Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്തോഷവഴികൾ തേടിയുള്ള യാത്രയിൽ പ്രമുഖരുടെ നിറ സാന്നിധ്യം

Manorama News Conclave

കൊച്ചി ∙ ചെറുചിരികൾ സമ്മാനിച്ച്, സന്തോഷത്തിലേക്കു വഴികൾ പലതുണ്ടെന്ന് ഓർമപ്പെടുത്തിയ ന്യൂസ് കോൺക്ലേവിനു സാക്ഷ്യം വഹിച്ചതു വിവിധ മേഖലകളിലെ പ്രമുഖരും പ്രശസ്തരും ഉൾപ്പെടുന്ന പ്രൗഢ സദസ്. മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ ശ്രീറാം വെങ്കിട്ടരാമൻ വരെ നീളുന്ന പ്രമുഖർ ഉൾപ്പെട്ട സെഷനുകൾ സമ്മാനിച്ചതു സന്തോഷ ജീവിതം സംബന്ധിച്ചു മലയാളി സമൂഹത്തിന്റെ ഉൾക്കാഴ്ചകൾ. അവയിൽ, പലപ്പോഴും ആത്മവിമർശനം കൂടി കലർന്നു. 

വിവാഹിതരാകാൻ പോകുന്ന രണ്ടു യുവതാരങ്ങളുടെ ഒരുമിച്ചുള്ള വരവു തന്നെ ആഹ്ലാദക്കാഴ്ചയായിരുന്നു, സദസിന്. കെ.എസ്. ശബരീനാഥൻ എംഎൽഎയും തിരുവനന്തപുരം സബ്കലക്ടർ ഡോ.ദിവ്യ എസ്. അയ്യരും കോൺക്ലേവിന് എത്തിയത് ഒരുമിച്ചാണ്. ഉച്ചയ്ക്കു ശേഷമുള്ള സെഷനിൽ ഡോ. ദിവ്യയും ഭാഗമായിരുന്നു.

‘ആഹ്ലാദത്തിന്റെ പ്രകടനപത്രിക’ എന്ന വിഷയത്തിൽ ചർച്ചാപങ്കാളികളായ ജയറാം രമേശ് എംപിയും ഡോ.സുബ്രഹ്മണ്യൻ സ്വാമി എംപിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം നിലോത്പൽ ബസുവും നർമത്തിൽ ചാലിച്ചെയ്ത രാഷ്ട്രീയ വിമർശനങ്ങൾ സദസിൽ ചിരിയും ചിന്തയും ഉണർത്തി. ചിലരുടെ സന്തോഷം മറ്റുള്ളവരെ പീഡിപ്പിക്കുന്നതാണെന്നായിരുന്നു നോട്ടുനിരോധന പശ്ചാത്തല കഥ നിരത്തി കോൺഗ്രസ് നേതാവു കൂടിയായ ജയറാം രമേശ് അഭിപ്രായപ്പെട്ടത്.

ജർമൻ ഭാഷയിലെ വാക്കു കടമെടുത്തായിരുന്നു അദ്ദേഹം ബിജെപി സർക്കാരിനെ നുള്ളിയത്. മറുപടി സുബ്രഹ്മണ്യം സ്വാമിയുടേതായിരുന്നു. എന്നിട്ടും, പീഡകരെ ജനം വീണ്ടും വീണ്ടും വോട്ടു ചെയ്തു ജയിപ്പിച്ചുവെന്നായിരുന്നു സ്വാമിയുടെ തിരിച്ചടി. 

സിനിമ വിഷയമായ ചർച്ചയിൽ നിറഞ്ഞതു ബാഹുബലിയും ആയിരം കോടിയുമായിരുന്നു. ആയിരം കോടിയിലേറെ വരുമാനം നേടിയ ബാഹുബലി എന്തു സാമൂഹിക സന്ദേശമാണു മുന്നോട്ടുവയ്ക്കുന്നതെന്നായിരുന്നു അടൂർ ഗോപാലകൃഷ്ണന്റെ ചോദ്യം. ക്യാൻവാസിനൊത്തു ചിത്രം വരയ്ക്കുന്നുവെന്നേയുള്ളൂവെന്നു ചിത്രത്തിന്റെ കലാസംവിധായകൻ കൂടിയായ സാബു സിറിളിന്റെ മറുപടി.

രണ്ടു വർഷം കൊണ്ട് 1.60 ലക്ഷം പേർക്കു തൊഴിലും സർക്കാരിനു വൻതുക നികുതിയും ആ ചിത്രം നൽകിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഥയും കലാമൂല്യവും തന്നെ പ്രധാനമെന്ന നിലപാടാണു കുഞ്ചാക്കോ ബോബനും ഗീതു മോഹൻദാസും പങ്കുവച്ചത്. ഒരു ദിനം മുഴുവൻ സന്തോഷമെന്ന വിശാല വിഷയം ചർച്ച ചെയ്ത കോൺക്ലേവ് അക്കാരണം കൊണ്ടു തന്നെ വേറിട്ടുനിന്നു.