Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടു നാൾ പണിമുടക്ക്: ബാങ്കിങ് സ്തംഭിക്കുമോ? എടിഎമ്മിൽ പണം നിറച്ചെന്ന് ബാങ്കുകള്‍

ATM പ്രതീകാത്മക ചിത്രം

ന്യൂഡൽഹി∙ രാജ്യവ്യാപകമായി പൊതുമേഖലാ ബാങ്ക് ജീവനക്കാർ രണ്ടു ദിവസം പണിമുടക്കുന്നതോടെ ബാങ്കിങ് മേഖല ഭാഗികമായി സ്തംഭിക്കും. ബുധൻ, വ്യാഴം ദിവസങ്ങളിലായി 48 മണിക്കൂറാണു പണിമുടക്ക്. എന്നാൽ ഡിജിറ്റൽ സേവനങ്ങളെ പണിമുടക്ക് ബാധിക്കില്ല. രണ്ടു ദിവസവും എടിഎമ്മിൽ പണവും നിറയ്ക്കില്ല. എന്നാൽ എല്ലാ എടിഎമ്മുകളിലും പണിമുടക്കിനു മുന്നോടിയായി പണം നിറച്ചതായി ബാങ്കുകൾ അറിയിച്ചു. 

സഹകരണ, ഗ്രാമീൺ ബാങ്കുകൾ ഒഴികെയുള്ള മുഴുവൻ ബാങ്കുകളിലെയും ജീവനക്കാർ പണിമുടക്കും. ശമ്പള വർധനവ് ആവശ്യപ്പെട്ടു നടക്കുന്ന പണിമുടക്കിൽ 21 പൊതുമേഖലാ ബാങ്കുകളിൽ നിന്നുള്ള പത്തു ലക്ഷത്തോളം ജീവനക്കാരും ഓഫിസര്‍മാരും ഉൾപ്പെടെ പങ്കെടുക്കുന്നുണ്ട്. രാജ്യത്തെ മൊത്തം ബാങ്കിങ്ങിൽ 75 ശതമാനവും കൈകാര്യം ചെയ്യുന്നത് ഇരുപതോളം പൊതുമേഖലാ ബാങ്കുകളിലൂടെയാണ്.

സമരത്തിനു മുന്നോടിയായി കേന്ദ്രവുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. മുഖ്യ ലേബർ കമ്മിഷണറുമായി നടത്തിയ ചർച്ച ശമ്പള പരിഷ്കരണത്തിന്മേൽ തീരുമാനമാകാതെ പിരിയുകയായിരുന്നു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ(യുഎഫ്ബിയു) ഒൻപതു ഘടകങ്ങളും പണിമുടക്കിൽ പങ്കെടുക്കുമെന്ന് ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോൺഫെഡറേഷൻ(എഐബിഒസി) വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു.

∙ ഉപയോക്താക്കൾക്ക് ‍ഡിജിറ്റൽ ഇടപാടുകൾക്ക് കുഴപ്പമുണ്ടാകില്ല. ഇന്റർനെറ്റ് ബാങ്കിങ്, യുപിഐ, മഹാമൊബൈൽ ആപ് തുടങ്ങിയവയുടെ സേവനങ്ങൾ ലഭ്യമാകും. 

∙ എസ്ബിഐ, പിഎൻബി, ബിഒബി ഉൾപ്പെടെയുള്ള ബാങ്കുകളെല്ലാം സമരത്തെപ്പറ്റി തങ്ങളുടെ ഉപയോക്താക്കളെ നേരത്തേ അറിയിച്ചിരുന്നു. 

∙ ചെക്ക് ക്ലിയറൻസ് വൈകുന്നതൊഴിച്ചാൽ ഐസിഐസിഐ, എച്ച്ഡിഎഫ്സി, ആക്സിസ് ഉൾപ്പെടെയുള്ള സ്വകാര്യ ബാങ്കുകളും പ്രവർത്തനം പതിവു പോലെയായിരിക്കും.