Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുത്തായി ഐഎൻഎസ് കൽവരി; ഇന്നു രാജ്യത്തിനു സമർപ്പിക്കും

INS-Kalvari

മുംബൈ∙ സ്കോർപീൻ ക്ലാസിലെ ആദ്യത്തെ ഇന്ത്യൻ മുങ്ങിക്കപ്പൽ ‘ഐഎൻഎസ് കൽവരി’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാജ്യത്തിനു സമർപ്പിക്കും. 

ദക്ഷിണ മുംബൈയിലെ മസ്ഗാവ് ഡോക്കിൽ നടത്തുന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി നിർമല സീതാരാമൻ പങ്കെടുക്കും. ഡീസൽ-ഇലക്ട്രിക് എൻജിൻ കരുത്തുള്ള കൽവരി, മസ്ഗാവ് ഡോക്കിലാണു നിർമിച്ചത്. നാലു മാസം കടലിൽ പരീക്ഷണം പൂർത്തിയാക്കിയ ശേഷമാണു കമ്മിഷൻ ചെയ്യുന്നത്. ഫ്രാൻസിന്റെ സഹായത്തോടെ നിർമിക്കുന്ന ആറ് സ്കോർപീൻ ക്ലാസ് മുങ്ങിക്കപ്പലുകളിൽ ആദ്യത്തേതാണിത്. 

2005ൽ മുങ്ങിക്കപ്പൽ നിർമാണത്തിനു ഫ്രാൻസുമായി ഇന്ത്യ ഒപ്പിട്ട കരാർ പ്രകാരം 2012 ഡിസംബറിലാണ് ആദ്യ മുങ്ങിക്കപ്പൽ പൂർത്തിയാകേണ്ടിയിരുന്നത്. പിന്നീടുള്ള ഓരോ വർഷവും ഓരോന്നു വീതം പുറത്തിറക്കാനായിരുന്നു പദ്ധതി. എന്നാൽ, പദ്ധതി ഇടക്കാലത്തു വൈകി. ഇന്ത്യൻ നാവികസേനയുടെ ആദ്യ മുങ്ങിക്കപ്പലിന്റെ പേരാണ് കൽവരി. 1967ൽ റഷ്യയിൽ നിന്നു വാങ്ങിയ ഇത് 1996 വരെ സേനയ്ക്ക് ഒപ്പമുണ്ടായിരുന്നു.

ഐഎൻഎസ് കൽവരി 

ഡീസൽ – ഇലക്ട്രിക് മുങ്ങിക്കപ്പൽ

ഭാരം: 1565 ടൺ 

വേഗം: മണിക്കൂറിൽ 

37 കിലോമീറ്റർ 

(കടലിന് അടിയിൽ) 

ദൂരപരിധി: കടലിന് അടിയിൽ 6500 നോട്ടിക്കൽ മൈൽ (12,000 കിലോമീറ്റർ) 

മികവ്: ശത്രുക്കളുടെ നിരീക്ഷണ സംവിധാനത്തിന് 

എളുപ്പത്തിൽ കണ്ടെത്താനാവില്ല  

∙ 40 ദിവസം വരെ സമുദ്ര അടിത്തട്ടിൽ കഴിയാൻ സാധിക്കും. 

ദൗത്യം: സമുദ്ര അടിത്തട്ടിലെ നിരീക്ഷണം, 

ശത്രു മുങ്ങിക്കപ്പലുകളുടെ സാന്നിധ്യം കണ്ടെത്തുക, 

ആവശ്യമെങ്കിൽ കപ്പലുകൾക്കും മുങ്ങിക്കപ്പലുകൾക്കും നേരെ ആക്രമണം നടത്തുക, മൈനുകൾ പാകുക

ആയുധശേഷി:  ∙ 39 കപ്പൽവേധ മിസൈലുകൾ 

∙ 30 മൈനുകൾ  ∙ 18 ടോർപിഡോകൾ