Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാന ജീവനക്കാരന് ചെവിവേദന; യാത്രക്കാർക്ക് ‘തലവേദന’

കരിപ്പൂർ∙ വിമാന ജീവനക്കാരന് (കാബിൻ ക്രൂ) സുഖമില്ലാതായതോടെ ഇത്തിഹാദ് എയർവേയ്സിന്റെ കോഴിക്കോട് –അബുദാബി വിമാനത്തിൽനിന്ന് 48 യാത്രക്കാർ ‘പുറത്തായി’. 50 യാത്രക്കാർക്ക് ഒരു ക്രൂ എന്ന അനുപാതം പാലിക്കാൻവേണ്ടിയായിരുന്നു നടപടി. എന്നാൽ, ‘പുറത്താക്കേണ്ട’ യാത്രക്കാരെ കണ്ടെത്തുന്നതിനും മറ്റുമായി വിമാനം മൂന്നു മണിക്കൂറിലേറെ വൈകി.

തിങ്കളാഴ്ച രാത്രി 10.15ന് അബുദാബിയിലേക്കു പോകേണ്ടിയിരുന്ന വിമാനം ഇന്നലെ പുലർച്ചെ ഒന്നരയ്ക്കാണ് കോഴിക്കോട്ടുനിന്നു പുറപ്പെട്ടത്.

കാബിൻ ക്രൂവിൽ ഒരാൾക്ക് ചെവി സംബന്ധമായ അസുഖമുണ്ടായതായി ബന്ധപ്പെട്ടവർ പറഞ്ഞു. ഇയാൾക്ക് ജോലിയിൽ പ്രവേശിക്കാൻ കഴിയാതായതോടെ യാത്രക്കാരും ക്രൂവും തമ്മിലുള്ള അനുപാതം പാലിക്കാനായില്ല.178 സീറ്റുള്ള വിമാനത്തിൽ 171 യാത്രക്കാർ ടിക്കറ്റെടുത്ത് നടപടികൾ പൂർത്തിയാക്കി യാത്രയ്ക്ക് ഒരുങ്ങിയിരുന്നു. എന്നാൽ, ഒരു ജീവനക്കാരൻ ഇല്ലാതായതോടെ 48 യാത്രക്കാരെ വിമാനത്താവളത്തിൽത്തന്നെ നിർത്തേണ്ടിവന്നു. 

കണക്ക് ഒത്തില്ലെങ്കിൽ യാത്രക്കാർ വലയും

സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിന്റെ നിർദേശമനുസരിച്ച് 50 യാത്രക്കാർക്കു കുറഞ്ഞത് ഒരു കാബിൻ ക്രൂ വിമാനത്തിൽ ഉണ്ടായിരിക്കണമെന്നാണു കണക്ക്. ജീവനക്കാർ കുറവുവന്നാൽ യാത്രക്കാരെ കുറയ്ക്കുകയാണു പതിവ്. അപൂർവമായി മാത്രമേ ഇങ്ങനെ സംഭവിക്കാറുള്ളൂ.