Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടതി ബഹിഷ്കരിക്കുന്ന അഭിഭാഷകർക്കെതിരെ നടപടി വേണം: ബാർ കൗൺസിൽ ഓഫ് ഇന്ത്യ

bar-council-of-india

ന്യൂഡൽഹി ∙ കോടതി ബഹിഷ്‌കരിക്കുകയോ അതിന് ആഹ്വാനം ചെയ്യുകയോ കോടതി നടപടികൾ തടസ്സപ്പെടുത്തുകയോ ചെയ്യുന്ന അഭിഭാഷകർക്കും അഭിഭാഷക സംഘടനകൾക്കുമെതിരെ നടപടിക്കു വ്യവസ്‌ഥ ചെയ്യണമെന്നു ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ).

അഡ്വക്കറ്റ്‌സ് നിയമം (1961) ഭേദഗതി ചെയ്യുന്നതിനു റിപ്പോർട്ട് തയാറാക്കുന്ന ലോ കമ്മിഷൻ ഓഫ് ഇന്ത്യയ്‌ക്കു ബിസിഐ ശുപാർശകൾ നൽകി. ലോ കമ്മിഷൻ ഉടനെ സർക്കാരിനു ശുപാർശകൾ നൽകുമെന്നാണു സൂചന.

ബിസിഐയുടെ ശുപാർശകളിൽ ചിലത്:

∙കോടതി ബഹിഷ്‌കരിക്കുകയും കോടതി നടപടികൾ തടസ്സപ്പെടുത്തുകയും ചെയ്യുന്നതു നടപടി ദൂഷ്യമായി കരുതി അച്ചടക്ക നടപടിയെടുക്കുന്നതിനു വ്യവസ്‌ഥ ചെയ്യണം.

∙കടുത്ത നടപടി ദൂഷ്യം സംബന്ധിച്ച പരാതിയിൽ അച്ചടക്ക നടപടി പരിഗണനയിലുള്ളപ്പോൾ അഭിഭാഷകനെ പ്രാക്‌ടീസ് ചെയ്യുന്നതിൽനിന്നു സസ്‌പെൻഡ് ചെയ്യണം. എന്നാൽ, അച്ചടക്ക സമിതിയുടെ ശുപാർശയുടെ അടിസ്‌ഥാനത്തിൽ മാത്രമായിരിക്കണം സസ്‌പെൻഷൻ.

∙നിയമവിരുദ്ധമായി പ്രാക്‌ടീസ് ചെയ്യുന്നവർക്കുള്ള ശിക്ഷ മൂന്നുവർഷം തടവും ഒരുലക്ഷം രൂപ പിഴയും. നിയമപ്രകാരം നിർദേശിക്കുന്ന പിഴയ്‌ക്കു പുറമേയായിരിക്കണം ഇത്.

∙നിയമ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ പ്രവേശനത്തിനു പൊതുപരീക്ഷ നടത്താൻ ബിസിഐയെ ചുമതലപ്പെടുത്തണം.

∙നിയമബിരുദം നേടുന്നവർ എൻറോൾ ചെയ്യുന്നതിനു മുൻപ് പരിശീലനം നൽകാൻ ബിസിഐയെ ചുമതലപ്പെടുത്തണം.

∙നടപടി ദൂഷ്യത്തിനു സർക്കാർ സ്‌ഥാപനങ്ങളിൽനിന്നു പുറത്താക്കപ്പെട്ടവരെ എൻറോൾ ചെയ്യാൻ അനുവദിക്കരുത്.

∙കോടതിയലക്ഷ്യത്തിനു ശിക്ഷിക്കപ്പെട്ടവരെ എൻറോൾ ചെയ്യാൻ അനുവദിക്കരുത്.

Your Rating: