Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിഗരറ്റ്, ബീഡി പായ്ക്കറ്റുകളിലെ ആരോഗ്യമുന്നറിയിപ്പ് പരിഷ്കരിക്കും

Cigarette

ന്യൂഡൽഹി ∙ സിഗരറ്റ്, ബീഡി, പുകയില ഉൽപന്നങ്ങൾ എന്നിവയുടെ പായ്ക്കറ്റുകളിലെ നിയമപ്രകാരമുള്ള ആരോഗ്യ മുന്നറിയിപ്പ് സെപ്റ്റംബർ ഒന്നു മുതൽ പരിഷ്കരിക്കും. പുകയില നിർത്താൻ ആഗ്രഹിക്കുന്നവർക്കു സഹായകമായ ‘ക്വിറ്റ് ലൈൻ’ നമ്പറും കൂടിനു പുറത്തു രേഖപ്പെടുത്തും. കൂടിന്റെ 85% ഭാഗത്തും മുന്നറിയിപ്പു ചിത്രങ്ങളുണ്ടാകണമെന്ന നിബന്ധന പാലിക്കുന്നതാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ വിജ്ഞാപനവും.

12 മാസ ഇടവേളയിൽ വ്യത്യസ്ത ചിത്രങ്ങളായിരിക്കും പ്രത്യക്ഷപ്പെടുക. പുകയില കാൻസറിനിടയാക്കും, പുകയില വേദനാപൂർവമുള്ള മരണത്തിനിടയാക്കും എന്നീ അറിയിപ്പുകളും ചിത്രങ്ങൾക്കൊപ്പമുണ്ടാവും: ചുവന്ന പശ്ചാത്തലത്തിൽ വെളുത്ത അക്ഷരങ്ങളിൽ. ഇതോടൊപ്പം, ഇന്നു പുകവലി നിർത്തുക, വിളിക്കൂ (ക്വിറ്റ് ടുഡെ,കോൾ) 1800–11–2356 എന്ന അറിയിപ്പ്. പുകയില വിരുദ്ധ മുന്നറിയിപ്പുമായി ബന്ധപ്പെട്ടു കനേഡിയൻ കാൻസർ സൊസൈറ്റിയുടെ ആഗോള റാങ്കിങ്ങിൽ മൂന്നാമതാണ് ഇന്ത്യ. 205 രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്. കൂടുകളിൽ ശ്രദ്ധേയ വലുപ്പത്തിൽ മുന്നറിയിപ്പു ചിത്രങ്ങൾ നൽകിത്തുടങ്ങിയതോടെയാണ് അടുത്ത കാലത്തു റാങ്കിങ് ഉയർന്നത്.