Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംപി, എംഎൽഎമാർക്ക് അഭിഭാഷകരായി തുടരാമോ? വിലക്ക് പരിഗണനയിൽ

kapil-sibal-arun-jaitley കപിൽ സിബൽ, അരുൺ ജയ്റ്റ്ലി

ന്യൂ‍ഡൽഹി∙ എംപിമാരും എംഎൽഎമാരും അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നതു വിലക്കണമെന്ന നിർദേശം ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ പരിഗണനയിൽ. ജനപ്രതിനിധികൾ അഭിഭാഷകവൃത്തി തുടരുന്നത് ഇന്ത്യൻ ഭരണഘടനയുടെ 14, 15 അനുച്ഛേദത്തിനു എതിരാണെന്നാണ് വാദം. ഇക്കാര്യത്തിൽ അഭിഭാഷകനായ അശ്വനി ഉപാധ്യായ് കൊണ്ടുവന്ന പരാതി വിദഗ്ധ സമിതി പരിശോധിക്കുകയാണെന്നു ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മനൻ കുമാർ മിശ്ര ദേശീയ മാധ്യമത്തോടു പറഞ്ഞു.

മൂന്നംഗ കമ്മിറ്റിയാണ് പരാതി പരിഗണിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ലഭിക്കും. അതിനുശേഷം അന്തിമ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ മുതിർന്ന അഭിഭാഷകരായ ഭോജ് ചന്ദർ ഠാക്കൂർ, രമേശ്ചന്ദ്ര ജി ഷാ, ഡി.പി. ധാൽ എന്നിവരാണു വിദഗ്ധ കമ്മിറ്റിയിലുള്ളത്.

എംപിമാർക്കും എംഎൽഎമാർക്കും സർക്കാർ ശമ്പളം കൊടുക്കുന്നുണ്ട്. അവർ രാജ്യസേവകരാണ്. എന്നാൽ പാർലമെന്റ്, നിയമസഭാ സമ്മേളനങ്ങളുടെ സമയത്ത് സ്വന്തം സാമ്പത്തിക ലാഭത്തിനായി എംപിമാരും എംഎൽഎമാരും സ്വകാര്യ പ്രാക്ടീസായി കോടതിയിൽ ഹാജരാകാറുണ്ട്. സാമാജികർക്കു മികച്ച ശമ്പളവും അലവൻസും വിരമിച്ചതിനുശേഷമുള്ള ആനുകൂല്യങ്ങളുമുണ്ട്. ഇവയെല്ലാം ഉദ്യോഗസ്ഥ, ജുഡീഷ്യൽ തലത്തിൽ ജോലി ചെയ്യുന്നവരെക്കാൾ കൂടുതലുമാണ്. ഈ സാഹചര്യത്തിൽ എംപിമാരുടെയും എംഎൽഎമാരുടെയും അഭിഭാഷകവൃത്തി തുടരാൻ അനുവദിക്കരുതെന്നും ഉപാധ്യായ അറിയിച്ചു.

എംപി, എംഎൽഎ എന്നുപറയുന്നത് മുഴുവൻസമയ ജോലിയാണ്. ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി പൂർണസമയം മാറ്റിവയ്ക്കേണ്ടതുമാണ്. അതേസമയം, അഭിഭാഷകവൃത്തിയുടെ കുലീനതയും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഉപാധ്യായുടെ പരാതിയിൽ പറയുന്നു.

2012ലെ സുപ്രീം കോടതി വിധിയിൽ അഡ്വക്കേറ്റ്സ് ആക്ട്, ബാർ കൗൺസിൽ റൂൾ എന്നിവ പ്രകാരം എംപി, എംഎൽമാരായവർക്ക് അഭിഭാഷകവൃത്തി തുടരാമെന്നു വ്യക്തമാക്കിയിരുന്നു. സർക്കാരിൽനിന്നു ശമ്പളം വാങ്ങിയെന്നാലും ജനപ്രതിനിധിക്ക് അഭിഭാഷകനായി തുടരുന്നതിനു വിലക്കില്ലെന്നായിരുന്നു കോടതിയുടെ ഉത്തരവ്.

കേന്ദമന്ത്രിമാരായിരുന്നപ്പോൾ മുതിർന്ന അഭിഭാഷകർ പലരും അഭിഭാഷക ജോലിയിൽനിന്നു വിട്ടുനിന്നിരുന്നു. ബിജെപി നേതാക്കളായ അരുൺ‌ ജയ്റ്റ്ലി, റാം ജഠ്മലാനി, കോൺഗ്രസ് നേതാക്കളായ സൽമാൻ ഖുർഷിദ്, കപിൽ സിബൽ, പി. ചിദംബരം തുടങ്ങിയവർ മന്ത്രിമാരായിരുന്ന സമയം വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ 2014ലെ തിരഞ്ഞെടുപ്പു തോൽവിക്കുശേഷം കോൺഗ്രസ് നേതാക്കളിൽ പലരും അഭിഭാഷക ജോലിയിലേക്കു തിരിച്ചെത്തുകയും ചെയ്തു.