Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിഭയുടെ ഊർജപ്രവാഹം

Balamuralikrishna

പ്രതിഭയുടെ ധാരാളിത്തത്തിൽ സ്വയം മടുത്താൽ പിന്നെ എന്തു ചെയ്യും? രണ്ടറ്റവും കൊളുത്തിയ മെഴുകുതിരി പോലെ വേഗം പൊലിഞ്ഞുതീരാം. അല്ലെങ്കിൽ പരീക്ഷണങ്ങളുടെ പുതുവഴികൾ വെട്ടാം. കേവലം 15 വയസ്സിൽ 72 മേളകർത്താ രാഗങ്ങളും സ്വായത്തമാക്കിയ ബാലമുരളീകൃഷ്ണ തിരഞ്ഞെടുത്തതു രണ്ടാമത്തെ വഴിയാണ്. ജീവിതം ഒരു പരീക്ഷണമാക്കുക!

പരമ്പരാഗത രാഗങ്ങൾ ആ ജീനിയസിനെ തൃപ്തിപ്പെടുത്തിയില്ല. പുതിയ 25 രാഗം തന്നെ സൃഷ്ടിച്ചുകൊണ്ടാണ് അദ്ദേഹം സർഗവിരതയെ മറികടന്നത്. അതിലും വ്യത്യസ്തതയുടെ സ്പർശം ഉണ്ടായിരുന്നു. വെറും മൂന്നു സ്വരം കൊണ്ടാണ് സർവശ്രീ, ഓംകാരി, ഗണപതി തുടങ്ങിയ രാഗങ്ങൾ മെനഞ്ഞത്. ലവംഗി, മഹതി, സിദ്ധി, സുമുഖം തുടങ്ങിയവയ്ക്ക് നാലു സ്വരം മാത്രം. ഇവ പരീക്ഷണശാലയിലെ ഉൽപന്നങ്ങൾ ആയിരുന്നില്ല. ലവംഗി, മഹതി തുടങ്ങി അദ്ദേഹം ഉണ്ടാക്കിയ പല രാഗങ്ങൾക്കും കർണാടക സംഗീതത്തിൽ വലിയ സ്വീകാര്യത ഉണ്ടായി. ഇളയ മകളുടെ പേരു നൽകിയ ‘മഹതി’ രാഗത്തിൽ എം.എസ്. വിശ്വനാഥനെപ്പോലൊരാൾ ചലച്ചിത്രഗാനം സൃഷ്ടിച്ചു എന്നറിയുമ്പോഴാണ് അതിന്റെ മാറ്റ് വ്യക്തമാവുക. (‘അപൂർവരാഗങ്ങൾ’ എന്ന ചിത്രത്തിൽ കണ്ണദാസൻ എഴുതിയ ‘അതിശയരാഗം...’ എന്ന ഗാനം) 

എട്ടാം വയസ്സിൽ അരങ്ങേറ്റം നടത്തിയ ഈ പാട്ടുകാരൻ മറ്റ് കർണാടക സംഗീതജ്ഞരിൽ നിന്നു വ്യത്യസ്തമായി ഒട്ടേറെ സംഗീതോപകരണങ്ങളിലേക്കും പ്രതിഭ പ്രസരിപ്പിച്ചു. വയോള, ഗഞ്ചിറ, മൃദംഗം, വയലിൻ... അങ്ങനെ പോകുന്നു ആ പരിശ്രമങ്ങൾ. വായ്പാട്ടിൽ വലിയ പേരുള്ള കാലത്തും ശെമ്മാങ്കുടിയെപ്പോലുള്ളവർക്കു പക്കമേളം വായിക്കാൻ പോയി അദ്ദേഹം കുസൃതി കാട്ടി. വാദ്യോപകരണങ്ങൾ പഠിക്കുക മാത്രമല്ല, പരീക്ഷണങ്ങളും നടത്തി. പരമ്പരാഗതമായ താളരീതി അദ്ദേഹത്തെ തൃപ്തിപ്പെടുത്തിയില്ല. ത്രിമുഖി, പഞ്ചമുഖി, സപ്തമുഖി, നവമുഖി എന്നീ നവീന താളക്രമം അദ്ദേഹം സൃഷ്ടിച്ചു.

ഇതിനൊപ്പം കീർത്തനങ്ങൾ രചിക്കുന്നതിലും ശ്രദ്ധിച്ചു. നാനൂറോളം ഒന്നാംതരം കീർത്തനങ്ങൾ. ബാലമുരളീകൃഷ്ണയെ ഒരു കർണാടക സംഗീതജ്ഞൻ എന്നതിനേക്കാൾ രചയിതാവ് എന്ന നിലയിൽ ബഹുമാനിക്കുന്നവരും നമുക്കിടയിലുണ്ട്. ‘ലക്ഷണമൊത്ത വാഗേയകാരനാണ് ബാലമുരളീകൃഷ്ണ. കർണാടക സംഗീതത്തിന്റെ സാഹിത്യത്തിൽ അവഗാഹം ഉണ്ടാവുന്നതു ചില്ലറക്കാര്യമല്ല.’ സംഗീത‍ജ്ഞ പ്രഫ. കെ. ഓമനക്കുട്ടി പറയുന്നു.

ആധുനിക സംഗീതജ്ഞരിൽ ‘സംഗീത ചികിത്സ’യിൽ ഏറ്റവും ആദ്യവും കൂടുതലും പരീക്ഷണങ്ങൾ നടത്തിയതും മറ്റാരുമല്ല. അദ്ദേഹം സ്ഥാപിച്ച എംബികെ ട്രസ്റ്റിന്റെ പ്രധാന ഉദ്ദേശ്യങ്ങളിലൊന്ന് മ്യൂസിക് തെറപ്പിയാണ്. ഇവിടെയും പരമ്പരാഗത ചിന്തയെ ചോദ്യം ചെയ്തു. ഓരോ രാഗത്തിനും ഓരോ ഫലസിദ്ധി എന്ന പൊതുതത്വം തെറ്റാണെന്നാണ് ബാലമുരളീകൃഷ്ണയുടെ സിദ്ധാന്തം. രോഗിക്ക് ഏറ്റവും പ്രിയപ്പെട്ട രാഗങ്ങൾ ഏതാണെന്നു കണ്ടെത്തി അവ ആവർത്തിച്ചു കേൾപ്പിക്കുകയാണു രോഗസൗഖ്യം പ്രദാനം ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തനിക്കു ശരിയെന്നു തോന്നിയ വഴിയിലൂടെയാണ് അദ്ദേഹം നടന്നത്. കച്ചേരികൾക്ക് അമംഗളം എന്നു കരുതിയിരുന്ന ‘സുനാദവിനോദിനി’ തുടങ്ങിയ രാഗങ്ങളൊക്കെ അദ്ദേഹം വേദിയിൽ അവതരിപ്പിച്ചു. കച്ചേരികളുടെ നിയതമായ ക്രമങ്ങളെ അട്ടിമറിച്ചുകൊണ്ട് അദ്ദേഹം ശീലവാദികളെ വെല്ലുവിളിച്ചു. മംഗളം പാടിയില്ലെങ്കിൽ ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് അദ്ദേഹം വേദികളിൽ കാട്ടിക്കൊടുത്തു. അതുപോലെ രാഗവിസ്താരത്തിലും രാഗം, താനം, പല്ലവി ക്രമത്തിലുമൊക്കെ അദ്ദേഹം ഇടപെടൽ നടത്തി. (ഇപ്പോൾ ടി.എം. കൃഷ്ണയും ഇങ്ങനെ ചെയ്യുന്നുണ്ട്.)

പോകെപ്പോകെ കച്ചേരികൾ, കർണാടക സംഗീതം എന്നതിനെക്കാൾ ‘ബാലമുരളീകൃഷ്ണയുടെ സംഗീതം’ എന്ന നിലയിലേക്ക് മാറി. പക്ഷേ, ഇതെല്ലാം ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ലോകമാകെ കാൽ ലക്ഷത്തോളം കച്ചേരികൾ, ജുഗൽബന്ദികൾ (ഭീംസെൻ ജോഷി, ഹരിപ്രസാദ് ചൗരസ്യ, കിശോരി അമോങ്കർ തുടങ്ങിയ പ്രമുഖർക്കൊപ്പം), ശിഷ്യഗണങ്ങൾ, ‘വിപഞ്ചി’ നൃത്ത സംഗീത വിദ്യാലയം... തുടങ്ങി നിറഞ്ഞുതുളമ്പിയ ജീവിതം. കർണാടക സംഗീതത്തിലെ ഒരു ‘പോപ്പുലർ സൂപ്പർസ്റ്റാർ’ എന്നു വിളിച്ചാലും തെറ്റില്ല. 

വിശുദ്ധമെന്നും അചോദ്യമെന്നും കരുതിയിരുന്ന സംഗീത പാരമ്പര്യങ്ങളെയും ശീലങ്ങളെയും ചോദ്യം ചെയ്തതിനെ തുടർന്നു പാരമ്പര്യവാദികളുടെ വലിയ വിമർശനത്തിന് അദ്ദേഹം പാത്രമായി. പക്ഷേ, പ്രതിഭയുടെ താൻപോരിമയിൽ വിശ്വസിച്ച അദ്ദേഹം ആരെയും കൂസിയില്ല. ഭക്ഷണ പാനീയ കാര്യങ്ങളിൽ ഗായകർ പാലിക്കേണ്ടതെന്നു കരുതിയിരുന്ന നിയന്ത്രണങ്ങളും അദ്ദേഹം വകവച്ചില്ല. കച്ചേരിക്കു തൊട്ടുമുൻപു പോലും ഐസ്ക്രീം കഴിച്ചുകൊണ്ട് അദ്ദേഹം തന്റെ ‘സ്വരബലം’ പ്രകടിപ്പിച്ചു. മദ്യവും അദ്ദേഹത്തിനു വിലക്കപ്പെട്ടതായിരുന്നില്ല.

ശുദ്ധസംഗീതജ്ഞർക്കു നിഷിദ്ധമെന്നു കരുതിയിരുന്ന സിനിമാമേഖലയോട് ഉറ്റബന്ധം പുലർത്തി. ദക്ഷിണേന്ത്യൻ സിനിമയിൽ സംഗീതസംവിധായകനായും ഗായകനായും തിളങ്ങി. ഈ രണ്ടുമേഖലയിലും ദേശീയ പുരസ്കാരം നേടുക എന്ന അപൂർവതയും സ്വന്തമാക്കി. മികച്ച ഗായകനുള്ള  കേരള സംസ്ഥാന അവാർഡ് രണ്ടു തവണ നേടി.

അഭിനയമായിരുന്നു മറ്റൊരു ഹരം. 1967ൽ ‘ഭക്തപ്രഹ്ലാദ’ എന്ന ചിത്രത്തിൽ നാരദന്റെ വേഷം ചെയ്തായിരുന്നു അരങ്ങേറ്റം. അഭിനയത്തോടു വലിയ ഭ്രമമായിരുന്നു. ‘കാവേരി’ എന്ന മലയാള ചിത്രത്തിൽ പാടാനായി ക്ഷണിച്ചപ്പോൾ ‘ഒരു റോൾ കൂടി തരണം’ എന്ന് ആവശ്യപ്പെട്ടിരുന്നതായി സംവിധായകൻ രാജീവ് നാഥ് ഓർമിക്കുന്നു. ‘ശങ്കരാഭരണ’ത്തിന്റെ മാതൃകയിൽ മലയാളത്തിൽ ഒരു ചിത്രം നിർമിക്കണമെന്നും അതിൽ നായകവേഷത്തിൽ അഭിനയിപ്പിക്കണമെന്നും ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി ശ്രീകുമാരൻ തമ്പിയും അനുസ്മരിക്കുന്നു. പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ‘സന്ധ്യക്കെന്തിനു സിന്ദൂരം’ (1984) എന്ന മലയാള ചിത്രത്തിൽ വേഷം ചെയ്തിട്ടുണ്ട്.

വ്യക്തിജീവിതത്തിലും അദ്ദേഹം വിലക്കുകളെ വകവച്ചില്ല. സ്ത്രീകളായിരുന്നു ആരാധകരിൽ ഏറിയ പങ്കും. സ്ത്രീകളെ അദ്ദേഹത്തിനും ഇഷ്ടമായിരുന്നു. ഒരിക്കൽ ആകാശവാണി സ്റ്റുഡിയോയിൽ റിക്കോർഡിങ്ങിന്റെ ഇടവേളയിൽ ഒരു വയലിനിസ്റ്റ് ഇദ്ദേഹത്തിന്റെ സ്ത്രീപ്രിയം വിഷയമാക്കി ഒരു പാട്ട് പാടിയപ്പോൾ പൊട്ടിച്ചിരിച്ച്, അപ്പോൾത്തന്നെ മധുരം വിതരണം ചെയ്യാൻ ആവശ്യപ്പെട്ടാണ് അദ്ദേഹം പ്രതികരിച്ചത്.

അങ്ങനെ, സംഗീതജീവിതവും വ്യക്തിജീവിതവും ആഘോഷമാക്കി, അവസാനം വരെ സ്വരമിടറാതെ പാടി ബാലമുരളീകൃഷ്ണ എന്ന ഊർജപ്രവാഹം നിദ്രയിൽ ലയിച്ചു. ‘ഒരു ജീവിതംകൊണ്ട് എന്തെല്ലാം ചെയ്യാമോ അതെല്ലാം അദ്ദേഹം ചെയ്തു, അതിന്റെ പൂർണസൗന്ദര്യത്തിൽ.’ സംഗീതസംവിധായകൻ ടി.എസ്. രാധാകൃഷ്ണൻ വിലയിരുത്തുന്നു.