Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരവേൽക്കാൻ ആയിരങ്ങൾ; ആവേശമായി മോദി–നെതന്യാഹു റോഡ് ഷോ

INDIA-ISRAEL/ നെയ്തെടുക്കാം സൗഹൃദം: അഹമ്മദാബാദിൽ മഹാത്മാഗാന്ധിയുടെ സബർമതി ആശ്രമം സന്ദർശിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ഭാര്യ സാറയും ചർക്കയിൽ നൂൽനൂൽക്കുന്നതു കണ്ടശേഷം എഴുന്നേൽക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായിക്കുന്നു. ചിത്രം: റോയിട്ടേഴ്സ്

അഹമ്മദാബാദ് ∙ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനു ഗുജറാത്തിൽ വൻവരവേൽപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നെതന്യാഹുവും പങ്കെടുത്ത റോഡ് ഷോ നഗരവീഥികളെ ഇളക്കിമറിച്ചു. സർദാർ വല്ലഭ് ഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്നു കാറിലായിരുന്നു യാത്ര. നെതന്യാഹുവിന്റെ ഭാര്യ സാറയും ഒപ്പമുണ്ടായിരുന്നു. ആയിരങ്ങൾ ഹർഷാരവങ്ങളോടെയാണ് അതിഥികളെ സ്വാഗതം ചെയ്തത്. വിമാനത്താവളം മുതൽ മഹാത്മാ ഗാന്ധിയുടെ സബർമതി ആശ്രമം വരെയുള്ള എട്ടു കിലോമീറ്ററിനിടെ അൻപതോളം സ്റ്റേജുകൾ സജ്ജീകരിച്ചിരുന്നു.  

ആശ്രമത്തിൽ ഗാന്ധിജി താമസിച്ചിരുന്ന മുറി മോദി നെതന്യാഹുവിനു കാട്ടിക്കൊടുത്തു. ചർക്കയിൽ നൂൽനൂൽക്കുന്നതെങ്ങനെയെന്നു നെതന്യാഹുവും സാറയും പരീക്ഷിച്ചു. മകരസംക്രാന്തിയോടനുബന്ധിച്ചു ഗുജറാത്തിൽ പട്ടം പറത്തൽ ഉൽസവമായതിനാൽ മോദി സമ്മാനിച്ച പട്ടങ്ങൾ പറത്താനും ഇരുവരും ശ്രമം നടത്തി. 

ഇരുരാജ്യങ്ങളിലെയും സംരംഭകർ ഒരുമിച്ചു പ്രവർത്തിക്കാൻ ഐക്രിയേറ്റ് സംരംഭക സ്ഥാപനം സന്ദർശിച്ച ശേഷം നെതന്യാഹു ആഹ്വാനം ചെയ്തു. ഓരുജലം ശുദ്ധീകരിക്കുന്ന യന്ത്രം ഘടിപ്പിച്ച ഗാൽ മൊബൈൽ എന്ന ഇസ്രയേൽ നിർമിത ജീപ്പ് നെതന്യാഹു മോദിക്കു സമ്മാനിച്ചു. ബാനസ്കന്തയിലെ സൂയ്ഗാം ഗ്രാമത്തിലെ ജനങ്ങൾക്ക് ഈ ജീപ്പ് മോദി സമർപ്പിച്ചു. 

മോദിയുടെ ക്ഷണം സ്വീകരിച്ചു ഗുജറാത്തിലെത്തുന്ന മൂന്നാമത്തെ ലോകനേതാവാണു നെതന്യാഹു. സെപ്റ്റംബറിൽ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും 2014ൽ ചൈന പ്രസിഡന്റ് ഷി ചിൻപിങ്ങും അഹമ്മദാബാദ് സന്ദർശിച്ചിരുന്നു.  ഇന്നു മുംബൈയിലെത്തുന്ന നെതന്യാഹു താജ് ഹോട്ടലിലെ 26/11 ഭീകരാക്രമണ സ്മാരകവും നരിമാൻ ഹൗസും സന്ദർശിക്കും.