അനവധി സിനിമ അവാർഡുകൾക്കു സാക്ഷിയായി. എല്ലാത്തിലും സ്ക്രീനിങ്ങിൽ ‘ചാർലി’ വന്നു പോയെങ്കിലും അവാർഡുകൾ ‘മൊയ്തീൻ’ കൊണ്ടുപോയി. എല്ലാ അവാർഡുകൾക്കും മീതെയുള്ള സംസ്ഥാന ഗവൺമെന്റിന്റെ അവാർഡ് പ്രഖ്യാപിച്ചപ്പോൾ 8 അവാർഡിന്റെ ഭൂരിപക്ഷത്തിൽ ‘ചാർലി’ പകരം വീട്ടി.

ജോജു ജോർജ് എന്ന നടൻ ഒരു നിർമാതാവിന്റെ വേഷം കൂടി അണിയാം എന്നു തീരുമാനിച്ചതാണ് ‘ചാർലി’ എന്ന സിനിമ പിറക്കാൻ കാരണം. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റ് ആയ ‘ചാർലി’ നിർമിക്കാൻ തീരുമാനിച്ചതിനെക്കുറിച്ച് ജോജു പറയുന്നതിങ്ങനെ:

‘ മാർട്ടിൻ പ്രക്കാട്ട് എന്ന സംവിധായകനോടുള്ള സൗഹൃദമാണ് ‘ചാർലി’ എന്ന സിനിമ ഞാൻ നിർമിക്കാം എന്നു തീരുമാനത്തിനു പിന്നിൽ. ബെസ്റ്റ് ആക്ടർ മുതൽ തുടങ്ങിയതാണ് ഞങ്ങളുടെ ചങ്ങാത്തം. നല്ലൊരു പ്രൊജക്ട് വന്നപ്പോൾ നിർമിക്കുവാൻ തീരുമാനിച്ചു. അങ്ങനെയാണു ചാർലി ഉണ്ടായത്.