Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത്തിഹാദ് എമിറേറ്റ്സിന്റെ ചിറകിൻകീഴിലേക്ക്

etihad

ഗൾഫിലെ പ്രമുഖ വിമാനക്കമ്പനികളായ എമിറേറ്റ്സും ഇത്തിഹാദും ഒന്നിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ ഇരു വിമാനക്കമ്പനികളും ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ലെങ്കിലും പ്രാഥമിക ചർച്ചകൾ ഉന്നത തലത്തിൽ ആരംഭിച്ചതായാണറിവ്. യോജിപ്പു പൂർണമായാൽ ലോകത്തെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നായി ഇതു മാറും. 

ഇപ്പോൾ ലോകത്തിലെ നാലാമത്തെ വലിയ വിമാനക്കമ്പനിയാണു ദുബായിലെ എമിറേറ്റ്സ്. നഷ്ടത്തിൽ പ്രവർത്തിക്കുന്ന, അബുദാബിയുടെ ഇത്തിഹാദിനെ ഏറ്റെടുക്കാനുള്ള നീക്കങ്ങളാണ് എമിറേറ്റ്സ് ആരംഭിച്ചിട്ടുള്ളത്. 

മികച്ച മാനേജ്മെന്റിലൂടെ ലാഭമുണ്ടാക്കാനുള്ള അവസരം ഉപയോഗപ്പെടുത്താനാണ് ഇത്തിഹാദിന്റെ നീക്കം. അതേ സമയം ലയനം നടക്കണമെങ്കിൽ ഇരു എമിറേറ്റുകളുടെയും ഭരണാധികാരികളുടെയും ഓഹരിയുടമകളുടെയും അനുമതിയാണ് പ്രാഥമികമായി  വേണ്ടത്. 

സാമ്പത്തികപങ്കാളികളായിരുന്ന എയർ ബെർലിൻ, അൽഇറ്റാലിയ എന്നിവയുടെ തകർച്ചയാണ് ഇത്തിഹാദിനെയും തകർച്ചയിലേക്കു നയിച്ചത്. കഴിഞ്ഞ രണ്ടു വർഷമായി ഇത്തിഹാദ് വൻ നഷ്ടത്തിലാണ്. 4000 പേർക്ക് ജോലി നഷ്ടപ്പെട്ടു. ചെലവുചുരുക്കലിന്റെ ഭാഗമായി ഇപ്പോഴുള്ള 23000 ജീവനക്കാരിൽ പലരും ഭീഷണിയിലുമാണ്. 

വ്യോമഭൂപടത്തിലെ പ്രധാന കേന്ദ്രങ്ങളിലൊന്നാണെന്നതിനു പുറമെ ലോകത്തിന്റെ സുപ്രധാന വ്യോമകേന്ദ്രങ്ങളിലേക്കുള്ള വലിയൊരു ഹബ് പോയിന്റ് കൂടിയാണു ഗൾഫ്. ഗൾഫിലെ മറ്റു പ്രമുഖ വിമാനക്കമ്പനികളായ എമിറേറ്റ്സും ഖത്തർ എയർവേയ്സും മികച്ച മാനേജ്മെന്റിലൂടെ ലോകത്തെതന്നെ മികച്ച വിമാനക്കമ്പനികളായി വളർന്നപ്പോൾ ഇത്തിഹാദ് മാത്രം പിന്നോട്ടു പോയി. 

ഗൾഫ് കേന്ദ്രീകരിച്ചു ലോകമെമ്പാടും കണക്‌ഷൻ സർവീസ് നടത്തുന്നതിന് ഇത്തിഹാദിന് ആവശ്യത്തിനു വിമാനങ്ങളില്ലാതായതോടെ സർവീസുകൾ പലതും ചുരുക്കി. അതേ സമയം ഖത്തറും എമിറേറ്റ്സും സർവീസുകൾ നാൾക്കുനാൾ സർവീസുകൾ വർധിപ്പിക്കുകയും ചെയ്യുന്നു. 

എമിറേറ്റ്സിന് 265 വിമാനങ്ങളും ഖത്തറിന് 218 വിമാനങ്ങളും സർവീസിനുള്ളപ്പോൾ ഇത്തിഹാദിന് 115 വിമാനങ്ങൾ മാത്രമാണുള്ളത്. 

രണ്ട് സഹോദര എമിറേറ്റുകളുടെ വിമാനക്കമ്പനികൾ തമ്മിൽ മൽസരം വേണോ എന്ന ചിന്തയാണ് ഇരു കമ്പനികളും ഒന്നിക്കാനുള്ള നീക്കത്തിനുപിന്നിൽ. 

ഇരുകമ്പനികളുടെയും സർവീസുകൾ നിലനിർത്തി ഒറ്റപ്പേരിൽ പ്രവർത്തിക്കാനാകുമോ എന്നാണ‌ു പരിശോധിക്കുന്നത്. അന്തിമ തീരുമാനം ഉരുത്തിരിയാൻ ചിലപ്പോൾ വർഷങ്ങൾ എടുത്തേക്കാം. 

നിലവിലെ സാഹചര്യത്തിൽ ഇരുകമ്പനികളും ഒരുമിച്ചാൽ നാനൂറോളം വിമാനങ്ങളും പ്രതിദിനം ആയിരക്കണക്കിന് സർവീസുകളുമുള്ള കമ്പനിയായി ഇതുമാറും. ഇരു കമ്പനികളും കൂടുതൽ വിമാനങ്ങൾക്ക് ഓർഡറുകൾ നൽകിയിട്ടുമുണ്ട്.