Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുപം ഖേർ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ

Anupam Kher

മുംബൈ ∙ ഗജേന്ദ്ര ചൗഹാന്റെ കാലത്തു സമരങ്ങൾക്കും വിവാദങ്ങൾക്കും വേദിയായ പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ചെയർമാനായി നടൻ അനുപം ഖേർ എത്തുന്നു. നാഷനൽ സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടറായി പ്രവർത്തിച്ച അനുഭവപരിചയവുമായാണു ഖേർ പുതിയ ചുമതലയേൽക്കുന്നത്.

ഗജേന്ദ്ര ചൗഹാൻ മാർച്ചിൽ കാലാവധി പൂർത്തിയാക്കിയ ശേഷം ചെയർമാൻ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. മഹാഭാരതം സീരിയലിൽ യുധിഷ്ഠിരനായി അഭിനയിച്ചെങ്കിലും സിനിമയിൽ വലിയ സാന്നിധ്യമാകാതിരുന്ന ചൗഹാന്റേതു രാഷ്ട്രീയ നിയമനമാണെന്ന് ആരോപിച്ച് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ നടത്തിയ 139 ദിവസത്തെ സമരം ദേശീയശ്രദ്ധ നേടിയിരുന്നു.

നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നു പഠനം പൂർത്തിയാക്കി അഭിനയരംഗത്തെത്തിയ അനുപം ഖേർ അഞ്ഞൂറിലധികം സിനിമകളിലും ഒട്ടേറെ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. 2004ൽ പത്മശ്രീയും 2016ൽ പത്മഭൂഷണും ലഭിച്ചു. നടിയും ചണ്ഡിഗഡിൽ നിന്നുള്ള ബിജെപി എംപിയുമായ കിരൺ ഖേറാണു ഭാര്യ.