Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസ് ‌ഏറ്റുമുട്ടലിൽ വിക്കി ഗൗണ്ടർ അടക്കം മൂന്നു കവർച്ചക്കാർ മരിച്ചു

Vicky-gounder വിക്കി ഗൗണ്ടർ, പ്രേം ലഖോറിയ.

ചണ്ഡിഗഡ്∙ പഞ്ചാബ് പൊലീസിന്റെ നോട്ടപ്പുള്ളിയായിരുന്ന കുപ്രസിദ്ധ കവർച്ചക്കാരൻ വിക്കി ഗൗണ്ടർ, കൂട്ടാളികളായ പ്രേം ലഖോറിയ, സുഖ്പ്രീത് സിങ് എന്നിവർ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. 2016ൽ നാഭ ജയിൽചാട്ടത്തിന്റെ സൂത്രധാരനായിരുന്നു പ്രേം ലഖോറിയ. ഏറ്റുമുട്ടലിൽ രണ്ടു പൊലീസുകാർക്കും മറ്റൊരാൾക്കും പരുക്കേറ്റു.

രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ ജില്ലയിൽ പഞ്ചാബ് അതിർത്തിയോടു ചേർന്നുള്ള പക്കി ഗ്രാമത്തിൽ, കൂട്ടാളിയായ ലഖ്‌വീന്ദർ സിങ് ലഖ്‌വയുടെ വീട്ടിൽ ഒളിച്ചു താമസിക്കുകയായിരുന്നു ഇവർ. ഒളിസങ്കേതം വളഞ്ഞതറിഞ്ഞു പൊലീസിനുനേരെ വെടിയുതിർത്ത ഗൗണ്ടറും മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച ലഖോറിയയും സംഭവസ്ഥലത്തും സുഖ്പ്രീത് സിങ് ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയുമാണു മരിച്ചത്. ലഖ്‌വീന്ദർ സിങ്ങിനെ അറസ്റ്റ് ചെയ്തു.

കവർച്ചക്കാരെ വകവരുത്തിയ പൊലീസിനെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് അഭിനന്ദിച്ചു. അതീവ സുരക്ഷാ സംവിധാനമുള്ള നാഭ ജയിലിൽ കിടന്നിരുന്ന ആറു തടവുകാരെ സായുധസംഘം ജയിൽ ആക്രമിച്ചു രക്ഷപ്പെടുത്തുകയായിരുന്നു. അന്നു ജയിൽ ചാടിയവരിൽ ഹർജീന്ദർ സിങ് ഭുള്ളർ എന്ന വിക്കി ഗൗണ്ടർ അടക്കം നാലു കവർച്ചക്കാരും രണ്ടു ഭീകരരുമാണ് ഉണ്ടായിരുന്നത്. മറ്റ് അഞ്ചുപേരെയും പൊലീസ് പിടികൂടിയെങ്കിലും ഗൗണ്ടറെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

ജയിൽചാടിയ ശേഷവും ഇയാൾ കവർച്ചയും കൊലയും നടത്തിവരുകയായിരുന്നു. ഇയാളുടെ വിവരം നൽകുന്നവർക്കു 10 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.