Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാങ്ക് സമരം: 50000 കോടിയുടെ ചെക്ക് മുടങ്ങി

lock

കൊച്ചി ∙ ബാങ്ക് ജീവനക്കാരുടെ പണിമുടക്കു മൂലം ദേശീയതലത്തിൽ 50,000 കോടിയോളം രൂപയുടെ ചെക്ക് ഇടപാടുകളെങ്കിലും തടസ്സപ്പെട്ടതായി കണക്കാക്കുന്നു. കണക്കെടുപ്പു സാധ്യമല്ലെങ്കിലും ഇതു വ്യവസായ, വാണിജ്യ മേഖലയ്‌ക്കു കനത്ത നഷ്‌ടമാണുണ്ടാക്കിയത്. പൊതു മേഖലയിലെ ബാങ്കുകളുടെ ലയന നീക്കത്തിനും മറ്റും എതിരെ നടന്ന പണിമുടക്കിൽ രാജ്യത്തെ 1,25,000 ബാങ്ക് ശാഖകളെങ്കിലും സ്‌തംഭിച്ചു. പൊതു മേഖലയിലെ ബാങ്കുകൾ മുഴുവൻ അടഞ്ഞുകിടന്നു.

പഴയ തലമുറയിൽപ്പെട്ട സ്വകാര്യ ബാങ്കുകളും തുറന്നില്ല. എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങി സ്വകാര്യ മേഖലയിലെ ‘‘ന്യൂ ജെൻ’ ബാങ്കുകൾ മാത്രമാണു പ്രവർത്തിച്ചത്. പണിമുടക്കിൽ 10 ലക്ഷത്തോളം ജീവനക്കാർ പങ്കെടുത്തതായാണ് ഒൻപതു യൂണിയനുകളടങ്ങുന്ന യുണെറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ അറിയിപ്പ്.

ചെക്ക് ഇടപാടുകൾക്കു പുറമെ നിക്ഷേപം സ്വീകരിക്കുന്നതും പിൻവലിക്കുന്നതും ഉൾപ്പെടെയുള്ള ഇടപാടുകൾ മുടങ്ങി. വിദേശനാണ്യ വിനിമയം, ഫണ്ട് ട്രാൻസ്‌ഫർ തുടങ്ങിയ ഇടപാടുകളെയും പണിമുടക്കു ബാധിച്ചു. സർക്കാർ ഇടപാടുകൾക്കും തടസ്സം നേരിട്ടു. അതേസമയം, ഓഹരി വിപണിക്കും മറ്റും പണിമുടക്കു പ്രശ്‌നമായില്ല.

പുത്തൻ തലമുറ ബാങ്കുകളിൽ പണിമുടക്കില്ലാതിരുന്നതുകൊണ്ടും ഭൂരിപക്ഷം എടിഎമ്മുകളും പ്രവർത്തിച്ചതുകൊണ്ടും പൊതുജനങ്ങൾക്കു കാര്യമായ പ്രയാസങ്ങളുണ്ടായില്ലെന്നു പറയാം. ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ മുന്നറിയിപ്പു നൽകിയിരുന്നതിനാൽ അത്യാവശ്യക്കൊരൊക്കെ മുൻകരുതലെടുക്കുകയും ചെയ്‌തിരുന്നു. കേരളത്തിൽ വാണിജ്യ ബാങ്കുകളുടെ ആറായിരത്തോളം ശാഖകളെ പണിമുടക്കു ബാധിച്ചു.

സമരം പൂർണം; ഓൺലൈൻ ഇടപാട് മുടങ്ങിയില്ല

ന്യൂഡൽഹി∙ പത്തു ലക്ഷത്തിലേറെ തൊഴിലാളികൾ പണിമുടക്കിൽ ഭാഗമായതായി ബാങ്കിങ് മേഖലയിലെ ഒൻപതു യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻ (യുഎഫ്ബിയു) ഡൽഹിയിൽ അറിയിച്ചു. ബാങ്ക് സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, കിട്ടാക്കടം എഴുതിത്തള്ളുന്ന രീതി നിർത്തലാക്കുക, പാർലമെന്ററി കമ്മിറ്റിയുടെ നിർദേശങ്ങൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുമായായിരുന്നു സമരം.

പണം നിക്ഷേപം-പിൻവലിക്കൽ, ചെക്ക് ക്ലിയറൻസ് തുടങ്ങിയ ജോലികളെല്ലാം തടസപ്പെട്ടെങ്കിലും ഓൺലൈൻ ഇടപാടുകൾക്കു പ്രശ്നമുണ്ടായില്ല. ബാങ്കുകളുടെ ഡേറ്റ സെന്ററുകൾ പതിവുപോലെ പ്രവർത്തിച്ചതിനാലാണു ഓൺലൈൻ ഇടപാടുകളെ ബാധിക്കാതിരുന്നത്. വിവിധ കേന്ദ്രങ്ങളില്‍ മാർച്ചും ധർണയും നടത്തി. സെപ്റ്റംബർ 15ന് പാർലമെന്റ് മാർച്ച് നടത്തും.