Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പ്രേമം’ പൂമ്പാറ്റയെപ്പോലെത്തന്നെയാണ്...

Premam

‘Love is like a butterfly, it settles upon you when you least expect it...’ പൂക്കളും പൂമ്പാറ്റകളും തമ്മില്‍ പ്രേമിക്കാൻ തുടങ്ങിയിട്ട് എത്രയോ കാലമായി. പൂമ്പാറ്റകളുടെ കണ്മുന്നിൽ വച്ചുതന്നെ പൂക്കൾ വാടിക്കൊഴിഞ്ഞു വീഴുന്നുമുണ്ട്. പക്ഷേ ഇന്നലെ വരെ തേനൂട്ടിയ പൂക്കൾ കൊഴിഞ്ഞു വീഴുന്നത് കണ്ട് ഇന്നേവരെ ഒരു പൂമ്പാറ്റയും തലതല്ലിക്കരഞ്ഞിട്ടുണ്ടാകില്ലെന്നുറപ്പ്. ചെറിയൊരു സങ്കടം കാണും. അത് മാറുമ്പോള്‍ പുതിയ പൂക്കൾ തേടിപ്പോകും, തേനുണ്ണും, ആ പൂവ് കൊഴിയുമ്പോൾ അടുത്തതിലേക്ക് പറക്കും, അങ്ങനെയങ്ങനെ ചിറകുകൾ പൊഴിയും വരെ പറന്നുകൊണ്ടേയിരിക്കും...അതിനു കാരണവുമുണ്ട്. വളരെക്കുറച്ചുകാലമേയുള്ളൂ പൂമ്പാറ്റകളുടെ ഭൂമിയിലെ ജീവിതം. അതിനിടയ്ക്ക് സെന്റിയടിച്ചു നടന്ന് ഉള്ള സമയം കൂടി കളയാൻ ആരു തയാറാകും? അക്കാര്യത്തിലെന്തായാലും പൂമ്പാറ്റകൾ പ്രാക്ടിക്കലാണ്...

അൽഫോൺസ് പുത്രന്റെ ‘പ്രേമം’ നിറയെ പൂമ്പാറ്റകളാണ്. മുറ്റത്ത്, മരച്ചില്ലയിൽ, മതിലിന്മേൽ, ഗേറ്റിന്മേൽ...പലയിടത്തായി പാറിപ്പറക്കുകയാണവ. തിരശീലയിൽ പൂമ്പാറ്റകളെക്കണ്ടില്ലെങ്കിൽ ഉറപ്പാണ്, അന്നേരം സിനിമ കണ്ടുകൊണ്ടിരിക്കുന്ന നിങ്ങളുടെ ഹൃദയത്തിലായിരിക്കും പൂമ്പാറ്റകളുടെ ചിറകടിയൊച്ച. ‘പ്രേമ’ത്തിലെ നായകന്‍ ജോർജിന്റെ ജീവിതവും ഒരു പൂമ്പാറ്റയെപ്പോലെത്തന്നെയായിരുന്നു. ആദ്യം അവന്റെ പ്രണയം മേരിയെന്ന ചുരുളൻമുടിപ്പൂവിനു പിറകെയായിരുന്നു. പിന്നെ പേരിൽ പോലും ശരിക്കുമൊരു പുഷ്പമായ മലർ എന്ന തമിഴ് പെൺകൊടി.

Premam

അവരിലേക്കെല്ലാം അലുവാപ്പുഴയിലൂടെ തോണിതുഴഞ്ഞും ആ നീളന്‍പാലത്തിലൂടെ സൈക്കിളിൽ പാഞ്ഞും, എന്തിന്, ‘രണ്ടെണ്ണം വീശിയിട്ടു’ വരെ പ്രണയവുമായി പറന്നെത്തിയിരുന്നു ജോർജ്. പക്ഷേ ഓരോ പൂക്കളും പൊഴിഞ്ഞുപോയി. ആദ്യപ്രേമം പൊളിഞ്ഞപ്പോൾ അലമുറയിട്ട്, പാട്ടുംപാടിക്കരഞ്ഞു. അവനോടൊപ്പം അന്നു കരയാൻ ‘ഒരു നാട്’ മുഴുവനുമുണ്ടായിരുന്നു. എന്നാൽ രണ്ടാമത്തെ പ്രേമം അവന്റെ പോലും അനുവാദമില്ലാതെയായിരുന്നു ദൈവം അവനിൽ നിന്നും അടർത്തിക്കൊണ്ടങ്ങു പോയത്. അന്നും കരഞ്ഞു, കൂട്ടുകാരെ കെട്ടിപ്പിടിച്ചിരുന്ന് ഒരു കൊച്ചുകുട്ടിയെപ്പോലെ. പക്ഷേ കുറച്ചല്ലേയുള്ളൂ ഈ ജീവിതം. കരഞ്ഞുകൊണ്ടിരിക്കാൻ പറ്റോ? ജോർജിന് ഒട്ടും പറ്റില്ലായിരുന്നു. അതങ്ങനെ മനോഹരമായിത്തന്നെ മുന്നോട്ടു പോയി. പ്രണയത്തിൽ മാത്രമേ അവൻ തോറ്റുള്ളൂ. നല്ലവരിൽ നല്ലവരായ കൂട്ടുകാർ, വീട്ടുകാർ, പ്രിൻസിപ്പാളിനെ വരെ ഇംഗ്ലിഷ് പറഞ്ഞ് വിരട്ടുന്ന അച്ഛൻ...

വീണു പോകുമെന്നു തോന്നിയപ്പോഴെല്ലാം ഇവരിൽ ആരെങ്കിലുമൊക്കെ അവനോടൊപ്പമുണ്ടായിരുന്നു. ഒടുക്കം ഒരു രാത്രിയിൽ ആ പെൺകുട്ടി ജോർജിനടുത്തെത്തി.

‘പ്രണയം പൂമ്പാറ്റകളെപ്പോലെയാണ്. നിങ്ങളൊരിക്കലും പ്രതീക്ഷിക്കാത്ത ഒരു നേരത്തായിരിക്കും അത് നിങ്ങളുടെ ചാരെ വന്നിരിക്കുക...’ എന്ന വാക്കുകൾ ഓർമ വന്നു അവളെക്കണ്ടപ്പോൾ. ഒരിക്കൽ കണ്ടിട്ടും കാണാതെ പോയവൾ, അറിഞ്ഞിട്ടും അറിയാത്തതു പോലെ കണ്ണടച്ചു മറച്ചുകളഞ്ഞവൾ...ഒടുവില്‍ കൗതുകം നിറഞ്ഞ കണ്ണുകളും നിസ്സഹായത നിറഞ്ഞ ചിരിയുമായി ജോർജിന്റെ ചാരത്തു വന്നു നിന്നവൾ. ഒന്നുറപ്പാണ്.

Premam

നിറയെ പ്രേമമുണ്ടായിരുന്നതു കൊണ്ടായിരിക്കില്ല ഈ ചിത്രത്തിന് അൽഫോൺസ് ആ പേരുതന്നെയിട്ടത്. മറിച്ച് സിനിമ കണ്ടിറങ്ങുമ്പോൾ ജീവിതത്തിൽ ഒരിക്കലെങ്കിലും ഒന്നിച്ചിരുന്ന് അനുഭവിച്ച ഒരു നല്ല പ്രേമസായാഹ്നത്തിന്റെ ഓർമകളെ പ്രേക്ഷകനില്‍ ഒരു പൂമ്പാറ്റയെപ്പോലെ വന്ന് തൊട്ടുണർത്തുമെന്ന് ഉറപ്പുള്ളതു കൊണ്ടായിരിക്കണം. സത്യം പറയണം.

പ്രേമം കണ്ടിറങ്ങിയപ്പോൾ ഒരു നിമിഷമെങ്കിലും നിങ്ങളുടെ മനസിൽ ആ ഓർമനോവ് മിന്നിമാഞ്ഞില്ലേ?

പറയാതെ പോയ ഒരു പ്രണയത്തിന്റെ,

പറഞ്ഞിട്ടും ഒന്നും മിണ്ടാതെ പോയ ഒരു പൂമ്പാറ്റപ്പെണ്ണിന്റെ,

ഒന്നും പറയാതിരുന്നിട്ടും അരികില്‍ വന്നിരുന്ന് കൊതിപ്പിച്ച ആ കുസൃതിക്കൊച്ചിന്റെ... ഓർമകളിലും പ്രേമം മനോഹരമാണ്. ഈ സിനിമ പോലെത്തന്നെ...