Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാങ്കിലേക്കു പോകേണ്ട; ഇന്നും നാളെയും സമരം

INDIA-MODI/CORRUPTION-BANKS

കൊച്ചി ∙ ഇന്നും നാളെയും ബാങ്ക് പണിമുടക്ക്. ഇന്നു രാവിലെ ആറു മുതൽ ഒന്നിനു രാവിലെ ആറു വരെ ഒരു തരത്തിലുള്ള ബാങ്കിങ് സേവനവും ലഭ്യമാകില്ല. സേവന, വേതന വ്യവസ്ഥകൾ പുതുക്കണമെന്നാവശ്യപ്പെട്ടു ജീവനക്കാരുടെയും ഓഫിസർമാരുടെയും സംഘടനകൾ രാജ്യവ്യാപകമായി പണിമുടക്കുന്നതിനാലാണിത്. 48 മണിക്കൂറാണു പണിമുടക്ക്. 

സഹകരണ, ഗ്രാമീൺ ബാങ്കുകൾ ഒഴികെയുള്ള മുഴുവൻ ബാങ്കുകളിലെയും ജീവനക്കാർ പണിമുടക്കുമെന്നു യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) അറിയിച്ചു. എഐബിഇഎ, എഐബിഒസി, എൻസിബിഇ, എഐബിഒഎ, ബെഫി, ഐഎൻബിഇഎഫ്, ഐഎൻബിഒസി, എൻഒബിഡബ്ല്യു, എൻഒബിഒ തുടങ്ങിയ ജീവനക്കാരുടെയും ഓഫിസർമാരുടെയും സംഘടനകൾ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. 

ഡപ്യൂട്ടി ജനറൽ മാനേജർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരുള്ള ശാഖകളിൽ ബാങ്ക് തുറന്നേക്കാമെങ്കിലും സേവനങ്ങളൊന്നും ലഭ്യമാകില്ല. പത്തു ലക്ഷത്തോളം ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കും.

 ഇന്നു വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തും. നിലവിലുള്ള വേതനക്കരാറിന്റെ കാലാവധി 2017 ഒക്ടോബറിൽ കഴിഞ്ഞതായും രണ്ടു ശതമാനം വർധനയേ നൽകാൻ കഴിയൂ എന്നാണ് അധികൃതരുടെ നിലപാടെന്നും സംഘടനാ ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ ദിവസം ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ലേബർ കമ്മിഷണർ സംഘടനാ ഭാരവാഹികളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. പണിമുടക്കിനു ശേഷവും അനുകൂല നിലപാടുണ്ടായില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു.

എടിഎമ്മിൽ പോകാം

48 മണിക്കൂർ പണിമുടക്കിനു മുന്നോടിയായി എല്ലാ എടിഎമ്മുകളിലും പണം നിറച്ചതായി ബാങ്കുകൾ വ്യക്തമാക്കി. 48 മണിക്കൂറിൽ എടിഎമ്മുകൾ നിറയ്ക്കുന്നതുൾപ്പെടെയുള്ള സേവനങ്ങളുണ്ടാകില്ല.